ജി7 ഉച്ചകോടിയുടെ പരാജയം
text_fieldsകാനഡയിലെ ക്യുബെക്കിൽ സമ്മേളിച്ച അതിസമ്പന്ന രാഷ്ട്രങ്ങളുടെ ജി7 ഉച്ചകോടി ഡോണൾഡ് ട്രംപിെൻറ പിടിവാശി നിമിത്തം അസാധാരണമായ രീതിയിൽ അവസാനിപ്പിക്കേണ്ടിവന്നതിലെ അമർഷത്തിലാണ് അമേരിക്കയൊഴികെയുള്ള സഖ്യരാജ്യങ്ങൾ. സാമ്പത്തിക പ്രശ്നങ്ങളിൽ പൊതുവായി സ്വീകരിക്കേണ്ട നയങ്ങൾ കൃത്യപ്പെടുത്തി വിശദമാക്കുന്ന സംയുക്ത പ്രസ്താവനയാണ് ജി7 ഉച്ചകോടിയുടെ പ്രധാന സവിശേഷത. പതിവിൽനിന്ന് ഭിന്നമായി അമേരിക്ക ഒഴികെയുള്ള ആറു രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്. അതാകട്ടെ, അമേരിക്കയുടെ രാജ്യാന്തര ബന്ധങ്ങളെയും വാണിജ്യ നയത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ളതും. അമേരിക്കയും സഖ്യരാജ്യങ്ങളും തമ്മിൽ അനുരഞ്ജനങ്ങളല്ല, വിയോജിപ്പുകളാണ് ഉച്ചകോടിക്കു മുമ്പും ശേഷവും നിരന്തരം മുഴങ്ങിയത്. വ്യാപാര വിഷയങ്ങൾക്കു പുറമെ കാലാവസ്ഥ വ്യതിയാനം, ഇറാൻ ബന്ധം, ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം, റഷ്യയുടെ പുനഃപ്രവേശനം തുടങ്ങി നിരവധി വിഷയങ്ങളിൽ ഭിന്നതകൾ മറനീക്കി പുറത്തുവന്നു. ഉഭയകക്ഷി ചർച്ചകൾക്കോ സമവായശ്രമങ്ങൾക്കോ തയാറാകാതെ ട്രംപ് ഉച്ചകോടി അവസാനിക്കും മുേമ്പ സ്ഥലംവിടുകയും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കരുതെന്ന് ഉദ്യോഗസ്ഥരോട് കൽപിക്കുകയും ചെയ്തു. യൂറോപ്യൻ യൂനിയനിൽനിന്നും കാനഡയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് പുതുതായി തീരുവ ചുമത്തിയതിനെക്കുറിച്ച് ചർച്ചയും പരിഹാരവുമുണ്ടാകുമെന്ന ധാരണയാണ് ട്രംപിെൻറ ഗർവിഷ്ഠമായ ഇറങ്ങിപ്പോകലിലൂടെ തകർന്നത്. മറ്റു രാഷ്ട്രനേതാക്കളോട് സമാദരവിെൻറ ഭാഷയിൽ സംസാരിക്കാനറിയാത്ത ട്രംപ് നയിക്കുന്ന അമേരിക്കയെ ഇനി വിശ്വസിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് യൂറോപ്യൻ യൂനിയൻ. ഉച്ചകോടി നടത്തിപ്പിലെ ‘ദാരിദ്ര്യം’ സൂചിപ്പിച്ചുകൊണ്ട് കാനഡയെയും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോവിനെയും കുറിച്ച് ട്വിറ്ററിലൂടെ നടത്തിയ പ്രയോഗങ്ങൾ പരിധിവിട്ടതും അങ്ങേയറ്റം അവഹേളനപരവുമായിരുന്നു.
അന്താരാഷ്ട്ര ബന്ധങ്ങളിൽ അമേരിക്കയുടെയും യൂറോപ്യൻ യൂനിയെൻറയും അകൽച്ച അടിവരയിടുന്നു ഉച്ചകോടി. ജർമൻ ചാൻസലർ അംഗലാ മെർകൽ മധ്യസ്ഥ ശ്രമങ്ങൾക്കായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും അമേരിക്കയുമായി വിയോജിപ്പിെൻറ സ്വരങ്ങൾ പരസ്യമാക്കലാണ് ഉചിതമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു. അവശ്യഘട്ടത്തിൽ ആറു രാഷ്ട്രങ്ങൾ മാത്രം ചേർന്ന് നയങ്ങളും തന്ത്രങ്ങളും സ്വീകരിക്കണമെന്നാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ നിലപാട്. കാനഡയെ ട്രംപ് നിരന്തരം അപമാനിക്കുന്നതിൽ നേരത്തേതന്നെ ട്രൂഡോ അസ്വസ്ഥനാണ്. അമേരിക്കക്കെതിരെ യൂറോപ്പ് പുതിയ നികുതികൾ നടപ്പാക്കണമെന്ന കർശന നിർദേശവും അദ്ദേഹം സമർപ്പിക്കുന്നുണ്ട്. ബ്രെക്സിറ്റിലൂടെ സാമ്പത്തിക, രാഷ്ട്രീയ ബലം നഷ്ടമായ ബ്രിട്ടൻ അമേരിക്കയെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ്. ചുരുക്കത്തിൽ അമേരിക്കയുടെ പുതിയ അന്താരാഷ്ട്ര നിലപാടുകളും ആഭ്യന്തര-വാണിജ്യ നയങ്ങളും യൂറോപ്പിെന രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലപ്പെടുത്തുന്നതാെണന്ന് യൂറോപ്യൻ യൂനിയൻ കരുതുന്നു. റഷ്യക്കുനേരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം റഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള ഗ്യാസ് പൈപ്പ്ലൈൻ പദ്ധതിക്ക് ഭീഷണിയാവുന്നതും അവരുടെ ഊർജ പ്രതിസന്ധിക്ക് ഇടയാക്കുകയും ചെയ്യുന്നതാണ്. അതുപോലെ, ഇറാനുനേരെയുള്ള ഉപരോധം പുനരാരംഭിച്ചാൽ യൂറോപ്പിെൻറ 130 ബില്യണിെൻറ എണ്ണയിതര വ്യാപാരത്തെയാണ് ബാധിക്കാൻ പോകുന്നത്. ബ്രെക്സിറ്റോടെ ശാക്തികബലം ദുർബലമായ യൂറോപ്പ് ട്രംപിെൻറ സ്വേച്ഛാതീരുമാനങ്ങളെക്കൂടി പിന്തുണച്ചാൽ സാമ്പത്തികമായും ദുർബലമാകുമെന്ന തിരിച്ചറിവാണ് ജി7 ഉച്ചകോടിയിൽ പ്രകടമായത്. യൂറോപ്യൻ യൂനിയൻ പ്രസിഡൻറ് ഡോണൾഡ് ടസ്കിെൻറ വിശദമായ പ്രസ്താവനയിൽ യൂറോപ്പ് രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലമാകുന്നതിലുള്ള അസ്വസ്ഥത വ്യക്തമാണ്.
വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ ട്രംപിെൻറ സമീപനങ്ങൾ നിമിത്തം അന്തർദേശീയ ഉടമ്പടികളും രാജ്യാന്തര ബന്ധങ്ങളും അസ്ഥിരപ്പെടുന്നതിന് യൂറോപ്യൻ യൂനിയൻ അനാവശ്യവില കൊടുക്കേണ്ടിവരുന്നതിനാൽ പുതിയ സഖ്യങ്ങൾ രൂപപ്പെടുത്തണമെന്നാണ് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയറിെൻറ അഭിപ്രായം. ഉച്ചകോടിയിൽ റഷ്യക്കുവേണ്ടിയുള്ള ട്രംപ് വാദം, റഷ്യയുടെ താൽപര്യത്തിനു വേണ്ടിയെല്ലന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിെൻറ പ്രതികരണം. ജി7 സഖ്യത്തിനു പകരം പുതിയ വേദികൾക്കും സഖ്യങ്ങൾക്കുമാണ് റഷ്യ ഊന്നൽനൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. ട്രംപിെൻറ ലോകകാര്യങ്ങളിലുള്ള അജ്ഞതയും സാമ്പത്തികമായ വിവരക്കേടും സ്വതഃസിദ്ധമായ ഗർവും അമേരിക്കയുടെ സഖ്യരാജ്യങ്ങളെയും എതിരാളികളെയും ഒരുപോലെ അമേരിക്ക വിരുദ്ധമാക്കുന്നതിലാണ് കലാശിച്ചിരിക്കുന്നത്. അമേരിക്കയുടെ ആഭ്യന്തര വിപണിയിൽ 800 ബില്യൺ ഡോളറിെൻറ വ്യാപാര നഷ്ടമുണ്ടാക്കിയ ട്രംപ് ജി7 സഖ്യത്തെ അപ്രസക്തമാക്കുന്നതിലൂടെയും പുതിയ ഉപരോധ കാർഡുകളിലൂടെയും ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയാണെന്ന വിമർശനം ശക്തമാകുകയാണ്. അതിനാലാണ് എതിരാളികൾക്കും സഖ്യരാജ്യങ്ങൾക്കും ഇടയിൽ ത്യാജഗ്രാഹ്യബുദ്ധിയോടെ പെരുമാറാനറിയുന്ന പ്രസിഡൻറിനെ അമേരിക്കക്ക് ആവശ്യമുണ്ടെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.