വ്യാജവാർത്തകൾ – മെയ്ഡ് ഇൻ ഇന്ത്യ?
text_fieldsഇന്ത്യ ആസ്ഥാനമായി അന്താരാഷ്ട്ര വ്യാജവാർത്താശൃംഖല പ്രവർത്തിക്കുന്നു എന്ന വെളിപ്പെടുത്തൽ രാജ്യത്തിന് മൊത്തം പേരുദോഷമുണ്ടാക്കി എന്ന് മാത്രമല്ല, ഒരു മഹത്തായ സംസ്കൃതിയുടെ 'സത്യാന്വേഷണ പരീക്ഷണങ്ങൾ' ചെന്നെത്തിയ വ്യാജസംസ്കാരത്തിെൻറ ആഴം വിളിച്ചോതുകയും ചെയ്യുന്നു. യൂറോപ്യൻ യൂനിയനിലെ സന്നദ്ധ സംഘടനയായ 'ഡിസിൻഫോലാബ്' ആണ് വിശദമായ അന്വേഷണത്തിനുശേഷം വ്യാജവാർത്താ ശൃംഖലയുടെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രവർത്തനം നിലച്ച കുറെ ഓൺലൈൻ മാധ്യമങ്ങളുടെയും സന്നദ്ധസംഘടനകളുടെയും വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ പ്രഫസറുടെയുമൊക്കെ പേരുപയോഗിച്ചാണ് അതിവിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
15 വർഷമായി നടന്നുവരുന്ന ഈ കള്ളത്തരങ്ങൾ ലോകം മുഴുവനുമെത്തിക്കാൻ 750 വ്യാജമാധ്യമങ്ങൾ ഇന്ന് സജ്ജമാണ്. രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ പ്രതിയോഗികളെ-പ്രത്യേകിച്ച് പാകിസ്താനെ-അവമതിക്കുകയാണത്രെ ഈ ബൃഹദ്ശൃംഖലയുടെ പ്രധാനജോലി. ഏതായാലും ഈ അന്വേഷണ റിപ്പോർട്ട് പാകിസ്താന് ഇന്ത്യയെ വിമർശിക്കാൻ കാരണം നൽകിയിട്ടുണ്ട്. യു.എൻ മനുഷ്യാവകാശ കൗൺസിൽ, യൂറോപ്യൻ പാർലമെൻറ് തുടങ്ങിയ വേദികളിൽ പാകിസ്താനെതിരെ ഉയർന്ന ആക്ഷേപങ്ങൾ ഇന്ത്യയിലെ വ്യാജവാർത്താ ശൃംഖലയുടെ നിർമിതിയാണെന്ന് അവർ ഇപ്പോൾ വാദിക്കുന്നു. അതേസമയം, 'ഉത്തരവാദിത്തബോധമുള്ള ജനാധിപത്യരാജ്യമെന്ന നിലക്ക് ഇന്ത്യ കള്ളവാർത്തകളൊന്നും പ്രചരിപ്പിക്കാറില്ലെ'ന്ന് ഇന്ത്യയുടെ വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. 'ഡിസിൻഫോലാബി'െൻറ റിപ്പോർട്ടിൽ, വ്യാജവാർത്തകൾ പരത്തുന്ന പ്രധാനമാധ്യമമെന്ന് പറയുന്ന ഏഷ്യൻ ന്യൂസ് ഇൻറർനാഷനലും (എ.എൻ.ഐ) ആരോപണം നിഷേധിച്ചിട്ടുണ്ട്. എല്ലാം പാകിസ്താെൻറ കുപ്രചാരണമാണെന്ന് വിദേശകാര്യവക്താവും എ.എൻ.ഐയും ഒരേ സ്വരത്തിൽ പറയുന്നു.
എന്നാൽ, ഇന്ത്യൻ സർക്കാറുമായി വ്യാജവാർത്താ ശൃംഖലയെ ബന്ധിപ്പിക്കുന്ന തെളിവൊന്നുമില്ലെന്ന് സമ്മതിക്കുന്ന ഡിസിൻഫോലാബ് റിപ്പോർട്ട് ആ ശൃംഖലയുടെ ഭാഗമായി ചൂണ്ടിക്കാട്ടുന്ന സ്ഥാപനങ്ങളും വ്യക്തികളും ഇപ്പോഴത്തെ കേന്ദ്ര ഭരണപക്ഷത്തോട് ചായ്വുള്ളവരാണ്. ഡൽഹി ആസ്ഥാനമായുള്ള ശ്രീവാസ്തവ ഗ്രൂപ് 65 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന 265 വ്യാജ വെബ്സൈറ്റുകൾ വഴി കള്ളം പ്രചരിപ്പിക്കുന്നതായി കഴിഞ്ഞ കൊല്ലം 'ഡിസിൻഫോലാബ്' കണ്ടെത്തിയിരുന്നു. ഇക്കൊല്ലം അത് 750 വ്യാജസൈറ്റുകളിലേക്കെത്തിയിട്ടുണ്ടത്രെ. 'ഇന്ത്യൻ ക്രോണിക്ൾസ്' എന്ന തലക്കെട്ടിൽ ഡിസിൻഫോലാബ് പുറത്തുവിട്ട റിപ്പോർട്ട് വ്യാജപ്രചാരണത്തിെൻറ വിശദാംശങ്ങൾകൂടി വിവരിക്കുന്നുണ്ട്. യു.എൻ മനുഷ്യാവകാശ കൗൺസിലിൽ സന്നദ്ധസംഘടനകളുടെ പേരിൽ കൂലിപ്രസംഗകരെക്കൊണ്ട് ഇന്ത്യയുടെ പ്രതിയോഗികൾക്കെതിരെ പറയിപ്പിച്ച സംഭവങ്ങളുണ്ട്. വ്യാജ മാധ്യമസൈറ്റുകൾ മുതൽ യൂറോപ്യൻ യൂനിയെൻറ ലെറ്റർഹെഡ് വരെ ഉപയോഗിച്ച് ആഗോളവേദികളിൽ അഭിപ്രായരൂപവത്കരണവും പ്രകടനങ്ങളും പോലും സംഘടിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് സാധുത നൽകാൻ നിന്നുകൊടുത്തത് എ.എൻ.ഐ എന്ന ഇന്ത്യൻ വാർത്താ ഏജൻസിയാണെന്നും റിപ്പോർട്ട് പറയുന്നു.
രാജ്യത്ത് ഉയരുന്ന വിവാദങ്ങളിൽ മോദിസർക്കാറിെൻറ ഭാഗം ഉയർത്തിക്കാട്ടുന്ന ശൈലിയാണ് എ.എൻ.ഐയുടേത്. ഡിസിൻഫോലാബ് വ്യാജവാർത്താ ശൃംഖലയുടെ സംഘാടകരായി പറയുന്ന ശ്രീവാസ്തവ ഗ്രൂപ്പാകട്ടെ, കശ്മീർ വിഷയത്തിൽ മോദി സർക്കാറിെൻറ പബ്ലിക് റിലേഷൻസ് ജോലി ചെയ്ത് ശ്രദ്ധനേടിയ സ്വകാര്യ സ്ഥാപനം കൂടിയാണ്. കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ പ്രദേശത്താകെ വാർത്താവിനിമയ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെ യൂറോപ്യൻ യൂനിയനിലെ തീവ്ര വർഗീയപക്ഷ എം.പിമാരെ പ്രത്യേകമായി അങ്ങോട്ട് ക്ഷണിച്ചുവരുത്തിയതായിരുന്നു വിവാദമുയർത്തിയ സംഭവം. ഇന്ത്യയിലെ മാധ്യമങ്ങൾക്കും എം.പിമാർക്കും പോലും പ്രവേശനം നിഷേധിച്ച സമയത്താണ് ശ്രീവാസ്തവ ഗ്രൂപ് അങ്ങോട്ട് ഔദ്യോഗിക ഒത്താശയോടെ 'രാഷ്ട്രീയ ടൂറിസം' സംഘടിപ്പിച്ചത് -ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രി മോദിയുമായി ആ സംഘത്തിന് കൂടിക്കാഴ്ച തരപ്പെടുത്തിയതും ശ്രീവാസ്തവ ഗ്രൂപ്പിെൻറ സർക്കാറുമായുള്ള അടുപ്പത്തിന് തെളിവായി.
ഇത്തരം കേന്ദ്രങ്ങൾ നടത്തുന്ന വ്യാജവാർത്താ ശൃംഖലക്ക് സർക്കാറുമായി നേരിട്ട് ഔപചാരികമായ അടുപ്പമുണ്ടോ എന്നത് അപ്രസക്തമാക്കുന്നതാണ് മുഖ്യസംഘാടകർക്ക് സർക്കാറുമായുള്ള അടുപ്പം. ഡിസിൻഫോലാബിെൻറ റിപ്പോർട്ട് ആശങ്കയുണർത്തുന്നത്, ഏതാനും വർഷങ്ങളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ വിശ്വാസ്യതക്കുമേൽ കനത്ത നിഴൽപരത്തുന്നു എന്നതിനാലാണ്. മനുഷ്യാവകാശ കൗൺസിൽപോലുള്ള അന്താരാഷ്ട്ര വേദികളിൽ നമ്മുടെ വാക്കിന് വില ഇല്ലാതാക്കുന്നതാണ് ഇതെല്ലാം. ഡിസിൻഫോലാബ് വെളിച്ചത്തു കൊണ്ടുവന്ന പ്രചാരണ യജ്ഞം 'മഞ്ഞുമലയുടെ മുകളറ്റം മാത്ര'മാണെന്നും കൂടുതൽ ആഴത്തിലും വ്യാപ്തിയിലും കള്ളപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും നിഷ്പക്ഷ കേന്ദ്രങ്ങളിൽനിന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.
വിയോജിക്കുന്ന വ്യക്തികളെയും മാധ്യമങ്ങളെയും അടിച്ചൊതുക്കുന്ന സർക്കാർതന്നെ വ്യാജവാർത്താ ശൃംഖലകളുമായി അടുപ്പം സൂക്ഷിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളെ കരിതേച്ച് കാട്ടാൻ മാധ്യമങ്ങളെ സ്വാധീനിക്കുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന എൻ.ജി.ഒകളെ വേട്ടയാടി പുറത്താക്കുേമ്പാൾതന്നെ, വ്യാജ എൻ.ജി.ഒകൾ വഴി വ്യാജം പരത്തി രാജ്യാന്തരരംഗത്ത് രാജ്യത്തെ മാനം കെടുത്തുന്നവരെ തള്ളിപ്പറയാൻപോലും മടിക്കുന്നു. ഒരു വ്യാജവാർത്താശൃംഖലയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും മാത്രമല്ല, നാട്ടിെൻറ മനസ്സാക്ഷിതന്നെയും പ്രതിക്കൂട്ടിലാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.