കർഷകരോഷം പിന്നെയും അണപൊട്ടുന്നു
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണമേളത്തിനിടെ പ്രശ്നങ്ങൾക്കു മറയിടാനും പ്രശ്നക്കാരുടെ വായ് പൊത്തിപ്പിടിക്കാനുമുള്ള ബി.ജെ.പിയുടെയും എൻ.ഡി.എ മുന്നണിയുടെയും ശ്രമം അവരെ തുടർച്ചയായ മൂന്നാം വിജയത്തിലെത്തിച്ചു എന്നതു നേര്. എന്നാൽ, പ്രധാനമന്ത്രിയടക്കമുള്ള ഭരണക്കാരുടെ വായ്ത്താരികൊണ്ട് മറച്ചുവെക്കാവുന്നതോ, ഔദ്യോഗിക കൃത്രിമത്വങ്ങൾ എമ്പാടും ആരോപിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളിലെ ജയപ്രഖ്യാപനം കൊണ്ട് മായ്ച്ചുകളയാവുന്നതോ അല്ല ജനങ്ങളുടെ പ്രശ്നങ്ങൾ. അവക്ക് പരിഹാരം കാണാനുള്ള താൽപര്യമൊന്നും ഭരണകൂടത്തിനില്ല. മാത്രമല്ല, അധികാര സംരക്ഷണത്തിന് വംശീയ ധ്രുവീകരണരാഷ്ട്രീയം കളിച്ച് ഹിന്ദുവോട്ടുകൾ ഏകീകരിച്ചു ചൊൽപടിയിൽ നിർത്തുന്നതിനുള്ള ശ്രമങ്ങളിലാണ് അവർ. മസ്ജിദുകൾക്കടിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ പരതാനുള്ള സർവേ വംശീയതയുടെ ഒരു ദേശീയ നയപരിപാടിയായി മാറുന്നതുപോലെയാണ് ഏറ്റവുമൊടുവിലെ സംഭവവികാസങ്ങൾ.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഈയിടെ പ്രധാനമന്ത്രിയെ ഇരട്ടമുഖമുള്ള റോമൻ ദേവനായ ജാനസിനോട് ഉപമിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ മുൻമുഖം സബ്കാ സാത്ത് സബ്കാ വികാസ്, ഡിജിറ്റൽ ഇന്ത്യ, ഫൈവ് ട്രില്യൺ ഇക്കോണമി, ബുള്ളറ്റ് ട്രെയിൻ എന്നീ വാഗ്ദാനങ്ങളുടേതാണ്. എന്നാൽ പിൻമുഖമാകട്ടെ, ഇതിനൊക്കെ കടകവിരുദ്ധമായ കർമപരിപാടികളുടേതാണ്. മൂന്നാമൂഴത്തിലെത്തിയ മോദി ഭരണത്തിന്‍റെ ഇന്ത്യൻ അനുഭവം പരിശോധിച്ചാൽ ഇപ്പറഞ്ഞതിൽ അതിശയോക്തി തരിമ്പുമില്ല എന്നു വ്യക്തമാവും. വംശീയ ധ്രുവീകരണരാഷ്ട്രീയം വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ തെരഞ്ഞെടുപ്പിൽ മുഖം നന്നാക്കാൻ നൽകിയ വാഗ്ദാനങ്ങളെ പോലും അവർ കൈയൊഴിഞ്ഞ മട്ടാണ്. അതുകൊണ്ടുതന്നെ ജനകീയ പ്രതിഷേധങ്ങളിൽ പലതും പഴയ മട്ടിൽത്തന്നെ തിരിച്ചുവരുന്നുമുണ്ട്.ഇന്നലെ മുതൽ കൂടുതൽ സജീവമായ കർഷകസമരം അതിന്‍റെ ഒരു തെളിവ് മാത്രം.
കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട്, അത് നിരാകരിക്കുന്ന പുതിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിയിരുന്ന സമരം അധികൃതരുടെ കടുത്ത അവഗണനയെത്തുടർന്ന് ഏറക്കുറെ വിസ്മൃതിയിലായിരുന്നു. പിന്മാറാൻ കൂട്ടാക്കാതിരുന്ന പഞ്ചാബിൽ നിന്നുള്ള കർഷകരെ കടത്തിവിടാതിരിക്കാൻ ഹരിയാനയിലെ ബി.ജെ.പി ഗവൺമെന്‍റ് കടുത്ത ജനവിരുദ്ധ നടപടികളാണ് സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 13ന് കർഷകർ ഡൽഹി മാർച്ച് പ്രഖ്യാപിക്കുകയും അതു തടയാൻ കേന്ദ്ര-സംസ്ഥാന ബി.ജെ.പി ഗവൺമെന്‍റുകൾ പലയിന പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തു. അതിന്‍റെ ഭാഗമായി സമരം തണുപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ ചർച്ചക്കും തയാറായി.
എന്നാൽ, അഞ്ചു വർഷത്തേക്ക് ഏതാനും ഇനങ്ങൾക്ക് താങ്ങുവില നൽകി ഗവ.ഏജൻസികൾ വാങ്ങാം എന്ന പരിഹാരനിർദേശം കർഷകർ തള്ളി. 22 ഇനങ്ങൾക്ക് നിയമപരിരക്ഷയോടെ താങ്ങുവില അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതനുവദിക്കാതെ വന്നപ്പോൾ ഫെബ്രുവരി 21ന് അവർ വീണ്ടും ഡൽഹി മാർച്ചിന് ഒരുങ്ങി, സർക്കാർ ബലം പ്രയോഗിച്ചു തടയുകയും ചെയ്തു. അതോടെ അതിർത്തിയായ ശംഭുവിലും ഖനോരിയിലും തമ്പടിച്ചുകൂടി കർഷകർ. മാസം പത്തു തികയുമ്പോൾ അവർ വീണ്ടും ഡൽഹിയെ സമരമുഖരിതമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഭാരതീയ കിസാൻ പരിഷത്തിന്‍റെ മാർച്ചിനാണ് തിങ്കളാഴ്ച തുടക്കമായത്. കിസാൻ മസ്ദൂർ സഭ, സംയുക്ത് കിസാൻ മോർച്ച എന്നീ സംഘടനകൾ ഡിസംബർ ആറിന് മാർച്ച് പ്രഖൃാപിച്ചിട്ടുണ്ട്. സമാന്തരമായി ഉത്തരാഖണ്ഡ്, കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ സംഘടനകൾ അതത് നിയമസഭകളിലേക്ക് മാർച്ച് നടത്തും.
കൃഷിഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രം കൊണ്ടുവന്ന പുതിയ ലാൻഡ് അക്വിസിഷൻ നിയമമനുസരിച്ച് 2014 ജനുവരി ഒന്നു മുതൽ അക്വയർ ചെയ്ത ഭൂമിക്ക് നാലു മടങ്ങ് നഷ്ടപരിഹാരം, ഗൗതം ബുദ്ധ നഗർ ജില്ലയിൽ കഴിഞ്ഞ പത്തുവർഷമായി അനുവദിച്ചുകിട്ടാത്ത അവകാശങ്ങൾ പുതിയ നിയമമനുസരിച്ച് ഉടൻ അനുവദിക്കുക, മിനിമം താങ്ങുവിലക്ക് നിയമപ്രാബല്യം നൽകുക, പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുക, കാർഷിക, ക്ഷീര, പഴം, പച്ചക്കറി, മാംസ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുന്നതിന് സബ്സിഡി വർധിപ്പിക്കുക, 58 വയസ്സിനു മുകളിലുള്ള കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പതിനായിരം രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുക, പ്രധാനമന്ത്രി ഫസൽ ബീമാ യോജന എന്ന ഇൻഷുറൻസ് പദ്ധതിയിൽ എല്ലാ വിളകളെയും ഉൾപ്പെടുത്തുക, ലഖിംപൂർ ഖേരിയിൽ നടന്ന കർഷകവിരുദ്ധ അതിക്രമത്തിലെ ഇരകൾക്ക് നീതി ഉറപ്പാക്കുക തുടങ്ങി ഇന്ത്യ ലോകവ്യാപാര കരാറിൽനിന്ന് പിന്തിരിയുക വരെയുള്ള നിരവധി ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
കർഷകരുടെ ജീവൽപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഈ ആവശ്യങ്ങൾക്കൊന്നും ശരിയായ രീതിയിൽ ചെവികൊടുക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. സർക്കാറിന്‍റെ തെറ്റായ നയങ്ങൾക്കെതിരായ സമരത്തോട് പൊറുക്കാൻ തയാറല്ലാത്ത ധാർഷ്ട്യമാണ് അധികൃതർ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പരിഹാരം കാണേണ്ട ന്യായമായ ആവശ്യങ്ങളെ പൂർണമായും അവഗണിക്കുകയും ചെയ്യുന്നു.
പ്രക്ഷോഭത്തിനു വട്ടംകൂട്ടുന്ന കർഷകരോട് സംവാദത്തിന്‍റെ വഴിയിലേക്ക് വരാനും പരസ്പര ചർച്ചയിലൂടെ വിഷയങ്ങൾക്ക് പരിഹാരം കാണാനും ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ ഞായറാഴ്ച അഭ്യർഥിക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന്‍റെ നൂറാംവാർഷികത്തിൽ വികസിത രാജ്യമായി ഇന്ത്യക്ക് നടുനിവർത്തി നിൽക്കാൻ കർഷകസംതൃപ്തി അനിവാര്യമാണെന്നും കർഷകൻ വിഷമത്തിലായാൽ രാജ്യത്തിന്‍റെ അന്തസ്സും അഭിമാനവുമാണ് പണയപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകരുടെ മഹത്വം ആവോളം വാഴ്ത്തുന്നുണ്ട് രാഷ്ട്രത്തിന്‍റെ രണ്ടാം മുഖ്യപൗരൻ. എന്നാൽ ആ മഹത്വം പക്ഷേ, കേന്ദ്രം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് പിന്നെയും കാറ്റുപിടിക്കുന്ന കർഷകരോഷം തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.