കർഷകർ രാജ്യത്തിന് വഴികാട്ടുന്നു
text_fields
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഐതിഹാസിക ദിനമായിതന്നെ എണ്ണണം ഇനിമേൽ നവംബർ 19നെ. രാജ്യത്തെ കാർഷിക സമ്പത്തിനെയും കർഷകരെയും ചങ്ങാതിമുതലാളിമാരുടെ ചവിട്ടടിക്കീഴിലെത്തിക്കാൻ ലക്ഷ്യമിട്ട് നരേന്ദ്ര മോദി ഭരണകൂടം കൊണ്ടുവന്ന മൂന്ന് വിവാദ കാർഷിക നിയമങ്ങളെ 359 ദിവസം നീണ്ട സഹനസമരത്തിലൂടെ ഇന്ത്യ പൊരുതിത്തോൽപിച്ച സുദിനം. നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് അഹങ്കരിച്ച സർക്കാർ കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുട്ടുകുത്തിയ മഹാദിനം. ആക്ഷേപിച്ചും അടിച്ചമർത്തിയും തുറുങ്കിലടച്ചും എത്രയൊക്കെ തകർക്കാൻ ശ്രമിച്ചിട്ടും പതറാതെ തളരാതെ നിന്ന് പൊരുതിയ കർഷകസമൂഹമേ, ആദരാഭിവാദ്യങ്ങൾ. ഇന്ത്യൻ ജനതയും ജനാധിപത്യവും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
വിലപേശാനും വിലക്കെടുക്കാനും ആവുന്നതെല്ലാം ചെയ്തുനോക്കിയിരുന്നു സർക്കാർ. വിലപ്പോവില്ലെന്നു കണ്ടപ്പോൾ ഒറ്റുകാരെ കടത്തിവിട്ട് തകർക്കാനും ശ്രമിച്ചു. രാജ്യത്തിന് അന്നമൂട്ടുന്ന മനുഷ്യരെ കിടങ്ങുകുഴിച്ചും മുള്ളുവേലി കെട്ടിയും കെണ്ടയ്നർ മതിലുപണിതും ശത്രുരാജ്യ സൈനികരെയെന്നപോലെ തലസ്ഥാനനഗരിയിൽ പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞു. റിപ്പബ്ലിക്ദിന ട്രാക്ടർ റാലിയിൽ നുഴഞ്ഞുകയറി അക്രമങ്ങളുണ്ടാക്കി അതിെൻറ മറവിലും സമരക്കാരെ വേട്ടയാടി. ഇന്ത്യക്കെതിരെ വിദേശസഹായം പറ്റി ഗൂഢാലോചന നടത്തുന്ന വിഘടനവാദികളെന്ന് ആക്ഷേപിച്ചു. യു.പിയിലെ ലഖിംപുർ ഖേരിയിൽ സമരംചെയ്ത കർഷകരെ വാഹനം കയറ്റി അറുകൊല ചെയ്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ സൽപുത്രനാണ് പ്രതിസ്ഥാനത്ത്. തമസ്കരിച്ചിട്ടും തോൽപിക്കാനാവുന്നില്ലെന്നു കണ്ടപ്പോൾ മടിത്തട്ട് മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളക്കഥകൾ പ്രചരിപ്പിച്ചു.
പാർലമെൻറിൽ കൃത്യമായി ചർച്ചപോലും ചെയ്യാതെ ബലാൽക്കാരമായി നടപ്പാക്കുന്ന നിയമങ്ങൾ രാജ്യത്തിെൻറ പരമാധികാരത്തിനുതന്നെ ഭീഷണിയാണെന്നും അവ പിൻവലിക്കാതെ പിന്നോട്ടില്ലെന്നും ഉറച്ചു പ്രഖ്യാപിച്ചിരുന്നു കർഷകർ. വ്യത്യസ്ത വിശ്വാസ-ആശയധാരകൾ പിൻപറ്റുന്ന, പല ഭാഷകൾ മൊഴിയുന്ന, പല ധാന്യങ്ങൾ വിളയിക്കുന്ന ആ മനുഷ്യർ വിപ്ലവഗീതങ്ങളും ഭഗവദ്ഗീതയും ഗുരുവാണിയും ഖുർആനും ബൈബിൾ വചനങ്ങളും ഉരുവിട്ട് തോളോടുതോൾചേർന്നു നിന്നു. പേമാരിക്കും പൊരിവേനലിനുമെന്നല്ല മഹാമാരിക്കുപോലും അവരെ വേർപെടുത്താനായില്ല. സമരഭൂമിയിൽ സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും തൈകൾ നാമ്പിട്ടു. മാരണ നിയമങ്ങളും ജനവിരുദ്ധ നയങ്ങളുംകൊണ്ട് ശ്വാസംമുട്ടുന്ന ഇന്ത്യക്ക് അത് പുതുശ്വാസം പകർന്നു.
വനിതകളുടെ വർധിതമായ പങ്കാളിത്തമായിരുന്നു മറ്റൊരു സവിശേഷത. എല്ലുമുറിയെ പാടത്ത് പണിയെടുത്ത് ധാന്യപ്പുരകൾ നിറക്കുേമ്പാഴും ദൃശ്യത ലഭിക്കാതെ പോവുന്ന, കർഷകജനതയുടെ പാതിയിലേറെ വരുന്ന സ്ത്രീസമൂഹം ഈ സമരത്തിെൻറ മുഖങ്ങളായി മാറി. പഞ്ചാബിൽനിന്ന് ട്രാക്ടറോടിച്ച് സിംഘു, ടിക്രി അതിർത്തികളിലേക്കു വന്ന വയോധികമാർ മുതൽ കേരളത്തിൽനിന്നെത്തിയ വിദ്യാർഥിനികൾ വരെ ആ കരുത്തുറ്റ ശൃംഖലയിലെ കണ്ണികളായി.
ആദ്യവസാനം കൃഷിയുടെ രാഷ്ട്രീയം പറഞ്ഞ സമരത്തിെൻറ മുൻനിരയിൽ നിന്ന് നേട്ടം കൊയ്യാനെത്തുന്ന പ്രഖ്യാപിത മുഖ്യധാര രാഷ്ട്രീയക്കാരെ അകറ്റിനിർത്താനുള്ള സാമർഥ്യം അവർ കാണിച്ചു. എന്നിരിക്കിലും വർഗീയ ഫാഷിസവും അവരുടെ ഒളിസൈന്യങ്ങളുമൊഴികെ ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ-സാംസ്കാരിക കൂട്ടായ്മകളും കർഷകരുടെ പിന്നിൽ അണിനിന്നു. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകൾ നടത്തിയ പൊതുപണിമുടക്കിൽ ആ ഐക്യബോധം പ്രകടമായിരുന്നു. ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് അധികാരം വീണ്ടെടുക്കാൻ വഴിതുറന്നുകൊടുത്ത 2013ലെ മുസഫർനഗർ കലാപത്തിന് എട്ടുവർഷങ്ങൾക്കിപ്പുറം പരസ്യമായി പ്രായശ്ചിത്വം ചെയ്യുന്നതിനുപോലും വേദിയായി എന്നറിയുേമ്പാഴാണ് കർഷകസമരം ഇന്ത്യ എന്ന ആശയത്തിന് എത്രമാത്രം കരുത്തേകിയെന്ന് മനസ്സിലാവുക. വ്യത്യസ്ത വിഭാഗം ജനങ്ങൾ വർഗീയ വൈര ചിന്തകൾ വെടിഞ്ഞ് ഒന്നിക്കുന്നതിനെ മറ്റെന്തിനേക്കാളേറെ ഭയപ്പെടുന്നതുകൊണ്ടാണ് നിയമം പിൻവലിച്ച് സമരം അവസാനിപ്പിക്കാൻ മോദിയും കൂട്ടരും ഇപ്പോൾ തയ്യാറായതെന്നും മനസ്സിലാക്കുക.
വർഗീയ വേർതിരിവില്ലാതെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ വിധിയെഴുതിയാൽ വരാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നിലംപരിശാകുമെന്നത് നൂറുതരമായിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചടി മുന്നിൽകണ്ടുള്ള താൽക്കാലികമായ പിന്മാറ്റമാണ് സർക്കാർ നടത്തിയിരിക്കുന്നത് എന്ന് സന്ദേഹിക്കുന്ന ഒട്ടനവധി പേരുണ്ട്. മോദി സർക്കാറിെൻറ പല മുൻകാല ചെയ്തികൾ അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. വിവാദ നിയമങ്ങൾ പിൻവലിച്ചെന്ന് പാർലമെൻറിൽ പ്രഖ്യാപിക്കപ്പെടാതെ സമരം നിർത്തില്ലെന്ന് നേതാക്കൾതന്നെ വ്യക്തമാക്കിയതും അതുകൊണ്ടുതന്നെ.
ഈ വേളയിൽ നമ്മളോർക്കേണ്ടത് കർഷക അവകാശപ്പോരാട്ടത്തിനുവേണ്ടി ജീവത്യാഗം ചെയ്ത 671 മനുഷ്യരെയാണ്, സമരത്തെ പിന്തുണച്ചതിെൻറ പേരിൽ ക്രൂരമർദനങ്ങളും കേസുകളും നേരിടേണ്ടിവന്ന നൂറുകണക്കിനാളുകളെയാണ്. അവരുടെ സമർപ്പണം പാഴായിപ്പോവില്ലെന്നുറപ്പിക്കേണ്ടത് ഇന്ത്യയിലെ രാഷ്ട്രീയ-കർഷക-സാമൂഹിക പ്രസ്ഥാനങ്ങളാണ്, നാം ഓരോരുത്തരുമാണ്.
നിശ്ചയദാർഢ്യത്തോടെ, ഐക്യബോധത്തോടെ പൊരുതാമെന്നുറപ്പുണ്ടെങ്കിൽ ഒരു ജനവിരുദ്ധ നിയമവും നടപ്പാക്കാനാവില്ലെന്ന് കർഷകർ നമ്മെ ബോധ്യപ്പെടുത്തിത്തന്നിരിക്കുന്നു. അവർ തെളിച്ച വഴിയിലൂടെ വേണം ഇനി നാം നടക്കാൻ, മാനുഷികതയും മൈത്രിയും കുടികൊള്ളുന്ന മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.