കർഷകരെ തോൽപിക്കാൻ പതിവ് കുതന്ത്രങ്ങൾ മതിയാവില്ല
text_fieldsകേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന സമരം കൂടുതൽ തീക്ഷ്ണമാവുകയാണ്. സമരക്കാരുമായി വ്യാഴാഴ്ച കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ നടത്തിയ ചർച്ച എവിടെയുമെത്താതെ അടിച്ചുപിരിഞ്ഞു. തങ്ങൾക്കുവേണ്ടി തയാറാക്കിവെച്ച ചായയും ഭക്ഷണവും കഴിക്കാതെയാണ് കർഷക നേതാക്കൾ ചർച്ചമുറിയിൽനിന്ന് തിരിച്ചുപോയത്. ചെപ്പടിവിദ്യകൾകൊണ്ട് കർഷക സമരത്തെ തകർത്തുകളയാം എന്ന മോദി-അമിത് ഷാ ടീമിെൻറ വ്യാമോഹം സഫലമാകുന്നില്ല. പുതിയ നിയമം പിൻവലിക്കുന്നതിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനും സന്നദ്ധമല്ലെന്നാണ് കർഷക നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തെ കൂടുതൽ തീക്ഷ്ണമാക്കുന്നതിെൻറ ഭാഗമായി ഡിസംബർ എട്ടിന് ഭാരത ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും സമര സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷകസംഘടനകൾക്ക് പിന്തുണയുമായി ട്രക്ക് ഉടമകളുടെ സംഘടനയും രംഗത്തുവന്നിട്ടുണ്ട്. സമരം രമ്യമായി പരിഹരിച്ചില്ലെങ്കിൽ സമരരംഗത്തേക്കിറങ്ങുമെന്നാണ് അവരുടെ പ്രഖ്യാപനം. അവരുംകൂടി സമരത്തിനിറങ്ങിയാൽ രാജ്യത്തെ ചരക്കുനീക്കത്തെതന്നെ അത് ബാധിക്കും.
കഴിഞ്ഞ വർഷം ഡിസംബറിലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ പൗരത്വപ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. മുസ്ലിം ചെറുപ്പക്കാരായിരുന്നു പൗരത്വസമരത്തിെൻറ മുൻപന്തിയിൽ. അതിനാൽതന്നെ വർഗീയവാദവും ഭീകരതയും ആരോപിച്ച് അതിനെ തകർക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിച്ചത്. മുസ്ലിംകളുടെ കാര്യത്തിലാകുമ്പോൾ അത് എളുപ്പം ഏശുകയും ചെയ്യും. മുസ്ലിം സ്വത്വത്തെ പ്രകാശിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ഈ ചെറുപ്പക്കാർ ഉയർത്തിയതിെൻറ പേരിൽ ലിബറൽ–ഇടതു സംഘങ്ങളും സമരത്തെ തള്ളിപ്പറയുന്ന അവസ്ഥയിലെത്തി. എന്നാൽ, അത്തരം കൂട്ടുകെട്ടുകളെയെല്ലാം മറികടന്ന് പൗരത്വസമരം, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ചടുലമായ ജനകീയമുന്നേറ്റമായി മാറുകയായിരുന്നു. പൗരത്വ സമരം അതിെൻറ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോഴാണ് രാജ്യ തലസ്ഥാനം കർഷകസമരത്തിെൻറ ചൂടിൽ അകപ്പെടുന്നത്. പഞ്ചാബിലെ സിഖ് സമുദായക്കാരാണ് സമരത്തിെൻറ മുൻപന്തിയിലുള്ളത്. കർഷകനിയമം കൊണ്ട് ഏറ്റവും പ്രയാസമനുഭവിക്കാൻ പോകുന്നവരാണ് അവർ. സമരത്തിലെ അവരുടെ പങ്കാളിത്തം മുൻനിർത്തി സിഖ് തീവ്രവാദ/ഖലിസ്താൻ മുദ്ര കർഷകസമരത്തിനുമേൽ പതിപ്പിക്കാൻ 'മോദി ഭക്ത്' മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്രചാരകരും ശ്രമിച്ചുനോക്കുന്നുണ്ട്. പക്ഷേ, മുസ്ലിം തീവ്രവാദം പോലെ അത് എളുപ്പം വിറ്റുപോകുന്നില്ലെന്നു മാത്രം. തങ്ങളുടെ സിഖ് സ്വത്വം ഉയർത്തിപ്പിടിച്ചും സമരഭൂമിയിൽതന്നെ ഗുരുനാനാക് ജയന്തി ആഘോഷിച്ചും സിഖ് പ്രാർഥനകളിൽ ഏർപ്പെട്ടുമാണ് അവർ സമരം നയിക്കുന്നത് (കൗതുകകരമായ കാര്യം, ഈ മതചിഹ്നങ്ങൾ സമരത്തിെൻറ മതേതര സ്വഭാവം തകർക്കുമെന്ന ഉപദേശവുമായി ലിബറൽ-ഇടത് ബുദ്ധിജീവികളാരും ഇതുവരെ രംഗത്തുവന്നിട്ടില്ല എന്നതാണ്). ഉത്തരേന്ത്യയിൽ ജനകീയസമരങ്ങളെ തകർക്കാൻ ബി.ജെ.പി ഭരണകൂടം സാധാരണ ഗതിയിൽ സ്വീകരിക്കുന്ന ഉപായങ്ങളൊന്നും കർഷകസമരത്തിെൻറ കാര്യത്തിൽ ഏശുന്നില്ല എന്നത് ബി.ജെ.പി കേന്ദ്രങ്ങളെ ചൊടിപ്പിക്കുന്നുണ്ടാവാം. മുസ്ലിം വിരുദ്ധത ഉൽപാദിപ്പിച്ച് ജനകീയപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണല്ലോ അവരുടെ പ്രധാനപ്പെട്ട അടവ്. ബി.ജെ.പി ഉത്തരേന്ത്യൻ സമൂഹത്തിൽ വ്യാപകമാക്കിയ മുസ്ലിംവിരുദ്ധത ഏശാത്ത സമൂഹമാണ് പഞ്ചാബികൾ. അതിനാൽതന്നെ ആ പരിപ്പ് അവർക്കിടയിൽ വേവുന്നില്ല. പോപുലർ ഫ്രണ്ട് എന്ന മുസ്ലിം സംഘടനയുടെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമായി രാജ്യത്തെ 26 കേന്ദ്രങ്ങളിൽ ഒരേസമയം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് സംഘടിപ്പിച്ചത് ഒരുപക്ഷേ, ബി.ജെ.പിയുടെ തന്ത്രത്തിെൻറ ഭാഗമാകാം. തീവ്രവാദ കഥകൾ പടച്ചുണ്ടാക്കി യഥാർഥപ്രശ്നങ്ങളെ വഴിതിരിച്ചുവിടുന്നതിൽ മോദിയോളം മിടുക്കുള്ള ഒരു രാഷ്ട്രീയക്കാരനും ഈ നാട്ടിലില്ല എന്നത് സുവിദിതമാണല്ലോ.
പോരാട്ട വീര്യമുള്ള മനുഷ്യരുടെ നാടാണ് പഞ്ചാബ്. ഭഗത് സിങ്ങിെൻറ പാരമ്പര്യമാണ് അവർ പേറുന്നത്. ഡൽഹി അതിർത്തിയായ സിംഘുവിൽ 20 കിലോമീറ്റർ ദൂരത്തോളം നീണ്ടുകിടക്കുകയാണ് സമരക്കാരെയുംകൊണ്ട് നീങ്ങുന്ന ട്രാക്ടറുകളുടെ നിര എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഴ്ചകളോളം സമരത്തിൽ തുടരാൻ ആവശ്യത്തിന് ഭക്ഷണപദാർഥങ്ങളും മറ്റു സജ്ജീകരണങ്ങളുമായാണ് അവരുടെ പുറപ്പാട്. ലാത്തിയും ഗ്രനേഡും ഉപയോഗിച്ച് അവരുടെ ആത്മവീര്യത്തെ തകർക്കാൻ കഴിയില്ല. പഴകിപ്പുളിച്ച തന്ത്രങ്ങളൊന്നും അവിടെ ചെലവാകില്ല. ഈ യാഥാർഥ്യം എത്രയും വേഗം മനസ്സിലാക്കുന്നതാണ് ബി.ജെ.പിക്കും രാജ്യത്തിനും നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.