Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകർഷകസമരവും...

കർഷകസമരവും പൗരത്വസമരവും ജനാധിപത്യത്തി​െൻറ ഭാവനകളും

text_fields
bookmark_border
കർഷകസമരവും പൗരത്വസമരവും ജനാധിപത്യത്തി​െൻറ ഭാവനകളും
cancel


രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന കർഷകപ്രക്ഷോഭം ഒരേസമയം ഭരണപക്ഷത്തിെൻറയും പ്രതിപക്ഷത്തിെൻറയും ഭാവനകളെ അട്ടിമറിക്കുന്ന അസാധാരണമായ അനുഭവമായി മാറിയിരിക്കുന്നു. ഇത്ര ശക്തവും ജനകീയവുമായ ജനമുന്നേറ്റം സർക്കാർ –ബി.ജെ.പി കേന്ദ്രങ്ങൾ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല. സർവ പ്രതാപിയായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ സർവം ഭദ്രമായ രാജ്യം അനുദിനം വികസനക്കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നു വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും വിശ്വസിക്കാത്തവരെ രാജ്യ​േദ്രാഹികളാക്കുകയുമായിരുന്നല്ലോ ബി.ജെ.പിയുടെ രീതി.

അങ്ങനെയിരിക്കെ ഇത്രയും തൃണമൂല സ്​പർശിയായ ഒരു ജനകീയമുന്നേറ്റം ബി.ജെ.പി പ്രതീക്ഷിച്ചിരുന്നില്ല. പാർലമെൻറിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏതു നിയമവും ഇഷ്​ടംപോലെ ചുട്ടെടുത്തു നടപ്പാക്കാൻപറ്റും എന്ന അഹന്തയിൽ അഹങ്കരിക്കുകയായിരുന്നു അവർ. ഈ അഹന്തക്കേറ്റ ഒന്നാമത്തെ പ്രഹരമായിരുന്നു പൗരത്വപ്രക്ഷോഭം. മുസ്​ലിംകളെ അർധപൗരന്മാരോ അനധികൃത പൗരന്മാരോ ആക്കാൻ ലക്ഷ്യംവെച്ചു പാസാക്കിയതാണ് പൗരത്വഭേദഗതി നിയമം. പാർലമെൻറിൽപോലും അതിനെതിരെ ഗൗരവപ്പെട്ട പ്രതിരോധം കൊണ്ടുവരാൻ മതേതരപ്രതിപക്ഷത്തിന് സാധിച്ചില്ല. മുസ്​ലിംകളെ കൈകാര്യം ചെയ്യുന്ന ഏതു നിയമവും അനായാസേന നടപ്പാക്കാൻ പറ്റുമെന്ന അമിത ആത്മവിശ്വാസവും ബി.ജെ.പിക്കുണ്ടായിരുന്നു.

അത്തരം നിയമങ്ങളെ എതിർക്കാൻ പറ്റാത്ത, അഥവാ മുസ്​ലിംകൾക്കുവേണ്ടി സംസാരിക്കാൻ പറ്റാത്ത മാനസികാവസ്​ഥ രാജ്യത്ത് മൊത്തം സൃഷ്​ടിച്ചെടുക്കുന്നതിൽ ബി.ജെ.പിയും അതിെൻറ ഭാഗമായ മാധ്യമസംവിധാനങ്ങളും ഏറെ മുന്നോട്ടു പോയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ പൗരത്വനിയമവും അതിെൻറ തുടർച്ചയായുള്ള പൗരത്വ രജിസ്​റ്ററും എളുപ്പത്തിൽ നടപ്പാക്കിയെടുക്കാൻ പറ്റുമെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ അത്തരം അമിതപ്രതീക്ഷകളുടെ മസ്​തകത്തിൽ പ്രഹരിച്ചുകൊണ്ടാണ് ജാമിഅ മില്ലിയ്യയിലെയും അലീഗഢ്​ മുസ്​ലിം സർവകലാശാലയിലെയും വിദ്യാർഥികൾ പ്രക്ഷോഭത്തിെൻറ തിരികൊളുത്തിയത്.

ആ തിരി കലാശാലകളിൽനിന്ന് കലാശാലകളിലേക്ക്; തെരുവുകളിൽനിന്ന് തെരുവുകളിലേക്ക് പടർന്നു പരക്കുന്നതാണ് പിന്നീട് ഇന്ത്യ കണ്ടത്. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി പൗരത്വപ്രക്ഷോഭം മുന്നോട്ടു പോയി. സാർവദേശീയ തലത്തിൽപോലും അതിെൻറ അലകൾ ഉയർന്നു. ഭീകരവാദ ചാപ്പ കുത്തിയും തെരുവുകലാപങ്ങൾ സൃഷ്​ടിച്ചും വിദ്യാർഥിനേതാക്കളെ അറസ്​റ്റ്​ ചെയ്തും പൊലീസിനെ ഉപയോഗിച്ച് മാരകമായി അടിച്ചമർത്തിയും പാർട്ടി ഗുണ്ടകളെ തോക്കുകളുമായി പോലും തെരുവിലിറക്കിയും സമരത്തെ ഒതുക്കാൻ ബി.ജെ.പിയും സർക്കാറും സർവ അടവുകളും എടുത്തുനോക്കി.

പക്ഷേ, സമരം അനുദിനം മുന്നോട്ടുതന്നെയായിരുന്നു. ശാഹീൻബാഗ് സമരത്തിെൻറ അടയാളമായി ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. മുസ്​ലിംകളാണ് സമരത്തിെൻറ പ്രധാന ചാലകശക്തികളെന്നതിനാൽ രാജ്യ​േദ്രാഹ/തീവ്രവാദമുദ്ര ചാർത്താൻ എളുപ്പമായിരുന്നു. ഭരണകൂടം അത്തരം മുദ്രകളുമായി വരുമ്പോഴേക്ക് പേടിച്ച് മുട്ടുവിറക്കുന്നവരാണ് മിക്ക പ്രതിപക്ഷ പാർട്ടികളും. അങ്ങനെയൊക്കെയാണെങ്കിലും ജ്വാല കെടാതെ സമരത്തെ മുന്നോട്ടുനയിക്കുന്നതിൽ മുസ്​ലിം ചെറുപ്പത്തിന് സാധിച്ചുവെന്നതാണ് വാസ്​തവം. സമരത്തിെൻറ ഒപ്പം കൂടുകയല്ലാതെ വഴിയില്ല എന്ന അവസ്​ഥയിലേക്ക് പ്രതിപക്ഷത്തെ എത്തിക്കുന്നതിലും അവർ വിജയിച്ചു. കോവിഡ് മഹാമാരി നാടിനെ സ്​തംഭിപ്പിച്ചപ്പോൾ മാത്രമാണ് പൗരത്വസമരത്തിന് ഇടവേളയുണ്ടായതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പൗരത്വസമരത്തിന് ശേഷം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേപോലെ ആഘാതമേൽപിക്കുന്ന രണ്ടാമത്തെ ജനകീയ സൂനാമിയാണ് കർഷകസമരം. തങ്ങൾ ഏകപക്ഷീയമായി പാസാക്കിയ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ക്രിയാത്മകമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷവും പരാജയപ്പെട്ടിടത്താണ് കർഷകസംഘടനകൾ രംഗത്തു വന്നതും തെരുവുകൾ കൈയടക്കിയതും.

നിശ്ചയമായും സമരത്തോടൊപ്പം നിൽക്കാനും അവർക്ക് പിന്തുണ നൽകാനും ഇപ്പോൾ പ്രതിപക്ഷ സംഘടനകൾ സജീവമായുണ്ട് എന്നത് വാസ്​തവമാണ്. പക്ഷേ, ഈ സമരത്തെ രൂപപ്പെടുത്തുന്നതിൽ അവരുടെ പങ്ക് വട്ടപ്പൂജ്യമാണ്. പൗരത്വസമരവും കർഷകസമരവും മുന്നോട്ടുവെക്കുന്ന ആശയം പ്രധാനമാണ്. പാർട്ടി ഓഫിസുകളിൽ രൂപപ്പെടുന്നതല്ല നമ്മുടെ തെരുവുകൾ എന്നതാണത്. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളോട് മുഖം തിരിച്ചു ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നോട്ടുപോവാൻ സാധ്യമല്ല എന്ന സർവകാല സത്യം ഈ രണ്ട് സമരങ്ങളും അടിവരയിടുന്നുണ്ട്.

ഒപ്പം, പ്രതിപക്ഷം നിഷ്ക്രിയമായതുകൊണ്ടു മാത്രം നമ്മുടെ ജനാധിപത്യം നിഷ്ക്രിയമാവുന്നില്ല എന്ന സന്ദേശം കൂടുതൽ ഉച്ചത്തിൽ ഉദ്ഘോഷിക്കുന്നതാണ് പൗരത്വസമരവും കർഷകസമരവും. പാർലമെൻറിലെ സാങ്കേതിക ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്തുകളയാം എന്ന ചിന്ത ഉപേക്ഷിക്കൂ എന്നാണ് രണ്ടു സമരവും ഭരണപക്ഷത്തോട് പറയുന്നത്. നിങ്ങളുടെ കമ്മിറ്റികൾക്കും ആലോചനകൾക്കും കാത്തുനിൽക്കാനൊന്നും വയ്യ എന്നാണ് ഈ തെരുവുകൾ പ്രതിപക്ഷത്തോട് പറയുന്നത്; പ്രതിപക്ഷ കക്ഷികൾ പ്രതിപക്ഷത്തിെൻറ റോൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുമ്പോൾ തെരുവിൽനിന്ന്, വ്യവസായശാലകളിൽനിന്ന്, പാടശേഖരങ്ങളിൽനിന്ന്, സർവകലാശാലകളിൽനിന്ന് യഥാർഥ പ്രതിപക്ഷം ഉയർന്നുവരും എന്ന സന്ദേശം. ശതകോടികൾ മുടക്കി പണിതുയർത്തുന്ന പുതിയ പാർല​െമൻറ്​ മന്ദിരത്തിലല്ല, ഈ ജൈവസമരങ്ങളിലാണ് ജനാധിപത്യത്തിെൻറ ഭാവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial madhyamamCAA protest
Next Story