Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയുദ്ധം ആപത്താണ്

യുദ്ധം ആപത്താണ്

text_fields
bookmark_border
യുദ്ധം ആപത്താണ്
cancel




ഏറെ നാളത്തെ ആശങ്കകളെ ശരിവെച്ച്​ റഷ്യൻ സേന അയൽരാജ്യമായ യുക്രെയ്​നുമേൽ ആക്രമണം ആരംഭിച്ചുകഴിഞ്ഞു. സൈനികശക്തിയിൽ ലോകത്ത് രണ്ടാം സ്​ഥാനത്ത് നിൽക്കുന്ന രാജ്യമാണ് റഷ്യ. യുക്രെയ്​നാവട്ടെ 22ാം സ്​ഥാനത്തും. സൈനിക ബലത്തിന്‍റെ കണക്ക് നോക്കുമ്പോൾ റഷ്യക്ക് യുക്രെയ്​നെ സമ്പൂർണമായി വിഴുങ്ങാൻ അധികനേരം ആവശ്യമില്ല. എന്നാൽ, ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്കയും അവർ ഘടകമായിട്ടുള്ള സഖ്യമായ നാറ്റോയും യുക്രെയ്​ന്റെ പക്ഷത്താണുള്ളത്. യുക്രെയ്​നെതിരായ ഏതു സൈനിക നീക്കവും അപകടകരമായിരിക്കും എന്ന് അവർ ദിവസങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. നാറ്റോ ഒരു വശത്തും റഷ്യ മറുവശത്തും നിൽക്കുന്ന ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ അത് മൂന്നാം ലോകയുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ഉത്കണ്ഠ പലരും പങ്കുവെക്കുന്നുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് റഷ്യ യുക്രെയ്നു മേൽ ആക്രമണം തുടങ്ങിയത്. എന്നാൽ, നാറ്റോയുടെയോ അമേരിക്കയുടെയോ ഭാഗത്തുനിന്ന് ഇതെഴുതുന്നതുവരെ സൈനികമായ മറുചെയ്തികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. റഷ്യയെ എതിരിടാൻ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ്​ സ്റ്റോൾട്ടൻബർഗ് വ്യാഴാഴ്ച ബ്രസൽസിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വലിയൊരു യുദ്ധത്തിലേക്ക് ലോകം വഴുതി വീഴുമെന്ന ഭയം അതിനാൽതന്നെ ഒഴിഞ്ഞുപോയിട്ടുണ്ട്. അതേ സമയം, സൈനികമായി ദുർബലമായ, നാലരക്കോടി ജനങ്ങൾ വസിക്കുന്ന ഒരു രാജ്യം അയൽപക്കത്തുള്ള അതിശക്തമായ മറ്റൊരു രാജ്യത്തിന്റെ അധിനിവേശത്തിനും ആക്രമണത്തിനും മുമ്പിൽ പകച്ച് കീഴടങ്ങേണ്ടി വരുന്നുവെന്നതിൽ നൈതികവും ധാർമികവുമായ പ്രശ്നങ്ങളുണ്ട്.

1949ൽ രൂപവത്​കൃതമായ സൈനികസഖ്യമാണ് നോർത്ത് അത്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ. സോവിയറ്റ് യൂനിയൻ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ബ്ലോക്കും അമേരിക്കൻ നേതൃത്വത്തിലുള്ള മുതലാളിത്ത ബ്ലോക്കുമായി ലോകം പരസ്​പരം ചേരിതിരിഞ്ഞിരുന്ന ശീതയുദ്ധ കാലത്ത് കമ്യൂണിസ്റ്റ് ബ്ലോക്കിനെ തടഞ്ഞുനിർത്താനാണ് നാറ്റോ രൂപവത്കരിക്കപ്പെട്ടത്. 28 യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കാനഡയും അടങ്ങുന്നതാണ് സഖ്യം. സോവിയറ്റ് യൂനിയൻ ഇല്ലാതാവുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തിരിക്കെ നാറ്റോയുടെ പ്രസക്തി എന്ത് എന്ന് ചോദിക്കുന്നവരുണ്ട്. നാറ്റോ പിരിച്ചുവിടണം എന്നതാണ് അവരുടെ ആവശ്യം. അതേസമയം, സോവിയറ്റ് യൂനിയന്റെ തിരോധാനത്തിന് ശേഷം കൂടുതൽ അംഗരാജ്യങ്ങളെ ചേർത്ത് നാറ്റോ വിപുലപ്പെടുത്തുകയാണ് ചെയ്തത്. അതിൽതന്നെ, റഷ്യയുടെ തൊട്ടടുത്തുള്ള, പഴയ സോവിയറ്റ് യൂനിയൻ റിപ്പബ്ലിക്കുകളായിരുന്ന എസ്​തോണിയ, ലി​േത്വനിയ, ലാത് വിയ എന്നീ രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കിയതിനോട് റഷ്യക്ക് കടുത്ത വിയോജിപ്പുണ്ട്. നാറ്റോ തങ്ങളുടെ വരാന്തയിൽ വന്ന് കളിക്കുന്നുവെന്നാണ് റഷ്യ അതേക്കുറിച്ച് വിചാരിക്കുന്നത്. യുക്രെയ്​നെയും നാറ്റോ അംഗരാജ്യമാക്കുമെന്ന പ്രചാരണം കുറച്ചു കാലമായുണ്ട്. അതും റഷ്യ പ്രകോപനപരമായ നീക്കമായാണ് കാണുന്നത്. തങ്ങളെ വളയാനുള്ള നാറ്റോ പദ്ധതിയാണിതൊക്കെ എന്നവർ ഭയക്കുന്നു. യുക്രെയ്​നെ നാറ്റോയിൽ ഉൾപ്പെടുത്തില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണം എന്ന് റഷ്യ ആവശ്യപ്പെട്ടു തുടങ്ങിയിട്ട് കുറച്ചു കാലമായി. എന്നാൽ, അമേരിക്കയും സഖ്യകക്ഷികളും അതിന് വഴങ്ങിയിട്ടില്ല. അതേസമയം,യുക്രെയ്​ന് ഇതുവരെ നാറ്റോയിൽ അംഗത്വം കൊടുത്തിട്ടുമില്ല.

യുക്രെയ്​നെ നാറ്റോയിൽ ഉൾപ്പെടുത്തുന്നതിനെതിരായ റഷ്യയുടെ മുൻകൂർ നീക്കമായി ഈ ആക്രമണത്തെ വിലയിരുത്തുന്നവരുണ്ട്. അതിനാൽ, റഷ്യ നടത്തുന്നത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് എന്നവർ ന്യായീകരിക്കുന്നു. എന്നാൽ, നാറ്റോക്ക് തങ്ങളുടെതായ സാമ്രാജ്യത്വ താൽപര്യങ്ങളുള്ളതുപോലെ റഷ്യക്കും സാമ്രാജ്യത്വതാൽപര്യങ്ങളുണ്ട് എന്നതാണ് വാസ്​തവം. പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകൾ ഒന്നുകിൽ റഷ്യയുടെ ഭാഗമാകണം അല്ലെങ്കിൽ സാമന്ത രാജ്യങ്ങളാകണം എന്ന് വിചാരിക്കുന്നയാളാണ് വ്ലാദിമിർ പുടിൻ. എല്ലാ അയൽ രാജ്യങ്ങളിലും അദ്ദേഹം കയറി ഇടപെടുന്നുണ്ട്. ജോർജിയയിൽനിന്ന് സൗത്ത് ഒസേഷ്യ, അബ്ഖാസിയ എന്നീ പ്രദേശങ്ങൾ വിഘടിപ്പിക്കുന്നതിൽ റഷ്യക്ക് പങ്കുണ്ട്. യുക്രെയ്​ന്‍റെ ഭാഗമായ ​ക്രിമിയ കീഴടക്കിയതും റഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന ഡോൺബാസ്​ മേഖലയിൽ വിമതരെ ഇളക്കിവിട്ട് യുക്രെയ്​നിൽനിന്ന് വിഘടിപ്പിച്ചതും റഷ്യയാണ്. തീവ്ര റഷ്യൻദേശീയതയാണ് പുടിന്റെ ആശയം. റഷ്യയുടെ പുതിയ സാർ ചക്രവർത്തിയാവുകയാണ് അദ്ദേഹം. പുടിന്റെയും നാറ്റോയുടെയും സാമ്രാജ്യത്വ താൽപര്യങ്ങളാണ് ലോകത്തെ അശാന്തിയിലേക്ക് എറിയുന്നത്. യുക്രെയ്​നിലെ നാലരക്കോടി മനുഷ്യരാണ് അതിന്റെ പ്രാഥമികമായ ഇരകളാവുന്നത്.

നാറ്റോ പല്ലുകൊഴിഞ്ഞ സിംഹമാണ്. അവരുടെ ദൗർബല്യം അഫ്ഗാനിസ്താനിൽ കണ്ടു. നാറ്റോയിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനികശക്തിയായ തുർക്കി ഒരേ സമയം, യുക്രെയ്​നുമായും റഷ്യയുമായും പല നിലക്കും സഹകരിക്കുന്ന രാജ്യമാണ്. അമേരിക്കയുടെ ഭീഷണിയെ അവഗണിച്ച് റഷ്യയിൽനിന്ന് എസ്​–400 മിസൈൽ പ്രതിരോധസന്നാഹം തുർക്കി സമ്പാദിച്ചത് ഈയിടെയാണ്. അങ്ങനെ നോക്കുമ്പോൾ സങ്കീർണമായ ഒരു ചുഴിയിലാണ് കാര്യങ്ങൾ. ഉറച്ച തീരുമാനമെടുത്തു നടപ്പാക്കാൻ ശേഷിയില്ലാത്ത സംവിധാനമായി ഐക്യരാഷ്ട്ര സഭ മാറിക്കഴിഞ്ഞിരിക്കുന്നു. ശാക്തികസന്തുലനമോ സന്തുലിത നേതൃത്വമോ ഇല്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. മനുഷ്യരാശിയെ കൂടുതൽ അപകടത്തിലേക്ക് ചാടിക്കുന്ന സാഹസങ്ങളിൽനിന്ന്, അപകടകരമായ നടപടികളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കുകയാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialukraine
News Summary - feb 25th editorial on Ukraine crisis
Next Story