യാഥാർഥ്യബോധത്തിന് എത്ര വിഹിതം?
text_fieldsവരാനിരിക്കുന്ന കാൽനൂറ്റാണ്ടു കാലത്തേക്കുള്ള വികസനരേഖ എന്ന ആമുഖത്തോടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്‍റിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ, അത്തരമൊരു സ്വപ്നത്തിലേക്ക് കുതിക്കാൻതക്ക യാതൊരു പ്രഖ്യാപനവും നിർമലയുടെ ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിലൊരിടത്തും കേൾക്കാനായില്ല എന്നതാണ് ബജറ്റാനന്തരം നടന്ന വിവിധ ചർച്ചകളിൽനിന്നു മനസ്സിലാവുന്നത്. പ്രതിപക്ഷവും ഒന്നടങ്കം ഇക്കാര്യം ശരിവെക്കുന്നുണ്ട്. 'അച്ഛേ ദിൻ' എന്ന വാഗ്ദാനവുമായി ഭരണത്തിലേറിയ മോദി സർക്കാർ, ആ സ്വപ്നനേട്ടങ്ങളിലെത്താൻ രാജ്യം ഇനിയും ചുരുങ്ങിയത് 25 വർഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന ധ്വനിയും ബജറ്റ് പ്രസംഗത്തിന്‍റെ ആമുഖത്തിൽനിന്ന് വായിച്ചെടുക്കാം. അതെന്തായാലും, പുതിയ സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് മുൻ ബജറ്റുകളുടെ ആവർത്തനമല്ലാതെ മറ്റൊന്നുമല്ലെന്ന് തീർത്തുപറയാനാകും. സാധാരണക്കാരും കർഷകരും യുവാക്കളുമെല്ലാം ഏറക്കുറെ സമ്പൂർണമായി അവഗണിക്കപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെകൂടി ഓഹരി വിറ്റഴിക്കുക, സാധാരണക്കാരനുമേൽ പലരൂപത്തിൽ സാമ്പത്തികഭാരം അടിേച്ചൽപിക്കുക തുടങ്ങിയ പതിവുപരിപാടികൾ ഇക്കുറിയും മാറ്റമില്ലാതെ തുടരുന്നു; മറുവശത്ത്, കോർപറേറ്റ് സേവയുടെ പഴയ വീഞ്ഞും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. ഡിജിറ്റൽ കറൻസി കൊണ്ടുവരാനുള്ള തീരുമാനവും ഡിജിറ്റൽ സ്വത്തുക്കൾക്ക് സവിശേഷമായ നികുതി ഏർപ്പെടുത്തിയതുമൊക്കെയാണ് ബജറ്റിൽ പുതുതായി ഉൾപ്പെടുത്തി എന്നു പറയാവുന്ന കാര്യങ്ങൾ.
കോവിഡ് കാലം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളിൽനിന്ന് രാജ്യവും ജനതയും മെല്ലെ കരകയറിവരുന്നുവെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിന്‍റെകൂടി പശ്ചാത്തലത്തിലാണല്ലോ പുതിയ ബജറ്റ് അവതരണം. കോവിഡിനുമുന്നേയുള്ള സാമ്പത്തികനിലയിലേക്കുതന്നെ രാജ്യം തിരിച്ചെത്തിയിരിക്കുന്നുവെന്ന് റിപ്പോർട്ട് അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. പുതിയ കാലത്തെ വെല്ലുവിളികളെ ഏറ്റെടുക്കാൻ നമ്മുടെ സമ്പദ്വ്യവസ്ഥ പര്യാപ്തമായിരിക്കുന്നുവെന്നതിന്റെ പുതിയ കണക്കുകൾക്കൊപ്പം ഇപ്പോഴും പ്രതിസന്ധിയിൽ ഉഴലുന്ന മറ്റു ചില മേഖലകളെക്കൂടി റിപ്പോർട്ടിൽ സവിസ്തരം പരാമർശിക്കുന്നുണ്ട്. തൊഴിൽ, വിദ്യാഭ്യാസ, ടൂറിസം, സേവന മേഖലകളാണ് ഇതിൽ പ്രധാനപ്പെട്ടത്. രാജ്യത്തെ 60 ശതമാനത്തിലധികം വരുന്ന ജനങ്ങൾ അവരുടെ ജീവിതമാർഗം കണ്ടെത്തുന്നത് ഈ മേഖലയിലാണ്. മറ്റൊരർഥത്തിൽ, സാമ്പത്തികനില മെച്ചപ്പെട്ടുവെന്ന് പൊതുവിൽ പറയുമ്പോഴും, ആ വളർച്ചയുടെ ഗുണഫലം അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഇനിയും ലഭ്യമായിട്ടില്ല. ആ യാഥാർഥ്യത്തെ ഒട്ടും മുഖവിലക്കെടുക്കാതെയാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ ബജറ്റിന്‍റെയും അതിനുമുന്നേ അവതരിപ്പിച്ച കോവിഡ് ഉത്തേജന പാക്കേജിന്‍റെയും തനിയാവർത്തനം മാത്രമാണ് പുതിയ ബജറ്റ്. ദേശീയപാത, തുറമുഖം, റെയിൽ ഗതാഗതം തുടങ്ങിയവയുടെ വികസനമടക്കം അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും പതിവിൽനിന്ന് ഭിന്നമായി വലിയ തുക മാറ്റിവെച്ചതായിരുന്നുവല്ലോ കഴിഞ്ഞവർഷത്തെ ബജറ്റിന്‍റെ പ്രത്യേകത. ഈ പ്രഖ്യാപനങ്ങളത്രയും 'പ്രധാനമന്ത്രി ഗതി ശക്തി മിഷൻ' എന്ന പേരിൽ ആവർത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ ആവർത്തനങ്ങൾക്കിടയിൽ മുൻ ബജറ്റിലെ നീക്കിയിരിപ്പുകൾ വകമാറ്റുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി, കഴിഞ്ഞവർഷം ആരോഗ്യമേഖലക്ക് 64,000 കോടിയും കോവിഡ് വാക്സിനേഷന് 35,000 കോടിയും നീക്കിവെച്ചിടത്ത് ഇക്കുറി വിഹിതം നന്നേ കുറഞ്ഞു. വാക്സിനുവേണ്ടി മാറ്റിവെച്ചിരിക്കുന്നത് 5000 കോടി മാത്രം!
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കോവിഡ് കാലത്ത് തുടങ്ങിയതല്ല. അതിനുമുന്നേ നമ്മുടെ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയുടെ പടുകുഴിയിലെത്തിയിട്ടുണ്ട്. ആഗോളതലത്തിൽതന്നെ പൊതുവിൽ പ്രകടമായ മാന്ദ്യത്തോടൊപ്പം, മോദി സർക്കാർ സവിശേഷമായി നടപ്പാക്കിയ നോട്ടുനിരോധനംപോലുള്ള 'സാമ്പത്തിക പരിഷ്കരണ' പരിപാടികളാണ് രാജ്യത്തെ ഈ നിലയിലെത്തിച്ചതെന്ന് ആരും സമ്മതിക്കും. തൊഴിൽമേഖലയെയാണ് ഈ പ്രതിസന്ധി ഏറ്റവും ആഴത്തിൽ ബാധിച്ചത്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഈ രാജ്യത്തെ യുവത്വമിപ്പോൾ അഭിമുഖീകരിക്കുന്നത്. ആളുകൾക്ക് തൊഴിൽ നൽകുന്ന പുതിയ പദ്ധതികൾ ആവിഷ്കരിക്കപ്പെടേണ്ടതുണ്ടായിരുന്നു. സാമ്പത്തിക സർവേ റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ആ വക കാര്യങ്ങളൊന്നും ബജറ്റിലില്ല. എന്നല്ല, ഗ്രാമീണമേഖലയിൽ ആളുകളുടെ ദാരിദ്ര്യം അൽപമെങ്കിലും ലഘൂകരിച്ചിരുന്ന തൊഴിലുറപ്പ് പദ്ധതികൾക്കായുള്ള വിഹിതംപോലും ഈ ബജറ്റിൽ വെട്ടിയിരിക്കുന്നു. കാർഷിക മേഖലക്കായുള്ള സഹായവും കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾപോലും പരിഗണിക്കപ്പെട്ടില്ലെന്നു ചുരുക്കം. പകരം, ഡിജിറ്റൽ കറൻസിയുടെയും മറ്റും മായികലോകത്തെ അവതരിപ്പിക്കുന്ന തീർത്തും യാഥാർഥ്യബോധമില്ലാത്ത ചെപ്പടിവിദ്യകൾ മാത്രമാണ് ഇക്കുറിയും 'നിർമല മാജിക്' എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്. ഡിജിറ്റൽ കറൻസികളും 5ജി ലൈസൻസുകളും രാജ്യത്തെ പട്ടിണി മാറ്റില്ലെന്ന് ആർക്കാണ് അറിയാത്തത്. ആർക്കുവേണ്ടിയുള്ള ബജറ്റാണിതെന്ന് സി.പി.എം ജനറൽ സെക്രട്ടറി ചോദിച്ചത് വെറുതെയല്ല. ഇതാണ് മോദി സർക്കാറിന്‍റെ സാമ്പത്തികാസൂത്രണത്തിന്‍റെ രീതിശാസ്ത്രമെങ്കിൽ കാൽനൂറ്റാണ്ടിനപ്പുറമുള്ള ഇന്ത്യ ഒട്ടും ആശ്വാസകരമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.