കോൺഗ്രസിലെ കലാപം
text_fieldsനേതൃമാറ്റവും രാജ്യസഭ സീറ്റും സംബന്ധിച്ച വിവാദം കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നത് അപ്രതീക്ഷിതമോ അസ്വാഭാവികമോ അല്ല. കാരണം, ഇത് േകാൺഗ്രസാണെന്നതുതന്നെ. സംഭവബഹുലവും പ്രശ്നസങ്കീർണവുമായ 13 പതിറ്റാണ്ടുകൾ പിന്നിട്ട ഏത് ബഹുജന പ്രസ്ഥാനത്തിനും ജീർണതബാധിക്കാം. രണ്ടാൾ പാർട്ടികൾ വരെ രണ്ടായി പിളരുന്നത് സർവസാധാരണമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ നാനാജാതി മതസ്ഥരും ഭാഷ, സാംസ്കാരിക വിഭാഗങ്ങളും അണിനിരന്ന, കെട്ടുറപ്പും ഭദ്രതയും പേരിനുപോലും ഇല്ലാത്ത ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന ഘടകം ഇപ്പോഴും പ്രധാനപ്രതിപക്ഷമായി തുടരുന്നു എന്നതിലാണ് ആശ്ചര്യെപ്പടേണ്ടത്. പ്രത്യയശാസ്ത്രപരമായ അടിത്തറയും േകഡർ സ്വഭാവവും സൈനികരീതിയിലുള്ള അച്ചടക്കവും അവകാശപ്പെടുന്ന പാർട്ടികളിൽവരെ കാര്യങ്ങളെല്ലാം ഭംഗിയായും വ്യവസ്ഥപ്രകാരവുമല്ല നടക്കുന്നതെന്നതാണ് അനുഭവമെങ്കിൽ അത്തരം അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരാൾക്കൂട്ട പാർട്ടിയിൽ ഗ്രൂപ്പിസവും തമ്മിലടിയും സ്ഥാനമാനങ്ങളെച്ചൊല്ലിയുള്ള കലഹങ്ങളും സ്വാഭാവികമാണെന്നേ പറയാനാവൂ. അതൊക്കെ ശരിയായിരിക്കെ, ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയെത്തന്നെ വെല്ലുവിളിക്കുന്ന ഫാഷിസ്റ്റ് ശക്തികൾ ജനങ്ങളെ മുഴുവൻ അരക്ഷിതരും ആശങ്കഭരിതരുമാക്കിക്കൊണ്ട് ഭരണത്തിെൻറ രണ്ടാമൂഴത്തിനുവേണ്ടി തയാറെടുക്കുകയാണ്; അപ്പോഴും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അന്തിമമായ തകർച്ചയിൽനിന്ന് രക്ഷിക്കാൻ കഴിയുന്ന ഏക ദേശീയ പാർട്ടി എന്ന് കരുതപ്പെടുന്ന കോൺഗ്രസിന് സ്വന്തം നിലനിൽപുപോലും അപകടപ്പെടുത്തി എങ്ങനെ നിരുത്തരവാദപരമായി പെരുമാറാൻ കഴിയുന്നു എന്നതാണ് ചിന്താവിഷയം.
കേരള നിയമസഭയിലേക്ക് നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പാണ് പെെട്ടന്നുള്ള പൊട്ടിത്തെറിയുടെ പശ്ചാത്തലം. മണ്ഡലത്തിൽ ആകെയുള്ള 10 പഞ്ചായത്തുകളിൽ പത്തിലും ഏക നഗരസഭയിലും കോൺഗ്രസ് സ്ഥാനാർഥി പിറകോട്ടുപോയി എന്നത് മാത്രമല്ല, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലൊഴിച്ച് മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി ജയിച്ചുകയറിയ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് ചെങ്ങന്നൂരെന്ന വസ്തുതയും കണക്കിലെടുക്കണം. കഴിഞ്ഞ തവണെത്തക്കാൾ ഏതാണ്ട് മൂന്നിരട്ടി വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി സ്ഥാനാർഥി വിജയശ്രീലാളിതനായത്. അതുകൊണ്ടുതന്നെയാണ് യു.ഡി.എഫിൽ ആർക്കും പരാജയത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ വാക്കുകളില്ലാതെ പോയത്. കോൺഗ്രസ് നേതൃത്വം സ്വയം പരാജയം സമ്മതിക്കുന്നതോടൊപ്പം അതിെൻറ ഉത്തരവാദിത്തം എല്ലാവർക്കുമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇതേപ്പറ്റി എ.െഎ.സി.സി പ്രസിഡൻറിെൻറ സാന്നിധ്യത്തിൽ സംസ്ഥാന നേതാക്കൾ ചർച്ചചെയ്യാനിരിക്കെയാണ് പാർട്ടിയുടെ മുഖപത്രത്തിൽ നേതാക്കൾക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നിരിക്കുന്നത്. ഒപ്പം കോൺഗ്രസിലെ യുവജന വിഭാഗം വൃദ്ധനേതൃത്വത്തിനെതിരെ വെടിപൊട്ടിക്കുകകൂടി ചെയ്തിരിക്കുന്നു.
പാർട്ടിയുടെ ആദർശത്തെയോ ലക്ഷ്യത്തെയോ നയപരിപാടികളെയോ കുറിച്ച് ഒരുതരത്തിലുള്ള വിമർശനവും ആഭ്യന്തരതലത്തിൽ ഉയരാതിരിക്കെത്തന്നെയാണ് േനതൃത്വത്തിനെതിരെയുള്ള പടപ്പുറപ്പാടെന്നത് ശ്രദ്ധേയമാണ്. അതായത്, കോൺഗ്രസിനെ വൃദ്ധസദനത്തിൽ കെട്ടിയിടുന്നതിനെതിരെയാണ് യുവജനനിര വിരൽചൂണ്ടുന്നത്. അതിനുള്ള പ്രകോപനമാകെട്ട, മൂന്നുതവണ രാജ്യസഭാംഗമായ പി.ജെ. കുര്യനെത്തന്നെ ഒഴിവുവന്ന ഏക രാജ്യസഭ സീറ്റിൽ മത്സരിപ്പിക്കാനുള്ള നീക്കവും. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് താൽക്കാലികക്കാരനു പകരംവെക്കുന്നയാൾ ആരായിരിക്കണം എന്നതിനെക്കുറിച്ചുമുണ്ട് വിവാദം. യു.ഡി.എഫ് കൺവീനർ പദവിയിൽനിന്ന് വയോധികനും രോഗിയുമായ മാന്യനെ ഇറക്കിവിട്ട് യോഗ്യനായ പകരക്കാരനെ കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നു. ഇൗ പദവികളിലൊക്കെ നിലയുറപ്പിച്ചിരിക്കുന്ന വന്ദ്യവയോധികർക്കാർക്കോ തങ്ങളുടെ അയോഗ്യതയോ ശേഷിക്കുറവോ ബോധ്യപ്പെട്ടിട്ടുമില്ല. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന മട്ടിലാണ് സംസാരം. ഒരിക്കൽ ഒരു പദവി ലഭിച്ചുകഴിഞ്ഞാൽ ജീവിതാവസാനംവരെ അതിനെക്കാൾ വലിയ പദവിയിലേക്ക് കയറ്റിവിടുന്നതിനെക്കുറിച്ചല്ലാതെ സ്ഥാനത്യാഗത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല എന്ന രോഗം പിടികൂടിയ ഏക പാർട്ടിയല്ല കോൺഗ്രസെന്ന് വേണമെങ്കിൽ സമാധാനിക്കാം.
എങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിനു വർഷം മാത്രം ബാക്കിയിരിക്കെ സംഘടനയെയാകെ പുനഃസംഘടിപ്പിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് ആത്മാർഥതയും പ്രതിബദ്ധതയുമുള്ള പ്രവർത്തകരും നേതാക്കളും ചിന്തിക്കേണ്ടിയിരുന്നത്്. അതിനൊന്നാമതായി വേണ്ടത് സംഘടനയെ മൊത്തം വിഴുങ്ങിയ ഗ്രൂപ്പിസത്തിൽനിന്നുള്ള മോചനമാണ്. പക്ഷേ, ഗ്രൂപ്പില്ലാതായാൽ താനുമില്ലാതെയായി എന്നാണ് ഒാരോ ഗ്രൂപ്പുകളിക്കാരെൻറയും മനോഗതം. ഗ്രൂപ്പുകൾക്കതീതമായി സംഘടനയെ പുനഃസംവിധാനം ചെയ്യാൻ കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ വി.എം. സുധീരനെ തുരത്തുന്നതിനായിരുന്നു സർവ ഗ്രൂപ്പുകളും ഒറ്റക്കെട്ടായി പൊരുതിയത്! തെൻറ ദൗത്യം വിജയിക്കുകയില്ലെന്നുറപ്പായതിനാലാവാം പുറത്താക്കലിന് കാത്തിരിക്കാതെ സുധീരൻ സ്ഥാനമൊഴിഞ്ഞു. ഒരു വർഷത്തിനുശേഷവും ആരെ, ഏത് ഗ്രൂപ്പുകാരനെ പ്രസിഡൻറ് പദവിയിലിരുത്താം എന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. ജാതി-, സമുദായ, ഗ്രൂപ് സമവാക്യങ്ങൾ കടുകിട തെറ്റിക്കാതെ കെ.പി.സി.സി പ്രസിഡൻറിനെയും മറ്റ് ഭാരവാഹികളെയും കണ്ടെത്തുന്ന മാന്ത്രികവിദ്യ രാഹുൽ ഗാന്ധിക്ക് വശമുണ്ടോ എന്ന് വൈകാതെ അറിയും. ആരെ, എവിടെ നിശ്ചയിച്ചാലും സംഘടനയുടെ പൊതുവായ സഹകരണവും പിന്തുണയുമില്ലെങ്കിൽ കേരളം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മൊത്തം ചെങ്ങന്നൂരാവാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. 17ാം ലോക്സഭയിലും പൂർവസ്ഥിതി തുടർന്ന് അംഗീകൃത പ്രതിപക്ഷം പോലുമില്ലാതാവുന്ന സാഹചര്യമെങ്കിലും ഒഴിവാക്കണമെന്നേ മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിെൻറയും ഇന്ദിരയുടെയും ചിത്രങ്ങളുമായി നടക്കുന്ന ഖദർധാരികളോട് വിനയപൂർവം ഉണർത്തിക്കാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.