Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവീണ്ടും പ്രളയഭീഷണി

വീണ്ടും പ്രളയഭീഷണി

text_fields
bookmark_border
വീണ്ടും പ്രളയഭീഷണി
cancel


ഏതാനും ദിവസത്തെ ഇടവേളക്കുശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. ജൂൺ-ജൂലൈ മാസങ്ങളിലെ മഴലഭ്യത 26 ശതമാനം കുറവാണെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ആഗസ്റ്റ് പെരുമഴക്കാലമാവുന്ന സമീപകാലാനുഭവം ഇത്തവണയും ആവർത്തിക്കുമെന്ന സൂചനയാണ് തീവ്രമഴയുടെ താണ്ഡവം നൽകുന്നത്. മലയാളക്കരയുടെ ചിരപുരാതന വഴക്കം മിഥുനം-കർക്കടക മാസങ്ങളിലെ ഘോരവർഷവും തുടർന്നുള്ള ഉരുൾപൊട്ടലും പ്രളയവുമൊക്കെ ആണെന്നിരിക്കെ, ഇതേപ്പറ്റി കാലാവസ്ഥ വ്യതിയാനമെന്നുറപ്പിക്കാൻ കൂടുതൽ പഠനം നടക്കേണ്ടതുണ്ട്. എന്തായാലും കൂടിയതോ കുറഞ്ഞതോ ആയ അളവിൽ കാലവർഷക്കെടുതികൾ കേരളത്തിന്റെ സ്ഥിരം പ്രശ്നമാണ്. അതിന് ശാശ്വതപരിഹാരം കാണുന്നതിൽ ഒരു സർക്കാറും ഇതുവരെ വിജയിച്ചിട്ടില്ല. പ്രകൃതിയുമായും പരിസ്ഥിതിയുമായും അഗാധബന്ധമുള്ള മഴക്കെടുതിയുൾപ്പെടെയുള്ള പ്രതിഭാസങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളും ശിപാർശകളും ഇപ്പോഴും വിവാദവിഷയങ്ങളായി തുടരുകയാണുതാനും. ജനങ്ങളുടെ വൈകാരിക വിക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും സമചിത്തതയോടെ നേരിട്ട് അവരുടെതന്നെ നന്മക്കും ഭാവിക്കും വേണ്ടി ഉപര്യുക്ത റിപ്പോർട്ടുകളിലെ ക്രിയാത്മക നിർദേശങ്ങൾ നടപ്പാക്കണമെന്ന് തീരുമാനിക്കാൻ നിശ്ചയദാർഢ്യമുള്ള ഇടതുപക്ഷ-വലതുപക്ഷ മുന്നണി സർക്കാറുകൾക്കൊന്നും ഇന്നേവരെ സാധിച്ചിട്ടില്ല. തദ്ഫലമായി ഉരുൾപൊട്ടൽ, പ്രളയം, കടലാക്രമണം പോലുള്ള ദുരന്തങ്ങൾ ശക്തമായോ കൂടുതൽ ശക്തമായോ തുടരുന്നു. 2018 ആഗസ്റ്റിലെ ​പ്രളയം നൂറ്റാണ്ടിനിടയിലെതന്നെ ഏറ്റവും വിനാശകരമായിരുന്നു; 483 ജീവൻ പൊലിഞ്ഞതിന് പുറമെ 15 പേരെ കാണാതാവുകയും ചെയ്തു. നാലുലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങളും സംസ്ഥാനത്തുണ്ടായി. ദക്ഷിണ ജില്ലകളെയാണ് താരതമ്യേന ഭീകരമായി ആ പ്രളയം ബാധിച്ചതെങ്കിൽ 2019ൽ അൽപം ശൗര്യംകുറഞ്ഞ പ്രളയം വടക്കൻ ജില്ലക​ളെയും പിടിയിലൊതുക്കാതെയിരുന്നില്ല. 121 മരണങ്ങൾ മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ട് പ്രളയങ്ങളുടെയും കെടുതികളും നാശനഷ്ടങ്ങളും ഇനിയും പൂർണമായി പരിഹരിക്കാൻ സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് ഭവനരഹിതരായിത്തീർന്ന ശതക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും ദുരിതമോചനം കാത്തിരിക്കുകയാണ്.

രണ്ടുവർഷത്തെ ഇടവേളക്കുശേഷം വീണ്ടും പ്രളയഭീഷണി നേരിടുകയാണ് സംസ്ഥാനം. 12 മരണങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ചു നദികളിൽ ജലനിരപ്പ് അപകടരേഖക്ക് മീതെയാണ്. നിരവധി വീടുകളും കുടിലുകളും പൂർണമായോ ഭാഗികമായോ തകർന്നിരിക്കുന്നു. കുടിയൊഴിയേണ്ടിവന്ന കുടുംബങ്ങളുടെ എണ്ണവും കൂടിവരുന്നു. മിക്ക ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കപ്പെട്ടതാണ് സാഹചര്യം. ദുരന്തനിവാരണ സമിതികളും മറ്റു സർക്കാർ സംവിധാനങ്ങളും കനത്ത ജാഗ്രത പാലിക്കുന്നുണ്ട്; ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിരന്തരം ഉണർത്തുന്നുമുണ്ട്. അതപ്പടി പാലിക്കാൻ സാധ്യമല്ലാത്തതാണ് മലയോരപ്രദേശങ്ങളിലെയും തീരപ്രദേശങ്ങളിലെയും ജീവിതസാഹചര്യങ്ങൾ. ഇത്തരം ഘട്ടങ്ങളിലാണ് നമ്മിലെ മനുഷ്യസ്നേഹം മറ്റെല്ലാറ്റിനുമതീതമായി പ്രകടമാവേണ്ടത്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കേരളത്തിന് സൽപേര് സമ്മാനിച്ചുതന്നതും ദേശീയമാതൃകയായി വാഴ്ത്തപ്പെട്ടതും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരിൽ സാധാരണക്കാരായ മലയാളികളുടെ നിസ്വാർഥ സേവനങ്ങളാണ്. സർക്കാർയന്ത്രവും വേണ്ടത്ര ജാഗ്രത​യോടെ രംഗത്തിറങ്ങി. വീടിന് മുകളിൽ കുടുങ്ങിപ്പോയ പൂർണ ഗർഭിണിയെ ഹെലികോപ്ടറിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സുരക്ഷാഭടന്മാരുടെ കൃത്യം സമൂഹത്തിന്റെ ഊഷ്മള അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. ബോട്ടിൽ കയറാൻ പ്രയാസപ്പെട്ട സ്ത്രീക്കുവേണ്ടി വെള്ളത്തിൽ മുട്ടുകുത്തി കിടന്നുകൊടുത്ത യുവാവിന്റെ സേവനം പരക്കെ പ്രകീർത്തിക്കപ്പെട്ടു. ഇനി അത്തരമൊരു മഹാദുരന്തം സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം അപ്രതീക്ഷിത ദുരന്തവേളയിൽ അവസരത്തിനൊത്ത് ഉയരാനും സാമൂഹികബാധ്യത നിറവേറ്റാനുമുള്ള മഹാമനസ്കതയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന് നാം തിരിച്ചറിയുകയും വേണം.

മഴക്കാലത്ത് പൊതുവിലും പ്രളയകാലത്ത് വിശേഷിച്ചും കേരളം നേരിടുന്ന പ്രയാസങ്ങളിൽ പ്രധാനമാണ് വ്യാധികളുടെ വ്യാപനവും ചികിത്സ ലഭ്യതക്കുറവും. കോവിഡ് മഹാമാരി ഇപ്പോഴും പൂർണമായി തടയപ്പെട്ടില്ലെന്നിരിക്കെ, വാനരവസൂരി എന്നപേരിൽ വ്യാപിക്കുന്ന മാരകരോഗം പുതിയ ഭീഷണിയായി എത്തിയിരിക്കുന്നു. കാലവർഷക്കെടുതികൾക്കിടയിൽ അതുകൂടി വ്യാപിച്ചാൽ, സ്ഥിതി ആശങ്കജനകമാവും. വിദേശത്തുനിന്ന് വരുന്നവരിലാണ് ഇതുവരെ വാനരവസൂരി കണ്ടുപിടിക്കപ്പെട്ടതെങ്കിലും അവരല്ലാത്തവരിലേക്കും അത് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യപ്രവർത്തകരോടൊപ്പം ജനങ്ങളും അതിജാഗ്രത പുലർത്തിയേ മതിയാവൂ. പോയവർഷങ്ങളിൽ ഓണം യഥാവിധി ആഘോഷിക്കാൻ കേരളത്തിന് സൗഭാഗ്യമുണ്ടായില്ല. ഇത്തവണ സമാധാനപൂർണവും ദുരന്തമുക്തവുമായ അന്തരീക്ഷത്തിൽ ദേശീയോത്സവം കൊണ്ടാടാൻ മലയാളിസമൂഹത്തിന് സാധിക്കുമാറാകട്ടെ എന്നാശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialflood
News Summary - flood threat again editorial
Next Story