നിതീഷ്കുമാറിെൻറ ചാഞ്ചാട്ടങ്ങൾ
text_fieldsബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിെൻറ ഭാഗമായിരിക്കെ സംഘ്പരിവാറിനെയും ഭരണമുന്നണിയെയും അസ്വസ്ഥപ്പെടുത്തുന്ന നീക്കങ്ങളുമായി സജീവമായിരിക്കുന്നു ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ് കുമാർ. പെഗസസ് ചാരക്കേസിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു നിതീഷിെൻറ ആദ്യവെടി. ആ വിഷയത്തിൽ ചർച്ചയേ അനുവദിക്കുകയില്ലെന്ന ബി.ജെ.പി ശാഠ്യത്തിൽ പാർലമെൻറിെൻറ വർഷകാലസമ്മേളനം അലസിപ്പിരിയുകയായിരുന്നു. ഒ.ബി.സിക്കാർക്കും മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാർക്കും മെഡിക്കൽ, ഡെൻറൽ കോഴ്സുകളിൽ 27 ഉം പത്തും ശതമാനം സംവരണം അനുവദിച്ച് മോദി സർക്കാർ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണുനട്ടിരിക്കെ ജാതി സെൻസസ് എന്ന ആവശ്യവുമായി നിതീഷ് ചാടിയിറങ്ങി. സംസ്ഥാന രാഷ്ട്രീയത്തിലെ ആജന്മശത്രുവായ രാഷ്ട്രീയ ജനതാദളിെൻറ യുവ അമരക്കാരൻ തേജസ്വി യാദവിനെ കൂട്ടി ഡൽഹിയിലേക്ക് പട നയിച്ചു. ജാതിയും മതവും കണക്കുകളിൽ പുറത്തുപറയാതിരിക്കുേമ്പാഴും ഇതു രണ്ടും സാമൂഹിക, സാമ്പത്തിക, അധികാര രാഷ്ട്രീയരംഗങ്ങളിൽ ന്യൂനപക്ഷങ്ങളെ തഴയാനുള്ള ഉപാധിയായി മാറുന്നു എന്ന ആക്ഷേപവുമായാണ് ജാതിസംവരണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. പെെട്ടന്നു തള്ളാനോ എന്നാൽ പൂർണമായും കൊള്ളാനോ കഴിയാത്തതാണ് ആവശ്യമെങ്കിലും തൽക്കാലം അതിനു തയാറില്ല എന്നുതന്നെയാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
മുന്നണിയിലെ സഖ്യകക്ഷികൾക്കെല്ലാം എല്ലാ വിഷയത്തിലും ഒരേ അഭിപ്രായമാകണമെന്നില്ല. എങ്കിലും പ്രതിപക്ഷാക്രമണം മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഘട്ടത്തിൽ പ്രതിരോധത്തിനു തയാറില്ലെങ്കിൽ നിശ്ശബ്ദത പുലർത്തുകയാണ് സാമാന്യമര്യാദ. അതും കടന്ന് പ്രതിപക്ഷത്തിെൻറ ആരോപണങ്ങളും ആവശ്യങ്ങളും ശരിവെക്കുന്ന നിതീഷിെൻറ നീക്കങ്ങളാണ് ഇപ്പോൾ രാഷ്ട്രീയവൃത്തങ്ങളിൽ കൗതുകമുളവാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 74 ബി.ജെ.പി എം.എൽ.എമാരുടെ പിന്തുണയിലാണ് 43 സീറ്റുകൾ നേടിയ ജെ.ഡി.യുവിെൻറ നേതാവ് മുഖ്യമന്ത്രിയായി ഭരിക്കുന്നതെങ്കിലും ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തുന്ന നിലപാടുകളാണ് കുറെ നാളുകളായി നിതീഷ് സ്വീകരിച്ചുവരുന്നത്. അധികാരനേട്ടം മാത്രം ലക്ഷ്യമിട്ട നിതീഷിനെ ആ ചുറ്റുവട്ടത്തിൽ തളച്ചിടുന്ന സമീപനമാണ് നിലവിലെ ഉൗഴത്തിൽ സംസ്ഥാനത്തെ സഖ്യകക്ഷിയായ ബി.ജെ.പി തുടക്കം തൊേട്ട സ്വീകരിച്ചത്. സംസ്ഥാന മന്ത്രിസഭ രൂപവത്കരണത്തിൽ മുളപൊട്ടിയ അസംതൃപ്തി കൂടുതൽ വർധിച്ചു.
ബി.ജെ.പിയുടെ ചില എം.എൽ.എമാർ നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ഇടക്കാലത്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെയും പാർട്ടിയുടെയും പ്രകടനം ബി.ജെ.പിയോട് വിലപേശത്തക്കവിധം മെച്ചപ്പെടുത്താനാവാതിരുന്നതിനാൽ നിതീഷ് വഴങ്ങിക്കൊടുക്കുകയായിരുന്നു ഇതുവരെ. കേന്ദ്രഭരണത്തിൽ കൈവരിച്ച അപ്രമാദിത്വം നിതീഷിേൻറത് അടക്കമുള്ള പ്രാദേശികകക്ഷികളെ വരിഞ്ഞുകെട്ടാനുള്ള അവസരമായി ബി.ജെ.പി പ്രയോജനപ്പെടുത്തുന്നുണ്ട്. മറുഭാഗത്ത് മഹാരാഷ്ട്രയിൽ ശിവസേനയെന്നപോലെ ബി.ജെ.പി മുന്നണിയുടെ തുടലിൽനിന്നു കുതറിമാറിയവർ അവസരം സമർഥമായി ഉപയോഗപ്പെടുത്തുന്നതും അദ്ദേഹം കാണുകയും ചെയ്യുന്നു. ഇതുകൊണ്ടൊക്കെയാവണം ബി.ജെ.പിയുമായി ഒത്തുചേർന്നുപോകുന്നതിലെ വിസമ്മതം പലപ്പോഴായി അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ വിനീതവിധേയ പങ്കാളിയായി തുടരുന്നതിലും ഭേദം അവർക്കിടയിൽ ശല്യക്കാരനായി പുകഞ്ഞ് പുറത്തുചാടുന്നതാണെന്ന് തീരുമാനിച്ചുറച്ചതുപോലെയാണ് അടുത്തകാല കളികൾ. തേൻറതല്ലാത്ത കാരണത്താൽ മുന്നണിയിൽനിന്നു മറുകണ്ടം ചാടാനാണ് അദ്ദേഹത്തിെൻറ ശ്രമം. ജാതി തിരിച്ചുള്ള സെൻസസിന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പത്തു രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷി സംഘത്തെ നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിലെത്തി നൽകിയ സന്ദേശവും മറ്റൊന്നല്ല.
ഇക്കണ്ട നീക്കങ്ങളെല്ലാം എന്തിനു നടത്തുന്നു എന്ന ചോദ്യത്തിന് കഴിഞ്ഞദിവസം ജെ.ഡി-യു മറുപടി പറഞ്ഞിരിക്കുന്നു. ബിഹാർ മുഖ്യമന്ത്രിയായി എസ്.കെ. സിൻഹക്കുശേഷം ഏറ്റവും കൂടുതൽ കാലം വാണ നിതീഷ്കുമാറിന് ഇന്ത്യൻ പ്രധാനമന്ത്രിയാവാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് പാർട്ടി ദേശീയ കൗൺസിൽ പ്രമേയം പാസാക്കി. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തിന് അദ്ദേഹം ഇറങ്ങാനിടയില്ല എന്നൊരു അർധശങ്ക കൂടി ബാക്കിവെച്ചിട്ടുമുണ്ട്.
15 തവണ ബിഹാറിൽ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാകയുയർത്തി റെക്കോഡിട്ട നിതീഷിന് ചെേങ്കാട്ടയിൽ കൊടിയുയർത്താനുള്ള മോഹമാണ് ഉള്ളിൽ എന്നു വ്യക്തമാക്കുകയാണ് പാർട്ടി. ഹിന്ദുത്വരാഷ്ട്രീയത്തിൽ ബി.ജെ.പി സജീവമായിരിക്കെ, അതിെൻറ മൃദുഭാവം മുതലെടുക്കാൻ കോൺഗ്രസ് രംഗത്തുണ്ടായിരിക്കെ, കേന്ദ്രത്തിലേക്കു പറ്റിയ ശീട്ട് സോഷ്യലിസത്തിേൻറതും പിന്നാക്ക സ്നേഹത്തിേൻറതുമാണെന്ന് പഴയ മണ്ഡൽ രാഷ്ട്രീയത്തിെൻറ പുകയിൽനിന്നുയർന്നുവന്ന നിതീഷിനെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ടാണ് ബി.ജെ.പിയുടെ മൂക്കിൽ ചൊറിയാൻ നിതീഷ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയനേതാക്കളുടെ 'തത്ത്വാധിഷ്ഠിത' നിലപാടുകളുടെ തരവും ബലവും എത്ര കണ്ട്, എന്തു കണ്ട് എന്നു ബോധ്യപ്പെടുത്തുന്നു ബിഹാർ രാഷ്ട്രീയത്തിലെ 'സുശാസൻ ബാബു'വിെൻറ പുതിയ ക്രമംവിട്ട കളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.