പുനഃപരിശോധിക്കപ്പെടേണ്ട വിദേശനയം
text_fieldsഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമാഘോഷിക്കുേമ്പാൾ താലിബാൻ അഫ്ഗാനിസ്താെൻറ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കുകയായിരുന്നു. താലിബാന് പൂർണമായി രാജ്യം പിടിച്ചെടുക്കാൻ മൂന്നുമാസം വേണ്ടിവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് വന്നുെകാണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി കാബൂളിന്റെ പതനം സംഭവിക്കുന്നത്. അതിനാൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സ്വന്തം പൗരന്മാരെ രക്ഷപ്പെടുത്താനുള്ള സാവകാശം പോലും ലഭിച്ചില്ല. തന്മൂലമുള്ള വിഭ്രാന്തിയിലാണ് നമ്മുടെ രാജ്യമിപ്പോൾ. ഇതെഴുതുേമ്പാൾ നമ്മുടെ നയതന്ത്രകാര്യാലയ സ്റ്റാഫുൾപ്പെടെ 120 പേരെയാണ് സ്വദേശത്തെത്തിക്കാൻ സാധിച്ചിരിക്കുന്നത്. അതുതന്നെ മണിക്കൂറുകൾ നീണ്ട തീവ്ര ശ്രമങ്ങൾക്കൊടുവിൽ.
സ്വാഭാവികമായും അമേരിക്കയുടെ ഇടപെടൽകൊണ്ട് മാത്രമേ എന്തെങ്കിലും ഫലപ്രാപ്തിയുണ്ടാവുമായിരുന്നുള്ളൂ. അവശേഷിച്ച മൂവായിരത്തോളം ഇന്ത്യക്കാരിൽ 41 മലയാളികളുമുണ്ട് എന്നാണ് വിവരം. അവരെ തിരികെ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്്. കാബൂൾ തികഞ്ഞ പരിഭ്രാന്തിയിലും അരക്ഷിതാവസ്ഥയിലുമാണെങ്കിലും ക്രമസമാധാനം തകർന്നതായി റിപ്പോർട്ടുകളില്ലെന്നത് ആശ്വാസകരമാണ്. സത്യത്തിൽ, താലിബാന്റെ സമ്പൂർണ പുനരധിവേശത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് അമേരിക്കക്ക് ഒരുവിധത്തിലും തോളൊഴിയാനാവില്ല. ഈ വർഷം മധ്യത്തോടെതന്നെ യു.എസ് സൈനികരുടെ പിന്മാറ്റത്തിന് വഴിയൊരുക്കാൻ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ അമേരിക്കയുടെയും താലിബാന്റെയും പ്രതിനിധികൾ തമ്മിലെ ചർച്ചകൾ വളരെ നേരത്തേ ആരംഭിച്ചതായിരുന്നു.
തങ്ങളുടെ സൈന്യം അഫ്ഗാനിസ്താൻ വിടുന്നതോടെ താലിബാൻ തന്നെയാണ് ആ രാജ്യം പൂർണമായി അടക്കിഭരിക്കാൻ പോവുന്നതെന്ന് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനും പിൻഗാമി േജാ ബൈഡനും കൃത്യമായി അറിയാമായിരുന്നുതാനും. ഏറ്റവുമൊടുവിൽ ൈസനിക പിന്മാറ്റത്തിന്റെ കൃത്യമായ തീയതിപോലും തീരുമാനിക്കപ്പെട്ടതുമായിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദോഹ ഉഭയകക്ഷി കരാറും അത് സ്ഥിരീകരിക്കുന്നു. എങ്കിൽ അമേരിക്കയെ പൂർണമായും വിശ്വസിച്ച് അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിന് സാങ്കേതിക വിദഗ്ധരെയും ഉദ്യോഗസ്ഥരെയും ജോലിക്കാരെയും ഉദാരമായയച്ച ഇന്ത്യയെപോലുള്ള രാജ്യങ്ങൾക്ക് യഥാസമയം വിവരം നൽകേണ്ട പ്രാഥമിക ബാധ്യത അമേരിക്കക്കുമുണ്ടായിരുന്നു. അതവർ നിറവേറ്റിയില്ല എന്നാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം കാണുേമ്പാൾ വ്യക്തമാവുന്നത്. ഇമ്മാതിരി കൊലച്ചതി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭാഗത്തുനിന്ന് ആദ്യമായല്ല ഉണ്ടാവുന്നത്.
വിയറ്റ്നാമിൽനിന്ന് അമേരിക്ക തോറ്റോടിയപ്പോൾ അത് സംഭവിച്ചു. അതിലേറെ, ലോകം പൊതുവെത്തന്നെ വഞ്ചിക്കപ്പെട്ട സംഭവമാണ് സദ്ദാം ഹുസൈന്റെ ഇറാഖിൽ കണ്ടത്. സദ്ദാം അതീവ സംഹാരായുധങ്ങൾ സംഭരിച്ചുവെച്ചിരിക്കുന്നു എന്നാരോപിച്ച് ഐക്യരാഷ്ട്രസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച്, ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി െബ്ലയറിനെ കൂടെക്കൂട്ടി സഖ്യശക്തികളുടെ മുഴുവൻ പിന്തുണയോടെ ഇറാഖിനെ ആക്രമിച്ച് തകർത്തുകളഞ്ഞ വൻ ശക്തിയാണ് അമേരിക്ക. ബഗ്ദാദും ബസ്റയും മറ്റു നഗരങ്ങളുമെല്ലാം ചാരമാവുകയും സദ്ദാമിനെ തൂക്കിലേറ്റുകയും ചെയ്തശേഷം എവിടെ സംഹാരായുധങ്ങളുടെ കൂമ്പാരം? ജോർജ് ഡബ്ല്യു ബുഷും ടോണി ബ്ലെയറും പച്ചക്കള്ളം പറഞ്ഞ് ഇസ്രായേലിന്റെ മുഖ്യശത്രുവിനെ കശക്കിയെറിയുകയായിരുന്നുവെന്ന് തെളിഞ്ഞപ്പോഴാണ് ബ്രിട്ടീഷമേരിക്കൻ മാധ്യമങ്ങൾക്ക് തെറ്റുപറ്റി എന്ന് കുമ്പസരിക്കേണ്ടിവന്നത്. ഇറാഖാവട്ടെ പതിറ്റാണ്ടുകൾക്കു ശേഷവും അരക്ഷിതമായി തുടരുന്നു. അതേ ചരിത്രത്തിന്റെ ആവർത്തനമാണിപ്പോൾ കാബൂളിലും കാണാനാവുന്നത്.്
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിനുത്തരവാദി ഉസാമാ ബിൻലാദിന്റെ അൽഖാഇദയാണെന്ന ന്യായത്തിൽ അയാൾ ഒളിവിൽ കഴിഞ്ഞ അഫ്ഗാനിസ്താനിലേക്ക് രായ്ക്കുരാമാനം പട്ടാളത്തെ അയച്ച് രാജ്യംതന്നെ പിടിച്ചെടുത്തതാണ് 20 വർഷങ്ങൾക്കു മുമ്പ് അമേരിക്ക. ബിൻലാദിനെ പാകിസ്താനിലെ ആബട്ടാബാദിൽനിന്ന് 2011 മേയ് രണ്ടിന് പിടികൂടി അമേരിക്കൻ പട്ടാളം കഥ കഴിച്ചിട്ടിപ്പോൾ പത്തുവർഷം കഴിഞ്ഞു. ഒന്നുകിൽ ലക്ഷ്യം നേടിക്കഴിഞ്ഞശേഷം അഫ്ഗാനിൽനിന്ന് സൈനിക പിന്മാറ്റം ആവാമായിരുന്നു. അഥവാ, താലിബാന്റെ ഭീഷണി നിശ്ശേഷം അവസാനിപ്പിച്ചിട്ടേ പിന്മാറാൻ തയാറുള്ളൂ എന്നാണ് തീരുമാനമെങ്കിൽ ആ ലക്ഷ്യം നേടിയിട്ടേ പട്ടാളത്തെ പിന്മാറ്റാൻ പാടുണ്ടായിരുന്നുള്ളൂ.
കാബൂളിലെ പാവസർക്കാറിനെയും സൈന്യത്തെയും വേണ്ടത്ര ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന അവകാശം ഉയർത്തിയും എന്നാലും തങ്ങളുടെ ഉപദേഷ്ടാക്കൾ രാജ്യത്ത് തുടരുമെന്നും വിശ്വസിപ്പിച്ചതിനാൽ വരുംവരായ്കകളെ വേണ്ടത്ര വിലയിരുത്താതെയാണ് ഇന്ത്യ രണ്ടു ബില്യൻ ഡോളറിന്റെ നിക്ഷേപം അഫ്ഗാനിൽ നടത്തിയത്. മാത്രമല്ല, ആ രാജ്യത്തെ ദക്ഷിണേന്ത്യൻ കൂട്ടായ്മയായ സാർക്കിൽ അംഗമാക്കാൻ നിർണായകമായി പ്രവർത്തിച്ചതും ഇന്ത്യയാണ്. റോഡും പാലവും അണക്കെട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തിരുതകൃതിയായി നിർമിച്ച ഇന്ത്യ 970 കോടി രൂപ ചെലവിട്ട് പാർലമെൻറ് മന്ദിരവും പണിതുകൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇപ്പോഴും വികസന പ്രവർത്തനങ്ങൾ തുടരവെയാണ് ഒന്നടങ്കം താലിബാന് വിട്ടുകൊടുത്ത് നമ്മുടെ ഉദ്യോഗസ്ഥർക്കും ജോലിക്കാർക്കും പ്രാണനും കൊണ്ടോടേണ്ടിവന്നിരിക്കുന്നത്. മൊത്തം പറഞ്ഞാൽ രാജ്യത്തിന്റെ വിദേശനയവും നയതന്ത്രവും സത്വര പുനഃപരിശോധനക്ക് വിധേയമാക്കേണ്ട സമയമാണ് വന്നിരിക്കുന്നത്.
ഇന്ത്യയെ പ്രതിയോഗിയായി കാണുന്ന പാകിസ്താനും ചൈനയുമാണ് ഇനിയുള്ള നാളുകളിൽ താലിബാൻ നിയന്ത്രിത അഫ്ഗാനിസ്താനിലെ മുഖ്യ കളിക്കാർ എന്നുവരുേമ്പാൾ നമ്മുടെ നഷ്ടബോധം ദ്വിഗുണീഭവിക്കുന്നു. ഒരു വൻശക്തിയെയും കണക്കിൽ കവിഞ്ഞ് വിശ്വസിക്കാതെയും ആരുടെയും ശത്രുത പരിധിവിട്ട് സമ്പാദിക്കാതെയും ദേശീയതാൽപര്യങ്ങൾക്കനുസൃതവും എന്നാൽ, സ്വതന്ത്രവുമായ ഒരു വിദേശനയം ഭരിക്കുന്നവർ ആരായാലും രാജ്യം പിന്തുടർന്നേ മതിയാവൂ. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങളിൽ ഇതുവരെ അഭിപ്രായ പ്രകടനത്തിനൊന്നും മുതിരാതെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇന്ത്യയുടെ നിലപാട് കരുതലോടു കൂടിയതും വിവേകപൂർവവുമായി എന്നുമാത്രം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.