വിദ്വേഷ രാഷ്ട്രീയത്തെ തള്ളി ഫ്രാൻസും
text_fieldsതെരഞ്ഞെടുപ്പ് കളത്തിലുണ്ടായിരുന്ന രാഷ്ട്രീയ പാർട്ടികളുടെ അവകാശവാദങ്ങൾക്കൊപ്പം രാഷ്ട്രീയ നിരീക്ഷകരുടെ കൂടി കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കുന്നതായി ഞായറാഴ്ച പുറത്തുവന്ന ഫ്രാൻസിലെ തെരഞ്ഞെടുപ്പുഫലം. വലതുപക്ഷ വംശീയവാദി നേതാവ് മറീൻ ലുപെൻ നയിക്കുന്ന നാഷനൽ റാലി പാർട്ടിയെ മൂന്നാംസ്ഥാനത്തേക്ക് പുറന്തള്ളി ഇടതുപക്ഷ കക്ഷികളുടെ അയഞ്ഞ സഖ്യമായ ജീൻ ലുക് മിലൊൻഷന്റെ നേതൃത്വത്തിലുള്ള ന്യൂ പോപുലർ ഫ്രണ്ടാണ് 182 സീറ്റുകൾ നേടി മുന്നിലെത്തിയിരിക്കുന്നത്. 163 സീറ്റുകൾ നേടിയ, നിലവിലെ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ‘എൻസെംബ്ൾ’ കൂട്ടുകെട്ട് തൊട്ടുപിറകിലുണ്ട്. 143 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തെത്താനേ നാഷനൽ റാലിക്കു കഴിഞ്ഞുള്ളൂ. 577 അംഗ ദേശീയ അസംബ്ലിയിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരിക്കെ, തൂക്കുസഭക്കുള്ള സാധ്യതയാണ് ഇതുവരെ നിലനിൽക്കുന്നത്.
പ്രചാരണത്തിലും വോട്ടെടുപ്പിലും ഫലപ്രഖ്യാപനത്തിലുമൊക്കെ, ഇന്ത്യയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി പലവിധ സാദൃശ്യങ്ങളുണ്ട് ഫ്രാൻസിലെ തെരഞ്ഞെടുപ്പിനും. കുടിയേറ്റവിരുദ്ധ, വംശീയ വിദ്വേഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന ലീപെന്നിന്‍റെ നാഷനൽ റാലിയുടെ മുന്നേറ്റം, ഈ വർഷാന്ത്യത്തിൽ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ഫ്രാൻസിൽ മാത്രമല്ല, യൂറോപ്യൻ യൂനിയനിൽതന്നെ ആശങ്ക വിതച്ചിരുന്നു. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന പല രാജ്യങ്ങളിലും തീവ്രവലതുപക്ഷ കക്ഷികൾ പുലർത്തുന്ന മേധാവിത്വം യൂറോപ്പിലുടനീളം അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിച്ചിട്ട് മാസങ്ങളായി. നെതർലൻഡ്സ്, ഇറ്റലി, പോളണ്ട്, ഹംഗറി, ഓസ്ട്രിയ, ചെക് റിപ്പബ്ലിക് തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വലതു തീവ്രവാദി സംഘടനകൾ സൗഹൃദസഖ്യ ഭാഷയിൽ സംസാരിക്കുന്നത് യൂറോപ്യൻ യൂനിയനിലെ ജനാധിപത്യവാദി രാഷ്ട്രങ്ങൾക്കിടയിൽ അസ്വാസ്ഥ്യം വിതച്ചിരുന്നു.
മേയ് 31ന് ഞായറാഴ്ച ഫ്രാൻസിൽ നടന്ന ഒന്നാംവട്ട വോട്ടെടുപ്പിൽ 33 ശതമാനം വോട്ട് നേടി നാഷനൽ റാലി ഒന്നാമതെത്തിയതോടെ ലോകമെങ്ങുമുള്ള ഫാഷിസ്റ്റ്, വംശീയമുന്നണികളിൽ ആവേശം അലതല്ലി. അതിനനുസൃതമായി മറുഭാഗത്ത് തികഞ്ഞ നിരാശയും ഇച്ഛാഭംഗവും. തെരഞ്ഞെടുപ്പ് ഫലപ്രവചനക്കാർ ഒറ്റക്കെട്ടെന്നോണം 250 മുതൽ 300 വരെ സീറ്റുകൾ ലീപെൻ കക്ഷിക്കു പറഞ്ഞുവെച്ചു (280 സീറ്റുകളാണ് ഭൂരിപക്ഷത്തിനു വേണ്ടത്). അതേസമയം, ഭീഷണി തിരിച്ചറിഞ്ഞ മറുകക്ഷികൾ ഏതുവിധേനയും തീവ്രവംശീയകക്ഷിയെ തുരത്താനുള്ള സംയുക്ത ഉപായങ്ങളെക്കുറിച്ച് ആലോചന സജീവമാക്കി. മാക്രോണിന്‍റെ മധ്യപക്ഷ കക്ഷിയുടെ നേതാവും പ്രധാനമന്ത്രിയുമായ ഗേബ്രിയൽ ആച്റ്റൽ വെട്ടിത്തുറന്നുപറഞ്ഞു-‘‘അധികാരത്തിന്‍റെ ഗേറ്റു വരെയെത്തിയ ആർ.എൻ പാർട്ടിക്ക് രണ്ടാം റൗണ്ടിൽ ഒരു വോട്ടും കൊടുക്കരുത്’’. മാക്രോണിന്‍റെ മുന്നണിയും എൻ.എഫ്.പിയും തമ്മിൽ ആർ.എന്നിനെ തോൽപിക്കാൻ കെൽപുള്ള സ്ഥാനാർഥികൾക്കുവേണ്ടി പരസ്പരം പിന്മാറാൻ തയാറായി. വലതുതീവ്രവാദികളെ അകറ്റിനിർത്തി ‘റിപ്പബ്ലിക്കൻ മുന്നണി’യെ ജയിപ്പിക്കാനായി 200 സ്ഥാനാർഥികൾ ഇങ്ങനെ പിന്മാറി എന്നാണ് കണക്ക്. ചരിത്രകാരും അഭിഭാഷകരും മുസ്‍ലിം നേതാക്കളും കൂട്ടായി രംഗത്തിറങ്ങി. 10,000 ക്രൈസ്തവർ 70 പുരോഹിതരുടെ നേതൃത്വത്തിൽ ഒപ്പിട്ട പ്രസ്താവന, വിശ്വാസത്തിന്റെ പേരിൽ വലതു തീവ്രവാദത്തിനെതിരെ വിധിയെഴുത്ത് നടത്തണമെന്ന് ആഹ്വാനം ചെയ്തു.
മറുഭാഗത്ത് വിജയമുറപ്പിച്ച് ലുപെൻ തീവ്ര മുസ്‍ലിം, കുടിയേറ്റവിരുദ്ധ പ്രസ്താവനകളുമായി വോട്ട് ധ്രുവീകരണത്തിനുള്ള എല്ലാ അടവും പയറ്റി. എഴുപതുകളിൽ മറീൻ ലുപെന്നിന്‍റെ പിതാവ് തീവ്രവാദികക്ഷിക്ക് രൂപംകൊടുക്കുമ്പോൾ നാസി ജർമനിയുടെ കൂലിപ്പട്ടാളക്കാർ വരെ അതിലുണ്ടായിരുന്നു. പിന്നീട് ലോകം വംശീയതക്കെതിരെ തിരിഞ്ഞ കാലത്ത് സംഘടനയുടെ അതിതീവ്രഭാവത്തിന് മാറ്റംവരുത്താൻ മരീൻ ഒരുമ്പെട്ടെങ്കിലും സംഘ്പരിവാറിന്റെ ജനസമ്പർക്ക പരിപാടികളുടെ പരിണതി തന്നെയായിരുന്നു അതിനും. ഒടുവിൽ മിതവാദമൊക്കെ അഴിച്ചുവെച്ച് വംശവെറിയിൽ യൂറോപ്പിന്റെ മുന്നിൽനിൽക്കാനുള്ള മത്സരത്തിലായി ലുപെൻ. നുഴഞ്ഞുകയറ്റ കുടിയേറ്റക്കാരുടെ ഇരട്ടപൗരത്വം അവസാനിപ്പിക്കും, അവരെ തൊഴിലിൽനിന്ന് മാറ്റിനിർത്തും, അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പൗരത്വാവകാശങ്ങൾ നിഷേധിക്കും, ഹിജാബ് നിരോധിക്കും തുടങ്ങിയ വൈകാരിക വിക്ഷോഭം സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി പാർട്ടി സജീവമായി. എന്നാൽ, തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ധ്രുവീകരണ, വിഭജന രാഷ്ട്രീയത്തിന് ഫ്രാൻസിന്റെ സമ്മതമില്ല എന്നു വ്യക്തമായി. ആർ.എൻ തോറ്റു മൂന്നാമതെത്തി എന്നതുതന്നെ അതിന്‍റെ തെളിവ്. ബി.ജെ.പി മൂന്നാം വട്ടവും അധികാരമേറിയെങ്കിലും അവരെ കേവല ഭൂരിപക്ഷത്തിൽ താഴെ നിലക്കുനിർത്താനും ശക്തമായ ഒരു പ്രതിപക്ഷത്തെ പാർലമെന്റിലെത്തിക്കാനും കഴിഞ്ഞതു വൻവിജയമായാണ് ജനാധിപത്യ ഇന്ത്യ ആശ്വാസപൂർവം കണ്ടത്. അതേ മാനസികാവസ്ഥയിലാണ് കഴിഞ്ഞ രണ്ടുനാളുകളായി ഫ്രാൻസിൽ ജനാധിപത്യ കക്ഷികളും പൗരസഞ്ചയവും നടത്തിവരുന്ന വിജയാഘോഷങ്ങൾ.
യൂറോപ്പിലെ രണ്ടാം സാമ്പത്തികശക്തിയായി എണ്ണപ്പെടുന്ന ഫ്രാൻസിനുമേൽ വംശവെറിക്കാർ ആധിപത്യം നേടുന്നത് യൂറോപ് ഭയത്തോടെ തന്നെയാണ് കണ്ടത്. വംശീയ, വർഗീയവിരുദ്ധ ശക്തികളെല്ലാം ഇക്കാര്യത്തിൽ നിരന്തരം ജനങ്ങളെ ബോധവത്കരിച്ചുകൊണ്ടിരുന്നു. വംശവെറിയിൽ മുന്നിൽനിൽക്കുന്ന ഇറ്റലിയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ട്രീസ്റ്റെയിൽ റോമൻ കാത്തലിക് ചർച്ചിന്‍റെ വാർഷിക കൺവെൻഷനിൽ പോപ്പ് ഫ്രാൻസിസ് മാർപാപ്പ ‘ജനാധിപത്യം ഇന്നു നല്ല ആരോഗ്യത്തിലല്ല എന്നും, ചിലയാളുകൾ ഹാമെലനിലെ കുഴലൂത്തുകാരനെപ്പോലെ ജനങ്ങളെ നാശത്തിന്റെ പടുകുഴിയിൽ ചാടിക്കാൻ കൊണ്ടുപോകുകയാണെ’ന്നും മുന്നറിയിപ്പ് നൽകിയത് ശ്രദ്ധേയമാണ്.
ജനത്തെ ദരിദ്രമാക്കുന്ന ധ്രുവീകരണ ശ്രമങ്ങളെ കരുതിയിരിക്കാനും സ്വാഭിമാനം തിരിച്ചുപിടിക്കാനുമുള്ള മാർപാപ്പയുടെ ആഹ്വാനം ഫ്രാൻസിലെ ഫലം പുറത്തുവരുന്ന നാളിൽ തന്നെയായത് വെറും യാദൃച്ഛികതയാവാനിടയില്ല. യൂറോപ്പിൽ വംശീയതക്ക് ലഭിക്കുന്ന വൻ പ്രചാരം അസ്വസ്ഥപ്പെടുത്തുമ്പോഴും അതിനെതിരായ മറുമരുന്നു തേടാനുള്ള ശ്രമവും തകൃതിയിൽ നടന്നുവരുന്നു എന്നത് ആശ്വാസകരമാണ്. ഇന്ത്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ, അതിന്‍റെ ആവേഗവും ആയുസ്സും എന്തുതന്നെയായാലും, ജനാധിപത്യവും മാനവിക മൂല്യങ്ങളും അർഥവത്താക്കുന്ന രാഷ്ട്രീയക്രമങ്ങളാണ് വിദ്വേഷ തീവ്രവാദ രാഷ്ട്രീയത്തേക്കാൾ ജനത്തിനു പഥ്യം എന്ന ശുഭസൂചനയാണ് നൽകുന്നത്. ഫാഷിസ്റ്റു രാഷ്ട്രീയത്തിനെതിരായ ദൃഢനിശ്ചയത്തോടെയുള്ള മുന്നേറ്റത്തിന്, മറ്റൊരുലോകം സാധ്യമാക്കാനാവുമെന്ന പ്രതീക്ഷയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.