സ്വതന്ത്രവും സുതാര്യവുമാകട്ടെ തെരഞ്ഞെടുപ്പും കമീഷനും
text_fieldsതെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം സംബന്ധിച്ച് സുപ്രീംകോടതി ചരിത്രപരമായൊരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, തെരഞ്ഞെടുപ്പ് കമീഷണർമാർ എന്നിവരെ പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്നിവർ അംഗങ്ങളായ സമിതിയുടെ ശിപാർശപ്രകാരം, രാഷ്ട്രപതി നിയമിക്കണമെന്നാണ് പരമോന്നത നീതിപീഠത്തിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവില്ലാത്തപക്ഷം, പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ സഭാനേതാവിനെ സമിതിയിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇക്കാലമത്രയും പ്രധാനമന്ത്രിയുടെ ശിപാർശയിൽ രാഷ്ട്രപതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും രണ്ട് കമീഷണർമാരെയും നിയമിച്ചിരുന്നത്. മിക്കപ്പോഴും ഭരണകൂടത്തോട് ചേർന്നുനിൽക്കുന്ന ബ്യൂറോക്രാറ്റുകൾക്കാവും ഇങ്ങനെ നിയമനം ലഭിക്കുക എന്നത് അനുഭവമാണ്; അവരാകട്ടെ, എങ്ങനെയെല്ലാമാണ് അതതു കാലത്തെ സർക്കാറുകളോട് ചേർന്നുനിന്നതെന്നും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെട്ടതെന്നും രാജ്യം കണ്ടതാണ്.
ഈ യാഥാർഥ്യമത്രയും എടുത്തുപറഞ്ഞ സുപ്രീംകോടതി, അടിയന്തരമായി വിഷയത്തിൽ നിയമനിർമാണത്തിന് തയാറാകണമെന്നും നിർദേശിച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ സുപ്രീംകോടതിയുടെ മേൽപറഞ്ഞ നിർദേശങ്ങളത്രയും സഹായകമാവും എന്നതുകൊണ്ടുതന്നെ, കോടതിവിധിയെ ജനാധിപത്യ പ്രസ്ഥാനങ്ങൾ സ്വാഗതംചെയ്തു. അതേസമയം, സംഘ്പരിവാർ കേന്ദ്രങ്ങൾ കോടതി വിധിയെ അൽപം നീരസത്തോടെയാണ് നോക്കിക്കാണുന്നതെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി വക്താവ് നൂപുർ ശർമയെപ്പോലുള്ളവർ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഇത്തരമൊരു വിധിയിലേക്ക് പരമോന്നത നീതിപീഠത്തെ എത്തിച്ച സാഹചര്യം ഏറെ വിചിത്രമാണ്. തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയൽ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ നിയമിതനായതായിരുന്നു വ്യവഹാരത്തിന്റെ പശ്ചാത്തലം. 1985 കേഡർ ഉദ്യോഗസ്ഥനായ ഗോയൽ ഖനന മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു. 2022 ഡിസംബർ 31ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹം നവംബർ 18ന് സ്വമേധയാ വിരമിക്കുന്നു; തൊട്ടടുത്ത ദിവസം അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷണറായി രാഷ്ട്രപതി നിയമിക്കുന്നു; രണ്ടാം നാൾ ചുമതലയേൽക്കുകയും ചെയ്യുന്നു. അത്യന്തം വിചിത്രവും കേട്ടുകേൾവിയില്ലാത്തതുമായ ഈ ‘നിയമന നാടകം’ പ്രശാന്ത് ഭൂഷണെപ്പോലുള്ളവർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി.
ഇത്ര പ്രധാനപ്പെട്ടൊരു തസ്തികയിലേക്ക് ഒരൊറ്റ രാത്രികൊണ്ട് ശിപാർശയും നിയമനവുമെല്ലാം നടന്നതെങ്ങനെയെന്ന് കോടതിപോലും ആശ്ചര്യപ്പെട്ടു; നിയമനം സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. കമീഷൻ നിയമനങ്ങൾക്ക് സ്വതന്ത്രസമിതി വേണമെന്ന ആവശ്യമുന്നയിച്ചുള്ള ഹരജികൾ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ കളിയെന്നോർക്കണം. സ്വാഭാവികമായും അത് കോടതിയെ ചൊടിപ്പിച്ചു; അതിശക്തമായ ഭാഷയിൽ സർക്കാർ നടപടിയെ വിമർശിച്ച ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച്, പ്രധാനമന്ത്രിക്കെതിരെ പോലും നടപടിയെടുക്കാൻ നിശ്ചയദാർഢ്യമുള്ളയാളായിരിക്കണം ഇത്തരം പദവിയിലിരിക്കേണ്ടതെന്നുകൂടി ഓർമപ്പെടുത്തി. അപ്പോഴേ, ഇത്തരമൊരു വിധി പ്രതീക്ഷിച്ചതാണ്. അത് സംഭവിക്കുകയും ചെയ്തിരിക്കുന്നു.
നമ്മുടെ ഭരണഘടനയിൽ തെരഞ്ഞെടുപ്പുകളെപ്പറ്റി പ്രതിപാദിക്കുന്ന പ്രത്യേക ഭാഗം തന്നെയുണ്ട്. അനുച്ഛേദം 324 അനുസരിച്ച്, രാജ്യത്തെ തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടവും മാർഗനിർദേശം നൽകലും മറ്റും കമീഷന്റെ ചുമതലയാണ്. കുറ്റമറ്റതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുകയാണ് ആത്യന്തിക ലക്ഷ്യം. എന്നാൽ, ടി.എൻ. ശേഷനെപ്പോലെ അത്യപൂർവം കമീഷണർമാരൊഴികെ ബാക്കിയെല്ലാവരും അക്കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ടു. ഭൂരിപക്ഷം പേരും അതതുകാലത്തെ ഭരണകൂടത്തിന്റെ റാൻ മൂളികളായി ‘സർവിസ് കാലം’ ആസ്വദിക്കുകയായിരുന്നുവെന്നതാണ് വസ്തുത.
കേന്ദ്രത്തിൽ മോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ ഭരണകൂടം അധികാരത്തിൽവന്നതോടെ ഈ പ്രവണതക്ക് ആക്കംകൂടി. തെരഞ്ഞെടുപ്പ് കമീഷൻ ഏറ്റവും ഗുരുതരമായ ആരോപണങ്ങൾ നേരിട്ടത് ഇക്കഴിഞ്ഞ എട്ടു വർഷമാണ്. ഇക്കാലത്തു നടന്ന എത്രയോ തെരഞ്ഞെടുപ്പുകളിൽ ഈ സംവിധാനം ഏകപക്ഷീയമായി പ്രവർത്തിക്കുന്നതിന് രാജ്യം സാക്ഷിയായി. ഇക്കഴിഞ്ഞ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പു കാലത്ത്, പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ സൂചിപ്പിച്ച് ‘രാജ്യവഞ്ചകർക്കെതിരെ വെടിയുതിർക്കൂ’ എന്ന് ആഹ്വാനംചെയ്ത അനുരാഗ് ഠാക്കൂറിനോടുപോലും മൃദുസമീപനമായിരുന്നു കമീഷന്; 72 മണിക്കൂർ ‘മൗനവ്രത’മാണ് ഠാക്കൂറിന് കമീഷൻ വിധിച്ച ശിക്ഷ.
അതേസമയം, പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പു കാലത്ത്, ആക്രമണം നടന്നയിടങ്ങളിൽ തൃണമൂൽ പ്രചാരണത്തെ ഒന്നാകെ ഒഴിവാക്കാനും കമീഷൻ മടിച്ചില്ല. ഈ ഇരട്ടത്താപ്പ് പലകുറി ചോദ്യംചെയ്യപ്പെട്ടതാണ്. അതിന് സമാന്തരമെന്നോണമാണ്, സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് കമീഷൻ എന്ന ആവശ്യവുമായി പലരും കോടതികേറിയത്. അതിന് ഫലമുണ്ടായിരിക്കുന്നു ഇപ്പോൾ. എന്നാൽ, ഈ വിധിയും അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പു പറയാനാകില്ല.
അടിസ്ഥാനപരമായി, കുറ്റമറ്റ രീതിയിൽ കമീഷനെ നിയമിക്കാനുള്ള നിയമനിർമാണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്; അതുവരെ മേൽ സൂചിപ്പിച്ച സമിതിക്ക് നിർദേശിക്കാം. നിലവിലെ സാഹചര്യത്തിൽ, കേന്ദ്രസർക്കാർ ഉദ്ദേശിക്കുംവിധമുള്ളൊരു നിയമനിർമാണം സാധ്യമാണെന്നിരിക്കെ, ഈ കോടതിവിധിയെ സ്വാഗതംചെയ്യുമ്പോഴും അതിൽ ആഹ്ലാദിക്കാൻമാത്രം എന്തിരിക്കുന്നുവെന്ന ചോദ്യം ബാക്കിയാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.