അർണബിെൻറ അറസ്റ്റും മാധ്യമ സ്വാതന്ത്ര്യവും
text_fieldsമാധ്യമപ്രവർത്തകരായ അർണബ് ഗോസ്വാമിയെയും സിദ്ദീഖ് കാപ്പനെയും ചേർത്തുപറയുകയോ താരതമ്യപ്പെടുത്തുകയോ ചെയ്യുന്നത് ഒട്ടും യുക്തിപരമല്ല, അങ്ങേയറ്റം അശ്ലീലവുമാണ്. സിദ്ദീഖ് ഒരു മാസത്തിലധികമായി യോഗിയുടെ ജയിലിൽ നരകയാതന അനുഭവിക്കുന്നത് ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന ഹാഥറസിലെ സാഹചര്യങ്ങൾ അന്വേഷിക്കാൻ പോയതിനാണ്. എന്നാൽ, അർണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലയുറപ്പിച്ചതിനല്ല, പണിയെടുപ്പിച്ചതിന് കൂലികൊടുക്കാതെ അൻവയ് നായിക് എന്ന ആർക്കിടെക്ടിനെയും അമ്മയെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്ന കുറ്റത്തിനാണ്; ആത്മഹത്യക്കുറിപ്പിൽ പേരുണ്ടായിരുന്നിട്ടും ബി.െജ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ ഭരണകാലത്ത് അധികാര സ്വാധീനമുപയോഗിച്ച് കുറ്റമുക്തി നേടിയതിനെതിരെ അൻവയ് നായികിെൻറ ഭാര്യയും മകളും നൽകിയ പുനരന്വേഷണത്തിെൻറ ഭാഗമായാണ്. തീർച്ചയായും ഝടുതിയിലുള്ള അറസ്റ്റിനു പിന്നിൽ ശിവസേന സർക്കാറും അർണബും തമ്മിലുള്ള കുടിപ്പക പ്രധാന പ്രേരകമായിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ബി.ജെ.പിയുടെ അതേ കളരിയിൽനിന്നാണല്ലോ ശിവസേനയും അധികാര ദുർവിനിയോഗത്തിെൻറ സർട്ടിഫിക്കറ്റ് നേടിയത്.
ഡൽഹിയിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും മാധ്യമപ്രവർത്തനം നടത്തിയിരുന്ന ധാരാളം ചെറുപ്പക്കാർ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കപ്പെട്ടപ്പോൾ ഉണ്ടാകാത്ത ഞെട്ടലും കുലുക്കവും എഡിറ്റേഴ്സ് ഗിൽഡിനും മുഖ്യധാരാ മാധ്യമങ്ങൾക്കും അർണബിെൻറ അറസ്റ്റിലുണ്ടായി എന്നത് മഹാരാഷ്ട്ര സർക്കാറിെൻറ നടപടികളേക്കാൾ നടുക്കമുളവാക്കുന്നതാണ്. സാമ്പത്തിക കുറ്റകൃത്യവും ആത്മഹത്യ പ്രേരണക്കുറ്റവുമൂലമുള്ള അറസ്റ്റിനെ ജനാധിപത്യത്തിനും വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തിനും നേെരയുള്ള ഭരണകൂട െകെയേറ്റമായാണ് പ്രധാന മാധ്യമങ്ങൾ എഡിറ്റോറിയലുകളെഴുതിയത്. അർണബിനെ ഉടൻ ജയിൽമോചിതനാക്കണമെന്നും നീതിപൂർവകമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു. രാജ്യത്തെ ഒരു മാധ്യമസ്ഥാപനം ഭരണകൂടത്തോട് അവിശുദ്ധബാന്ധവത്തിലേർപ്പെട്ട് നുണനിർമാണ ഫാക്ടറിയായി രൂപാന്തരം പ്രാപിച്ചപ്പോൾ നിസ്സംഗതയോടെ നോക്കിനിന്നവരോ അവരോടൊപ്പം നിലയുറപ്പിച്ചവരോ ആണ് അർണബിനുവേണ്ടി അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പേരിൽ അലമുറയിടുന്നത്. റിപബ്ലിക് ടി.വി എത്രയോ സാമൂഹികപ്രവർത്തകരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമാക്കി ചിത്രീകരിച്ച് ഭരണകൂടത്തിനും തീവ്ര വലതുപക്ഷ ആൾക്കൂട്ടത്തിനും എറിഞ്ഞുകൊടുത്തപ്പോൾ 'അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ അനിവാര്യത' ഇവർക്കാർക്കും ബോധ്യപ്പെട്ടതേയില്ല.
സിദ്ദീഖ് കാപ്പെനപ്പോലെ, വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് കേസിൽ അകപ്പെടുകയോ തുറുങ്കിലടക്കപ്പെടുകയോ ചെയ്തിട്ടുള്ള 55ൽ അധികം മാധ്യമപ്രവർത്തകരുെണ്ടന്നാണ് കണക്കുകൾ. അതിലൊന്നും അർണബ് ഗോസ്വാമി എന്ന പേരില്ല. അവരെപ്പോലെ കോടതി വരാന്തകളിൽ നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പിെൻറ ആവശ്യവും അർണബിനുണ്ടാകുകയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതൽ സംഘ് പരിവാറിെൻറ എല്ലാ പോഷകവിഭാഗങ്ങളും 'മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണ'ത്തിൽ മുതലക്കണ്ണീരൊഴുക്കി രംഗത്തുവന്നിരിക്കുകയാണ്. അവർക്കെല്ലാം അടിയന്തരാവസ്ഥ ഓർമവന്നിരിക്കുന്നു. നരേന്ദ്ര മോദി ഭരണകൂടത്തോടും അതിെൻറ രാഷ്ട്രീയത്തോടും വിയോജിക്കുകയോ എതിർക്കുകയോ ചെയ്യുന്ന എല്ലാ രാഷ്ട്രീയശബ്ദത്തെയും അധികാര ദണ്ഡുപയോഗിച്ച് അടിച്ചൊതുക്കാനുള്ള പ്രവർത്തനപദ്ധതികളാണ് കഴിഞ്ഞ ആറു വർഷമായി നടന്നുകൊണ്ടിരിക്കുന്നത്. ഡല്ഹി കലാപം വസ്തുനിഷ്ഠമായി റിപ്പോര്ട്ടു ചെയ്തതിനാണ് 'മീഡിയവണി'നും 'ഏഷ്യാനെറ്റ് ന്യൂസി'നും താൽക്കാലികമായിട്ടെങ്കിലും നിരോധനം നേരിടേണ്ടിവന്നത്.
ഫാഷിസത്തിെനതിരെ നിലകൊണ്ട ധാരാളം മാധ്യമങ്ങളും പ്രധാന മാധ്യമപ്രവർത്തകരും ഇന്ന് നിശ്ശബ്ദമാക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ ഏജൻസികളുടെയും നിയമനിർമാണങ്ങളുടെയും നിരന്തരപീഡനങ്ങളിൽ മാധ്യമപ്രവർത്തനം ദുസ്സഹമായ രാജ്യമാണ് നമ്മുടേത്. ഭരണകൂട വേട്ടയിൽ ദേശദ്രോഹിയായി മുദ്രകുത്തപ്പെട്ടവരുടെ മറുശബ്ദത്തിന് ഇടമില്ലാത്തവണ്ണം മുഖരിതമായിരിക്കുന്നു ഇക്കാലത്തെ മുഖ്യധാര ന്യൂസ് റൂമുകൾ. അത്തരം ലക്ഷണമൊത്ത ഫാഷിസ്റ്റ് ന്യൂസ് റൂമിെൻറ വിരാട് പുരുഷനാണ് അർണബ് ഗോസ്വാമി. അദ്ദേഹത്തിെൻറയും കൂട്ടാളികളുടെയും വിദ്വേഷ പ്രചാരണം സഹിക്കാനാകാതെ അവർക്കിനി പരസ്യം നൽകില്ലെന്ന് മനുഷ്യത്വമുള്ള ബിസിനസുകാർക്ക് പരസ്യമാക്കേണ്ടി വന്നു. മതാതീതമായ സ്നേഹത്തെയും സൗഹൃദത്തെയും ചിത്രീകരിക്കുന്ന പരസ്യങ്ങൾക്കുപോലും അപ്രഖ്യാപിത വിലക്കും ബഹിഷ്കരണാഹ്വാനങ്ങളും നേരിടേണ്ടിവരുന്നു. ഭൂരിപക്ഷ ഹിംസാത്മകതയുടെ കാലത്ത് അർണബിനുവേണ്ടി സംഘ് പ്രഭൃതികൾ രംഗത്തിറങ്ങുന്നത് മനസ്സിലാക്കാം. എന്നാൽ, വിയോജിപ്പിെൻറ ശബ്ദങ്ങളെ രാഷ്ട്രീയപ്രേരിതമായി തടയുന്നു എന്ന് വ്യാജ ആകുലതയിൽ അർണബിനുവേണ്ടി രംഗത്തിറങ്ങുന്നവർ പ്രബലപ്പെടുത്തുന്നത് മാധ്യമസ്വാതന്ത്ര്യത്തെയല്ല, ദാസ്യത്തിെൻറ ഫാഷിസ്റ്റു കാല മാധ്യമപ്രവർത്തനത്തെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.