സെൻസറിങ്ങിൽനിന്ന് സ്വയം സെൻസറിങ്ങിലേക്ക്
text_fields‘എൽ 2 എമ്പുരാൻ’ എന്ന മലയാള ചിത്രം ഉള്ളടക്കം കൊണ്ടും ആ ഉള്ളടക്കം സൃഷ്ടിച്ച പ്രതികരണം കൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ഭരണരംഗം വരെ നീളുന്ന വർഗീയ പക്ഷത്തിന്റെ നെറികേടുകൾ തുറന്നുകാട്ടുന്നതാണ് ഉള്ളടക്കമെങ്കിൽ, ആ ഉള്ളടക്കത്തെ സ്ഥിരീകരിക്കുന്നതാണ് അതിനുണ്ടായിരിക്കുന്ന അനുഭവം. സെൻസർ ബോർഡ് അംഗീകരിച്ച സിനിമയിൽ ഗുജറാത്ത് കലാപത്തിന്റെ യാഥാർഥ്യം സൂചിപ്പിക്കുന്ന ഭാഗങ്ങൾ സംഘ്പരിവാർ വൃത്തങ്ങളെ ചൊടിപ്പിച്ചു. വൻതോതിൽ പ്രതിഷേധവും ഭീഷണിയും തുടങ്ങി. സിനിമ റെക്കോഡ് പ്രേക്ഷകസാന്നിധ്യത്തിൽ ഓടിത്തുടങ്ങി മൂന്നാം ദിവസം അതിൽ ‘സ്വമേധയാ ഉള്ള മോഡിഫിക്കേഷൻ’ വരുത്താൻ നിർമാതാക്കൾ തീരുമാനിച്ചതായി വാർത്ത വരുന്നു. സെൻസർ ബോർഡ് ഒരിക്കൽ കൂടി ചേർന്ന് ആ മാറ്റങ്ങൾക്ക് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ 17 ഭാഗങ്ങൾ വെട്ടിക്കളയുമത്രെ. ബാബ ബജ്റംഗി എന്ന പ്രധാന വില്ലന്റെ പേര് ഒഴിവാക്കും. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഒഴിവാക്കിയേക്കും. ഗർഭിണിയെ ഉപദ്രവിക്കുന്നത്, മുസ്ലിംകൾക്ക് അഭയം നൽകിയ നാട്ടുറാണിയെ കൊല്ലുന്നത്, ജാതി അധിക്ഷേപം തുടങ്ങിയ രംഗങ്ങൾ വെട്ടിക്കളയും. ചില സംഭാഷണങ്ങൾ കേൾക്കാതാക്കും. ചുരുക്കത്തിൽ, വലതു വർഗീയവാദികളെ അലോസരപ്പെടുത്തുന്ന ഭാഗങ്ങൾ, അതിനെപ്പറ്റിയുള്ള സിനിമയിൽനിന്ന് നീക്കം ചെയ്യും. ‘ചെയ്യുന്നതല്ല അതിനെപ്പറ്റി പറയുന്നതാണ് കുറ്റ’മെന്ന വികലനീതി തുറന്നുകാട്ടാൻ സിനിമയേക്കാൾ ഉതകി അതിനുണ്ടായ പരിണതി.
വിദ്വേഷവും അക്രമവും അനായാസം സ്ഥാപനവത്കരിക്കപ്പെടുന്ന രാജ്യത്താണ്, അത് ചൂണ്ടിക്കാട്ടുന്ന ആവിഷ്കാരങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ വിലക്കുകൾ വന്നുകൊണ്ടിരിക്കുന്നത്. കുനാൽ കംറ എന്ന ഹാസ്യകലാകാരൻ കാലുമാറ്റ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന പരിപാടി നടത്തിയതിന് അദ്ദേഹത്തിനെതിരെ കേസുകളുടെ പ്രവാഹമായി; പരിപാടി ചിത്രീകരിച്ച ഹാളിൽ, നിയമപാലകരുടെ ഒരുവിധ തടസ്സവുമില്ലാതെ ജനക്കൂട്ടം അഴിഞ്ഞാടി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി കാലുമാറ്റത്തിലൂടെ വിശ്വാസവഞ്ചന നടത്തി എന്നതല്ല, അക്കാര്യം കലാരൂപത്തിലൂടെ ആവിഷ്കരിച്ചു എന്നതാണ് വർഗീയപക്ഷക്കാർക്ക് പ്രശ്നമാകുന്നത്. ‘വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണെ’ന്ന് മാധ്യമങ്ങൾക്ക് മുമ്പാകെ പറയുന്ന പ്രധാനമന്ത്രി ആ വാക്കുകൾക്ക് പ്രവൃത്തിയിലൂടെ ഒരു തെളിവും നൽകിക്കണ്ടിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണെന്ന് കുനാൽ കംറ കേസിൽ സുപ്രീം കോടതിക്ക് ചൂണ്ടിക്കാട്ടേണ്ടിവന്നു. സമൂഹമാധ്യമ വേദിയായ ‘എക്സ്’ ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്, അതിന്റെ ഉള്ളടക്കം ഫലത്തിൽ സെൻസർ ചെയ്യാനുള്ള സർക്കാർ തന്ത്രത്തിനെതിരെയാണ്. അരുതാത്തതെന്ന് സർക്കാറിന് തോന്നുന്ന പോസ്റ്റുകൾ കടമ്പകളില്ലാതെയും അതിവേഗത്തിലും നീക്കം ചെയ്യാൻ സംവിധാനമുള്ള ‘സഹയോഗ്’ പോർട്ടലിൽ ചേരാനുള്ള സർക്കാർ നിർദേശത്തെയാണ് ‘എക്സ്’ ചോദ്യം ചെയ്യുന്നത്. നിലവിലുള്ള ഐ.ടി നിയമത്തിലെ ചട്ടങ്ങൾക്കുപുറമെ, സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും പൊലീസിനുമെല്ലാം ഉള്ളടക്കം നീക്കം ചെയ്യിക്കാൻ നിരുപാധിക അധികാരം നൽകുന്നതാണ് സഹയോഗ് പോർട്ടൽ. പരോക്ഷ സെൻസറിങ് തന്നെ ലക്ഷ്യം. ‘എക്സി’ന്റെ നിർമിതബുദ്ധി ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ ഈയിടെ കുറെ ചോദ്യങ്ങൾക്ക് നൽകിയ മറുപടികൾ സർക്കാർ-സംഘ്പരിവാർ കേന്ദ്രങ്ങൾക്ക് അലോസരമുണ്ടാക്കിയത് ഈ സന്ദർഭത്തിൽ എടുത്തുപറയണം. അവരുടെ വ്യാജപ്രചാരണങ്ങളും അവകാശവാദങ്ങളും ‘ഗ്രോക്ക്’ വസ്തുതാപരിശോധന നടത്തി ഖണ്ഡിച്ചതാണ് കാരണം. ‘വികടൻ’ തമിഴ് മാഗസിനിലെ ഒരു കാർട്ടൂണിന്റെ പേരിൽ അതിന്റെ വെബ്സൈറ്റ് തന്നെ തടയപ്പെട്ടു. രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗഢി സമൂഹമാധ്യമത്തിൽ പങ്കുവെച്ച 46 സെക്കൻഡ് വിഡിയോക്കൊപ്പമുള്ള ചെറുകവിതയുടെ പേരിൽ ഗുജറാത്ത് പൊലീസ് കേസെടുത്തത് സുപ്രീം കോടതിയാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്. ‘രക്തദാഹികളേ കേൾക്കൂ, നേരിനായുള്ള പോരാട്ടം ന്യായമെങ്കിൽ ഞങ്ങളത് സ്നേഹത്തോടെ നിർവഹിക്കും’ എന്ന് പറയുന്ന കവിത മതസ്പർധ വളർത്തുമെന്നാണ് പൊലീസ് വാദിച്ചത്.
കാർട്ടൂണും ഹാസ്യപരിപാടിയും കവിതയും ഡോക്യുമെന്ററിയുമൊക്കെ വിലക്കിന് വിധേയമാകുമ്പോൾ ‘എമ്പുരാൻ’ അനൗദ്യോഗിക സെൻസറിങ്ങിനാണ് ഇരയാകുന്നത്. പ്രത്യക്ഷ-പരോക്ഷ സെൻസറിങ്ങിനേക്കാൾ അപകടകരമാണ് സ്വയം സെൻസറിങ്-കാരണം ആൾക്കൂട്ടങ്ങളുടെയും നിക്ഷിപ്ത താൽപര്യക്കാരുടെയും സമ്മർദത്തിന് വിധേയമായി ഉള്ളടക്കം മാറ്റാൻ നിർമാതാക്കൾ തന്നെ തയാറാകുന്നതോടെ, സെൻസറിങ്ങിലെ ന്യായരാഹിത്യം പോലും അദൃശ്യമാക്കപ്പെടും. ദേശവിരുദ്ധ, സമൂഹവിരുദ്ധ ആവിഷ്കാരങ്ങൾ ഇതേ ശക്തികളുടെ ഒത്താശയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ‘കശ്മീർ ഫയൽസും’ ‘കേരള സ്റ്റോറി’യും ‘ഛാവ’യും വ്യാപകമായി പ്രദർശിപ്പിച്ചത് സർക്കാറുകളുടെ പരസ്യ പ്രോത്സാഹനത്തോടെയാണ്. ‘ഛാവ’ കലാപത്തിനുതന്നെ വഴിവെച്ചിട്ട് ഏറെനാളായില്ല. രാഷ്ട്രീയലാഭത്തിനായി സമൂഹത്തിന് ഹാനികരമായ തരത്തിൽ ചരിത്രം വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെടുമ്പോൾ സത്യമെന്തെന്ന് പറയുന്ന കലാരൂപങ്ങൾ പ്രോത്സാഹനമാണർഹിക്കുന്നത്. സത്യം നമ്മെ സ്വതന്ത്രരാക്കും എന്നത് പാഴ്വാക്കല്ല. ‘സത്യമേവ ജയതേ’ ഒരു പാഴ് മുദ്രാവാക്യവുമല്ല. വ്യാജം വാഴുന്ന കാലത്ത് നേരുപറയാൻ ചങ്കൂറ്റം വേണം. വ്യാജം പ്രചരിപ്പിക്കുന്നവർക്ക് പിന്തുണ കിട്ടുന്ന ഇന്ത്യയിൽ ‘എമ്പുരാൻ’ പോലെ നേരുപറയുന്നവരാണ് ധീരന്മാർ. അവരും ഭീരുക്കളാകരുത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.