കോൺഗ്രസിെൻറ ഭാവി
text_fields133 വർഷങ്ങൾക്കു മുമ്പ്, ബ്രിട്ടീഷ് ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥനും പക്ഷി നിരീക്ഷക നുമായ അലൻ ഒക്ടോവിയൻ ഹ്യൂമിെൻറ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ഇന്ത്യൻ നാഷനൽ ക ോൺഗ്രസ് എന്ന പ്രസ്ഥാനം, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മയമാണ്. ദേശീയ പ്രസ് ഥാനത്തിെൻറയും രാഷ്ട്ര രൂപവത്കരണത്തിെൻറയും ചാലക ശക്തിയായ ആ പ്രസ്ഥാനമാണ് സ് വാഭാവികമായും ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ചിട്ടുള്ളതും. ദീർഘവും ആഴവുമുള്ള പൈതൃ കത്തിനുടമയായ ആ പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ തിരിച്ചടിയുടെ ആഘാ തത്തിൽനിന്ന് ഇനിയും മുക്തമായിട്ടില്ല. ആ ആഘാതത്തിന് ആക്കം കൂട്ടുന്നതാണ് പാർട്ടി അധ ്യക്ഷ പദവിയിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി. രാജിയെക്കുറിച്ച് രാഹുൽ പാർട്ടിക്കക ത്ത് പറയാൻ തുടങ്ങിയിട്ട് കുറച്ചായെങ്കിലും ബുധനാഴ്ചയാണ് തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം അക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നത്. രാജി പ്രസ്താവനക്കൊപ്പം അദ്ദേഹം പുറത്തിറക്കിയ വിശദമായ കുറിപ്പ് സമകാലിക ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയെ കുറിച്ച മികച്ചൊരു രേഖയാണ്.
സമകാലിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി രാഹുൽ കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ യാഥാർഥ്യങ്ങളും പരക്കെ ചർച്ച ചെയ്യപ്പെട്ടതുമാണ്. ബഹുസ്വര ജനാധിപത്യ രാജ്യം എന്ന മൗലിക സ്വഭാവത്തിൽനിന്ന് മാറി മറ്റൊരു ഇന്ത്യയായി നാട് മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ആ പറഞ്ഞതിെൻറ കാതൽ. ജനാധിപത്യവാദികൾ കഴിഞ്ഞ കുറെക്കാലമായി പങ്കുവെക്കുന്ന ആശങ്കയാണത്. വളരെ കുറഞ്ഞ, ഒതുക്കമുള്ള ഭാഷയിൽ രാഹുൽ അത് പറഞ്ഞുവെച്ചിരിക്കുന്നു. തെരഞ്ഞെടുപ്പുകൾ വെറും ചടങ്ങുകളായി ഒതുങ്ങാൻ പോവുകയാണ് എന്ന ഒറ്റ പ്രസ്താവന മതി ആ ആശങ്കകളെ മുഴുവൻ പ്രതിഫലിപ്പിക്കാൻ.
പക്ഷേ, ഇത്രയും നിർണായകമായ സന്ദർഭത്തിൽ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷൻ തെൻറ ഉത്തരവാദിത്തം ഉപേക്ഷിച്ച് ഒളിച്ചോടുകയാണോ വേണ്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. കൂടുതൽ ഉൗർജസ്വലതയോടെ പാർട്ടിയെ നയിക്കുകയും പ്രതികൂലമായ സാഹചര്യങ്ങളെ മറികടക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നതിനു പകരം വൈകാരികവും സൈദ്ധാന്തികവുമായ പ്രസ്താവനകളിറക്കി മാറിനിൽക്കുകയാണോ ചെയ്യേണ്ടത് എന്ന ചോദ്യം സ്വാഭാവികമാണ്. അതിനുള്ള മറുപടികളും രാഹുലിെൻറ കുറിപ്പിൽ നിന്ന് വായിച്ചെടുക്കാം. ‘2019ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ഒട്ടേറെ പേർ ഉത്തരവാദിത്തം ഏൽക്കേണ്ടതുണ്ട്. കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ ഞാൻ ഉത്തരവാദിയാണ്.
പാർട്ടിയുടെ മുന്നോട്ടുള്ള വളർച്ചക്ക് ഉത്തരവാദിത്ത ബോധം പ്രധാനമാണ്’ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിെൻറ വരികൾ. ഈ പ്രസ്താവനക്ക് പല മുനകളുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ രാജിവെക്കുന്നതുപോലെ, അതേ ന്യായത്തിൽ രാജിവെക്കേണ്ട പലരുമുണ്ടെന്ന സന്ദേശം നൽകുകയാണ് അദ്ദേഹം ചെയ്യുന്നത്. പലപ്പോഴും ഒറ്റക്കുനിന്ന് പോരാടേണ്ടിവന്നതിനെ കുറിച്ച സൂചനകൾ അദ്ദേഹത്തിെൻറ കുറിപ്പിൽ വായിച്ചെടുക്കാൻ കഴിയും. അതായത്, പാർട്ടിയിൽ തെൻറ കാഴ്ചപ്പാടിനനുസരിച്ച് നേതൃഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കാതെ പോയതിൽ അദ്ദേഹം ഖിന്നനായിരുന്നുവെന്നുവേണം മനസ്സിലാക്കാൻ. പാർട്ടിയെ അടിമുടി പൊളിച്ചെഴുതി പുതിയ രക്തവും ഉൗർജവും സന്നിവേശിപ്പിക്കാനുള്ള നീക്കത്തിെൻറ ഭാഗമായി വേണമെങ്കിൽ ഈ രാജിയെ വായിച്ചെടുക്കാൻ കഴിയും. പക്ഷേ, കടൽക്കിഴവന്മാരായ നേതാക്കൾ ഇടനാഴികളിൽ നിറഞ്ഞുനിൽക്കുന്ന ഒരു സംവിധാനത്തിൽ അത് എത്രത്തോളം സാധ്യമാവും എന്നത് കണ്ടറിയേണ്ടതു തന്നെയാണ്. അത് സാധ്യമാക്കാൻ രാഹുൽ നടത്തുന്ന അറ്റകൈ പ്രയോഗമായി ഈ രാജിയെ വിലയിരുത്തുന്നവരുണ്ട്.
ഇന്ത്യപോലെ, വൈവിധ്യങ്ങളാൽ തുന്നിച്ചേർക്കപ്പെട്ട രാജ്യത്ത്, കോൺഗ്രസ് പോലെ മധ്യപക്ഷ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനത്തിന് പ്രസക്തിയുണ്ട് എന്നു മാത്രമല്ല, അത് അനിവാര്യവുമാണ്. വലതുപക്ഷ ഭൂരിപക്ഷാധിപത്യ വാദം ദേശീയ ജീവിതത്തിെൻറ സർവ നാഡികളെയും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കറുത്ത നാളുകളിൽ, ഇടതുപക്ഷത്തിന് സംഘടനാപരമായും ആശയപരമായും എഴുന്നേറ്റു നിൽക്കാൻപോലും ശേഷിയില്ലാത്ത സാഹചര്യത്തിൽ കരുത്തുള്ള ഒരു മധ്യപക്ഷം ഏതൊരു ജനാധിപത്യത്തിനും ആരോഗ്യം പ്രദാനം ചെയ്യുകയേ ഉള്ളൂ.
അതുകൊണ്ടാണ്, ഇന്ത്യൻ മധ്യപക്ഷത്തിെൻറ ഏറ്റവും കരുത്തുറ്റ പ്രതിനിധാനമായ കോൺഗ്രസ് ക്ഷയിക്കുമ്പോൾ ജനാധിപത്യത്തിെൻറ ഭാവിയെക്കുറിച്ച് ആലോചിക്കുന്നവർ ഗൗരവത്തിൽ അത് ചർച്ചക്കെടുക്കുന്നത്. എന്നാൽ, അത്തരമൊരു ഗൗരവബോധം കോൺഗ്രസിൽ നല്ലൊരു ശതമാനത്തിനും ഇല്ലാത്ത കാലത്താണ് പാർട്ടിയുടെ ആശയപരമായ പ്രസക്തി ഉൗന്നിപ്പറഞ്ഞുകൊണ്ടുള്ള രാഹുലിെൻറ കുറിപ്പ് പ്രസക്തമാവുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ്, കോൺഗ്രസ് നേതൃത്വം ഏതെങ്കിലും കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെട്ടതായിരുന്നില്ല. എന്നാൽ, ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ആ ജനാധിപത്യ പ്രസ്ഥാനം നെഹ്റു രാജവംശം എന്ന് പറയാവുന്ന രീതിയിലാണ് പിന്നീട് സഞ്ചരിച്ചത്. രാജവംശത്തിലെ കണ്ണിയായി നിൽക്കാൻ ഞാനില്ല എന്ന സന്ദേശവും രാഹുൽ നൽകുന്നുണ്ട്. തീർത്തും പുതിയ ഒരു പാർട്ടി എന്നതായിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത് എന്നു തോന്നുന്നു.
രാഹുൽ കുറിപ്പിൽ സൂചിപ്പിച്ചതു പോലെ രാജ്യത്തെ വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന സംഘ്പരിവാർ, രാജ്യാധികാരത്തിെൻറ സമസ്ത മേഖലകളിലും പിടിമുറുക്കുകയാണ്. പക്ഷേ, രാജ്യത്തെ ജനത മുഴുവൻ അവരോടൊപ്പമാണ് എന്ന് അതിനർഥമില്ല. വൻ തരംഗമുണ്ടായ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് പങ്ക് 37.4 ശതമാനം മാത്രമാണ്. എൻ.ഡി.എയുടേത് മൊത്തമെടുത്താൽ 45 ശതമാനവും.
അതായത്, രാജ്യത്ത് മഹാഭൂരിപക്ഷം ജനങ്ങളും സംഘ്പരിവാർ രാഷ്ട്രീയത്തെ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. ആ ജനസഞ്ചയത്തെ സംഘടിപ്പിക്കുകയും രാഷ്ട്രീയ ദിശ നൽകുകയും ചെയ്യുക എന്നതാണ് പ്രധാനമായിട്ടുള്ളത്. തൃണമൂല തലത്തിലുള്ള പ്രായോഗിക രാഷ്ട്രീയ ചുവടുകൾ അതിനാവശ്യമാണ്. അതായത്, മണ്ണിൽ പണിയെടുത്താൽ മാറ്റമുണ്ടാക്കാനാവും. അത്തരമൊരു ശ്രമകരമായ ജോലിക്ക് കോൺഗ്രസുകാർ സന്നദ്ധമാണോ എന്നതാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.