വീഴ്ച
text_fields'എെൻറ വേഷങ്ങൾ തീർന്നിട്ടില്ല'. വി.എസ് മന്ത്രിസഭയിൽ അംഗമായിരിക്കെ സുധാകര കവിയുടെ തൂലികയിൽ പിറന്ന ഏതാനും വരികളുടെ ശീർഷകമതായിരുന്നു. താനാരാണെന്ന് ഇൗ വരികളിലൂടെ മന്ത്രി വിശദീകരിക്കുന്നുണ്ട്. ' ഞാൻ കവിയല്ല/ കലാകാരനുമല്ല....'' പിന്നെയോ? ''നന്മയെക്കുത്തുന്ന പ്രാമാണികത്വമേ/ നിന്നെയിറുക്കും കരിന്തേളതാണ് ഞാൻ'. വ്യവസ്ഥക്കപ്പുറം 'കവി'യുന്ന ഒരു പ്രക്ഷോഭ പ്രതിഭയുടെ സാംസ്കാരിക ഇടപെടലാണ് പൂമ്പാറ്റയിൽനിന്ന് കരിന്തേളായുള്ള ഈ പകർന്നാട്ടമെന്ന് ഇതുവായിച്ച് അത്ഭുതപരവേശരായി നിരൂപകർ വാഴ്ത്തി.
സംഘർഷവും രോഷവും നിറഞ്ഞ ജീവിത നിമിഷങ്ങളെ കവിതയാക്കാൻ കൊതിക്കുന്ന സാന്ദ്രഭാഷണമാണിതെന്ന് മറ്റുചിലർ. അതെന്തായാലും, കവി മനസ്സിന് നോവേറ്റാൽ പിന്നെ രക്ഷയില്ല; അവിടെ ഒരു കവിത വിരിയുമെന്നുറപ്പ്. കെ.കെ. ശൈലജയെപ്പോലെ തന്നെ ഒന്നാം പിണറായി മന്ത്രിസഭയിൽ ജനകീയനായിട്ടും അമ്പലപ്പുഴയിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴേ അങ്ങനെയൊരു കവിത വിരിഞ്ഞതാണ്. പാർട്ടിസ്നേഹമൊന്നുകൊണ്ടുമാത്രം ഉള്ളിലൊതുക്കി. എത്രയായാലും കവിയല്ലെ? അത് തികട്ടി വരും. പാർട്ടിവേദികളിലും തെരഞ്ഞെടുപ്പ്് പ്രചാരണ പരിപാടികളിലുമൊക്കെ അതാണു കണ്ടത്. പക്ഷെ, നേതൃത്വത്തിനും അണികൾക്കുമൊന്നും അത്ര കാവ്യബോധമില്ലാത്തതിനാൽ അവരത് വർഗവഞ്ചനയായും വിമത പ്രവർത്തനമായും വിലയിരുത്തി. ഒടുവിലിപ്പോൾ പാർട്ടി നിയോഗിച്ച കമീഷനും സുധാകരനെ തള്ളിപ്പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് ഗോദയിൽ കവിക്ക് വീഴ്ച പറ്റിയിരിക്കുന്നുവേത്ര!
തോമസ് െഎസക്, ഇ.പി. ജയരാജൻ, എ.കെ. ബാലൻ തുടങ്ങിയ കേന്ദ്രകമ്മിറ്റിയംഗങ്ങൾക്കുവരെ പാർട്ടി നയത്തിെൻറ പേരിൽ സീറ്റ് ലഭിക്കാതെ പോയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞതവണത്തേത്. അക്കൂട്ടത്തിൽ സുധാകരനും പെട്ടുവെന്നുമാത്രം. പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള പരീക്ഷണം അമ്പലപ്പുഴയിലടക്കം വിജയിക്കുകയും ചെയ്തു; വർധിത ഭൂരിപക്ഷത്തിൽ പാർട്ടി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തിരിക്കുന്നു. എന്നിട്ടും, സുധാകരൻ എന്തോ വലിയ അപരാധം ചെയ്തുവെന്ന ധ്വനിയാണ് തുടക്കം മുതൽ പാർട്ടി നേതൃത്വത്തിന്. സാധാരണഗതിയിൽ ഇതൊക്കെ ജില്ല കമ്മിറ്റിക്കപ്പുറം പോവരുതാത്തതാണ്. ഇതിപ്പോൾ പോയിപ്പോയി സംസ്ഥാന സെക്രേട്ടറിയറ്റിൽ വരെ എത്തിയിരിക്കുന്നു. ഇൗ സാഹചര്യത്തിൽ, അന്നടക്കിവെച്ച കവിത വിരിഞ്ഞിെല്ലങ്കിലേ അത്ഭുതമുള്ളൂ. 'നേട്ടവും കോട്ടവും' എന്ന കവിത രോഷപ്രകടനത്തിേൻറതാണ്; നിരാശയുടേതും: 'ഒരുതരത്തിലും നന്ദി കിട്ടാത്തൊരാ/ പണികളൊക്കെ നടത്തി ഞാനെെൻറയീ/ മഹിത ജീവിതം സാമൂഹ്യമായെന്നു/ പറയും സ്നേഹിതര് സത്യമതെങ്കിലും/ വഴുതിമാറും മഹാനിമിഷങ്ങളിൽ/മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ്/ അവകളൊന്നുമേ തിരികെ വരാനില്ല/ പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം'. ഇത്രയും വൈകാരിക വിക്ഷോഭങ്ങൾ മുെമ്പന്നെങ്കിലും 'കവി'ഞ്ഞൊഴുകിയിട്ടുണ്ടെങ്കിൽ അത് 'ലാദനുവേണ്ടി ഒരു ചരമഗീതം' എന്ന കവിതയിൽ മാത്രമായിരിക്കും.
പണ്ട് 'കുലംകുത്തികൾ' ഉറഞ്ഞുതുള്ളിയപ്പോൾ പാർട്ടി സെക്രട്ടറിക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് 'വിപ്ലവവും ഒറ്റുകാരും' എന്ന കവിത എഴുതിയ നേതാവിനുനേരെയാണിപ്പോൾ പാർട്ടി നേതൃത്വം അച്ചടക്കത്തിെൻറ കുന്തമുന പിടിച്ചിരിക്കുന്നത്. 'ഏതെങ്കിലും പുതിയ വഞ്ചകർ/ ഒറ്റുകാരായ് തീരുന്ന സംഗതി/ സംഗതമായാലും....' എന്നു തുടങ്ങുന്ന വരികളൊക്കെയിപ്പോൾ കവിക്കുനേരെത്തന്നെ വാളോങ്ങിയിരിക്കുകയാണെന്ന് തോന്നിപ്പോകും. 'രക്തസാക്ഷികൾ പൊറുക്കില്ലെടോ...വർഗവഞ്ചകാ...സുധാകരാ...' എന്ന പ്രതി കവിതയൊക്കെ അതല്ലേ സൂചിപ്പിക്കുന്നത്. സുധാകരനെ ഒറ്റുകാരനായി ചിത്രീകരിച്ച് പുന്നപ്രയിലെ സമരഭൂമിയിൽ പതിച്ച പോസ്റ്ററുകളിലായിരുന്നു ഇൗ വരികൾ. സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ സഹകരിക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു അത്.
പാർട്ടി സ്ഥാനാർഥി എച്ച്. സലാമിനുനേരെ പലരൂപത്തിൽ അപവാദപ്രചാരണങ്ങൾ ഉയർന്നപ്പോൾ അതിനെ പ്രതിരോധിക്കാനും സുധാകരൻ തയാറായില്ലേത്ര. എന്നല്ല, ആരോപണം ശരിവെക്കും രൂപത്തിൽ ആ സന്ദർഭങ്ങളിലൊക്കെ മൗനം ദീക്ഷിച്ചുവേത്ര ടിയാൻ. കവിയുെട മൗനത്തിെൻറ അർഥതലങ്ങൾ വ്യാഖ്യാനത്തിനുമപ്പുറമാണല്ലോ. ആ നിശ്ശബ്ദതയിൽ പാർട്ടിക്ക് അച്ചടക്കലംഘനം മാത്രമെ കാണാനാകുന്നുള്ളൂ. അതിെൻറ തീവ്രതയനുസരിച്ചായിരിക്കും ശിക്ഷ. തരംതാഴ്ത്തലോ താക്കീതോ പ്രതീക്ഷിക്കാം. മലയാളികൾക്ക് 'വീഴ്ച' എന്നോ മറ്റോ പേരിൽ ഒരു കവിതയും പ്രതീക്ഷിക്കാം. അതോ, പാർട്ടി പ്രാമാണികത്വത്തെ ഇറുക്കുന്ന കരിന്തേളായി കവി പുനരവതരിക്കുമോ എന്നും കാത്തിരുന്നു കാണണം.
ചുടുരക്തം വീണ വിപ്ലവമണ്ണിലെ രാഷ്ട്രീയ ജീവിതം കൊണ്ടായിരിക്കാം ഒാരോ വാക്കിനും വാരിക്കുന്തത്തിെൻറ മൂർച്ചയാണ്. അത് കവിതയായാലും ലേഖനമായാലും. ആ മൂർച്ചയുടെ ചൂട് കേരളം പല സന്ദർഭങ്ങളിൽ അനുഭവിച്ചിട്ടുണ്ട്. വി.എസ് മന്ത്രിസഭയിൽ തുടക്കത്തിൽ ദേവസ്വം വകുപ്പിെൻറ ചുമതലയുണ്ടായിരുന്നു. ശബരിമലയുമായും ദേവസ്വംബോർഡുമായൊക്കെ ബന്ധപ്പെട്ട് പല വിഷയങ്ങളും കത്തിനിൽക്കുന്ന സമയം. നേരേചൊവ്വെ പറഞ്ഞിട്ടും ബന്ധപ്പെട്ടവർക്ക് കാര്യം തിരിയാതെ വന്നപ്പോൾ, കവി അവസാന ആയുധം പുറത്തെടുത്തു. 'ഒരു അയ്യപ്പഭക്തെൻറ ആത്മാലാപം' എന്നായിരുന്നു ആ 105 വരി കവിതയുടെ തലക്കെട്ട്. ' കാനനത്തിലെ പുതിയ കള്ളന്മാർക്ക് ശിക്ഷ നൽകണേ പരമശക്തനേ' എന്ന കവി ശപഥത്തിൽ എത്ര കള്ളന്മാർ വെന്തുപോയി എന്നറിയില്ല.
അരവണപ്രശ്നത്തിൽ തന്നെ നാണം കെടുത്തിയവരെക്കുറിച്ച് കവി പ്രവചനമിങ്ങനെ: 'കലഹവാദികൾ മുടിയുമയ്യപ്പാ!'. ഇൗ വരികളിലൂടെ ദിശമാറിയൊഴുകിയ ആ വിവാദംചെന്നെത്തിയത് വകുപ്പു മാറ്റത്തിലായിരുന്നുവെന്നത് വേറെ കാര്യം. ഇങ്ങനെ സന്ദർഭങ്ങളുടെ അനിവാര്യതകളാൽ പുറപ്പെട്ടുപോയ വാക്കുകളൊക്കെ പലഘട്ടങ്ങളിലായി സമാഹരിച്ചിട്ടുണ്ട്. ഒരു ഡസനെങ്കിലും വരുമവ. ഇൗ ലോകത്തെക്കുറിച്ച് ഒരു വിപ്ലവകാരിയുടെ ആശങ്കകളും പ്രതീക്ഷകളുമായിരുന്നു അവ. എങ്കിലും ആ വിപ്ലവ മനസ്സിൽ ആത്മീയതയുടെ നാമ്പുകളും ഇടയ്ക്കെപ്പോഴെങ്കിലും തളിർക്കാറുണ്ട്. അതുകൊണ്ടാണ് ശബരിമലയെക്കുറിച്ചെഴുതുേമ്പാൾ താൽക്കാലികമായെങ്കിലുെമാരു ഭക്തനായി മാറുന്നത്. അമൃതാനന്ദമയിയെ ഒരിക്കൽ കണ്ടപ്പോഴും ആ നേരം വിപ്ലവപാത മറന്നു ലക്ഷണമൊത്തൊരു 'അമ്മ ഭക്ത'നായിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കൈവെച്ച വകുപ്പുകളിലെല്ലാം മികച്ച പ്രകടനമായിരുന്നു. വി.എസ്സിനുകീഴിൽ സഹകരണ വകുപ്പായിരുന്നു; പിണറായി മന്ത്രിസഭയിൽ െപാതുമരാമത്തും. രണ്ടിലും ശോഭിച്ചു. കേരളം കണ്ട മികച്ച പൊതുമരാമത്തു മന്ത്രിയെന്ന് വിശേഷിപ്പിച്ചാൽ തെറ്റുപറയാനാകില്ല. കോവിഡും പ്രളയമൊന്നും കേരളത്തെ ബാധിച്ചിരുന്നില്ലെങ്കിൽ, സുധാകര കവിയുടെ പൊതുമരാമത്ത് സേവ കേരളം സവിശേഷമായി എടുത്തുകാണിച്ചേനെ.
1948 ഒക്ടോബർ 10ന് ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് പി. ഗോപാലക്കുറുപ്പിെൻറയും എൽ. പങ്കജാക്ഷിയമ്മയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനനം. ബാല്യകാലം ദാരിദ്ര്യത്തിേൻറതായിരുന്നു. പന്തളം എൻ.എസ്.എസ് കോളജ്, കൊല്ലം എസ്.എൻ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിൽനിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. 19ാം വയസ്സിൽ സി.പി.എം അംഗമായി. എസ്.എഫ്.െഎയുടെ ആദ്യ സംസ്ഥാന പ്രസിഡൻറ്. സംഘടനയുടെ കേന്ദ്ര എക്സിക്യൂട്ടിവിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷ നേതാവ്, ആലപ്പുഴ ജില്ല കൗൺസിൽ പ്രഥമ പ്രസിഡൻറ് തുടങ്ങിയ പദവികളും വഹിച്ചു. നിരവധി ട്രേഡ് യൂനിയനുകളുടെ ഭാഗമായിട്ടുണ്ട്. '96ൽ ആദ്യമായി നിയമസഭയിലെത്തി. 2006ലും, '11ലും '16 ലും അമ്പലപ്പുഴയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കേരള യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമാണ്. ഭാര്യ റിട്ട. കോളജ് പ്രഫസർ ജൂബിലി നവപ്രഭ. മകൻ നവനീത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.