റോമിൽ പൊലിഞ്ഞത് ഗ്ലാസ്ഗോയിൽ തെളിയുമോ?
text_fieldsറോമിൽ ഞായറാഴ്ച ജി20 രാജ്യങ്ങളുടെ ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന ചടങ്ങ് അക്ഷരാർഥത്തിൽ ആ ലോകോത്തരവേദിയുടെയും ആണ്ടോടാണ്ട് ഉച്ചകോടികളുടെയും യാഥാർഥ്യം വെളിപ്പെടുത്തുന്നതായി. മധ്യറോമിലെ ചിരപുരാതനമായ ട്രെവി വെള്ളച്ചാട്ടത്തിലേക്ക് പിന്തിരിഞ്ഞുനിന്നു നാണയമെറിയുന്നതായിരുന്നു ഫോട്ടോ സെഷെൻറ ഭാഗമായി നടന്ന പരിപാടി. റോമിലെ (അന്ധ) വിശ്വാസമനുസരിച്ച് ട്രെവിയിൽ നാണയമെറിഞ്ഞവർ തിരിച്ച് റോമിലെത്തുമെന്നാണ്. പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്തുന്നു എന്നു ചുരുക്കം.
ലോക ജനസംഖ്യയുടെ 60 ശതമാനത്തെ ഉൾക്കൊള്ളുന്ന, ആഗോളവ്യാപാരത്തിെൻറ 75 ശതമാനത്തെയും ലോക പ്രതിശീർഷവരുമാനത്തിെൻറ 80 ശതമാനത്തിലധികത്തെയും പ്രതിനിധാനംചെയ്യുന്ന സുശക്തമായൊരു വേദിയാണ് ജി20. എന്നാൽ, ജനാധിപത്യത്തിലും മാനവനീതിയിലും അധിഷ്ഠിതമായ സഹകരണവും സഹവർത്തിത്വവുമൊക്കെ പ്രഖ്യാപിതമുദ്രാവാക്യങ്ങളാകുേമ്പാഴും പ്രയോഗത്തിൽ അത് അസാധ്യമെന്നു തെളിയിക്കുകയാണ് ഓരോ ഉച്ചകോടിയും. റോം കൂട്ടായ്മയും അതിൽനിന്നു മാറിയില്ല എന്നാണ് നേതൃതലത്തിലെതന്നെ നിരാശയും കഴമ്പില്ലാത്ത പ്രഖ്യാപനവും തെളിയിക്കുന്നത്. സുസ്ഥിരവികസനം മുതൽ വിവരവിനിമയത്തിലെ വിടവ് (ഡേറ്റ ഗ്യാപ്) നികത്തുന്നതടക്കമുള്ള ആകാശച്ചോട്ടിലെ സകലമാന വിഷയങ്ങളും ദ്വിദിന ഉച്ചകോടിയിലും മുന്നോടിയായി നടന്ന ഉന്നതതല യോഗങ്ങളിലുമായി ചർച്ചചെയ്യപ്പെട്ടതായി പ്രഖ്യാപനം പറയുന്നു.
ഉദാഹരണത്തിന്, കോവിഡ് മഹാമാരിയെ നേരിടുന്ന വിഷയത്തിൽ കൃത്യമായ കണക്കുകളോടെയുള്ള തീർപ്പിലെത്താൻ ഉച്ചകോടി ശ്രമിച്ചു. ലോകരാജ്യങ്ങളിൽ ജനസംഖ്യയുടെ 40 ശതമാനത്തിന് ഈ വർഷാന്ത്യത്തോടെ വാക്സിനേഷൻ പൂർത്തീകരിക്കുകയും അടുത്ത കൊല്ലം അത് 70 ശതമാനത്തിലെത്തിക്കുകയും ചെയ്യാൻ തീരുമാനമെടുത്തു. വികസ്വരരാജ്യങ്ങളിലും ദരിദ്ര, പിന്നാക്കരാജ്യങ്ങളിലും വാക്സിൻ വേണ്ടത്ര ലഭ്യമാക്കാനുള്ള വഴികൾ ലഘൂകരിക്കാനും ധാരണയായി. കോവിഡ് കൂടാതെ കാലാവസ്ഥ വ്യതിയാനം, അന്താരാഷ്ട്ര നികുതി, ആഗോളസമ്പദ്ഘടന, ദരിദ്രരാജ്യങ്ങൾക്കുള്ള സഹായം എന്നിവയായിരുന്നു ജി20 ചർച്ചക്കെടുത്ത മുഖ്യവിഷയങ്ങൾ. ഇതിൽ കോവിഡ് വാക്സിൻ, ദുരിതാശ്വാസനിധി വിഷയത്തിലെ സമവായമോ സഹകരണമോ ഇതര വിഷയങ്ങളിൽ കണ്ടില്ല. പ്രശ്നങ്ങളെല്ലാവരും എടുത്തുപറയുകയും പരിഹാരത്തിലേക്ക് വിരൽചൂണ്ടുകയും ചെയ്തെങ്കിലും അതിൽ നിയതമായ തീർപ്പിലെത്താൻ ആരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായില്ല. അതിൽ പ്രധാനം കാലാവസ്ഥ വ്യതിയാനംതന്നെ. പ്രത്യേകിച്ചും തൊട്ടുടനെ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഈ വിഷയത്തിൽ വിശദമായ ഉച്ചകോടി ആരംഭിക്കുന്ന പശ്ചാത്തലത്തിൽ. കാർബൺ നിർഗമനം മൂലമുള്ള ആഗോളതാപനത്തിെൻറ തോത് 1.5 ഡിഗ്രി സെൽഷ്യസിൽ എത്തിക്കണമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ, അതിെൻറ സമയപരിധി എപ്പോൾ, ആര് ആദ്യം എന്നീ കാര്യങ്ങളിൽ എല്ലാവരും അപരരെ ചൂണ്ടുന്ന നിലയാണിപ്പോഴുമെന്ന് റോമിൽ വീണ്ടും തെളിഞ്ഞു.
കാർബൺ നിർഗമനം നിർമൂലനം ചെയ്യാൻ ഈ നൂറ്റാണ്ടിെൻറ പാതിയോ അതിനുമപ്പുറമോ സമയം വേണ്ടിവരും എന്ന് അഴകൊഴമ്പനായി പറഞ്ഞവസാനിപ്പിക്കുകയായിരുന്നു പ്രഖ്യാപനം. 2030ൽ കാർബൺ നിർഗമനം പാതിയായും 2050 നിശ്ശേഷമായും നിർമൂലനം ചെയ്യുകയെന്ന നേരത്തേയുള്ള ധാരണയിൽനിന്നാണ് ഇപ്പോൾ വൻകിട രാജ്യങ്ങൾ പിന്നാക്കംപോകുന്നത്. അമേരിക്കയടക്കം 'പ്രതിപ്പട്ടിക'യിലുള്ള അതിസമ്പന്ന രാജ്യങ്ങൾ സമയപരിധി 2050 ആയി തിരുത്തണമെന്നു വാദിക്കുന്നു. ചൈനയും സൗദി അറേബ്യയുമടക്കം വേറെ ചില നാടുകൾ അത് 2060 ആകട്ടെയെന്നു അഭിപ്രായപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം ലോകത്തിെൻറ നട്ടെല്ലു തകർക്കുന്ന വൻ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കാനിടയാക്കുന്നത് കണ്ടുകൊണ്ടിരിക്കെതന്നെയാണ് ഈയൊരു അമാന്തം എന്നതാണ് വിരോധാഭാസം. 20 പേജ് നീളുന്ന റോമാ പ്രഖ്യാപനത്തിൽ പരാമർശിക്കുന്ന ലോകത്തിെൻറ കുളം തോണ്ടാൻപോന്ന ദുരന്തങ്ങളിലധികത്തിനും നിമിത്തമായ ഗുരുതരരോഗത്തിെൻറ ചികിത്സ നിർണയിക്കുന്നതിലാണ് വികസിത, വികസ്വരരാജ്യങ്ങളുടെ ഈ അലംഭാവം എന്നോർക്കണം. പുതുതലമുറ പരിസ്ഥിതി ആക്ടിവിസ്റ്റുകളായ ഗ്രെറ്റ തുൻബെർഗും വനേസ നകാതെയും കഴിഞ്ഞ ദിവസം ലോകമാധ്യമങ്ങൾക്കെഴുതിയ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടിയത് സമയനിർണയത്തിെൻറ പ്രാധാന്യമാണ്. ഇക്കാര്യത്തിൽ വൻശക്തിരാജ്യങ്ങൾതന്നെ അന്യോന്യം ഉടക്കിനിൽക്കുകയാണ്. ഈ വിഷയത്തിൽ ഒരു ഒത്തുതീർപ്പിലെത്താതെയാണ് ഇന്നലെ മുതൽ ഗ്ലാസ്ഗോയിലെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി ആരംഭിച്ചിരിക്കുന്നത്. കാതലായ വല്ല മാറ്റത്തിനും ഗ്ലാസ്ഗോയിലെ സി.ഒ.പി-26 സാക്ഷ്യം വഹിക്കുമോ എന്നു കണ്ടറിയണം.
ഉച്ചകോടിയിൽ സജീവമായി പങ്കുകൊണ്ടവർതന്നെ പ്രസക്തിയെ ചോദ്യംചെയ്യുന്ന വിരോധാഭാസവും റോമിൽ കണ്ടു. ഗ്ലാസ്ഗോയിലെ സി.ഒ.പി 26 (കോൺഫറൻസ് ഓഫ് പാർട്ടീസ്) കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയൻകൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റോം പ്രഖ്യാപനം അപര്യാപ്തമാണെന്നും ഗ്ലാസ്ഗോകൂടി പരാജയപ്പെട്ടാൽ എല്ലാം തുലയുമെന്നും തുറന്നടിച്ചു. റോമിൽ എല്ലാം തുടങ്ങിയതേയുള്ളൂ എന്നാണ് ജി20െൻറ ആതിഥേയനായ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ റാഗി പറഞ്ഞത്. നാലുകൊല്ലം മുമ്പ് വേദിയെ യു.എസ് പ്രസിഡൻറ് ട്രംപ് നിരർഥകമാക്കിയ നിലയിൽനിന്ന് ഈ വേദി ഒരടി മുന്നോട്ടുപോയില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡൻറിെൻറ നിരാശ. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് കൊതിച്ചതൊന്നും നേടാതെയാണ് റോം വിടുന്നതെന്ന് തെൻറ നീരസവും പ്രകടിപ്പിച്ചു. ചുരുക്കത്തിൽ, കാര്യമായ പ്രതീക്ഷയൊന്നും നൽകിയില്ലെന്നുതന്നെയല്ല, വല്ലതും കാത്തിരുന്നവരെ നിരാശയിലേക്കു തള്ളിവിടുന്നതായി റോമിലെ ഉച്ചകോടി. പോപ് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടിയതുപോലെ മുൻഗണനകളെക്കുറിച്ച പുനരാലോചനക്ക് സമയമായിരിക്കുന്നു. എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ട സമയമാണിത്. ആ ഒരു യാഥാർഥ്യബോധത്തിലേക്ക് 120 രാഷ്ട്രങ്ങൾ ഒത്തുചേരുന്ന ഗ്ലാസ്ഗോ ഉച്ചകോടിയെങ്കിലും ഉണരുമോ, അതോ ട്രെവിയിലെ നാണയമേറ് അറംപറ്റി എല്ലാം തുടങ്ങിയേടത്തുതന്നെ വന്നുനിൽക്കുമോ എന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.