ഗെയിൽ സമരം: സർക്കാർ സമചിത്തത കാണിക്കണം
text_fieldsകൊച്ചിയിലെ എൽ.എൻ.ജി ടെർമിനലിൽനിന്ന് പ്രകൃതിവാതകം ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലേക്കെത്തിക്കാൻ 505 കിലോമീറ്റർ നീളത്തിൽ കേരളത്തിലെ വടക്കൻ ജില്ലകളിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള പ്രോജക്ടാണ് ഗെയിൽ പൈപ്പ്ലൈൻ പദ്ധതി. ഒ.എൻ.ജി.സി, ബി.പി.സി.എൽ, ഐ.ഒ.സി, ഗെയിൽ എന്നിവ ചേർന്ന് രൂപവത്കരിച്ച പെേട്രാനെറ്റ് എന്ന കമ്പനിയാണ് ഇതിെൻറ പ്രായോജകർ. പൈപ്പ്ലൈൻ സ്ഥാപിക്കൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിെൻറ (ഗെയിൽ) ചുമതലയാണ് എന്നതിനാൽ ആ പേരിലാണ് അത് അറിയപ്പെടുന്നത്. 2007ൽ കേരള വ്യവസായ വികസന കോർപറേഷനും കേന്ദ്ര പെേട്രാളിയം മന്ത്രാലയവും ഒപ്പുവെച്ച കരാർപ്രകാരമാണ് ഈ പദ്ധതി. എന്നാൽ, അടുത്ത ദിവസങ്ങളിലായി ഗെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടുവരുന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണ്. പൈപ്പ്ലൈൻ കടന്നുപോവുന്ന പ്രദേശങ്ങളിലെ ജനങ്ങൾ പദ്ധതിക്കെതിരെ കൂട്ടമായി രംഗത്തുവന്നതും അതിനെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയുമാണ് വിവാദത്തിന് അടിസ്ഥാനം.
ജനസാന്ദ്രമായ പ്രദേശങ്ങളിലൂടെയാണ് പൈപ്പ്ലൈൻ കടന്നുപോവുന്നത്. 1962ലെ പെേട്രാളിയം ആൻഡ് മിനറൽ പൈപ്പ്ലൈൻ ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചാണ് പൈപ്പിടൽ നടക്കേണ്ടത്. എന്നാൽ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പൈപ്പിടൽ പണി തകൃതിയായി നടക്കുന്ന പ്രദേശങ്ങളിലൊന്നും ഈ വ്യവസ്ഥകൾ ഒന്നും പാലിക്കുന്നില്ല. ആക്ട് പ്രകാരം പൈപ്പ് ഇടാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥന്, ഭൂമി ഏറ്റെടുക്കുന്നുവെന്ന വിവരം അറിയിക്കുന്ന നോട്ടീസ് (ത്രീ വൺ നോട്ടീസ്) നൽകണം. തുടർന്ന്, പരാതിയുണ്ടെങ്കിൽ അത് സർക്കാർ നിശ്ചയിക്കുന്ന ഉത്തരവാദപ്പെട്ട ഏജൻസി/ഉദ്യോഗസ്ഥൻ മുമ്പാകെ ബോധിപ്പിക്കാൻ വ്യക്തിക്ക് അവകാശമുണ്ട്. തദാവശ്യാർഥം ഹിയറിങ് നടത്താൻ സർക്കാറിന് ബാധ്യതയുണ്ട്. ഈ ഹിയറിങ്ങിനെ തുടർന്ന് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനമെങ്കിൽ ഫോർ വൺ നോട്ടീസ് നൽകണം. സ്ഥലത്തിെൻറ ഉടമസ്ഥാവകാശം വ്യക്തിയിൽ നിക്ഷിപ്തമാക്കുകയും കൈവശാവകാശം ബന്ധപ്പെട്ട സ്ഥാപനത്തിന് ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഈ ഏറ്റെടുക്കൽ പ്രക്രിയ. ആധാരവിലയുടെ പത്തിലൊന്നും ഭൂമിയിൽനിന്ന് നശിപ്പിക്കുന്ന വൃക്ഷങ്ങളുൾപ്പെടെയുള്ളവയുടെ വിലയും നഷ്ടപരിഹാരമായി നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഈ നഷ്ടപരിഹാരത്തുക നിജപ്പെടുത്തിയശേഷം ഏറ്റെടുക്കുന്ന ഭൂമിയുടെ സ്കെച്ച് സഹിതം ബന്ധപ്പെട്ട വ്യക്തിക്ക് സിക്സ് വൺ നോട്ടീസ് അയക്കുന്നതോടുകൂടിയാണ് ഭൂമിയേറ്റെടുക്കൽ പ്രക്രിയ പൂർത്തിയാവുന്നത്. എന്നാൽ, ഈ കാര്യങ്ങളൊന്നും ഗെയിൽ പൈപ്പ്ലൈനിെൻറ കാര്യത്തിൽ കേരള സർക്കാർ പാലിക്കുന്നില്ല എന്നതാണ് വാസ്തവം. സായുധ പൊലീസിെൻറ അകമ്പടിയോടെ മണ്ണുമാന്തിയന്ത്രവുമായി പുരയിടങ്ങളിലും കൃഷിഭൂമികളിലും ഇടിച്ചുകയറി കിളച്ചുകീറി പൈപ്പിടുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതായത്, ഭൂമി ഏറ്റെടുക്കലല്ല, സർക്കാർവിലാസം ഭൂമികൈയേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഈ ശൈലി ജനരോഷം വിളിച്ചുവരുത്തുക സ്വാഭാവികം.
ജനങ്ങളുടെ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് മർദിച്ചൊതുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മലപ്പുറത്തെ മാറാക്കര, കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവ്, കണ്ണൂരിലെ പുറവൂർ എന്നിവിടങ്ങളിൽ സമരംചെയ്യുന്ന ഗെയിൽ ഇരകളോട് പൊലീസ് സ്വീകരിച്ച സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തലമുറകളായി വസിച്ചുകൊണ്ടിരിക്കുന്ന ഭൂമി തങ്ങൾക്ക് നഷ്ടപ്പെടുന്നതിെൻറ വേദനയുമായാണ് ജനങ്ങൾ കഴിയുന്നത്. 20 മുതൽ 30 വരെ മീറ്റർ വീതിയിലാണ് സർക്കാർ ഭൂമി അധീനപ്പെടുത്തുന്നത്. പൈപ്പിട്ട ഭൂമിയിൽ പിന്നീട് നിർമാണപ്രവർത്തനം നടത്താൻ പാടില്ല എന്നു മാത്രമല്ല, വലിയ മരങ്ങൾ നടാൻപോലും പാടില്ല. ഇതിനു സമീപത്ത് പിന്നീട് നിർമാണപ്രവർത്തനം നടത്തണമെന്നുണ്ടെങ്കിൽ ഗെയിലിെൻറ എൻ.ഒ.സി വാങ്ങിച്ചിരിക്കണം. വിചിത്രമായ കാര്യം, പെേട്രാളിയം ആൻഡ് മിനറൽ പൈപ്പ്ലൈൻ ആക്ട് പ്രകാരം പൈപ്പ്ലൈൻ കടന്നുപോവുന്ന ഭൂമിയുടെ ഉടമസ്ഥനാണ് പ്രസ്തുത സ്ഥലത്തെ പൈപ്പിെൻറ സുരക്ഷയുടെ ഉത്തരവാദിത്തം. ഏതാനും സെൻറുകളിൽ വീടുവെച്ച് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരെ ഇതെല്ലാം ഭയപ്പെടുത്തുന്ന യാഥാർഥ്യങ്ങളാണ്. ആശങ്കകളെ അകറ്റുന്നതിന് പകരം തെരുവുരാഷ്ട്രീയക്കാരനെപ്പോലെ ഭീഷണിപ്പെടുത്തി കാര്യം നടപ്പാക്കാനാണ് സാക്ഷാൽ മുഖ്യമന്ത്രിതന്നെ ശ്രമിക്കുന്നത്. ഗെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഓരോ പ്രസ്താവനക്കും ഭീഷണിയുടെയും ധിക്കാരത്തിെൻറയും സ്വരമാണുള്ളത്.
ഇരകളായ ജനങ്ങൾ സമരം ശക്തമാക്കിയതോടെ ഭരണ കക്ഷിയായ സി.പി.എം പതിവ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ്. സമരക്കാരെല്ലാം തീവ്രവാദികളാണ് എന്നാണ് അവരുടെ വാദം. യഥാർഥത്തിൽ, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി ഗെയിൽ സമരത്തിന് സംസ്ഥാനതലത്തിൽ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശികതലങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സമരക്കാരോടൊപ്പമാണ്. എന്നല്ല, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പല പ്രദേശങ്ങളിലും സി.പി.എം തന്നെ ഗെയിൽ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തങ്ങൾ ഭരണത്തിലിരിക്കുമ്പോൾ ഉയരുന്ന ജനകീയ സമരങ്ങളെയെല്ലാം തീവ്രവാദമായി മുദ്രകുത്തി വേട്ടയാടുന്ന സി.പി.എം സമീപനം തികഞ്ഞ അൽപത്തമാണ്.
വ്യവസായ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ പ്രകൃതിവാതകം ലഭ്യമാക്കുന്ന പദ്ധതി നാടിെൻറ പൊതുവായ ആവശ്യംതന്നെയാണ്. പക്ഷേ, നാടെന്നു പറഞ്ഞാൽ സമരം ചെയ്യുന്ന നാട്ടുകാരും ചേർന്നതാണ്. കേരളത്തിലേതുപോലെ ജനസാന്ദ്രതയില്ലാത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ, ഗെയിൽ പൈപ്പ്ലൈൻ ജനവാസകേന്ദ്രങ്ങളിലൂടെ അനുവദിക്കില്ല എന്ന നിലപാട് സംസ്ഥാന സർക്കാർ തന്നെയാണ് എടുത്തത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. അവർക്ക് ആശങ്കയും പ്രതിഷേധവുമുണ്ട്. ഇതിനെയെല്ലാം പൊലീസ്ശക്തി ഉപയോഗിച്ച് ഇല്ലാതാക്കിക്കളയാമെന്നത് ജനാധിപത്യവിരുദ്ധ നിലപാട് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.