കളിക്കളത്തിലെ ‘ഗസ്സ’; ഗാലറിയിലെ ‘ജയ് ശ്രീറാം’
text_fieldsഖത്തർ ലോകകപ്പ് ഫുട്ബാളിൽ സെമിഫൈനലിലെത്തി ചരിത്രംസൃഷ്ടിച്ച മൊറോക്കൻ ടീമിലെ പ്രധാന കളിക്കാരിലൊരാളായിരുന്നു നുസൈർ മസ്റൂവി എന്ന 25കാരൻ. ടൂർണമെന്റിൽ മൊറോക്കോയുടെ ഏഴു കളികളിൽ അഞ്ചിലും നുസൈർ ആദ്യ ഇലവനിലുണ്ടായിരുന്നു. പ്രതിരോധനിരയിൽ സ്വയമൊരു വൻമതിലായി ഉയർന്നുനിന്ന ആ ചെറുപ്പക്കാരനുമുന്നിൽ സ്പെയിനിന്റെയും ബെൽജിയത്തിന്റെയും ക്രൊയേഷ്യയുടെയും താരങ്ങൾ നിഷ്പ്രഭരായിപ്പോയതിന് ഫുട്ബാൾ ലോകം സാക്ഷി; സാക്ഷാൽ എംബാപെ പോലും ആ പ്രതിരോധ മതിലിൽ പലകുറി തട്ടിവീണു. ദേശീയ ടീമിനുവേണ്ടിയുള്ള പ്രകടനം നുസൈർ തന്റെ ക്ലബായ ജർമനിയിലെ ബയേൺ മ്യൂണിക്കിലും ആവർത്തിച്ചു.
ജർമൻ ലീഗായ ബുണ്ടസ് ലീഗിൽ മികച്ച ഫോമിൽ തുടരുന്ന നുസൈറിനെ കുറച്ചുദിവസമായി കോച്ച് തോമസ് തുഷേൽ പരിശീലന ക്യാമ്പിലേക്കുപോലും അടുപ്പിക്കുന്നില്ലത്രെ. പരിക്കോ ഫോമില്ലായ്മയോ അല്ല കാരണം. ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടതാണ് വിഷയം. ‘ഫലസ്തീനിലെ സഹോദരങ്ങളെ സഹായിക്കണേ’ എന്ന പ്രാർഥനയോടെ ഇൻസ്റ്റഗ്രാമിൽ നുസൈർ പോസ്റ്റ് ചെയ്ത വിഡിയോയുടെ പേരിൽ ടീം മാനേജ്മെന്റിനെ രാജ്യത്തെ ഇസ്രായേൽ അനുകൂലികളായ രാഷ്ട്രീയകക്ഷികൾ സമ്മർദത്തിലാക്കിയത്രെ. സമ്മർദത്തിന് വഴങ്ങി അവർ നുസൈറിനെ മാറ്റിനിർത്തുകയും ചെയ്തു. യൂറോപ്പിന്റെ കളിമൈതാനങ്ങളിലെ ഒറ്റപ്പെട്ട അനുഭവമല്ല നുസൈറിന്റേത്. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ ചുരുങ്ങിയത് ഡസനിലധികം കളിക്കാർക്കെങ്കിലും സമാന അനുഭവമുണ്ട്.
നെതർലൻഡ്സ് താരം അൻവർ അൽ ഗാസിയാണ് ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ സസ്പെൻഷൻ നേരിട്ട മറ്റൊരാൾ. ജർമൻ ക്ലബായ മെയിൻസിന്റെ കളിക്കാരനായ അൽഗാസി ‘ഫലസ്തീൻ സ്വതന്ത്രമാകും’ എന്ന വരികളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റും മാനേജ്മെന്റിനെ പ്രകോപിപ്പിച്ചുവത്രെ. ഫ്രാൻസിൽനിന്നുമുണ്ട് സമാനമായ വാർത്തകൾ. അവിടെ ലീഗ് വൺ ക്ലബായ നിസിന്റെ അൽജീരിയൻ കളിക്കാരൻ യൂസുഫ് അത്താലിനെ പുറത്താക്കിയതും ഗസ്സയിൽ കൊല്ലപ്പെട്ട കുരുന്നുകൾക്കു വേണ്ടി സംസാരിച്ചതിനാണ്. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ പ്രസംഗത്തിന്റെ വിഡിയോ അത്താൽ പങ്കുവെച്ചതും വലിയൊരു കുറ്റകൃത്യമായി ക്ലബ് അധികൃതർ പറയുന്നുണ്ട്. സാധാരണഗതിയിൽ, കളിക്കളങ്ങളിലും ഗാലറികളിലും ഇത്തരം ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ പതിവുള്ളതാണ്.
മിക്ക സോക്കർ മത്സരങ്ങളും തുടങ്ങുന്നതുതന്നെ വംശീയതക്കെതിരായ പ്രതിജ്ഞയോടെയാണ്. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കും അഭയാർഥികൾക്കും പിന്തുണ പ്രഖ്യാപിച്ചും പ്രകൃതിദുരന്തങ്ങൾക്കും മറ്റും ഇരയാവരെ ഓർമിച്ചുമൊക്കെ കായികമത്സരവേദികൾ മാനവികതയുടെ മഹോന്നത അനുഭവങ്ങളായി മാറുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഫലസ്തീനിന്റെ കാര്യം തന്നെയെടുത്താൽ, ഇതിഹാസ താരം ക്രിസ്റ്റ്യനോ റൊണാൾഡോ അടക്കമുള്ള എത്രയോ കളിക്കാർ ആ ജനതക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഇക്കുറി കളിക്കളങ്ങളിൽ വിദ്വേഷത്തിന്റെയും ആക്രോശത്തിന്റെയും ശബ്ദമാണ് ഉയർന്നുകേൾക്കുന്നത്. ഏതെങ്കിലും കളിക്കാർ ദുരന്തമുഖത്തുള്ളവർക്ക് പിന്തുണയുമായി വന്നാൽ അവർക്കുനേരെയും വിദ്വേഷപ്രചാരണം കൊഴുക്കുന്നു.
ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊളായ കരീം ബെൻസേമക്കുനേരെ ഇപ്പോൾ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വംനൽകുന്നത് ആ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിൻ ആണ്. ഫലസ്തീൻ അനുകൂലിയായ ബെൻസേമയുടെ ഫ്രഞ്ച് പൗരത്വം എടുത്തുകളയണമെന്നാണ് മന്ത്രിയുടെ ആവശ്യം. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളർക്ക് ലഭിക്കുന്ന ബാലൺ ഡി ഓർ ബെൻസേമയിൽനിന്ന് തിരിച്ചുവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
കുറച്ചുകാലമായി യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന പൊതുശീലത്തിന്റെ തുടർച്ചയായി പുതിയ സംഭവവികാസങ്ങളെയും നോക്കിക്കാണാം. തീവ്ര വലതുപക്ഷമാണ് ഏതാനും വർഷങ്ങളായി യൂറോപ്യൻ രാഷ്ട്രീയത്തെ ഇപ്പോൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയും മുഖമുദ്രയാക്കിയ ഇക്കൂട്ടരുടെ വീക്ഷണത്തിൽ ഗസ്സയിലെ മുസ്ലിംകളൊന്നും ഭൂമുഖത്ത് ജീവിക്കാനേ അർഹതയില്ലാത്തവരാണ്. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരുടെ കാര്യം പിന്നെ പറയാനുണ്ടോ?
തുർക്കിയ പ്രസിഡന്റ് ഉർദുഗാനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിന്റെ പേരിലാണ് ജർമൻ താരം മെസ്യൂട്ട് ഒസീൽ ‘വിചാരണ’ ചെയ്യപ്പെട്ടത്. 2018ലെ ലോകകപ്പിൽ ആദ്യ റൗണ്ടിൽതന്നെ ദയനീയമായി തോറ്റ് പുറത്താക്കപ്പെട്ടപ്പോഴും മുസ്ലിം കുടിയേറ്റക്കാർ രാജ്യത്തെ തോൽപിച്ചുവെന്ന് ആക്ഷേപിച്ച് ഒസീലിനെ അവർ കുരിശിലേറ്റി. ഒടുവിൽ സഹികെട്ട് അയാൾ കളിതന്നെ മതിയാക്കുകയായിരുന്നു. ടീം ജയിക്കുമ്പോൾ ജർമൻകാരനും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമാകുന്ന പ്രവണത സഹിക്കാവുന്നതിലുമപ്പുറമാണെന്ന് അന്ന് അയാൾ പ്രതികരിച്ചു. കുടിയേറ്റക്കാരും കറുത്തവരും മുസ്ലിംകളുമൊക്കെ ആയതിന്റെ പേരിൽ പലരും യൂറോപ്യൻ കളിമൈതാനത്ത് പലകുറി അധിക്ഷേപത്തിനിരയായിട്ടുണ്ട്.
ഗസ്സയിൽ ഇസ്രായേലിന്റെ സമാനതകളില്ലാത്ത നരമേധമാണെങ്കിൽ, അതിന് ഐക്യദാർഢ്യമെന്നോണം നവനാസികൾ യൂറോപ്പിന്റെ കളിക്കളങ്ങളിൽ വിദ്വേഷത്തിന്റെയും വംശീയതയുടെയും തീമഴ വർഷിക്കുകയാണ്. അതിന്റെ അനുരണനങ്ങൾ നമ്മുടെ രാജ്യത്തും അലയടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദിവസങ്ങൾക്കുമുമ്പ്, അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ ഗാലറിയിൽനിന്നുകേട്ട ‘ജയ് ശ്രീ റാം’ വിളികൾ മറ്റൊന്നുമല്ല. പാകിസ്താന്റെ മുഹമ്മദ് റിസ്വാൻ ഔട്ടായി പവിലിയനിലേക്ക് മടങ്ങുമ്പോഴാണ് ആക്രോശങ്ങളുടെ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടത്. തൊട്ടുമുന്നത്തെ കളിയിൽ റിസ്വാൻ ഇടവേളയിൽ ഗ്രൗണ്ടിൽവെച്ച് നമസ്കരിച്ചതാണത്രെ ‘ആരാധക’രെ പ്രകോപിപ്പിച്ചത്. 2011ലെ ലോകകപ്പിൽ, ഇന്ത്യ-പാക് മത്സരം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള വേദിയാക്കി മാറ്റിയ ഭരണകൂടമായിരുന്നു നമ്മുടേത്. ഒരു വ്യാഴവട്ടക്കാലംകൊണ്ട് നമ്മുടെ ഗാലറികൾക്കുണ്ടായ മാറ്റം നോക്കൂ. ലജ്ജിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.