Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമത-രാഷ്ട്രീയ...

മത-രാഷ്ട്രീയ സമന്വയത്തിന്റെ സൗമ്യ മാതൃക

text_fields
bookmark_border
മത-രാഷ്ട്രീയ സമന്വയത്തിന്റെ സൗമ്യ മാതൃക
cancel

സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയുടെ സാരഥിയും ഒപ്പം ആയിരത്തിലധികം പള്ളിമഹല്ലുകളുടെ ആത്മീയ നേതാവും ഏറ്റവും വലിയ മുസ്‍ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഞായറാഴ്ച ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ അന്യാദൃശമായ ഒരു വ്യക്തിത്വമാണ് കേരളത്തിന് നഷ്ടപ്പെട്ടത്.

മതരാഷ്ട്രവാദം തീവ്ര ചർച്ചവിഷയമായ ഒരു സന്ദർഭത്തിൽ രണ്ടിനെയും കൂട്ടിക്കുഴക്കാതെ ഒരേസമയം മതനേതാവും രാഷ്ട്രീയനേതാവുമെന്ന നിലയിൽ നിർവിവാദനായി നിലകൊള്ളാൻ ഹൈദരലി ശിഹാബിനെപോലുള്ള ഒരു സൗമ്യ സാന്നിധ്യത്തിനേ സാധ്യമാവൂ എന്നുറപ്പിച്ചു പറയാം. 20 നിയമസഭ സാമാജികരും അഞ്ച് മന്ത്രിമാരുമായി മുസ്‍ലിംലീഗ് അഭൂതപൂർവമായ നേട്ടം കൈവരിച്ച ഘട്ടത്തിൽ ഹൈദരലി തങ്ങളായിരുന്നു പാർട്ടിയുടെ സംസ്ഥാനാധ്യക്ഷൻ. ലീഗിന്റെ അഞ്ചാം മന്ത്രിപദവി കടുത്ത വിവാദവും വിമർശനവുമുയർത്തിയ സന്ദർഭത്തിൽ പുതുതായി ഒരു വകുപ്പും അവകാശപ്പെടാതെ മന്ത്രിസഭയിൽ അർഹമായ എണ്ണം മാത്രം അനുവദിച്ചാൽ മതി എന്ന ഫോർമുലയിലൂടെ പ്രശ്നം പരിഹരിച്ചത് അദ്ദേഹത്തിന്റെ വിവേകപൂർവമായ ഇടപെടലിലൂടെയാണ്.

അതുപോലെ, യു.ഡി.എഫിൽ മുസ്‍ലിംലീഗിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് പാർട്ടിക്കുള്ളിൽ പ്രശ്നവത്കരിക്കപ്പെട്ടപ്പോൾ നിർണായകമായതും അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ബന്ധപ്പെട്ട സമിതികളിൽ വേണ്ടത്ര ചർച്ചക്കവസരം നൽകിയശേഷം അന്തിമതീരുമാനം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കുക എന്ന മുസ്‍ലിംലീഗിലെ വഴക്കം പാർട്ടിയെ പല പ്രതിസന്ധികളിലും രക്ഷിച്ചിട്ടുണ്ടെന്നതാണ് അനുഭവം. പാണക്കാട് തങ്ങൾ കുടുംബത്തിന്റെ സാരഥ്യമാണ് ഇതിന് വഴിയൊരുക്കുന്നത്.

സെക്കുലർ രാഷ്ട്രീയ പാർട്ടിയും യു.ഡി.എഫിലെ ഘടകവുമായിരിക്കെ തന്നെ സംസ്ഥാനത്തെ ഏറ്റവും അംഗസംഖ്യയുള്ള മതന്യൂനപക്ഷ സമുദായമാണ് മുസ്‍ലിംലീഗിന്റെ മുഖ്യഭൂമിക. അതുകൊണ്ട് ആ സമുദായത്തിന്റെ ഭരണഘടനാദത്തമായ അവകാശങ്ങളുടെ സംരക്ഷണവും ആവശ്യങ്ങളുടെ നേടിയെടുപ്പും പാർട്ടിയുടെ അനിഷേധ്യ അജണ്ടയാവുക സ്വാഭാവികമാണ്. ഈ അജണ്ടക്കുവേണ്ടിയുള്ള നിയമാനുസൃത പോരാട്ടത്തിൽ സമുദായത്തിലെ മത-സാംസ്കാരിക സംഘടനകളുമായി സഹകരിക്കേണ്ടിവരും; വിശിഷ്യാ, മതന്യൂനപക്ഷങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും കഠിനമായി ചോദ്യംചെയ്യപ്പെടുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ.

പൗരത്വനിഷേധം, വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം, മുസ്‍ലിം പെൺകുട്ടികളുടെ ശിരോവസ്ത്രാവകാശം പോലുള്ളതാണ് ഒടുവിലത്തെ പ്രശ്ന ഉദാഹരണങ്ങൾ. ഇത്തരം വിഷയങ്ങളിൽ മുസ്‍ലിംലീഗ് സമുദായത്തിന്റെ പൊതുകൂട്ടായ്മ ഭാഗമാവുന്നതിനെ അസഹിഷ്ണുതയോടെ നോക്കിക്കാണേണ്ടതേ അല്ല. മറുവശത്ത്, മതസംഘടനകൾക്കിടയിലെ ഭിന്നതകളും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ പ്രശ്നമാവേണ്ടതല്ല. ഈ രണ്ടു വശങ്ങളും അവധാനപൂർവം വിലയിരുത്തി സമാധാനപരവും എന്നാൽ, പ്രായോഗികവുമായ നിലപാടുകൾ ഒരേയവസരത്തിൽ മുസ്‍ലിംലീഗിന്റെയും സമസ്തയുടെയും തലപ്പത്തിരുന്ന് സ്വീകരിക്കാൻ സാധിച്ചതാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മാതൃകയും നേട്ടവും.

വർഷംതോറും അദ്ദേഹം സംഘടിപ്പിച്ചിരുന്ന ഇഫ്താർ പാർട്ടികളിൽ വിവേചനെമന്യേ മത-രാഷ്ട്രീയ സംഘടന നേതാക്കളെയും പ്രതിനിധികളെയും ക്ഷണിക്കാറുണ്ടായിരുന്നത് അകന്നുനിൽക്കുന്ന മനസ്സുകളെ കൂട്ടിയിണക്കാൻ കൂടിയായിരുന്നു എന്നോർക്കുന്നത് നന്നായിരിക്കും.

താൻ ജീവിതാന്ത്യം വരെ നയിച്ച പാർട്ടിയുടെ രാഷ്ട്രീയശക്തിയും പ്രസക്തിയും തളർത്താനോ തകർക്കാനോ ആസൂത്രിതനീക്കം നടക്കുന്ന സന്ദിഗ്ധഘട്ടത്തിലാണ് ഹൈദരലി തങ്ങളുടെ വേർപാട്. അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനമേൽക്കാനിരിക്കുന്ന സ്വന്തം സഹോദരനും സഹോദരനോടൊപ്പം നിൽക്കുന്ന നേതാക്കളും അനുയായികളും അതേപ്പറ്റി വേണ്ടവിധം ബോധവാന്മാരായിരിക്കും എന്നാണ് കരുതേണ്ടത്.

മതിയായ ജാഗ്രതയോടും ദീർഘദൃഷ്ടിയോടും കൂടി പ്രതിസന്ധി തരണം ചെയ്യാനും സാമുദായിക സൗഹാർദത്തിന്റെ മഹനീയ മാതൃക ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിന്റെയാകെ നന്മക്കായി നിലകൊള്ളാനും ഹൈദരലി ശിഹാബ് തങ്ങളുടെ ദീപ്തസ്മരണ പ്രചോദനമാവട്ടെ എന്നു പ്രാർഥിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkad Hyderali Shihab Thangal
News Summary - Gentle model of religious-political harmony
Next Story