‘ഘർ വാപസി’ പീഡനകേന്ദ്രവും സർക്കാറിന്റെ നിസ്സംഗതയും
text_fieldsസ്വാഭീഷ്ടപ്രകാരം അന്യമതത്തിൽപെട്ട യുവാക്കളെ വിവാഹം കഴിച്ചവരും മറ്റ് വിശ്വാസങ്ങൾ തെരഞ്ഞെടുത്തവരുമായ ഹിന്ദു യുവതികളെ മനം മാറ്റാനെന്ന പേരിൽ എറണാകുളം ഉദയംപേരൂരിലെ കണ്ടനാട്ട് പ്രവർത്തിക്കുന്ന, ശിവശക്തി യോഗ സെൻറർ, ആർഷ വിദ്യാസമാജം എന്നീ പേരുകളിലറിയപ്പെടുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ക്രിസ്ത്യൻ മതത്തിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച കണ്ണൂരുകാരിയായ ആയുർവേദ ഡോക്ടറായ യുവതി, തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് ആ കേന്ദ്രത്തിൽ നടക്കുന്ന മനുഷ്യത്വഹീനമായ ക്രൂരതകൾ പുറംലോകം അറിയുന്നത്. അന്യമതത്തിൽപെട്ട ജീവിതപങ്കാളികളെ ഒഴിവാക്കാനും മതംമാറിയവരെ പൂർവമതത്തിലേക്ക് തിരിച്ചുകൊണ്ടുപോവാനും (ഘർ വാപസി) ഭീകരമായ മർദനമുറകളടക്കമുള്ള ഉപാധികളാണ് ആ കേന്ദ്രം സ്വീകരിച്ചുപോരുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
തന്നെക്കൂടാതെ 65ഒാളം പെൺകുട്ടികൾ അവിടെ പീഡനത്തിനിരയാവുന്നുണ്ടെന്ന വാർത്ത കൂടി ആ പെൺകുട്ടി മാധ്യമങ്ങളുമായി പങ്കുവെക്കുകയുണ്ടായി. തെൻറ ഭാര്യയെ തിരിച്ചുകിട്ടാൻ വേണ്ടി യുവതിയുടെ ഭർത്താവ് ഹൈകോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതി കണ്ട കോടതി കേരളത്തിലും ഗുർമീത് റാം റഹീമുമാർ ഉണ്ടാവുകയാണോ എന്ന് ചോദിക്കുകയുണ്ടായി. ചൊവ്വാഴ്ച ഹൈകോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹാജരായ അവർ താൻ നേരിട്ട പീഡനങ്ങൾ ഒന്നൊന്നായി വിവരിച്ചു. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് നിരീക്ഷിച്ച കോടതി യോഗകേന്ദ്രം, ഹിൽപാലസ് സി.ഐ, ഉദയംപേരൂർ എസ്.ഐ, സംസ്ഥാന, ജില്ല പൊലീസ് മേധാവികൾ എന്നിവരെ കേസിൽ കക്ഷികളാക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട വേറെയും പെൺകുട്ടികൾ തങ്ങൾ അനുഭവിച്ച പീഡനങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. പൗരന്മാരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ മഹത്തരമായി കാണുന്ന സർവരെയും ആശങ്കപ്പെടുത്തുന്നതായിരുന്നു ഈ വാർത്തകൾ.
എന്നാൽ, ഹൈകോടതിയടക്കം ആശങ്ക പങ്കുവെച്ചതും പൊതുസമൂഹത്തിൽ വലിയ ചർച്ചയായതുമായ വിഷയത്തിൽ തികഞ്ഞ നിസ്സംഗതയോടെയാണ് സംസ്ഥാന ഭരണകൂടവും ഭരണകക്ഷിയും സമീപിക്കുന്നതെന്നത് ഖേദകരമാണ്. പീഡന വാർത്തകൾ വന്നിട്ട് നാലു ദിവസമായെങ്കിലും സർക്കാറിെൻറ ഉത്തരവാദപ്പെട്ട ആരും വിഷയത്തിൽ അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല. ഇത്തരം വിഷയങ്ങളിൽ പ്രത്യേക താൽപര്യത്തോടെ ഇടപെടാറുള്ള ഇടതുപക്ഷ യുവജന, മഹിള സംഘടനകളും സമ്പൂർണമായ മൗനത്തിലാണ്. മിശ്രവിവാഹിതരായ യുവതികളെ തടവിലിട്ട് പീഡിപ്പിക്കുന്ന ഒരു കേന്ദ്രത്തെ കുറിച്ച വാർത്ത വന്നാൽ ഇടതുപക്ഷ യുവജന സംഘടനകൾ സാധാരണഗതിയിൽ വെറുതെയിരിക്കാറില്ല.
പേക്ഷ, ഈ പ്രശ്നത്തിൽ ഒരു പ്രസ്താവനപോലുമിറക്കാൻ അവരാരും സന്നദ്ധരായിട്ടില്ല എന്നതാണ് കാര്യം. ഘർ വാപസി കേന്ദ്രം അടച്ചുപൂട്ടാൻ കോൺഗ്രസ് ഭരിക്കുന്ന ഉദയംപേരൂർ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും കേന്ദ്രം ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആവശ്യമായ ലൈസൻസ് സ്ഥാപനത്തിനില്ല എന്ന കാരണം കാണിച്ചാണ് പഞ്ചായത്ത് സ്ഥാപനത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, സ്ഥാപനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രിമിനൽ സ്വഭാവമുള്ള മറ്റ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് നടപടികളെടുക്കേണ്ടത് സംസ്ഥാന പൊലീസാണ്. സംഘ്പരിവാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മൃദു സമീപനം കാണിക്കുന്നുവെന്ന വിമർശനം വ്യാപകമായുണ്ടായിരുന്നു. ഘർ വാപസി കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തിലും ഇതേ മൃദുസമീപനം തന്നെയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന വമർശനം അസ്ഥാനത്തല്ല.
വിശ്വാസവും വിവാഹവുമെല്ലാം വ്യക്തികളുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകളാണ്. താൻ ജനിച്ചുവളർന്ന മതവിശ്വാസം തന്നെ ജീവിതകാലം മുഴുവൻ പിന്തുടരണമെന്ന് ആരെയും നിർബന്ധിക്കാൻ കഴിയില്ല. സ്വന്തം മതത്തിൽപെട്ടവരെ തന്നെ മക്കൾ കല്യാണം കഴിക്കണമെന്ന് രക്ഷിതാക്കൾക്ക് ആഗ്രഹിക്കാമെങ്കിലും അത് നടന്നുകൊള്ളണമെന്നില്ല. തങ്ങളുടെ ആഗ്രഹങ്ങൾ നടക്കാതാവുമ്പോൾ, തങ്ങളുടെ വിശ്വാസത്തിൽ മക്കളെ കിട്ടാതാവുമ്പോൾ അസ്വസ്ഥരാവാനും രക്ഷിതാക്കൾക്കും മതവിശ്വാസികൾക്കും അവകാശവുമുണ്ട്. പക്ഷേ, ആ അസ്വസ്ഥതകൾ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിൽ വളരാൻ പാടില്ല. മറ്റുള്ളവർക്കുമേൽ ക്രിമിനൽ പ്രവർത്തനം നടത്തുന്ന അവസ്ഥയിലേക്ക് കുടുംബ, മതസംരക്ഷണ പ്രസ്ഥാനങ്ങൾ വളരുകയാണെങ്കിൽ നമ്മുടെ ഭരണഘടനാമൂല്യങ്ങൾക്ക് നേരെയുള്ള അതിക്രമമാണത്.
നിർഭാഗ്യവശാൽ അത്തരത്തിലുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിച്ചുവരുകയാണ്. മതം മാറിയതിെൻറ പേരിൽ ഒരു യുവാവ് കൊലചെയ്യപ്പെട്ട സംഭവം വരെ നമ്മുടെ നാട്ടിലുണ്ടായി. മതാഭിമാനത്തെയും കുടുംബാഭിമാനത്തെയും സംരക്ഷിക്കാനെന്ന പേരിൽ നടത്തുന്ന ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ നിസ്സംഗമായി നോക്കിനിൽക്കുകയെന്നത് ഒരു ഇടതുപക്ഷ സർക്കാറിന് ഭൂഷണമല്ല. മതപരിവർത്തനവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ പ്രചണ്ഡമായ പ്രചാരണമാണ് സംഘ്പരിവാറും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും നടത്തുന്നത്. ആ പ്രചാരണം സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുന്നതാണ് എന്നത് വാസ്തവമാണ്. എന്നാൽ, അത്തരം പ്രചാരണങ്ങളെ ഭയന്ന് നിയമപരമായി എടുക്കേണ്ട നടപടികളിൽനിന്ന് സർക്കാർ പിന്തിരിയരുത്. അത് സമൂഹത്തിൽ കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയേ ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.