പട്ടിണിക്കണക്ക് നിഷേധിച്ചാൽ അത് ഇല്ലാതാകില്ല
text_fields2021ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ ഏഴു സ്ഥാനം ഇടിഞ്ഞ്, 'ഗുരുതരമായ' പട്ടിണി നിലനിൽക്കുന്ന രാജ്യമായി വിലയിരുത്തപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം 94ാം സ്ഥാനത്തായിരുന്ന നാം ഇപ്പോൾ 101ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. 116 രാജ്യങ്ങളുടെ അവസ്ഥ വിലയിരുത്തിയ സൂചികയിൽ, ഇന്ത്യ ഇപ്പോൾ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ, മ്യാൻമർ എന്നിവയെക്കാൾ പട്ടിണി കൂടിയ രാജ്യമായി എന്നാണ് കണ്ടിരിക്കുന്നത്. നമ്മെക്കാൾ കൂടുതൽ പട്ടിണിയുള്ളത്, അഫ്ഗാനിസ്താനും മധ്യാഫ്രിക്കൻ റിപ്പബ്ലിക്കും യമനും സോമാലിയയും പോലുള്ള 15 രാജ്യങ്ങളിൽ മാത്രമാണ്. സൂചിക തെറ്റായ രീതിശാസ്ത്രമനുസരിച്ചുള്ളതാണെന്നു പറഞ്ഞ് തള്ളുകയാണ് ഇന്ത്യ സർക്കാർ ചെയ്തിരിക്കുന്നത്.
വസ്തുതകൾക്ക് നിരക്കുന്നതല്ല അതെന്നും വനിത, ശിശുവികസന മന്ത്രാലയം പ്രതികരിച്ചു. വർഷങ്ങളായി തുടരുന്ന രീതിയോട് ഇപ്പോൾ വിയോജിക്കുന്നത്, സൂചിക നൽകുന്ന കണക്കുകൾ തെറ്റായതുകൊണ്ടല്ല. മറിച്ച്, രാജ്യങ്ങളുടെ സ്ഥാനനിർണയത്തിെൻറ രീതിയോടാണത്രെ വിയോജിപ്പ്. എന്നാൽ, ഇതേ രീതിയനുസരിച്ചുള്ള സൂചിക കാട്ടി ഇന്നത്തെ ഭരണപക്ഷം മുൻ സർക്കാറുകളെ രൂക്ഷമായി വിമർശിക്കാറുണ്ടായിരുന്നു. രണ്ടു സ്വതന്ത്ര ഏജൻസികൾ സംയുക്തമായി തയാറാക്കുകയും മറ്റു വിദഗ്ധർ പരിശോധിക്കുകയും ('പിയർ റിവ്യൂ') ചെയ്തശേഷമാണ് സൂചിക പ്രസിദ്ധപ്പെടുത്തുന്നത്. പോഷകാഹാരക്കുറവ്, കുഞ്ഞുങ്ങളുടെ ഭാരക്കുറവ്, വളർച്ച മുരടിപ്പ്, ശിശുമരണ നിരക്ക് എന്നിവയാണ് സൂചിക തയാറാക്കുന്നതിന് ഉപയോഗിക്കുന്ന അളവുകൾ.
പെട്ടെന്നൊരുനാൾ സൂചിക 'അശാസ്ത്രീയ'മെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ, സൂചിക ഉൾക്കൊള്ളുന്ന ഗൗരവമുള്ള സന്ദേശം ശ്രദ്ധിക്കാതെ പോകരുത്. സ്ഥിതി മെച്ചപ്പെടുത്താൻ അടിയന്തരവും ശക്തവുമായ നടപടികൾ ആവശ്യമാണ് എന്നതാണ് ആ സന്ദേശം. പട്ടിണിസൂചിക പുറത്തുവന്ന അതേസമയത്ത് ഇന്ത്യയിൽനിന്ന് ലോകം കേട്ട വാർത്ത, ആയുധനിർമാണരംഗത്ത് രാജ്യം സ്വാശ്രയത്വവും വൻസൈനികശക്തി എന്ന പദവിയും നേടാൻ പാകത്തിൽ ഏഴു സ്ഥാപനങ്ങൾ തുടങ്ങി എന്നതാണ്. നമ്മുടെ മുൻഗണനയിലെ അപാകത, ഭക്ഷ്യരംഗത്തും പ്രതിരോധരംഗത്തും നാം ചെലവിടുന്ന ബജറ്റ് വിഹിതത്തിലും പ്രകടമാണ്. ഇനിയെങ്കിലും പട്ടിണി മാറ്റാനുള്ള ശ്രമങ്ങൾ വേണമെന്ന പാഠമാണ് ഇക്കൊല്ലത്തെ സൂചിക നൽകുന്നത്.
ഭക്ഷ്യലഭ്യതയുടെ കാര്യമോ സൗജന്യ ഭക്ഷ്യവിതരണത്തിെൻറ കാര്യമോ സൂചിക തയാറാക്കിയവർ ശ്രദ്ധിച്ചില്ലെന്ന പരിഭവം സർക്കാറിനുണ്ട്. വാസ്തവത്തിൽ, ഭക്ഷ്യലഭ്യത കൊണ്ടു മാത്രം പട്ടിണി ഇല്ലാതാകില്ല എന്ന് ഇന്ത്യക്കാരനായ നൊബേൽ ജേതാവ് അമർത്യസെൻ മുേമ്പ സ്ഥാപിച്ചുകഴിഞ്ഞതാണ്. നാം പട്ടിണി സൂചികയിൽ 94ാം സ്ഥാനത്തുണ്ടായിരുന്ന 2020ലും 102ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്ന 2019ലും നമ്മുടെ ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ എല്ലാവർക്കും ആവശ്യമായതിലേറെ ധാന്യങ്ങൾ സ്റ്റോക്കുണ്ടായിരുന്നു. പ്രശ്നം വിതരണവും ജനങ്ങളുടെ വാങ്ങൽ ശേഷിയുമാണ്.
കർഷകരോടുള്ള സർക്കാറിെൻറ പോര് കാര്യം കൂടുതൽ വഷളാക്കുകയാണ് ചെയ്യുക. അപ്പോൾ ഭക്ഷ്യസ്റ്റോക്കുള്ളതുകൊണ്ട് ഇവിടെ പട്ടിണി ഇല്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് പാവങ്ങളെ പരിഹസിക്കലാകും. 'വികസനം' ഒരുഭാഗത്ത് നടക്കുേമ്പാൾ പട്ടിണി മറുഭാഗത്ത് വർധിക്കുന്നു എന്നതാണ് വസ്തുത. പട്ടിണിയുടെ തെളിവ്, ആളുകൾ പട്ടിണി കിടക്കുന്നു എന്നതുതന്നെയാണ്. പോഷകാഹാരക്കുറവും ശിശുമരണ നിരക്കുമൊക്കെ അതിെൻറ സൂചകങ്ങളുമാണ്. പട്ടിണി സൂചികക്കാധാരമായ കണക്കുകൾക്ക് ശേഷമാണ് കോവിഡ് അതിെൻറ സംഹാരം രൂക്ഷമാക്കിയത് എന്നതിനാൽ ഈ സൂചികയെക്കാളും മോശമാകാം ഇന്ന് നാട്ടിലെ യഥാർഥ സ്ഥിതി.
പട്ടിണി സൂചികയെ തള്ളിപ്പറയുന്നതിന് മുമ്പ്, കഴിഞ്ഞ ഡിസംബറിലെ നാഷനൽ ഫാമിലി ഹെൽത്ത് സർവേ കണ്ടെത്തിയ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. 13 സംസ്ഥാനങ്ങളിൽ കുഞ്ഞുങ്ങളുടെ വളർച്ചമുരടിപ്പ് കൂടിയെന്നും സ്ത്രീകളിലും കുട്ടികളിലും വിളർച്ച ബാധ വ്യാപകമായെന്നും അന്ന് മനസ്സിലായിരുന്നു. കേന്ദ്രസർക്കാറിെൻറ 'പി.എം. പോഷൺ' പദ്ധതിക്ക് അതും പശ്ചാത്തലമായുണ്ടായിരുന്നു. പരിഹാരശ്രമങ്ങൾ കൂടുതൽ ശക്തമായി തുടരണമെന്നാണ് ഇപ്പോൾ പുറത്തുവന്ന പട്ടിണിസൂചികയും ആവശ്യപ്പെടുന്നത്-അതിനെ പരിഹസിച്ച് തള്ളിക്കൊണ്ട് പരിഹാരം സാധ്യമാകില്ല.
സ്ത്രീകളിൽ മാത്രം പന്ത്രണ്ടരക്കോടി പേർ വിളർച്ചയുടെ പിടിയിലാണെങ്കിൽ അത് ഭരണതലത്തിൽ നടപടി ആവശ്യപ്പെടുന്ന പട്ടിണിയുടെ അടയാളം തന്നെയാണ്. തൊഴിലില്ലായ്മ കൂടിയത് സ്ഥിതി മോശമാക്കിയിട്ടേയുള്ളൂ. ഭക്ഷ്യലഭ്യത തീർച്ചയായും ഉറപ്പുവരുത്തേണ്ടതുണ്ട്; അതിന് കാർഷികരംഗത്ത് പ്രവർത്തിക്കുന്നവരുടെ താൽപര്യമനുസരിച്ചുള്ള നയപരിപാടികളാണ് ആവശ്യം; അവരെ അകറ്റുന്ന നയങ്ങളല്ല. ഇതിൽ വിവാദ കാർഷിക നിയമങ്ങൾ മാത്രമല്ല, വിളകളുടെ സംഭരണവിലയും കൃഷിക്കു നൽകുന്ന സഹായങ്ങളുെമല്ലാം പരിഗണനവിഷയമാകണം. എന്നാൽ, ഈ മാർച്ചിൽ നിതി ആയോഗ് തയാറാക്കിയ നയരൂപരേഖയിൽപോലും ഭക്ഷ്യസബ്സിഡിയുടെ തോത് ഗണ്യമായി കുറക്കാനുള്ള നിർദേശമാണുണ്ടായിരുന്നത്. ഇത്തരം നയങ്ങൾ ഉണ്ടാക്കിയശേഷം പട്ടിണി കൂടുേമ്പാൾ കണക്കിനെ പഴിച്ചിട്ട് കാര്യമുണ്ടാകില്ല. സംഘർഷങ്ങളും ആയുധങ്ങളും കുറക്കാനും ഉൽപാദനക്ഷമതയും സാമ്പത്തിക ക്രയശേഷിയും വർധിപ്പിക്കാനും സാധിക്കുേമ്പാഴാണ് സമൂഹങ്ങൾ സമ്പന്നരാവുക. സൈനികബലത്തേക്കാൾ മാനവശേഷികൊണ്ടാകട്ടെ നാം ഉന്നതസ്ഥാനത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.