മുഖം നഷ്ടപ്പെട്ട് സർക്കാറും പാർട്ടിയും
text_fieldsകേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാറിനും അതിനെ നയിക്കുന്ന മാർക്സിസ്റ്റുപാർട്ടിക്കും ഇരട്ടപ്രഹരമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലെ രണ്ട് അറസ്റ്റുകൾ. സ്വർണ കള്ളക്കടത്തുകേസിൽ മാസങ്ങൾ നീണ്ട സന്ദിഗ്ധതകൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച രാത്രി അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) അനുസരിച്ച് ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പനുസരിച്ചുള്ള കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കറിനെ വ്യാഴാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഒരാഴ്ച ഇ.ഡി കസ്റ്റഡിയിൽ വിട്ടു. അതിനിടെ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാടു കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയെ വ്യാഴാഴ്ച ബംഗളൂരുവിൽ ഇ.ഡി അറസ്റ്റു ചെയ്തു. ബംഗളൂരു ലഹരിമാഫിയയുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ബിനീഷിെൻറ അറസ്റ്റ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്രബാഗേജ് വഴിയുള്ള സ്വർണക്കടത്തിന് പിടിയിലായ പ്രതി സ്വപ്ന സുരേഷിെൻറ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചതിനാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ അതിവിശ്വസ്തനായ 'സൂപ്പർ പവർ' ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. വിദേശത്തേക്കു ഡോളർ കടത്താൻ സ്വപ്നയെ സഹായിച്ചെന്ന കേസിൽ കസ്റ്റംസ് വകുപ്പും ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇതിനു പുറമെ വിദേശസംഭാവന ചട്ടലംഘനക്കേസിൽ സി.ബി.െഎയും യു.എ.പി.എ പ്രകാരം എൻ.െഎ.എയും രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം വേറെയും നടക്കുന്നു.
കള്ളക്കടത്തിനു കൂട്ട്, കള്ളപ്പണം ഒളിപ്പിക്കാനും വെളുപ്പിക്കാനും സഹായം, കള്ളക്കടത്തുകേസ് പ്രതിക്ക് സർക്കാർ വിലാസം ലാവണമൊരുക്കൽ തുടങ്ങി അതിഗുരുതരമായ കുറ്റങ്ങളാണ് മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഒന്നാം നമ്പർ ഉദ്യോഗസ്ഥെൻറ മേൽ ചുമത്തിയിരിക്കുന്നത്. ദുബൈയിൽനിന്ന് വിമാനത്തിൽ നയതന്ത്രബാഗേജ് വഴിയെത്തിയ കോടികൾ വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണം പിടികൂടിയപ്പോൾ വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കസ്റ്റംസ് ഉന്നതോദ്യോഗസ്ഥനെ വിളിച്ചെന്ന് അദ്ദേഹം സമ്മതിച്ചതായി അറസ്റ്റ് മെമ്മോയിൽ പറയുന്നു. ഉത്തരവാദപ്പെട്ട അധികാരകേന്ദ്രത്തിെൻറ ദുരുപയോഗവും ഇതര ഗവ. വകുപ്പുകളിൽ കയറിയുള്ള ഇടപെടലുമാണ് ഇതെന്നാണ് എൻഫോഴ്സ്മെൻറിെൻറ കണ്ടെത്തൽ. സ്വർണക്കടത്തിെൻറ അന്വേഷണം പുരോഗമിക്കെ, മുഖ്യമന്ത്രിയുടെ ഒാഫിസിലെ മുഖ്യ അധികാരകേന്ദ്രമായിരുന്ന ശിവശങ്കറിെൻറ അധികാര ദുർവിനിയോഗ ചിത്രം ഒാരോന്നായി വെളിച്ചത്തുവന്നു.
കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിെൻറ അവസാനകാലത്ത് സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫ് അറസ്റ്റിലായതോടെ അദ്ദേഹത്തിെൻറ രാജിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുനേരെ വഴിതടയൽ, കല്ലേറ്, സെക്രേട്ടറിയറ്റ് വളഞ്ഞ് അനിശ്ചിതകാല ഉപരോധസമരം തുടങ്ങി ശക്തമായ പ്രതിേഷധപ്രക്ഷോഭങ്ങളാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാനസെക്രട്ടറിയുടെയും നേതൃത്വത്തിൽ എൽ.ഡി.എഫ് അഴിച്ചുവിട്ടത്. അങ്ങനെ പ്രതിച്ഛായയും ജനസമ്മിതിയും നഷ്ടപ്പെട്ട് യു.ഡി.എഫിനെ പുറന്തള്ളി എല്ലാം ശരിയാകും എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയതാണ് ഇടതുമുന്നണി. സത്യപ്രതിജ്ഞക്കു മുന്നോടിയായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ പിണറായി വിജയൻ പ്രഖ്യാപിച്ചു: ''ഞാൻ നാെള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ എെൻറ അടുത്തയാളെന്നും പറഞ്ഞ് ചിലർ രംഗപ്രവേശം ചെയ്താൽ അതും ഒരു അഴിമതിയുടെ രീതിയാണ്. ഇമ്മാതിരി കുറേ അവതാരങ്ങളുണ്ടാകും. അത്തരം അവതാരങ്ങളെ നമ്മൾ എപ്പോഴും സൂക്ഷിച്ചു നിൽക്കണം. അത് എനിക്കും എല്ലാവർക്കും ബാധകമാണ്. അത്തരം കാര്യങ്ങളടക്കം ശ്രദ്ധിക്കുന്ന മന്ത്രിസഭയായിരിക്കും ഇത്.'' എന്നാൽ, മുൻ യു.ഡി.എഫ് മന്ത്രിസഭയുടേതിനേക്കാൾ കളങ്കിതമായ പ്രകടനവുമായി പടിയിറങ്ങേണ്ട ഗതികേടിലാണിപ്പോൾ പിണറായി സർക്കാർ. 'അവതാരങ്ങളെ'ക്കുറിച്ച ജാഗ്രതനിർദേശം നൽകിയ മുഖ്യമന്ത്രിയുടെ തന്നെ ഒാഫിസിൽ കരുത്തനും കർക്കശക്കാരനുമായ അദ്ദേഹത്തിെൻറ പ്രതിപുരുഷനായി മാറിയ ശിവശങ്കർ ഭരണത്തിൽ അപ്രതിരോധ്യനായി മാറി, മന്ത്രിസഭയുടെ പോലും തലക്കു മീതെ സ്പ്രിൻക്ലർ, ബവ്ക്യൂ ആപ്, കെ ഫോൺ, ഇ മൊബിലിറ്റി തുടങ്ങി പദ്ധതികളൊന്നൊന്നായി നേരിട്ടു വികസിപ്പിച്ചെടുത്തു. ഇൗ നേർഭരണത്തിൽ നേർത്തതൊന്നു മാത്രമായിരുന്നു സ്വർണക്കടത്തിലെ ഒത്താശ. അധികാരത്തിൽ വാണരുളിയ കാലത്തെ ദുർനടപടികളുടെ കുറ്റാരോപണം പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേരെ വന്നപ്പോൾ അസംബന്ധം പറയരുതെന്ന ഭീഷണിയുമായി, എല്ലാ കുറ്റവും 'സ്വപ്നസൗഹൃദ'ത്തിലൊതുക്കി ആരോപകരുടെ നാവടക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇപ്പോൾ പിടിയിലായപ്പോഴാകെട്ട എല്ലാം ശിവശങ്കറിൽ കെട്ടിവെച്ച് കൈകഴുകാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും പാർട്ടിയും നടത്തുന്നത്. സ്വന്തം ഒാഫിസിൽ ഉന്നതപദവിയിൽ ഇരുത്തിയയാൾ അതുപയോഗിച്ച് വഴിവിട്ട ഇടപാടുകളിൽ പങ്കാളിയായതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ല എന്നു വിശ്വസിക്കാൻ പാർട്ടിക്കുപുറത്ത് ആരെയും കിട്ടില്ല. സ്വർണക്കടത്തിൽ പിടിയിലായ റമീസ് എന്നയാൾക്ക് യു.ഡി.എഫ് കക്ഷിയുടെ നേതാവുമായി ഏതോ അകന്ന ബന്ധമുണ്ടെന്നും പറഞ്ഞ് പുകിലുണ്ടാക്കിയ സി.പി.എമ്മിന് ഇപ്പോൾ ലഹരികേസിൽ പാർട്ടി സെക്രട്ടറിയുടെ മകൻ പിടിയിലായത് കനത്ത തിരിച്ചടിയായി.
രാജ്യത്ത് ഇതുവരെ ഒരു സർക്കാറിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിച്ഛായ നഷ്ടത്തിലാണ് പിണറായി സർക്കാർ. ഭരണകൂടത്തെ രക്ഷപ്പെടുത്തേണ്ട പാർട്ടി നേതൃത്വമാകെട്ട, അതിലും വലിയ പൊല്ലാപ്പിലും. കളങ്കിത പ്രതിച്ഛായയിൽ പെട്ടുപോയ മുഖ്യമന്ത്രിക്കും പാർട്ടിനേതൃത്വത്തിനും സംശയശുദ്ധി വരുത്തി മാത്രമേ രാഷ്ട്രീയകേരളത്തിെൻറ വിശ്വാസ്യത തിരിച്ചുപിടിക്കാനാവൂ. ഇൗ ഇരട്ട പ്രതിച്ഛായനഷ്ടത്തിൽ നിന്നു പാർട്ടിയെയും ഭരണത്തെയും രക്ഷപ്പെടുത്താൻ അതിനുള്ള വിവേകവും വിനയവും സി.പി.എം നേതൃത്വം പ്രകടിപ്പിക്കുമോ, അതിന് അവരെ പ്രേരിപ്പിക്കാൻ അണികൾക്ക് കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.