ന്യൂനപക്ഷ മന്ത്രാലയത്തിനും ചരമക്കുറിപ്പോ?
text_fieldsകേന്ദ്രസർക്കാറിൽ ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കാനും അതിന്‍റെ കീഴിൽ നടന്നുവരുന്ന പരിപാടികൾ കേന്ദ്ര സാമൂഹികനീതി-ശാക്തീകരണവകുപ്പിനു കീഴിൽ കൊണ്ടുവരാനുമുള്ള നീക്കം നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. രാജ്യസഭയിലെ കാലാവധി അവസാനിച്ച മുറക്ക് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്തിരുന്ന കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്ലിംമുഖമായിരുന്ന മുഖ്താർ അബ്ബാസ് നഖ്വിയെ ബി.ജെ.പി പിരിച്ചയച്ചിരുന്നു. തുടർന്നു വകുപ്പിന്‍റെ ചുമതല നൽകിയിരിക്കുന്നത് വനിത ശിശു വികസനമന്ത്രി സ്മൃതി ഇറാനിക്കാണ്. ഇപ്പോൾ വകുപ്പു തന്നെ ഇല്ലാതാക്കുന്നു. 'മുസ്ലിം, ക്രൈസ്തവ, ബുദ്ധ, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനായി' യു.പി.എ സർക്കാർ സാമൂഹികനീതി, ശാക്തീകരണവകുപ്പിൽ നിന്നു വേർപെടുത്തി രൂപവത്കരിച്ച ന്യൂനപക്ഷ മന്ത്രാലയത്തെ അതേ വകുപ്പിലേക്കു തന്നെ തിരിച്ചുനൽകുമ്പോൾ സർക്കാർനയം വളരെ വ്യക്തമാണ്. ബി.ജെ.പി ആവർത്തിച്ചുറപ്പിക്കുന്ന പോലെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ വകതിരിച്ചു കാണേണ്ടതില്ല എന്നും അവർക്കു പ്രത്യേകം അവകാശങ്ങളോ ആനുകൂല്യങ്ങളോ പ്രോത്സാഹനങ്ങളോ നൽകേണ്ടതില്ല എന്നും. വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാർ ഒറ്റവരി പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും മന്ത്രാലയത്തിന്‍റെ അസ്തിത്വം സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാൻ അത് പര്യാപ്തമല്ല. അതിനെ ചോദ്യം ചെയ്യുന്ന ബി.ജെ.പി നിലപാടുകൾ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കെ വിശേഷിച്ചും.
ഒരു രാജ്യവും ഭരണകൂടവുമൊക്കെ നാഗരിക, മാനവികസ്വഭാവം പ്രകടിപ്പിക്കുന്നത് മത ജാതി പിന്നാക്കവിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർക്കൊക്കെ നൽകുന്ന കരുതലും പരിഗണനയും വഴിയാണ്. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുമ്പോഴേ ഏതു സർക്കാറിനും അധികാരം സുഗമവും ഭരണം സുസ്ഥിരവും രാജ്യം സമൃദ്ധവുമാക്കി മുന്നേറാൻ കഴിയൂ. അതു കണ്ടറിഞ്ഞാണ് രാജ്യത്തെ സാമൂഹികമായി പിന്തള്ളപ്പെടുകയും ഭരണകൂട പരിഗണന ലഭിക്കാതെ പോവുകയും ചെയ്ത ന്യൂനപക്ഷങ്ങളിലെ മുസ്ലിം വിഭാഗത്തിനു വേണ്ടി മൻമോഹൻസിങ് സച്ചാർ കമ്മിറ്റിയെ നിയോഗിച്ച് വസ്തു സ്ഥിതിവിവരം ആരാഞ്ഞതും അതിന്‍റെ ശിപാർശകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി പോലെയുള്ള പരിഷ്കരണങ്ങൾ കൊണ്ടുവന്നതും. എന്നാൽ ന്യൂനപക്ഷവിഭാഗങ്ങൾക്കു പ്രത്യേക പരിഗണനയെന്ന രാഷ്ട്രശിൽപികളുടെ ലക്ഷ്യത്തെ എതിർത്തുപോന്ന സംഘ്പരിവാർ കക്ഷികൾ ഇത്തരം സാമൂഹിക ഉദ്ധാരണനീക്കങ്ങളെ മോദിയുടെ തന്നെ ഭാഷയിൽ 'പല്ലും നഖവും ഉപയോഗിച്ച്' എതിർത്തു പോന്നു. ഇന്ത്യൻ മുസ്ലിംകളുടെ ദയനീയമായ ദുസ്ഥിതി അനാവരണം ചെയ്ത സച്ചാർ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ നിശ്ചിതശതമാനം തുക ന്യൂനപക്ഷക്ഷേമത്തിനു നീക്കിവെച്ചു. എന്നാൽ 2007 ഡിസംബറിലെ 54ാമത് ദേശീയ വികസന സമിതി യോഗത്തിൽ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഇതിനെതിരെ പട നയിച്ചു. ജനങ്ങളെ സാമ്പത്തിക സ്ഥിതി മാത്രം നോക്കി സഹായിച്ചാൽ മതിയെന്നും മത ജാതി പരിഗണനകൾ വേണ്ടതില്ലെന്നുമായിരുന്നു ബി.ജെ.പി നിലപാട്. മതമോ ജാതിയോ പരിഗണിക്കുന്നതായിരുന്നില്ല, അതുവഴി മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കു ആനുകൂല്യങ്ങൾ ലഭിക്കുമെന്നതായിരുന്നു ബി.ജെ.പിയുടെ ആധിയും ആശങ്കയും. ഇത്തരം എതിർപ്പുയർത്തിയവർ ന്യൂനപക്ഷങ്ങളെ പരിഗണിക്കാനുണ്ടാക്കിയ പ്രത്യേക വകുപ്പിനെ പൊറുപ്പിക്കുക ചിതമല്ലല്ലോ.
ന്യൂനപക്ഷം എന്നൊരു അസ്തിത്വം തന്നെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ബി.ജെ.പി സർക്കാറിന്‍റെ പ്രഖ്യാപിതനയങ്ങൾ വെച്ചുനോക്കുമ്പോൾ ഈ നീക്കത്തിൽ അസ്വാഭാവികതയൊന്നുമില്ല. അതുകൊണ്ടു തന്നെയാണ് സർക്കാർ നിഷേധം അപ്പടി വിശ്വാസത്തിെലടുക്കാൻ സാധിക്കാത്തതും. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി, സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ തുടർനടപടികൾ, വിവിധ സ്കോളർഷിപ്പുകൾ, മൗലാന ആസാദ് ദേശീയ ഫെല്ലോഷിപ്പ്, വിദേശപഠന വായ്പകൾക്കുള്ള പലിശ സബ്സിഡി, സൗജന്യകോച്ചിങ്, യു.പി.എസ്.സി, എസ്.എസ്.സി മെയിൻപരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും തയാറെടുക്കുന്നവർക്കുള്ള ധനസഹായം തുടങ്ങി വിദ്യാഭ്യാസ ഉയർച്ചക്കായുള്ള നിരവധി പ്രോത്സാഹനപദ്ധതികൾ മന്ത്രാലയം നൽകിവരുന്നു. കൂടാതെ സാമ്പത്തികശാക്തീകരണത്തിന്‍റെ ഭാഗമായി പി.എം വികാസ്, സീഖോ ഔർ കമാഓ, ഉസ്താദ് പദ്ധതികളിലായി തൊഴിൽപരിശീലനത്തിലും തൊഴിൽ സംരംഭത്തിലും ധനസഹായം നൽകുന്നു. പ്രധാനമന്ത്രി ജനവികാസ് കാര്യക്രമിന്‍റെ കീഴിൽ അടിസ്ഥാനസൗകര്യ ഉപാധികളുടെ വികസനത്തിനു സഹായം നൽകുന്നു. ദേശീയ വഖ്ഫ് പുരോഗമനപദ്ധതി, അർബൻ വഖ്ഫ് പദ്ധതികൾക്ക് സാമ്പത്തികസഹായം, പാഴ്സികൾക്കു പ്രത്യേകമായുള്ള ജിയോ പാഴ്സി, ഹമാരി ധാരോഹാർ, നയി റോശ്നി ദേശീയ വനിത നേതൃപരിശീലന പദ്ധതി എന്നിങ്ങനെ ബഹുമുഖമായ പദ്ധതികളും പരിപാടികളുമാണ് മന്ത്രാലയത്തിനു കീഴിൽ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്. സർക്കാർ കാര്യം മുറപോലെ എന്നാണ് ചൊല്ലെങ്കിലും ന്യൂനപക്ഷവകുപ്പ് നിലവിൽ വന്ന ശേഷം ഈ ആനുകൂല്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ഫലം ന്യൂനപക്ഷവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിലും തൊഴിൽ മേഖലയിലുമൊക്കെ പ്രതിഫലിച്ചിട്ടുണ്ട് എന്നതു അനുഭവയാഥാർഥ്യമാണ്. അതിനെയൊക്കെ പ്രയോഗത്തിൽ റദ്ദുചെയ്യുകയാവും വകുപ്പ് ഇല്ലാതാക്കിയാൽ സംഭവിക്കുക.
'സബ് കാ സാത്ത്, സബ് കാ വികാസ്'-എല്ലാവരെയും ചേർത്തുപിടിച്ച വികസനം എന്നു നൂറ്റൊന്നാവർത്തിക്കുന്ന പ്രധാനമന്ത്രിയും പാർട്ടിയും പ്രയോഗത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നറിയാനുള്ള പരിശോധന കൂടിയാകും മന്ത്രാലയ വിഷയത്തിൽ കേന്ദ്രം എടുക്കുന്ന തീരുമാനം. പ്രബല ന്യൂനപക്ഷമായ മുസ്ലിംകളെ പാർട്ടി, ഭരണസംവിധാനങ്ങളിൽ നിന്നു അകറ്റിനിർത്തി തുടങ്ങിയ അദൃശ്യവത്കരണം ന്യൂനപക്ഷങ്ങളിലേക്കു മൊത്തത്തിൽ വ്യാപിപ്പിക്കാനാണോ സംഘ്പരിവാർ പരിപാടി എന്നുകൂടി വ്യക്തമാക്കുന്നതായിരിക്കും ആ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.