കീഴ്പോട്ടോ ജനാധിപത്യത്തിന്‍റെ വളർച്ച?
text_fieldsജനാധിപത്യത്തിന്റെ ശക്തിയും ചൈതന്യവും നിർണായകമായി തീരുമാനിക്കപ്പെടുന്നത് സ്വതന്ത്രവും നിക്ഷ്പക്ഷവും ആരോഗ്യകരവുമായ തെരഞ്ഞെടുപ്പുകളിലൂടെയാണെന്നത് പ്രാഥമിക സത്യമാണ്. പണവും ജാതിയും മതവും സ്വജനപക്ഷപാതവുമാണ് സ്ഥാനാർഥിനിർണയം മുതൽ പ്രചാരണം വരെയുള്ള ഘട്ടങ്ങളിൽ മറ്റെന്തിനേക്കാളും പാർട്ടികളെ സ്വാധീനിക്കുന്നതെങ്കിൽപ്പിന്നെ ജനാധിപത്യ വ്യവസ്ഥയുടെ പുറംതോട് മാത്രമേ നിലനിൽക്കൂ എന്നതിന് ഇന്ത്യയുടെ മുക്കാൽ നൂറ്റാണ്ടുകാലത്തെ അനുഭവങ്ങൾതന്നെ സാക്ഷി. ഇന്ത്യ റിപ്പബ്ലിക്കായ ശേഷം ഇന്നേവരെ നടന്ന പാർലമെന്റ്-നിയമസഭ തെരഞ്ഞെടുപ്പുകളിൽ, സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും പ്രാഥമിക ദശയിലായിരുന്ന ആദ്യ പതിറ്റാണ്ടുകളിൽപോലും നവഭാരത ശിൽപികളുടെ നേതൃത്വവും ഫലപ്രദമായ ഇടപെടലും ഉണ്ടായിരുന്നപ്പോൾ തെരഞ്ഞെടുപ്പുകൾ ഒട്ടൊക്കെ സ്വതന്ത്രവും മൂല്യനിഷ്ഠവുമായിരുന്നെന്ന് തിരിഞ്ഞുനോക്കുമ്പോൾ ബോധ്യപ്പെടും.
വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ച നമ്മുടെ പ്രബുദ്ധതയെ പൂർവാധികം കരുത്തുറ്റതാക്കും എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അനുഭവങ്ങൾ തീർത്തും ആശങ്കജനകവും നിരാശജനകവുമാണെന്ന് ചൂണ്ടിക്കാണിക്കാനാണ് അനുഭവങ്ങൾ പ്രേരിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ ആരംഭിച്ചുകഴിഞ്ഞതും നവംബർ മാസാവസാനം അവസാനിക്കുന്നതുമായ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചിത്രം തെളിയുമ്പോഴാണ് നമ്മുടെ അശുഭചിന്തകൾ പ്രസക്തമായിത്തീരുന്നത്.
230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസങ്ങൾക്കകം നടക്കാനിരിക്കെ മുഖ്യ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും ബി.ജെ.പിയും മത്സരിക്കുന്നത് ആർക്കാണ് കൂടുതൽ ഹിന്ദുത്വ പ്രതിബദ്ധത എന്ന് തെളിയിക്കാനാണെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. അടുത്ത വർഷാദ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തർക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അയോധ്യയിലെ ശ്രീരാമ ക്ഷേത്രമാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധം. 3000 കോടി രൂപ ചെലവിൽ നിർമിതമാവുന്ന ശ്രീരാമ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഭാരതം പൂർണാർഥത്തിൽ ഹിന്ദുരാഷ്ട്രമാവുമെന്നാണ് മോദിയടക്കമുള്ളവരുടെ കൊണ്ടുപിടിച്ച പ്രചാരണം. അല്ലാതെ 22 കോടി പട്ടിണിക്കാരുടെയോ അതിലധികം വരുന്ന തൊഴിലില്ലാപ്പടയുടെയോ സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രായോഗിക പരിപാടികളെക്കുറിച്ചല്ല 140 കോടി ഇന്ത്യക്കാരോട് ഭരിക്കുന്നവർക്ക് പറയാനുള്ളത്.
ഇതിന് മറുപടിയായി ഇൻഡ്യ സഖ്യത്തിലെ മുഖ്യ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കമൽനാഥിന് പറയാനുള്ളതോ? ബാബരി മസ്ജിദ് എന്ന തർക്കമന്ദിരം ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്നുകൊടുത്തത് കോൺഗ്രസുകാരനായ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഭരിച്ചപ്പോഴാണ്, രാമക്ഷേത്രം പണിയാൻ താനും വൻ സംഭാവന നൽകിയിട്ടുണ്ട്, ക്ഷേത്രം തുറന്നാൽ പാവപ്പെട്ടവർക്ക് സൗജന്യമായി അവിടം സന്ദർശിക്കാനും പൂജിക്കാനുമുള്ള സൗകര്യം ഏർപ്പെടുത്തും എന്നു തുടങ്ങിയ ‘മധുര’ വാഗ്ദാനങ്ങളും! 1992 ഡിസംബർ ആറിന് മസ്ജിദ് പൊളിക്കുമ്പോൾ കോൺഗ്രസുകാരനായ പ്രധാനമന്ത്രി നരസിംഹറാവു തികഞ്ഞ മൗനിയായിരുന്നു എന്ന സത്യം മാത്രം കമൽനാഥ് വിട്ടുകളഞ്ഞത്, അത് ഒരുവേള തിരിച്ചടിക്കും എന്നോർത്താവും. എങ്കിലും ഏഴരക്കോടി ജനസംഖ്യയുള്ള മധ്യപ്രദേശിൽ ഏഴു ശതമാനം വരുന്ന മുസ്‍ലിംകൾക്ക് തന്റെ പാർട്ടിയുടെ സ്ഥാനാർഥിപ്പട്ടികയിൽ രണ്ടേരണ്ട് സ്ഥാനങ്ങളേ അനുവദിച്ചിട്ടുള്ളൂ എന്ന് അദ്ദേഹത്തിന് ചൂണ്ടിക്കാട്ടാം. ബി.ജെ.പി വട്ടപ്പൂജ്യമാണ് മതന്യൂനപക്ഷത്തിന് നീക്കിവെച്ചത് എന്നതുകൊണ്ട് അവരുടെ വോട്ട് കോൺഗ്രസിന് നഷ്ടപ്പെടുമെന്ന പേടിയും വേണ്ട.
200 സീറ്റുകളുള്ള രാജസ്ഥാനിൽ ബി.ജെ.പി പട്ടികയിൽ മുസ്‍ലിംകൾക്ക് പൂജ്യം നീക്കിവെച്ചപ്പോൾ തങ്ങൾ 15 സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പറയുന്നു. അതുതന്നെ കോൺഗ്രസിന്റെ മുസ്‍ലിം പ്രീണനത്തിന്റെ തെളിവായി ബി.ജെ.പി എടുത്തുകാട്ടുകയും ചെയ്യുന്നു. 119 സീറ്റുകളുള്ള തെലങ്കാനയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ നിർത്തിയാണ് എം.ഐ.എം-ബി.ആർ.എസ് കൂട്ടുകെട്ടിനെ കോൺഗ്രസ് നേരിടുന്നത്. മുസ്‍ലിം വോട്ടുകൾ ശിഥിലീകരിക്കപ്പെടുമ്പോൾ ബി.ജെ.പി നേട്ടമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. റെഡ്ഢിമാർ, വേളമാർ, കമ്മമാർ, ബ്രാഹ്മണർ, പട്ടികജാതിക്കാർ എന്നിങ്ങനെ കൃത്യമായി ജാതിതിരിച്ചാണ് മൂന്നു പാർട്ടികളുടെയും സ്ഥാനാർഥിപ്പട്ടിക. ഒ.ബി.സിക്കാരിൽ മിക്കവരും കോൺഗ്രസ് പട്ടികക്ക് പുറത്താണെന്ന് ചൂണ്ടിക്കാട്ടുന്ന ബി.ജെ.പി അതിനാൽ സാമൂഹികനീതി അവഗണിക്കപ്പെട്ടതായും കുറ്റപ്പെടുത്തുന്നു. 90 സീറ്റുകളുള്ള ഛത്തിസ്ഗഢിൽ കണ്ണേറിന് ഒരു മുസ്‍ലിമിനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട് കോൺഗ്രസ്.
ബി.ജെ.പി പട്ടികയിൽ ഒരാൾപോലും ഇല്ലാത്തത് സ്വാഭാവികം. എല്ലായിടത്തും ഒരുപോലെ കോടീശ്വരന്മാരാണ് സ്ഥാനാർഥിപ്പട്ടിക പിടിച്ചെടുത്തിരിക്കുന്നത് എന്നത് വാർത്ത പോലുമല്ല. തദ്ഫലമായി എന്തുസംഭവിക്കുമെന്നല്ലേ? കള്ളപ്പണം യഥേഷ്ടം ഒഴുക്കി ജയിച്ചുകയറുന്നവർ മുടക്കുമുതൽ മാത്രമല്ല, മതിയായ ലാഭവും ഓഫർ ചെയ്യപ്പെടുമ്പോൾ ഗോവയിലും മഹാരാഷ്ട്രയിലും കർണാടകയിലുമൊക്കെ കണ്ടപോലെ സമ്മതിദായകരെ നോക്കുകുത്തിയാക്കി രായ്ക്കുരാമാനം കൂറുമാറുന്നു. കൂറുമാറ്റത്തിലൂടെ താമര വിരിയിക്കുന്ന തന്ത്രം അദാനി-അംബാനി പ്രഭൃതികളുടെ പൂർണ പിന്തുണയും സംരക്ഷണവുമുള്ള പാർട്ടിക്ക് ഏറ്റവും നന്നായി പയറ്റാനും കഴിയുന്നു. അതിനാൽതന്നെ ഇൻഡ്യ സഖ്യത്തിലെ മുഖ്യ പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ചുകയറുന്നവരും കൈപ്പത്തി കെവിടുകയില്ലെന്നതിന് ഗ്യാരന്റിയില്ല. എന്നാലും നമുക്ക് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹിക നീതിക്കും വേണ്ടി പണിയെടുക്കാം, സമ്മതിദാനാവകാശം വിനിയോഗിക്കാം. ദൈവം രക്ഷിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.