ഉറപ്പ് നഷ്ടപ്പെട്ട വജ്രം: സുപ്രീംകോടതി 75 ലേക്ക്
text_fieldsപ്രയാസമേറിയ കൂടിയാലോചനകൾ ജുഡീഷ്യറി തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തുറന്നുപറഞ്ഞിരിക്കുന്നു. 1950 ജനുവരി 28ന് സ്ഥാപിക്കപ്പെട്ട സുപ്രീംകോടതിയുടെ വജ്രജൂബിലി വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെ ബാധിച്ച ദോഷങ്ങൾക്ക് നിവാരണം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആ ദോഷങ്ങളുടെ ചില ഉദാഹരണങ്ങൾ അദ്ദേഹം നിരത്തിയതിൽ, കേസുകൾ കെട്ടിക്കിടക്കുന്നത്, നീട്ടിവെക്കൽ പതിവായിപ്പോയത്, നീണ്ട അവധികൾ, നടപടിക്രമങ്ങളിലെ സങ്കീർണതകൾ, വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലാത്തത്, ഘടനാപരമായ മറ്റ് പോരായ്മകൾ തുടങ്ങിയവ ഉൾപ്പെടും.
എന്നാൽ, ജുഡീഷ്യറിയെ ബാധിച്ച കാതലായ രോഗത്തെപ്പറ്റി അദ്ദേഹം പരാമർശിച്ചുകണ്ടില്ല. അതുകൊണ്ടുതന്നെ, താൻ പറഞ്ഞ കാര്യങ്ങൾ ശരിയാക്കിയാൽ ജുഡീഷ്യറിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസക്തി വീണ്ടെടുക്കാനാകുമെന്ന ചീഫ് ജസ്റ്റിസിന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് കരുതുന്നവർ കുറേയുണ്ട്. യഥാർഥ രോഗനിർണയവും ഉശിരുള്ള പരിഹാരശ്രമങ്ങളുമാണ് വേണ്ടതെന്നും ഭാഗികമായ തിരുത്തലുകൾ കൊണ്ട് മാത്രം വിശ്വാസ്യത വീണ്ടെടുക്കാനാകില്ലെന്നും ആ വിമർശകർ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വജ്രജൂബിലിയോടടുക്കുന്ന ഈ വേളയിൽ ഇന്ത്യൻ ജുഡീഷ്യറി അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഒരു അഭിമുഖത്തിൽ ഈയിടെ അഭിപ്രായപ്പെട്ടു. ജുഡീഷ്യറി അതിന്റെ കടമ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നുവെന്നും ജുഡീഷ്യറിയിൽ സാധാരണക്കാരനുണ്ടായിരുന്ന വിശ്വാസം ഗണ്യമായി കുറഞ്ഞുവെന്നും സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അഭയ് ഓക്ക് ഈയിടെ ഒരു സെമിനാറിൽ തുറന്നടിച്ചതും രാജ്യം കേട്ടു. കോമൺവെൽത്ത് രാജ്യങ്ങളിലെ ഉന്നത നിയമകാര്യ കർത്താക്കളുടെ യോഗത്തിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതും ജുഡീഷ്യറിയിൽ പരിഷ്കരണങ്ങൾ വേണമെന്നുതന്നെ.
പക്ഷേ, ആരാണ് അത് ചെയ്യേണ്ടത്? ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് എവിടെയെല്ലാമാണ് ക്ഷതമേറ്റിട്ടുള്ളത്? രാജ്യത്തെ സെക്യുലറിസത്തെ നിരർഥകമാക്കുമാറ് ജുഡീഷ്യറി ഭൂരിപക്ഷവാദം ഏറ്റെടുക്കുന്നവരായി (majoritarian judiciary) എന്ന് ദവെ തുറന്നടിക്കുന്നത് വർത്തമാനകാല സംഭവങ്ങളുടെ ബലത്തിലാണ്. സർക്കാറുമായി ഏറ്റുമുട്ടേണ്ടിവരുന്ന കേസുകളിൽ സർക്കാറിന്റെ നിയമവിരുദ്ധ ശാഠ്യങ്ങൾക്കുപോലും കോടതികൾ വഴങ്ങുന്ന അവസ്ഥയുണ്ട്. 370ാം വകുപ്പ് എടുത്തുകളഞ്ഞതിലും ഇലക്ടറൽ ബോണ്ട് കേസിലും (ഇതിൽ ഇപ്പോഴും തീർപ്പുവന്നിട്ടില്ല) ചില കേസുകൾ ബെഞ്ച് മാറ്റിക്കൊടുക്കുന്നതിലും ജഡ്ജി നിയമനങ്ങളിലുമടക്കം അനേകം കാര്യങ്ങളിൽ നീതിന്യായത്തിന്റെയും നിയമത്തിന്റെയും അലംഘനീയത ഉറപ്പുവരുത്തുന്നതിൽ സുപ്രീംകോടതി അടക്കം പരാജയപ്പെടുന്നു. നിയമം കാറ്റിൽപറത്തി ബുൾഡോസർ വാഴുമ്പോൾ ഒന്നുമറിയാത്തപോലെ ഇരിക്കുന്ന ജുഡീഷ്യറി, ഉന്നത ഉദ്യോഗസ്ഥന് വീണ്ടും വീണ്ടും നിയമവിരുദ്ധമായി നിയമന കാലാവധി നീട്ടിക്കൊടുക്കുന്നു. നിയമവാഴ്ചയും നീതിനിർവഹണവും തകരുമ്പോൾ സാധാരണ പൗരന്മാരാണ് ഇരയാകുന്നത് - ദവെ ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതി സ്വന്തം തീർപ്പുകൾപോലും ലംഘിക്കുന്നതിന്റെ ചില ഉദാഹരണങ്ങൾ സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡൽഹിയിൽ കെജ്രിവാൾ സർക്കാറിന് തലവേദനയായ ചീഫ് സെക്രട്ടറിക്ക് റിട്ടയർമെന്റിനുശേഷവും കാലാവധി നീട്ടിക്കൊടുക്കാനുള്ള കേന്ദ്ര സമ്മർദത്തിന് സുപ്രീംകോടതി വഴങ്ങിയത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ആരാധനാലയ സംരക്ഷണ നിയമത്തെ കൃത്യപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതി നൽകിയ വിധി ഇന്ന് വിവിധ പള്ളികളുടെ കാര്യത്തിൽ കോടതികൾതന്നെ ലംഘിക്കുന്നു; അത് സുപ്രീംകോടതി നിഷ്ക്രിയമായി കണ്ടുനിൽക്കുന്നു. വർഗീയ പ്രസ്താവനകൾക്ക് പേരെടുത്തിരുന്ന വ്യക്തിയെ ഹൈകോടതി ജഡ്ജിയാക്കിയതിന് ന്യായമായി, യോഗ്യതയും (eligibility) അനുയോജ്യതയും (suitability) രണ്ടാണെന്നും അനുയോജ്യത നോക്കാൻ തങ്ങൾക്കാവില്ലെന്നും പറഞ്ഞതും സുപ്രീംകോടതി തന്നെ.
ചങ്ങാത്ത മുതലാളിത്തവും ചങ്ങാത്ത ജേണലിസവും പോലെ ഒരു ചങ്ങാത്ത ജുഡീഷ്യറിയും ഇവിടെ നിലവിൽവന്നുവോ? പള്ളി പൊളിച്ച് ക്ഷേത്രം നിർമിക്കാൻ പടിപടിയായി ഒപ്പംനിന്ന ജുഡീഷ്യറിയിലെ ജഡ്ജിമാരെ പ്രാണപ്രതിഷ്ഠക്ക് ക്ഷണിക്കാൻ തയാറുള്ള എക്സിക്യൂട്ടിവ് ഇന്ന് ഏത് കോടതിയെയാണ് ഭയക്കുന്നത്? 1999നുശേഷം റിട്ടയർ ചെയ്ത 103 സുപ്രീംകോടതി ജഡ്ജിമാരിൽ 73 പേർ (70 ശതമാനം) സർക്കാർ തസ്തിക പിന്നീട് സ്വീകരിച്ചതായി ഒരു പഠനം കാണിക്കുന്നു. ആറുമാസത്തിനുള്ളിൽ ഭരണകക്ഷിയുടെ നോമിനിയായി രാജ്യസഭയിലെത്തിയ രഞ്ജൻ ഗൊഗോയിയും ഗവർണറുദ്യോഗം സ്വീകരിച്ച അയോധ്യ ബെഞ്ചിലെ ജഡ്ജി അബ്ദുൽ നസീറും അക്കൂട്ടത്തിലുണ്ട്.
മറുവശത്ത്, സർക്കാർ വെച്ചുനീട്ടുന്ന ജോലി വേണ്ടെന്നുവെച്ചുകൊണ്ട് ഉജ്ജ്വല മാതൃക കാണിച്ച ജസ്റ്റിസുമാർ ചലമേശ്വർ, ജെ.എസ്. കെഹാർ, ആർ.എം. ലോധ, എസ്.എച്ച്. കപാഡിയ തുടങ്ങിയവരുമുണ്ട്. ഒരു കാര്യം ശരിയാണ്: ഇന്ത്യൻ ജുഡീഷ്യറിയുടെ നിലവാരവും നിഷ്പക്ഷതയും വിശ്വാസ്യതയും കുറഞ്ഞിരിക്കുന്നു. അത് പരിഹരിച്ചേ പറ്റൂ. അതിന് കൂടിയാലോചനകളും പരിഷ്കാരങ്ങളുമൊക്കെ വേണ്ടിവരാം. ഒപ്പം, തീർച്ചയായും ആവശ്യമായ ഒന്നുണ്ട് - നട്ടെല്ല്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.