രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ്
text_fieldsഅനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കുമൊടുവിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിെൻറ സമയക്രമം ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചതോടെ രാജ്യത്തിെൻറ മൊത്തം ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞിരിക്കുകയാണ്. ഒരു സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് സാധാരണഗതിയിൽ വലിയ ദേശീയപ്രാധാന്യമൊന്നും കൽപിക്കാറില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സ്വന്തം ഗുജറാത്തി’ലെ ജനവിധിക്ക് ഒട്ടേറെ മാനങ്ങളുണ്ട്. കേന്ദ്രഭരണം നാലാം വർഷത്തിലേക്ക് കടക്കുകയും പൊതുതെരഞ്ഞെടുപ്പിെൻറ പാദപതനം കേട്ടുതുടങ്ങുകയും ചെയ്യുന്ന സന്ദർഭത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിനെ ‘സെമിഫൈനൽ’ ആയി വേണം കാണാൻ. 2002 തൊട്ട് ബി.ജെ.പി അധികാരം കൈയാളുന്ന ഗുജറാത്തിൽ നാലാം തവണയും പാർട്ടിക്ക് അധികാരം നിലനിർത്താൻ സാധിക്കുമോ എന്ന ചോദ്യത്തിനാണ് ഒന്നാമതായി ഉത്തരം തേടുന്നത്. നരേന്ദ്ര മോദി രാജ്യത്തിെൻറ അധികാരം പിടിച്ചടക്കിയത് ഗുജറാത്തിൽ കാലൂന്നിയാണ്. ഹിന്ദുത്വ പരീക്ഷണശാലയായി മാറ്റിയെടുക്കപ്പെട്ട ഗാന്ധിജിയുടെ നാട്, മതേതര ജനാധിപത്യമൂല്യങ്ങൾ കൈവെടിഞ്ഞ് ആർ.എസ്.എസിെൻറ പ്രത്യയശാസ്ത്ര സങ്കൽപത്തിനനുസൃതമായി പരിവർത്തിതമായപ്പോൾ ലോകത്തെതന്നെ നടുക്കിയ കുറെ സംഭവവികാസങ്ങൾക്ക് സംസ്ഥാനം രംഗവേദിയായി. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയതോടെ എല്ലാം വിസ്മൃതിയിലേക്ക് തള്ളാൻ ശ്രമങ്ങളുണ്ടായെങ്കിലും ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ മനസ്സിലോടിയെത്തുന്നത് വിനാശകരമായ അജണ്ടകളിലൂടെ പരിവർത്തിതമായ ഒരു സംസ്ഥാനത്തിെൻറ മ്ലേച്ഛ മുഖമാണ്.
ഡൽഹിയിലെ അധികാരാരോഹണം ദേശീയതലത്തിൽ ‘ഗുജറാത്ത്’ പരീക്ഷിക്കാൻ സംഘ്പരിവാരത്തിന് അവസരമൊരുക്കിക്കൊടുത്തു. അങ്ങനെയാണ് വർഗീയരാഷ്ട്രീയം പരീക്ഷിക്കാൻ കൂട്ടുനിന്ന പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും പൊലീസ് മേധാവികളെയും മോദിസർക്കാർ ഡൽഹിയിലേക്ക് പറിച്ചുനടുന്നത്. അത്തരം നടപടികൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം നിസ്സാരമല്ല എന്ന് തെളിയിക്കുന്നതായിരുന്നു മുൻ ഗുജറാത്ത് ചീഫ് സെക്രട്ടറി, മുഖ്യ തെരെഞ്ഞടുപ്പ് കമീഷണർ എ.കെ. ജ്യോതി ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലെ തീയതി വെച്ചുതാമസിപ്പിച്ച നടപടി. അതിന് അദ്ദേഹം നിരത്തിയ ന്യായീകരണങ്ങളൊന്നും മുഖവിലക്കെടുക്കാൻ പറ്റുന്നതായിരുന്നില്ല. ജൂലൈയിൽ വടക്കൻ ഗുജറാത്തിലുണ്ടായ പ്രളയത്തിെൻറ ഇരകൾക്ക് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിനുള്ള പദ്ധതി പൂർത്തിയാക്കാൻ അവസരമൊരുക്കേണ്ടതുള്ളതുകൊണ്ടാണ് ഹിമാചൽ പ്രദേശിെൻറ തെരഞ്ഞെടുപ്പ് ഷെഡ്യൂളിനൊപ്പം പ്രഖ്യാപിക്കാതിരുന്നതെന്നാണ് ജ്യോതിയുടെ ഭാഷ്യം. എന്നാൽ, ആഗസ്റ്റിൽതന്നെ ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം. പ്രധാനമന്ത്രി മോദിക്ക് ഗുജറാത്ത് വരെ വന്ന് എണ്ണമറ്റ പ്രഖ്യാപനങ്ങൾ നടത്തുന്നതിനും സാമ്പത്തിക മാന്ദ്യത്തിൽപെട്ട് ഉഴലുന്ന കേന്ദ്ര സർക്കാറിന് മുഖം മിനുക്കൽ പദ്ധതികളുടെ ഭാണ്ഡമഴിച്ചുവിടുന്നതിനും സമയം വകവെച്ചുകൊടുക്കുകയാണ് ഇലക്ഷൻ കമീഷൻ ചെയ്തതെന്ന ആരോപണം അപ്പടി തള്ളിക്കളയാനാവില്ല.
ദേശീയരാഷ്ട്രീയത്തിലെ പുതിയ അനുരണനങ്ങൾ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്. രാജ്യം നേരിടുന്ന അത്യപൂർവമായ സാമ്പത്തിക പ്രതിസന്ധി ഒരു വർഷം മുമ്പ് കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് അസാധുവാക്കൽ തീരുമാനത്തിെൻറയും ഏറെ കൊട്ടിഘോഷത്തോടെ പ്രയോഗത്തിൽ കൊണ്ടുവന്ന ചരക്കു സേവന നികുതി ( ജി.എസ്.ടി ) സമ്പ്രദായത്തിെൻറയും അനന്തരഫലമാണെന്ന് ബി.ജെ.പിക്കാർ അല്ലാത്തവരെല്ലാം ഒരേ സ്വരത്തിൽ വിളിച്ചുപറയാൻ തുടങ്ങിയതോടെ പിടിച്ചുനിൽക്കാൻ മോദിയും ധനമന്ത്രി അരുൺ െജയ്റ്റിലിയുമൊക്കെ നന്നായി വിയർക്കുന്നുണ്ട്. പരാജയപ്പെട്ട ഈ പരീക്ഷണം രാജ്യത്തിെൻറ സമ്പദ്ഘടനയെ പിടിച്ചുകുലുക്കിയതിെൻറ ഫലമായി വളർച്ചനിരക്ക് താഴേക്ക് ചാടുകയും വിലവർധന ക്രമാതീതമായി കുതിക്കുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ ഏജൻസികൾ നടത്തിയ പഠനങ്ങൾ പോലും സമ്മതിക്കുന്നുണ്ട്. ചൊട്ടുവിദ്യകൊണ്ടൊന്നും ചികിത്സിച്ചു മാറ്റാവുന്ന പരുവത്തിലല്ല സംസ്ഥാനത്തിെൻറ സാമ്പത്തിക നില.
കോൺഗ്രസ് ചേരിയിൽ കാണപ്പെടുന്ന പുതിയ ഉണർവ് ഗുജറാത്തിൽ പ്രതിഫലിക്കാതിരിക്കില്ല. ഗുജറാത്തിൽ രാഹുൽ ഇതുവരെ നടത്തിയ സന്ദർശനങ്ങൾ സംസ്ഥാനരാഷ്ട്രീയത്തിെൻറ അടിത്തട്ടിൽ നന്നായി ഏശിയിട്ടുണ്ട് എന്നാണ് അഹ്മദാബാദിൽനിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. കോൺഗ്രസ് യോഗങ്ങളിലെ വൻ ജനപങ്കാളിത്തവും യുവാക്കളുടെ വർധിച്ച സാന്നിധ്യവും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി എതിരാളികളില്ലാത്ത തട്ടകമായി ബി.ജെ.പി മാറ്റിയെടുത്ത ഗുജറാത്തിൽ സമൂല മാറ്റങ്ങൾ സംഭവിക്കുന്നതിെൻറ നാന്ദിയായാണ് പലരും കാണുന്നത്. അതോടൊപ്പംതന്നെ, പുതിയ രാഷ്ട്രീയ, സാമൂഹിക ശക്തികളുടെ കോൺഗ്രസ് പക്ഷത്തേക്കുള്ള ചായ്വ് സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ പോന്നതാണെന്ന്് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. പട്ടേൽ സമുദായനേതാവ്, 24കാരനായ ഹാർദിക് പട്ടേലും പിന്നാക്ക സമുദായ നേതാവ് അൽപേഷ് താകോറും രാഹുലിന് പിൻബലം നൽകാൻ എത്തുന്നതോടെ ബി.ജെ.പി വെള്ളംകുടിക്കേണ്ടിവരും എന്ന തരത്തിലാണ് വിശകലനങ്ങൾ നടക്കുന്നത്. ബി.ജെ.പിയിതര പാർട്ടികളെല്ലാം ചേർന്ന് കോൺഗ്രസിെൻറ നേതൃത്വത്തിൽ ‘ബിഹാർ മോഡൽ’ മഹാസഖ്യത്തിന് സന്നദ്ധമാവുകയാണെങ്കിൽ, ഭരണവിരുദ്ധ വികാരത്തിെൻറ അകമ്പടിയോടെ, മോദി തുടക്കംകുറിച്ച ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കാൻ സാധിച്ചേക്കാമെന്നാണ് കണക്കുകൂട്ടലുകൾ. അത് മറികടക്കാൻ മോദി ^അമിത് ഷാ പ്രഭൃതികൾ അവസാനത്തെ അടവും പുറത്തെടുക്കാതിരിക്കില്ല. എന്തുതന്നെയായാലും ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലും 2019ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും വൻതോതിൽ പ്രതിഫലിക്കുമെന്ന കാര്യത്തിൽ പക്ഷാന്തരമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.