നിയമംകൊണ്ട് അടച്ച ഭൂതത്തെ തുറന്നുവിടരുത്
text_fieldsഉത്തർപ്രദേശിലെ വാരാണസിയിൽ മുഗൾഭരണകാലത്ത് പണിത ഗ്യാൻവാപി പള്ളി നിൽക്കുന്നഭാഗത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തുവകുപ്പിന് (എ.എസ്.ഐ) സുപ്രീംകോടതിയും അനുമതിനൽകിയിരിക്കുന്നു. അത്തരം സർവേ നടത്താൻ അനുവദിച്ച ഹൈകോടതി വിധിക്കെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളിയാണ് സുപ്രീംകോടതിയുടെ തീർപ്പ്.
സർവേ അലഹബാദ് ഹൈകോടതി നിരീക്ഷണത്തിന് വിധേയമായിരിക്കുമെന്ന് കോടതി പറയുന്നു. എ.എസ്.ഐ നൽകിയ ഉറപ്പും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സർവേ നടത്താൻ വാരാണസി ജില്ല കോടതി ജൂലൈ 21ന് നൽകിയ ഉത്തരവ് ഇതോടെ പരമോന്നത കോടതിയും അംഗീകരിച്ചിരിക്കുന്നു. മസ്ജിദ് കമ്മിറ്റി നേരത്തേ സമർപ്പിച്ച മറ്റൊരു ഹരജി തീർപ്പാകാതെ കിടക്കുന്നുണ്ട്. പള്ളി തങ്ങൾക്ക് ആരാധനക്കായി വിട്ടുനൽകണമെന്ന നാല് ഹിന്ദുസ്ത്രീകളുടെ ആവശ്യത്തിന്മേൽ തർക്കവിഷയങ്ങൾ കൃത്യമായി നിർവചിക്കുംമുമ്പേ വിദഗ്ധാഭിപ്രായം തേടുന്നതും പരാതിക്കാർക്കുവേണ്ടി കോടതി തെളിവ് ശേഖരിക്കുന്നതും ന്യായമല്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. ഈ വാദം ഹൈകോടതിയും സുപ്രീംകോടതിയും ഇപ്പോൾ തള്ളിയിരിക്കുന്നു.
ഞങ്ങൾ മുമ്പൊരു മുഖപ്രസംഗത്തിൽ പറഞ്ഞപോലെ, ബാബരി മസ്ജിദിന്റെ മറ്റൊരു പതിപ്പായി ഗ്യാൻവാപി പള്ളി വളർത്തപ്പെടുകയാണോ എന്ന ആശങ്ക ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാബരി മസ്ജിദിന്റെ കാര്യത്തിൽ കോടതിയെയും നിയമത്തെയും വെല്ലുവിളിച്ച് പള്ളി പൊളിച്ചവർക്ക് ഒടുവിൽ സ്ഥലത്തിന്റെ ഉടമസ്ഥതയും കുറ്റമുക്തിയുംവരെ ലഭ്യമായത് കോടതിയിലൂടെത്തന്നെയായിരുന്നു. ഇന്ന് ഗ്യാൻവാപി പള്ളിക്കുമേൽ ഉയർത്തപ്പെട്ട അവകാശവാദം വഴി പള്ളിയിൽ നമസ്കാരനിയന്ത്രണവും സർവേ അനുമതിയും വരെ ആയിക്കഴിഞ്ഞതും കോടതിയുടെതന്നെ മുൻ നിലപാടിന്റെ ലംഘനമാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്.
1991ലെ ആരാധനാലയ സംരക്ഷണനിയമം നിയമജ്ഞരുടെയും കോടതികളുടെയും -സുപ്രീംകോടതിയുടേതടക്കം- തുറന്ന പ്രശംസ പലകുറി നേടിയ ഒന്നാണ്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും മതസ്വഭാവം 1947 ആഗസ്റ്റ് 15 എന്ന തീയതിയിലേതായിരിക്കുമെന്നും അതിൽ ഒരു മാറ്റവും വരുത്തിക്കൂടെന്നുമാണ് ആ നിയമം പറഞ്ഞത്. ബാബരി പള്ളിയെ മാത്രം ഈ നിയമത്തിൽനിന്ന് ഒഴിവാക്കി. മസ്ജിദുകളടക്കം മറ്റ് ആരാധനാലയങ്ങൾക്കുമേൽ അവകാശവാദമുന്നയിക്കാൻ നിയമപരമായി സാധിക്കില്ലെന്നും വാരാണസിയും മഥുരയുമടക്കമുള്ള പള്ളികൾക്ക് ഈ നിയമവിലക്ക് ബാധകമാകുമെന്നും അന്ന് വ്യക്തമാക്കപ്പെട്ടു. നിയമം നിർമിക്കപ്പെട്ടതിന്റെ തൊട്ടടുത്തവർഷം ബാബരി പള്ളി തകർത്ത ചെയ്തിയെ ‘കുറ്റകൃത്യ’മെന്ന് പിന്നീട് 2019ലെ ഉത്തരവിൽ സുപ്രീംകോടതി വിശേഷിപ്പിച്ചു; ഒപ്പം, 1991ലെ നിയമത്തെ പുകഴ്ത്തുകയും മതങ്ങൾ തമ്മിൽ സമത്വം പുലർത്താൻ ഭരണകൂടത്തിനുള്ള ഭരണഘടനാപരമായ ബാധ്യത പ്രാവർത്തികമാക്കുന്നതിന് ഈ നിയമം കൊണ്ട് കഴിയുമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
‘ഭരണഘടനയുടെ അടിസ്ഥാനശിലയായ മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിയമ ഉപകരണ’മായിട്ടാണ് കോടതി അതിനെ കണ്ടത്. ഈ നിയമം നിലനിൽക്കെ ‘പുതിയ തർക്കങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കും’ ഇനി പഴുതില്ലെന്ന് 2019ൽ സുപ്രീംകോടതി വ്യക്തമാക്കുകകൂടി ചെയ്തു. അതുകൊണ്ടുതന്നെ വാരാണസിയായാലും മഥുരയായാലും മറ്റെങ്ങായാലും ആരാധനാലയങ്ങൾക്ക് മേലുണ്ടാകുന്ന അവകാശവാദങ്ങൾ തുടക്കത്തിലേ തള്ളിക്കളയാൻ കോടതികൾക്ക് കഴിയേണ്ടതായിരുന്നു. പക്ഷേ, അയോധ്യവിധിയിൽ സുപ്രീംകോടതി വാനോളം പ്രശംസിച്ച 1991ലെ നിയമത്തെ തോൽപിക്കാൻ കോടതിയെത്തന്നെ ഉപയോഗിക്കുകയാണ് ചിലർ. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ താൽപര്യവും ഇതിന് പിന്നിലുണ്ടെന്ന് കരുതണം.
‘ആരാധനാലയങ്ങളുടെ മതസ്വഭാവം മാറ്റരുതെ’ന്ന 1991ലെ നിയമത്തിലെ വ്യക്തമായ വ്യവസ്ഥ നിലനിൽക്കെ, അത് മറികടന്നത് ഒരു ദുർവ്യാഖ്യാനത്തിലൂടെയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ആരാധനാസ്വാതന്ത്ര്യത്തിന് മാത്രമാണ് അപേക്ഷയെന്നും മസ്ജിദ് ക്ഷേത്രമാക്കി മതസ്വഭാവം മാറ്റാനല്ലെന്നുമാണ് പരാതിക്കാർ ആദ്യം വാദിച്ചത്. ഈ അപേക്ഷ ഫയലിൽ സ്വീകരിക്കപ്പെട്ടതോടെ, ക്ഷേത്രം തകർത്താണോ പള്ളി നിർമിച്ചത് എന്നറിയാൻ പുരാവസ്തുവകുപ്പ് സർവേ നടത്തണമെന്ന ആവശ്യമുയർത്തി.
ഇത് അനുവദിക്കുകയെന്നാൽ ‘മതസ്വഭാവം’ മാറ്റാവുന്നതരത്തിൽ വ്യവഹാരം അനുവദിക്കുക എന്നാണർഥം. നിയമം നടപ്പിൽവരുത്താൻ ബാധ്യസ്ഥമായ ജുഡീഷ്യറി നിയമത്തിലില്ലാത്ത ചെറിയ പഴുതുപോലും നൽകിയാൽ പിന്നീട് നിയന്ത്രിക്കാനാവാത്ത സാമൂഹിക-രാഷ്ട്രീയ-സാമുദായിക പ്രശ്നമായി അത് വളരുമെന്ന് ബാബരി തകർക്കലെന്ന ‘കുറ്റകൃത്യം’ കാണിച്ചുതന്നതാണ്. ദുരുദ്ദേശ്യത്തോടെയുള്ള തർക്കങ്ങൾക്ക് കോടതികൾ നിയമത്തിലില്ലാത്ത പഴുത് നൽകിയാൽ പിന്നെ നിയമവാഴ്ചക്കെന്തർഥമാണുണ്ടാവുക? മഥുരയിൽ ഒരു കോടതി, അവിടത്തെ ശാഹി ഈദ്ഗാഹിന്റെ കാര്യത്തിൽ 1991ലെ നിയമം ബാധകമല്ലെന്ന് ഈയിടെ പറഞ്ഞതും ഒരു സൂചനയാണ്. നിയമം തകർക്കാൻ അനുവദിക്കുന്നത്, പള്ളി മാത്രമല്ല, സ്വസ്ഥതയും രാഷ്ട്രവുമെല്ലാം തകർക്കുന്നതിലേക്കാണ് നയിക്കുകയെന്ന് ഓർക്കണം. സുപ്രീംകോടതിയുടെ സവിശേഷ ശ്രദ്ധയും ഇടപെടലും ഇതിൽ ഇനിയെങ്കിലും ഉണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.