ഹാദിയയുടെ ജീവൻ
text_fieldsമതം മാറിയതിെൻറ പേരിൽ കോടതിമുറ്റത്തുവെച്ച് ഒരു സ്ത്രീയെ വെട്ടിക്കൊന്ന സംഭവം ഒരുപക്ഷേ, ഇന്ത്യയിൽതന്നെ ആദ്യമായും അവസാനമായും നടന്നത് കേരളത്തിലായിരിക്കും. മഞ്ചേരി കോടതിയിൽനിന്ന് പുറത്തിറങ്ങവെയാണ് 1987ൽ ആമിനക്കുട്ടി എന്ന ചിരുതക്കുട്ടിയ ആർ.എസ്.എസുകാർ വെട്ടിക്കൊല്ലുന്നത്. മതം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ഏത് വിശ്വാസം പിന്തുടരണം, വിശ്വാസംതന്നെ വേണോ എന്നൊക്കെയുള്ളത് തീർത്തും വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്. നമ്മുടെ ഭരണഘടന ഈ തെരഞ്ഞെടുപ്പിന് സർവാത്മനാ സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ, മതത്തെ വംശീയ സങ്കൽപത്തിൽ കാണുന്നവർ മതംമാറ്റത്തെ അംഗീകരിക്കുന്നില്ല. തങ്ങളുടെ കുടുംബത്തിൽനിന്ന്/ നാട്ടിൽനിന്ന്/ സംഘത്തിൽനിന്ന് ഒരാൾ മതം മാറുന്നത് അപരാധമായാണ് അവർ കാണുന്നത്. അതുകൊണ്ടാണ് മതം മാറിയ സ്ത്രീയെ കോടതിമുറ്റത്തുവെച്ച് പോലും വെട്ടിക്കൊല്ലുന്ന അവസ്ഥയുണ്ടാകുന്നത്.
മതംമാറിയവരെ കൊല്ലുകയെന്നത് ഒരു പദ്ധതിയെന്ന നിലക്ക് നടപ്പാക്കുന്ന പ്രസ്ഥാനമാണ് ആർ.എസ്.എസ്. ആമിനക്കുട്ടിക്ക് പുറമെ, തിരൂരിലെ യാസർ, കൊടിഞ്ഞിയിലെ ഫൈസൽ എന്നിവർ മതംമാറിയതിെൻറ പേരിൽ ആർ.എസ്.എസ് കൊലക്കത്തിക്ക് ഇരയായവരാണ്. മതം മാറിയവരെ തട്ടിക്കൊണ്ടുപോവുക, പീഡിപ്പിക്കുക, തിരിച്ചു കൊണ്ടുവരാനായി പ്രത്യേക കേന്ദ്രങ്ങൾ നടത്തുക എന്നതൊക്കെ സംഘ്പരിവാറിെൻറ പ്രവർത്തന പദ്ധതിയുടെ ഭാഗമാണ്. പക്ഷേ, കൗതുകകരമായ കാര്യം, മതേതര പ്രസ്ഥാനങ്ങളും ലിബറൽ ബുദ്ധിജീവികളുമൊന്നും മതംമാറ്റത്തിെൻറ പേരിലുള്ള അതിക്രമങ്ങളെ ഗൗരവത്തിലെടുക്കാറില്ല എന്നതാണ്. വംശശുദ്ധിയുടെ ചക്രവ്യൂഹത്തിൽതന്നെയാണ് ഇക്കാര്യത്തിൽ അവരും. അതുകൊണ്ടാണ് കോടതി മുറ്റത്ത് ആമിനക്കുട്ടി കൊല്ലപ്പെട്ടത്, ഫാഷിസത്തെക്കുറിച്ച ചർച്ചയിൽപോലും മലയാളി പൊതുബോധം ഓർത്തെടുക്കാത്തത്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ ഫൈസൽ എന്ന യുവാവ്, ഇടതുപക്ഷം ഭരിക്കുമ്പോൾ കൊല്ലപ്പെടുന്നതിെൻറയും പ്രതികൾ മൂന്നാം പക്കം ജാമ്യം നേടി പുറത്തിറങ്ങുന്നതിെൻറയും കാരണവും അതുതന്നെ. മതം മാറിയവരും അന്യമതക്കാരെ പ്രണയിക്കുന്നവരുമായ പെൺകുട്ടികളെ തടവിലിട്ട് പീഡിപ്പിക്കുന്ന കേന്ദ്രത്തെക്കുറിച്ച വാർത്തകൾ പുറത്തു വന്നിട്ടും സർക്കാറും മതേതര പൊതുബോധവും സ്വീകരിക്കുന്ന നിസ്സംഗ സമീപനത്തിന് കാരണവും മറ്റൊന്നല്ല.
ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായ ഹാദിയ കേസിനെ വിശകലനം ചെയ്യേണ്ടത്. ഇസ്ലാം സ്വീകരിച്ച െവെക്കത്തെ അഖില എന്ന ഹാദിയയെ അവരുടെ വിവാഹം റദ്ദ് ചെയ്ത് മാതാപിതാക്കളോടൊപ്പം വിടാനുള്ള ഹൈകോടതി വിധി വന്നത് 2017 മേയ് 24ന്. മാതാപിതാക്കളോടൊപ്പം വിടാനല്ലാതെ ആരുമായും ബന്ധപ്പെടാനും സംസാരിക്കാനും അനുവദിക്കാതെ അവരെ തടങ്കലിലിടണമെന്ന് കോടതി പറഞ്ഞിട്ടില്ല. എന്നല്ല, ഹാദിയ കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ, അവരെ തടവിലിടുന്നത് ശരിയല്ല എന്ന പരാമർശം ഒന്നിലധികം തവണ സുപ്രീംകോടതി ജഡ്ജിമാർ നടത്തുകയും ചെയ്തു. പക്ഷേ, അഞ്ചു മാസത്തിലേറെയായി ഹാദിയ സമ്പൂർണമായ തടവിലാണ്. അവരുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്.
മരുന്ന് കുത്തിവെച്ച് ഹാദിയയെ മയക്കിക്കിടത്തുകയാണ് എന്നാണ് വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ആക്ടിവിസ്റ്റുകൾ പറയുന്നത്. ഇങ്ങനെ സംഭവിക്കുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. 1987ൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഇസ്ലാം സ്വീകരിച്ച, അക്കാലത്ത് ഇന്ന് ഹാദിയ പോലെ വാർത്തകളിൽ ഇടംപിടിച്ചിരുന്ന സത്യനാഥൻ എന്ന ചെറുപ്പക്കാരനെ മാസങ്ങളോളം മനോേരാഗ ആശുപത്രിയിൽ കിടത്തി ഷോക്ക് ചികിത്സക്കു വരെ വിധേയമാക്കിയ ചരിത്രമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ ഗ്രാമത്തിൽ നിന്നുള്ള, ഇതര മതക്കാരനെ പ്രണയിച്ച അഷിത എന്ന പെൺകുട്ടി തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രത്തിൽ അനുഭവിച്ച പീഡനങ്ങൾ ഏതാനും ദിവസങ്ങൾക്കു മുമ്പ് മാധ്യമങ്ങളോട് വിവരിച്ചിരുന്നു.
ഒരു ആൾദൈവത്തിെൻറ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽതന്നെ ബലമായി കൊണ്ടുപോയി മനോരോഗിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നൽകിയെന്നാണ് അവർ പറയുന്നത്. അവർ ഇക്കാര്യം വെളിപ്പെടുത്തി ദിവസങ്ങൾ ആയെങ്കിലും വിഷയത്തിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്താൻ സർക്കാർ തയാറായിട്ടില്ല. അവിടെനിന്ന് രക്ഷപ്പെട്ട ആ പെൺകുട്ടി ഇപ്പോഴും ഒളിവിലാണ്. മുഖ്യമന്ത്രിയുടെ നാട്ടുകാരിയുടെ അവസ്ഥ ഇതാണെങ്കിൽ വീട്ടുതടങ്കലിലുള്ള ഹാദിയയുടെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ. ഹാദിയ കേസിലെ ഏറ്റവും പ്രധാന വശം ഹൈകോടതിയോ സുപ്രീംകോടതിയോ അവരെ കേൾക്കാൻ സന്നദ്ധമായില്ല എന്നതാണ്. ഒക്ടോബർ 30ന് സുപ്രീംകോടതിയിൽ ഈ കേസ് വരുകയാണ്. സുപ്രീംകോടതി ഒരുപക്ഷേ, ഹാദിയയെ നേരിട്ട് വിളിച്ചുവരുത്തിയേക്കാം. അപ്പോഴേക്ക് അവരെ മനോരോഗിയാക്കാനുള്ള ആസൂത്രണങ്ങളാണോ നടപ്പാക്കുന്നത് എന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല.
ഹാദിയ കേസ് രാഷ്ട്രീയ, സാമൂഹിക പ്രാധാന്യമുള്ള ഒന്നായി വികസിച്ചിട്ടുണ്ട്. ഗൗരവപ്പെട്ട ഈ വിഷയത്തിൽ പക്ഷേ, നിസ്സംഗ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അടിയന്തരമായ വസ്തുതാന്വേഷണ സംഘത്തെ അവരുടെ അടുത്തേക്ക് അയച്ച് കാര്യങ്ങളുടെ നിജസ്ഥിതി അറിയാനും ജനങ്ങളെ അറിയിക്കാനുമുള്ള ബാധ്യത സർക്കാറിനുണ്ട്. ഭരണഘടന അവകാശങ്ങൾ അവർക്ക് നിഷേധിക്കപ്പെടുന്നുവെങ്കിൽ അത് തിരിച്ച് നൽകാനുള്ള ഉത്തരവാദിത്തവും ഭരണകൂടത്തിെൻറതാണ്. സൂചികൊണ്ട് എടുക്കാവുന്ന കാര്യങ്ങളെ തൂമ്പകൊണ്ട് പോലും എടുക്കാനാവാത്ത പരുവത്തിലേക്ക് സർക്കാർ എത്തിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.