ഹമാസിെൻറ പുതിയ രാഷ്ട്രീയ രേഖ
text_fields1988ൽ സ്ഥാപിതമായ ഹമാസ് പലരെയും അതിശയിപ്പിക്കുന്ന ഒരു ഫലസ്തീൻ പ്രസ്ഥാനമാണ്. സൈനിക, സൈനികേതര രംഗങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഇസ്രായേൽ, വൻശക്തി രാഷ്ട്രങ്ങളുടെ പിന്തുണയോടെ നടത്തുന്ന അതിക്രൂരമായ അധിനിവേശത്തെ ദൃഢനിശ്ചയത്തിെൻറ കരുത്തുകൊണ്ട് പ്രതിരോധിച്ചു നിൽക്കുന്നുവെന്നതാണ് ആ പ്രസ്ഥാനത്തിെൻറ പ്രസക്തി. ആത്മബോധവും സ്വാതന്ത്ര്യബോധവുമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം ഹമാസ് വിസ്മയവും ആവേശവുമാണ്. ലക്ഷക്കണക്കിന് ഫലസ്തീനികളെ ആട്ടിപ്പായിച്ച് അവരുടെ മണ്ണിൽ സ്ഥാപിതമായ ഇസ്രായേലിനെ തകർത്ത് സ്വതന്ത്ര ഫലസ്തീൻ രൂപവത്കരിക്കുകയെന്നതാണ് ഹമാസിെൻറ പ്രഖ്യാപിത ലക്ഷ്യം. അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിൽ സായുധവഴിയാണ് ഹമാസ് സ്വീകരിച്ചിരിക്കുന്നത്. അവർക്ക് സ്വന്തമായ സൈനിക വിങ് ഉണ്ട്. അമേരിക്കയും യൂറോപ്യൻ യൂനിയനും ഹമാസിനെ ഭീകര സംഘടനയായാണ് കാണുന്നത്. പല അറബ് നാടുകളിലും ഹമാസിന് വലിയ പിന്തുണയില്ല.
2007ലെ ഫലസ്തീൻ അതോറിറ്റി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ഹമാസിന് ശത്രുക്കളും വർധിച്ചു. ജനാധിപത്യത്തെക്കുറിച്ച് മറ്റുള്ളവർക്ക് പഠന ക്ലാസ് എടുക്കുന്നവരാണ് പടിഞ്ഞാറൻ ഭരണാധികാരികളെങ്കിലും ഫലസ്തീൻ ജനത ജനാധിപത്യ രീതിയിൽ ഹമാസിനെ അധികാരത്തിലേറ്റിയപ്പോൾ അവർ ജനാധിപത്യ പാഠങ്ങൾ മറന്നു. ഹമാസ് സർക്കാറിനെ തകർക്കാനുള്ള സർവ ശ്രമങ്ങളും നടത്തി. അവർക്ക് പ്രാമുഖ്യമുള്ള, 20 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഗസ്സക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തി. കര, കടൽ, വ്യോമ മാർഗമുള്ള ഉപരോധത്തിന് കീഴിലാണ് 2007 മുതൽ ഗസ്സ. ഗസ്സയുമായി അതിർത്തി പങ്കിടുന്ന ഈജിപ്തും ഉപരോധം ഫലപ്രദമാക്കുന്നതിൽ ഇസ്രായേലിനെ സർവാത്മനാ പിന്തുണച്ചു. അങ്ങനെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ എന്ന നിലയിലായി ഗസ്സ. ഉപരോധത്തിൽ കഴിയുന്ന ആ ജനങ്ങൾക്കു മേൽ ഇസ്രായേൽ അതിനിഷ്ഠുരമായ മൂന്നു യുദ്ധങ്ങൾ അടിച്ചേൽപിച്ചു. ഇങ്ങനെയൊെക്കയായിട്ടും ഹമാസ് പിടിച്ചുനിൽക്കുകയും അതിെൻറ ശക്തി വർധിപ്പിക്കുകയുമായിരുന്നു. ഫലസ്തീൻ ജനതക്കിടയിൽ അവർക്ക് ഇപ്പോഴും വലിയ സ്വീകാര്യതയുണ്ട്.
ഹമാസ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയാൻ കാരണമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ദോഹയിൽ ഹമാസ് അധ്യക്ഷൻ ഖാലിദ് മിശ്അൽ വിളിച്ചുചേർത്ത വാർത്തസമ്മേളനം സാർവദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ഹമാസിെൻറ പുതിയ രാഷ്ട്രീയ രേഖ ആ വാർത്തസമ്മേളനത്തിൽവെച്ചാണ് മിശ്അൽ പ്രകാശനം ചെയ്തത്. 1988ൽ എഴുതിത്തയാറാക്കിയ ഹമാസ് ചാർട്ടർ ആണ് ഹമാസിെൻറ അടിസ്ഥാന രേഖയായി ഇക്കാലമത്രയും പരിഗണിക്കപ്പെട്ടുപോന്നിരുന്നത്. ഫലസ്തീൻ ഭൂമിയുടെ ഓരോ ഇഞ്ചും തിരിച്ചുപിടിച്ച് സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുകയെന്നതാണ് ഹമാസിെൻറ ലക്ഷ്യമായി ആ ചാർട്ടർ പറയുന്നത്. എന്നാൽ, ഗസ്സയും വെസ്റ്റ്ബാങ്കും ഉൾപ്പെടുന്ന 1967ലെ അതിർത്തിപ്രകാരമുള്ള ഫലസ്തീൻ രാഷ്ട്രമെന്നതാണ് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന ഫലസ്തീൻ രാഷ്ട്രം. 1967ലെ അതിർത്തി അംഗീകരിച്ച്, ജറൂസലം തലസ്ഥാനമായിക്കൊണ്ടുള്ള ഫലസ്തീൻ രാഷ്ട്രം എന്ന തത്ത്വം ഹമാസ് അംഗീകരിക്കുന്നുവെന്നതാണ് ദോഹയിൽ പ്രകാശനം ചെയ്ത രാഷ്ട്രീയ രേഖയിലെ ഏറ്റവും പ്രസക്തമായ ഭാഗം.
‘ദേശീയ സമവായ’ത്തിെൻറ ഭാഗമായാണ് ഇത്തരമൊരു നിലപാടിലേക്ക് തങ്ങൾ എത്തുന്നതെന്നും രേഖ വിശദീകരിക്കുന്നുണ്ട്. മഹ്മൂദ് അബ്ബാസിെൻറ നേതൃത്വത്തിലുള്ള ഫതഹ് ഈ തത്ത്വം അംഗീകരിക്കുന്നവരും അത് അടിസ്ഥാനപ്പെടുത്തി സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നവരുമാണ്. ഹമാസ് -ഫതഹ് ഭിന്നത ഫലസ്തീനികളുടെ രാഷ്ട്രീയ ഭാവിയെ ഹനിക്കുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഹമാസ് ഈ തത്ത്വം അംഗീകരിക്കുന്നത്. അതേസമയം, അഭയാർഥികളാക്കപ്പെട്ട ഫലസ്തീനികളുടെ യഥാർഥ മണ്ണിലേക്കു മടങ്ങിവരാനുള്ള അവകാശത്തിൽ ഒരു വിട്ടുവീഴ്ചക്കും ഹമാസിെൻറ പുതിയ രേഖയും സന്നദ്ധമാവുന്നില്ല.
1988ലെ ചാർട്ടർ, ജൂത -ഇസ്ലാം മതങ്ങൾ തമ്മിലുള്ള സംഘർഷം എന്ന നിലയിലാണ് ഫലസ്തീൻ പ്രശ്നത്തെ സമീപിക്കുന്നത്. എന്നാൽ, പുതിയ രാഷ്ട്രീയ രേഖ ആ നിലപാടിനെ തള്ളിക്കളയുന്നുണ്ട്. ഫലസ്തീനിലേത് രാഷ്ട്രീയ പ്രശ്നമാണെന്ന് പ്രഖ്യാപിക്കുന്ന രേഖ, ജൂതരോട് ഹമാസിന് ഒരു പ്രശ്നവുമില്ലെന്നും അധിനിവേശകരായ സയണിസ്റ്റുകളോട് മാത്രമാണ് ഹമാസിെൻറ എതിർപ്പ് എന്നും വ്യക്തമാക്കുന്നു. ഹമാസിെൻറ സമരത്തെ ദേശീയ സ്വാതന്ത്ര്യ സമരം എന്ന നിലക്കാണ് പുതിയ രേഖ പരിചയപ്പെടുത്തുന്നത്.
വാർത്തസമ്മേളനത്തിനു ശേഷം സി.എൻ.എൻ ടെലിവിഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മിശ്അൽ പറയുന്ന ഒരു കാര്യമിതാണ്: ‘‘ഏത് പ്രസ്ഥാനത്തെയും പ്രസക്തമാക്കുന്നതും നിലനിർത്തുന്നതും സ്വയം പരിണമിക്കാനുള്ള അതിെൻറ ശേഷിയാണ്.’’ ആ നിലക്ക്, കുറഞ്ഞ കാലത്തിനിടയിൽ വലിയ അനുഭവങ്ങളിലൂടെ കടന്നുവന്ന ഒരു പ്രസ്ഥാനത്തിന് വന്ന സ്വാഭാവികമായ പരിണാമം എന്ന നിലക്കാണ് ഹമാസിെൻറ പുതിയ രേഖയെ കാണേണ്ടത്. ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിൽ താൽപര്യമുള്ള മുഴുവൻ ആളുകളും ഹമാസിെൻറ പുതിയ രാഷ്ട്രീയ രേഖയെ ഗൗരവത്തിൽ സമീപിക്കണം. തീവ്രവാദ ചാപ്പകുത്തി ഒരു ജനകീയ പ്രസ്ഥാനത്തെ മാറ്റി നിർത്തുന്നതുകൊണ്ട് താൽക്കാലിക ആത്മസുഖം കിട്ടുെമന്നല്ലാതെ, പ്രശ്നം പരിഹരിക്കുന്നതിൽ അത് ഗുണംചെയ്യില്ല. ഹമാസിനെ മാറ്റിനിർത്തി ഫലസ്തീൻ പ്രശ്നപരിഹാരം സാധ്യമല്ല. ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ ലോകസമാധാനവും സാധ്യമല്ല. അതിനാൽ, ലോകസമാധാനത്തിനു വേണ്ടി പരിശ്രമിക്കുന്നവർ ഹമാസിെൻറ പുതിയ രേഖയെ ഗൗരവത്തിൽ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.