പാവം, അയാൾ നിരപരാധിയായിരുന്നു!
text_fieldsഹരിയാനയിലെ ഗുഡ്ഗാവിൽ റയാൻ ഇൻറർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാകുറിനെ അതേ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിയാണ് കൊന്നതെന്ന് സി.ബി.െഎ വെളിപ്പെടുത്തിയതോടെ ആ കേസിൽ നാടകീയമായ വഴിത്തിരിവായിരിക്കുന്നു. സെപ്റ്റംബർ 8നാണ് പ്രദ്യുമനെ സ്കൂളിലെ ശുചിമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗുഡ്ഗാവ് പൊലീസ് വൈകാതെതന്നെ പ്രതിയെ തീരുമാനിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനുശേഷം കുട്ടിയെ കൊന്നത് സ്കൂൾ ബസിെൻറ കണ്ടക്ടർ അശോക്കുമാറാണെന്ന് പൊലീസ് വെളിപ്പെടുത്തി. അയാൾ കുറ്റങ്ങളെല്ലാം സമ്മതിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ, ഇതെല്ലാം പൊലീസിെൻറ കള്ളക്കളിയാണെന്ന് അന്നേ ആരോപണമുയർന്നു. പ്രദ്യുമെൻറ മാതാപിതാക്കൾ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.
തങ്ങളുടെ മകനെ, സ്കൂൾ ബസിൽ കൊണ്ടുപോകാറില്ലെന്നിരിക്കെ കണ്ടക്ടർ അവനെ അറിയുകപോലുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വ്യാപകമായി ഉയർന്ന ആവശ്യപ്രകാരം സി.ബി.െഎ അന്വേഷിച്ചപ്പോഴാണ് ഇപ്പോൾ വഴിത്തിരിവുണ്ടായിരിക്കുന്നത്. അവർ പറയുന്നത് ശരിയാണെങ്കിൽ ബാല്യ-കൗമാര പ്രായക്കാരിൽ വളർന്നുവരുന്ന കുറ്റവാസനയെപ്പറ്റി ഗൗരവത്തിൽ ചിന്തിക്കേണ്ടതുണ്ട്. പഠിത്തത്തിൽ മോശക്കാരനായ 16കാരൻ, സ്കൂൾ പരീക്ഷ മാറ്റിവെപ്പിക്കാൻ കണ്ട വഴിയാണത്രെ ആരെയെങ്കിലും കൊല്ലുക എന്നത്. ഡൽഹി ‘നിർഭയ’ സംഭവത്തിലും കൗമാരപ്രായക്കാരൻ ഉൾപ്പെട്ടിരുന്നു. ഇൗ പ്രവണതക്കുപിന്നിലെ സാമൂഹിക-മനഃശാസ്ത്രകാരണങ്ങൾ അന്വേഷിച്ച് പരിഹാരം കണ്ടെത്തുന്നതിനുപകരം നമ്മൾ അന്ന് ആകെക്കൂടി ചെയ്തത്, 16 മുതൽ 18 വരെ പ്രായക്കാരെക്കൂടി മുതിർന്നവരെപ്പോലെ കണക്കാക്കി വിചാരണ ചെയ്ത് ശിക്ഷിക്കാൻ നിയമം പാസാക്കുകയാണ്. ഇത്തരം ‘എളുപ്പവിദ്യ’കളുടെ പൊലീസ്ഭാഷ്യമാണ് ഗുഡ്ഗാവ് പൊലീസ് പ്രദ്യുമൻ വധക്കേസിൽ ചെയ്തുവെച്ചത്. കിട്ടിയവനെ പിടിക്കുക, മർദിച്ചും മറ്റും കുറ്റസമ്മതം വാങ്ങുക, കേസ്ഫയൽ ക്ലോസ് ചെയ്യുക -അത്രതന്നെ.
കുറ്റകൃത്യങ്ങൾ തടയാൻ കുറെക്കൂടി അവധാനതയും പ്രതിബദ്ധതയും ആവശ്യമാണെന്ന് തെളിയിക്കുന്നുണ്ട് ഇൗ സംഭവവും. നമ്മുടെ പൊലീസ് സേനയും നീതിന്യായ വ്യവസ്ഥതന്നെയും ഫലപ്രദമായല്ല പ്രവർത്തിക്കുന്നതെന്നതിന് തെളിവുകൾ വർധിച്ചുവരുന്നുണ്ട്. പ്രദ്യുമൻ കേസിൽ കണ്ടക്ടർ നിരപരാധിയാണെന്ന് കണ്ടെത്തിയത് സി.ബി.െഎയാണ്. കുറ്റവാളി വിദ്യാർഥിയാണെന്ന് തെളിയിക്കാൻപോന്ന മൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്ന് അവർ പറയുന്നു. ഇൗ സി.ബി.െഎപോലും എപ്പോഴും കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടത്താറെന്ന് പറയാനാവില്ല. റയാൻ സ്കൂൾ സംഭവത്തിനുമുമ്പ്, 2008ലെ ആരുഷി തൽവാർ വധം ആദ്യം യു.പി പൊലീസും പിന്നെ സി.ബി.െഎയും അന്വേഷിച്ചതാണ്. പൊലീസ് ആദ്യമേ കുറ്റം വീട്ടുജോലിക്കാരനായ ഹേംരാജിൽ ചാർത്തി. ‘ഒളിവിലായ’ അയാളുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. പിന്നീട് അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു -രണ്ടു കൊലയുടെയും പേരിൽ ഡോ. തൽവാറിെൻറ കമ്പൗണ്ടറെയും തൽവാറിെൻറ സുഹൃത്തായ മറ്റൊരു ഡോക്ടറുടെ വേലക്കാരനെയും അറസ്റ്റ് ചെയ്തു. അവരെ പരിശോധനകൾക്ക് വിധേയരാക്കി. ഒടുവിൽ ആരുഷിയുടെ മാതാപിതാക്കളാണ് യഥാർഥ കൊലയാളികളെന്ന് കുറ്റപത്രം സമർപ്പിച്ചു. തെളിവില്ലാത്തതിനാൽ കോടതി അവരെ വെറുതെവിട്ടു.
കുറ്റവാളികൾ രക്ഷപ്പെടുന്നതിനെക്കാൾ ആശങ്കപ്പെടേണ്ടത് നിരപരാധികൾ അന്യായമായി പീഡിപ്പിക്കപ്പെടുന്നതിലാണ്. അക്കാര്യത്തിൽ വിശേഷിച്ചും, നമ്മുടെ നിയമസമാധാന സംവിധാനമോ നീതിന്യായ സംവിധാനമോ കാര്യക്ഷമമല്ല. ആരുഷി കേസിലും പ്രദ്യുമൻ കേസിലും ഒടുവിൽ കുറ്റം ചാർത്തപ്പെട്ടത് കുലീന കുടുംബക്കാരാണെങ്കിലും തുടക്കത്തിൽ ‘കുറ്റം സമ്മതിച്ച’ത് പണമോ പത്രാസോ ഇല്ലാത്ത സാധാരണക്കാരാണ്. കുറ്റം ചാർത്തപ്പെടാൻ പാകത്തിൽ കുറെ വിഭാഗങ്ങളെ പൊലീസുകാർ കണ്ടുവെച്ചിട്ടുണ്ട്. നിരപരാധികൾ ശിക്ഷിക്കപ്പെട്ട സംഭവങ്ങൾ താരതമ്യേന കുറവാകാമെങ്കിലും തെളിവില്ലാതെ വിട്ടയക്കപ്പെട്ടവർ അതിനുമുമ്പ് അനേകവർഷങ്ങൾ പൊലീസിെൻറ ‘ശിക്ഷ’ അനുഭവിച്ചതിെൻറ ധാരാളം ഉദാഹരണങ്ങൾ നമുക്കുചുറ്റുമുണ്ട്. 1998ൽ 18ാം വയസ്സിൽ പിടിക്കപ്പെട്ട ഡൽഹിക്കാരൻ മുഹമ്മദ് ആമിർ 14 വർഷം ജയിലിൽ കിടന്നു.
കേസുകൾ ഒന്നിനുപിറകെ മറ്റൊന്നായി ചാർത്തപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ സകല കേസുകളും അടിസ്ഥാനമില്ലാത്തതെന്നു കണ്ട് കോടതി വിട്ടയച്ചപ്പോഴേക്കും ജീവിതത്തിെൻറ വസന്തം കഴിഞ്ഞിരുന്നു. ഡൽഹിയിലെ നിസാറുദ്ദീൻ അഹ്മദിനെ ജയ്പുർ ജയിലിൽ തടവിലിട്ടത് 23 വർഷമാണ് -നിരപരാധിയെന്ന് തെളിഞ്ഞ് പുറത്തുവന്നപ്പോഴേക്കും കുടുംബം തകർന്നുകഴിഞ്ഞിരുന്നു. ഇങ്ങനെ നാമറിയുന്ന എത്ര സംഭവങ്ങൾ! അറിയാതെപോകുന്നവയെത്ര! അന്യായ പീഡനത്തിനിരയാകുന്ന നിരപരാധികളെ ഉദ്ദേശിച്ച് പ്രേത്യക നിയമംതന്നെ വേണ്ടതുണ്ടെന്ന് തോന്നുന്നു. നഷ്ടപരിഹാരം, പുനരധിവാസം, ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കൽ തുടങ്ങിയവക്ക് വ്യക്തമായി വ്യവസ്ഥ ചെയ്യണം. നിലവിലെ സംവിധാനത്തിെൻറ ഗുരുതരമായ ന്യൂനതകൾ തിരിച്ചറിഞ്ഞ് തിരുത്താൻ പ്രദ്യുമൻ വധക്കേസ് നിമിത്തമാകുമെങ്കിൽ നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.