വിദ്വേഷ പ്രസംഗങ്ങൾ കുത്തനെ ഉയരുമ്പോൾ
text_fieldsഇന്ത്യയിൽ പൊതുവിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിശേഷിച്ചും മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വിദ്വേഷ പ്രസംഗങ്ങൾ ആശങ്കജനകമായി വർധിച്ചുവരുകയാണെന്ന് വാഷിങ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ഹെയ്റ്റ് ലാബ് എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 ആദ്യപകുതിയിൽ 225 വിദ്വേഷ പ്രസംഗങ്ങളാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം പകുതിയിൽ അത് 75 ശതമാനം വർധിച്ച് 498 ആയി എന്നാണ് ലാബ് വെളിപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, യു.പി മുതലായ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ പൊലീസ് നിയന്ത്രണത്തിലുള്ള ഡൽഹിയിലുമാണ് വിദ്വേഷ പ്രസംഗങ്ങളുടെ ആധിക്യം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പ്രസംഗങ്ങളിൽതന്നെ 238 സംഭവങ്ങൾ അഥവാ 36 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു. രാജ്യത്തിനെതിരായ ഗൂഢാലോചന, ലവ് ജിഹാദ്, ഹലാൽ ജിഹാദ്, ലാൻഡ് ജിഹാദ്, പോപുലേഷൻ ജിഹാദ് തുടങ്ങിയ ആരോപണങ്ങളാണ് വിദ്വേഷ പ്രസംഗകർ കൂടുതലായി ഉപയോഗിച്ചത്. 2023 ആഗസ്റ്റ്-നവംബർ മാസങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകൾ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിൽ വിദ്വേഷ പ്രചാരണം വർധിച്ച തോതിലായിരുന്നുവെന്ന് കണക്കുകൾ സഹിതം ലാബ് വ്യക്തമാക്കുന്നു.
മുസ്ലിംകൾക്കെതിരെ സാമൂഹിക-സാമ്പത്തിക ബഹിഷ്കരണം ആവശ്യപ്പെട്ടുള്ള പ്രചാരണങ്ങളാണ് ഇവയിൽ ഏറെയും. വിശ്വഹിന്ദു പരിഷത്തും യുവജന വിഭാഗമായ ബജ്റങ്ദളും ചില പ്രാദേശിക ഹിന്ദുത്വ സംഘടനകളുമാണ് വിദ്വേഷത്തിന്റെ പ്രധാന വ്യാപാരികൾ. ബി.ജെ.പി പാർലമെന്റ് അംഗങ്ങളും നിയമസഭ അംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുവെന്ന് അത്തരക്കാരുടെ പേരുകൾ വെളിപ്പെടുത്തി പഠനകേന്ദ്രം വ്യക്തമാക്കുന്നു. ടി. രാജസിങ്, നിതേഷ് റാണെ തുടങ്ങിയ പേരുകൾക്കൊപ്പം അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് മേധാവി പ്രവീൺ തൊഗാഡിയ, സുദർശൻ ന്യൂസിന്റെ മുതലാളി സുരേഷ് ചവാങ്കെ, ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ്, കാളിചരൺ മഹാരാജ് തുടങ്ങിയവരുമുണ്ട്.
വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച പരാതികൾ സുപ്രീംകോടതിയിലെത്തിയപ്പോഴൊക്കെ അത് തടയാനും വിദ്വേഷ പ്രസംഗകർക്കെതിരെ കർശന നടപടികളെടുക്കാനും ബന്ധപ്പെട്ട ബെഞ്ചുകളിലെ ന്യായാധിപന്മാർ ഉത്തരവിട്ടതാണ്. 2023 ആഗസ്റ്റിൽ ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്.വി.എൻ. ഭാട്ടിയുമടങ്ങുന്ന ബെഞ്ച് നൽകിയ ഉത്തരവ് അതിന് ഉദാഹരണമാണ്. ഹരിയാനയിൽ വർഗീയാക്രമണങ്ങൾക്ക് വഴിമരുന്നിട്ട വിദ്വേഷ പ്രസംഗങ്ങളായിരുന്നു പശ്ചാത്തലം. പക്ഷേ, ഇത്തരം വിധികൾക്കോ ഉത്തരവുകൾക്കോ ഒരു ഫലവും പ്രതീക്ഷിക്കേണ്ടതില്ലെന്നതാണ് നമ്മുടെ ദൈനംദിനാനുഭവങ്ങൾ; അതുതന്നെയാണിപ്പോൾ വാഷിങ്ടണിലെ ഇന്ത്യ ഹെയ്റ്റ് ലാബിന്റെ കണക്കുകൾ അനാവരണം ചെയ്തിരിക്കുന്ന സത്യവും.
അടിസ്ഥാന കാരണം ഹിന്ദുത്വ സംഘടനകൾക്കും സർക്കാറുകൾക്കും ഭൂരിപക്ഷ സമുദായത്തെ ഇളക്കിവിടാനും വോട്ടു നേടാനും അന്ധവും നിന്ദ്യവുമായ അന്യമത വിദ്വേഷ പ്രചാരണമല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന സത്യമാണ്. അല്ലെങ്കിൽ ദശവത്സരക്കാലം നിർവിഘ്നം രാജ്യം ഭരിക്കാൻ സർവവിധ സാഹചര്യങ്ങളും അനുകൂലമായിട്ടും വീണ്ടും വീണ്ടും മുസ്ലിം വിദ്വേഷ പ്രചാരണം ജനപിന്തുണക്കായുധമാക്കേണ്ട ഗതികേട് എന്തുകൊണ്ടുണ്ടാവുന്നു എന്ന് ചോദിക്കേണ്ടതുണ്ട്.
ആസന്നമായ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നിസ്സംശയം എൻ.ഡി.എ നേടുമെന്ന് ആവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് സമാധാനം പാലിക്കാനും എല്ലാ ജനവിഭാഗങ്ങളെയും കൂടെ കൂട്ടാനും ക്രിയാത്മകമായി ചിന്തിക്കാനും സ്വന്തം അനുയായികളെ ഉദ്ബോധിപ്പിക്കുന്നില്ല? ബി.എസ്.പി പാർലമെന്റ് അംഗം ഡാനിഷ് അലിയെ കേട്ടാലറക്കുന്ന ഭാഷയിൽ വംശീയാധിക്ഷേപം നടത്തിയ ബി.ജെ.പി എം.പിയെ നിശ്ശബ്ദനാക്കാൻപോലും മന്ത്രിമാരോ പാർലമെന്ററി പാർട്ടിയോ തയാറാവാതിരുന്നത് എന്തുകൊണ്ട്? നീതിയുടെയും മനുഷ്യസ്നേഹത്തിന്റെയും വിശ്വമാതൃകയായി ശ്രീരാമനെ അവതരിപ്പിച്ചാരാധിക്കുന്നവരും സഹസ്രകോടികൾ ചെലവിട്ട് രാമക്ഷേത്രം പണിതപ്പോഴും ഉദ്ഘാടനത്തിന് കാർമികത്വം വഹിച്ചപ്പോഴും ഭഗവാനുണ്ടായിരുന്നുവെന്ന് പറയുന്ന ഒരു ഗുണവും സ്വായത്തമാക്കാൻ ശ്രമിക്കാത്തതെന്തുകൊണ്ട്? എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് തന്റെ നയമെന്ന് സ്വദേശത്തും വിദേശത്തും ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ 20 കോടി വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ വേട്ടയാടാനും മാനസികമായും ശാരീരികമായും പീഡിപ്പിക്കാനുമുള്ള നിരന്തരയത്നത്തിൽനിന്ന് അനുയായികളെ പിന്തിരിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കാതെ പോവുന്നു? പരമോന്നത കോടതിയുടെ ഉത്തരവുകൾപോലും ബി.ജെ.പിയുടെ സംസ്ഥാന സർക്കാറുകൾ കാറ്റിൽപറത്തുന്നതിന് തടയിടാൻ കേന്ദ്ര സർക്കാറിന് സാധിക്കില്ല എന്നാണോ? രാജ്യത്തിന്റെ പ്രതിച്ഛായതന്നെ വഷളാക്കുന്ന മേലുദ്ധരിച്ച പഠന റിപ്പോർട്ടുകളെ പ്രതികാര നടപടികളിലൂടെയല്ല പരിഹാര നടപടികളിലൂടെ വേണം നേരിടേണ്ടത് എന്നുമാത്രം ഓർമിപ്പിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.