കേട്ടുകേൾവിയില്ലാത്ത തെരഞ്ഞെടുപ്പ് അസംബന്ധങ്ങൾ
text_fields‘കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്’- മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്‍റെ പകരം സ്ഥാനാർഥിയായി ഇറങ്ങാനുള്ള മോതി സിങ്ങിന്‍റെ ഹരജി തള്ളി കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി നടത്തിയ അഭിപ്രായ പ്രകടനമാണിത്. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശം സമർപ്പിച്ച അക്ഷയ് കാന്തി ബാം പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ ഏപ്രിൽ 29ന് മത്സരത്തിൽനിന്ന് പിന്മാറി ബി.ജെ.പിയിൽ ചേർന്നതിനെതുടർന്നാണ് പകരക്കാരനായി മത്സരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോതി സിങ് ഏപ്രിൽ 30ന് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചത്. മണ്ഡലത്തിൽ കോൺഗ്രസിന്‍റെ ഡമ്മി സ്ഥാനാർഥിയായിരുന്ന മോതി സിങ്ങിന്‍റെ പത്രിക ഏപ്രിൽ 26ന് സൂക്ഷ്മപരിശോധനയിൽ റിട്ടേണിങ് ഓഫിസർ തള്ളിയിരുന്നു. എന്നാൽ, കോൺഗ്രസിന് സ്ഥാനാർഥിയില്ലാതെ വന്ന സാഹചര്യത്തിൽ പത്രിക പുനഃപരിശോധനക്ക് വിധേയമാക്കി തന്നെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു മോതി സിങ്ങിന്‍റെ വാദം. എന്നാൽ, ആദ്യം ഹൈകോടതി സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും പകരക്കാരന്‍റെ സ്ഥാനാർഥിത്വം നിരാകരിച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
വോട്ടിങ് യന്ത്രവും ചിഹ്നവുമെല്ലാം അനുവദിച്ചുകഴിഞ്ഞു കാര്യങ്ങൾ മുന്നോട്ടുപോയിരിക്കെ, ഒന്നും ചെയ്യാനാവില്ലെന്നു വ്യക്തമാക്കുകയായിരുന്നു കോടതി. അതേസമയം ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾ പ്രസക്തമാണെന്ന നിരീക്ഷണം കൂടി കോടതി നടത്തി. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസിലെ എതിർസ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതുടർന്ന് ബി.ജെ.പിയുടെ മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടതിനു പിറകെയാണ് അയൽ സംസ്ഥാനമായ മധ്യപ്രദേശിലെ ഇൻഡോറിൽ മറ്റൊരു വിചിത്രനാടകം അരങ്ങേറിയത്. ഡമ്മി സ്ഥാനാർഥിയുടെ പത്രിക സാങ്കേതിക കാരണങ്ങളാൽ നേരത്തേ തള്ളുന്നു. തുടർന്ന് നോമിനേഷന്‍റെ അവസാനനാൾ സ്ഥാനാർഥി പിന്മാറി ബി.ജെ.പിയിൽ ചേരുന്നു. എന്നാൽ, സൂറത്തിലെപോലെ അവശേഷിച്ച സ്ഥാനാർഥികളെ മൊത്തം പിൻവലിപ്പിക്കാൻ കഴിയാതെ വന്നതിനാൽ അവിടെ മത്സരം അവശേഷിക്കുന്നുണ്ട്.
400 സീറ്റുകളും അമ്പതു ശതമാനത്തിലേറെ വോട്ടും എന്ന ലക്ഷ്യത്തിലെത്താൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി കണ്ടുവെച്ച ഉപായമാണ് സൂറത്തിലും ഇൻഡോറിലും വെളിവായത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ അമിത് ഷാക്കെതിരെ മത്സരിക്കുന്നവർക്കെതിരെ നടക്കുന്ന സമ്മർദങ്ങളുടെ ഭീകരചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനിടെ വൈറലായിരുന്നു. ജനാധിപത്യത്തെ അതിന്‍റെ സൂത്രവാക്യങ്ങളും ഘടനസംവിധാനങ്ങളും ഉപയോഗിച്ചുതന്നെ അസ്ഥിരപ്പെടുത്താനുള്ള വ്യവസ്ഥാപിത വഴികളൊരുക്കുകയാണ് ബി.ജെ.പിയെന്ന് വ്യക്തമാക്കുന്നതായിരുന്നു സൂറത്ത്, ഇൻഡോർ ഓപറേഷനുകൾ. ഔദ്യോഗിക സ്ഥാപനങ്ങളെ നിയമാനുസൃതമായിതന്നെ സ്വന്തം ഇംഗിതം നടപ്പാക്കാനുള്ള ഉപകരണങ്ങളാക്കി എങ്ങനെ മാറ്റാമെന്ന പരീക്ഷണമാണ് കേന്ദ്രത്തിലെ അധികാരത്തണലിൽ ബി.ജെ.പി നടപ്പിലാക്കിവരുന്നത് എന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിനേനയെന്നോണം ഉയർന്നുവരുന്ന വിഷയങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. സുപ്രീംകോടതി നിരീക്ഷിച്ചപോലെ കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു വ്യക്തം.
ഇതിനിടെയാണ് പോൾ ചെയ്ത വോട്ടുകളുടെ കണക്ക് പ്രസിദ്ധീകരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ വരുത്തുന്ന കാലതാമസത്തിനെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തവണ ഏപ്രിൽ 19ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിന്‍റെ പോൾക്കണക്ക് 11 ദിവസം കഴിഞ്ഞും ഏപ്രിൽ 26ന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് കണക്ക് നാലുനാൾ കഴിഞ്ഞുമാണ് പ്രസിദ്ധീകരിച്ചത് എന്ന് ഹരജിയിൽ പറയുന്നു. പ്രസിദ്ധീകരണം വൈകി എന്നു മാത്രമല്ല, തെരഞ്ഞെടുപ്പു നാൾ പുറത്തുവിട്ട കണക്കിൽനിന്ന് അഞ്ചു ശതമാനത്തിലേറെ വർധനയും ഉണ്ടായി. ഈ വ്യതിയാനം കണക്കുകളുടെ കൃത്യത സംബന്ധിച്ച സംശയങ്ങളുണർത്താനിടയാക്കുമെന്ന് എ.ഡി.ആർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും പോളിങ്ങിന്‍റെ ആധികാരിക കണക്കുകൾ വെളിപ്പെടുത്തുന്ന ഔദ്യോഗികരേഖകൾ തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് എ.ഡി.ആറിന്‍റെ ആവശ്യം.
ഫലപ്രഖ്യാപനശേഷം സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടിന്‍റെ ആധികാരിക വിവരവും വെളിപ്പെടുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കമീഷൻ കണക്കുകൾ വെളിപ്പെടുത്താൻ വൈകിയതിലും വൈകിവന്ന കണക്കിലെ വലിയ വർധനയും ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ ‘ഇൻഡ്യ’ സഖ്യത്തിലെ നേതാക്കൾക്ക് എഴുതുകയുണ്ടായി. ഒരു പൂർണ ദിവസമെടുത്തു പുറത്തുവിട്ടിരുന്ന കണക്കുകൾക്ക് ഇപ്പോൾ 10 നാളിലേറെ കാത്തിരിക്കേണ്ടി വരുന്നതിനെയും പുറത്തുവിടുന്ന കണക്കുകളുടെ സാംഗത്യത്തെയും അദ്ദേഹം വിശദമായിതന്നെ കത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ഖാർഗെയുടെ കത്തിനോട് രൂക്ഷമായി പ്രതികരിച്ചു കമീഷൻ നടത്തിയ പ്രതികരണത്തിൽ പക്ഷേ, കത്തിൽ ഉന്നയിച്ച വിഷയങ്ങൾക്കു കൃത്യമായ മറുപടിയൊന്നും പറയുന്നില്ല; കാര്യങ്ങളെല്ലാം സമുചിതമായി കൊണ്ടുപോകുന്നു എന്ന ചടങ്ങ് വിശദീകരണമല്ലാതെ. അതേസമയം കമീഷന്‍റെ വിശ്വാസ്യതയെയും ജനാധിപത്യ പ്രതിബദ്ധതയെയും ചോദ്യം ചെയ്യുകയും അതേക്കുറിച്ച് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നു കുറ്റപ്പെടുത്തുന്നുമുണ്ട്. നേരത്തേ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കണക്കുകളിലെ കാലതാമസവും പൊരുത്തക്കേടുകളും സംബന്ധിച്ച് ആക്ഷേപമുന്നയിച്ചിരുന്നു.
ചുരുക്കത്തിൽ ഇത്തവണത്തെ വോട്ടെടുപ്പ് സംബന്ധിച്ചും സംഘാടക സംവിധാനമായ തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ചും സുപ്രീംകോടതി നിരീക്ഷിച്ചപോലെ അഭൂതപൂർവമായ ആക്ഷേപങ്ങളാണ് ഉയർന്നിരിക്കുന്നത്. അതിനു പരിഹാരം കാണാൻ ശ്രമിക്കേണ്ടത് കമീഷൻ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് കമീഷന്‍റെ ഉത്തരവാദിത്തങ്ങളും അവകാശാധികാരങ്ങളും സംബന്ധിച്ച് ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്തിയ കമീഷനെയല്ല പിന്നീട് കണ്ടത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ഭരണകക്ഷിയുടെ അധ്യക്ഷനുമൊക്കെ വിദ്വേഷപ്രസംഗങ്ങളും വംശീയവെറി മുറ്റിയ പ്രചാരണങ്ങളുമൊക്കെ നടത്തിയിട്ടും കമീഷന് അവരെ നിയന്ത്രിക്കാനാവാതെ നിസ്സഹായമായിത്തീരുന്നതാണ് കണ്ടത്. അതിൽ അസഹനീയത പ്രകടിപ്പിച്ചാവണം കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതി, ‘തെരഞ്ഞെടുപ്പ് കമീഷൻ ഒരു ഭരണഘടന സംവിധാനമാണ്, അതിനെ സൂക്ഷ്മതലത്തിൽ നിയന്ത്രിക്കാൻ തങ്ങൾക്കാവില്ല’ എന്ന് തുറന്നു പറഞ്ഞത്. സ്വന്തം നിലയും വിലയുമറിഞ്ഞ് കമീഷൻ അതിന്‍റെ പ്രതാപം തിരിച്ചുപിടിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത പലതിനും രാജ്യം ഇനിയും സാക്ഷിയാകേണ്ടിവരും. അതാവട്ടെ, ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നമ്മുടെ അഹങ്കാരത്തെ അട്ടിമറിക്കുന്നതുമായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു പ്രാർഥിക്കാനേ ഇപ്പോൾ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.