യോഗിക്കെന്ത് സുപ്രീംകോടതി!
text_fieldsഗുജറാത്ത് കഴിഞ്ഞാൽ ഏറ്റവും മാതൃകാപരമായ ഹിന്ദുത്വഭരണം കാഴ്ചവെക്കുന്ന കരുത്തനായ മുഖ്യമന്ത്രിയാണ് യു.പിയിലെ യോഗി ആദിത്യനാഥ് എന്നാണ് സംഘ്പരിവാറിന്റെയും സമാനമനസ്കരുടെയും സാമാന്യ മനോഭാവവും പ്രചാരണവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയായിപ്പോലും യോഗി അവരോധിക്കപ്പെടുന്നുണ്ട് മാധ്യമങ്ങളിൽ. മറുവശത്ത് മതന്യൂനപക്ഷങ്ങളോടും ദലിതുകളോടും ഇത്ര ക്രൂരമായും അസഹിഷ്ണുവായും പെരുമാറുന്ന മറ്റൊരു സംസ്ഥാന മുഖ്യമന്ത്രിയില്ല എന്ന വിലയിരുത്തലും പൊതുവിലുണ്ട്.
ഈ ധാരണ ശക്തിപ്പെടുത്തുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ നിശിത വിമർശനം. ഇക്കൊല്ലം ആഗസ്റ്റ് 24ന് മുസഫർനഗറിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ അധ്യാപിക ഏഴുവയസ്സുകാരനായ മുസ്ലിം വിദ്യാർഥിയെ ഗൃഹപാഠം ചെയ്യാത്ത കുറ്റത്തിന് വംശീയമായി അധിക്ഷേപിച്ച് സഹപാഠികളായ അഞ്ചു ഹിന്ദു വിദ്യാർഥികളെക്കൊണ്ട് തല്ലിച്ച അതിക്രൂരവും കേട്ടുകേൾവിയില്ലാത്തതുമായ ദൃശ്യം വിഡിയോയിലൂടെ രാജ്യമൊട്ടുക്ക് പ്രചരിച്ചു. അതിനുത്തരവാദിയായ അധ്യാപികയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ശക്തമായ ആവശ്യമുയർന്നു. ഏതുവിധേനയും സംഭവം ഒതുക്കിത്തീർക്കാനാണ് യു.പി സർക്കാർ ശ്രമിച്ചത്.
കുട്ടിയുടെ പിതാവ് വ്രണിതഹൃദയനായ തന്റെ മകനെ സ്കൂളിൽനിന്ന് പിൻവലിക്കുകയും ഉത്തരവാദികളുടെ പേരിൽ നടപടി എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തതോടെ ചിലതൊക്കെ ചെയ്തുവെന്ന് വരുത്തിത്തീർക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും പ്രസ്താവ്യമായ പുരോഗതിയൊന്നും പിന്നീടുണ്ടായില്ല. അതിനിടെയാണ് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, അതിക്രമത്തിനിരയായ കുട്ടിക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹരജി പരിഗണിക്കവെ, സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളാണ് ഇപ്പോൾ പൊതുശ്രദ്ധയും പ്രാധാന്യവും നേടിയിരിക്കുന്നത്. ‘ഇത് വളരെ ഗുരുതരമായ വിഷയമാണ്. ഒരു പ്രത്യേക സമുദായത്തിൽപെട്ടതായതുകൊണ്ട് സഹപാഠിയെ അടിക്കാൻ ഒരു അധ്യാപിക പറയുക. ആരോപിച്ചത് ശരിയെങ്കിൽ അത് ഭരണകൂടത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കണം. ഒരു പ്രത്യേക മതത്തിനെതിരെ അധിക്ഷേപാർഹമായ കമന്റുകൾ അധ്യാപിക നടത്തി എന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിലുണ്ട്. പൊലീസ് തയാറാക്കിയ റിപ്പോർട്ടിലുമുണ്ട്. പക്ഷേ, എഫ്.ഐ.ആറിൽ അത് കാണാനില്ല. വിഡിയോയുടെ പകർപ്പെടുത്ത് എഫ്.ഐ.ആറിനൊപ്പം ഹാജരാക്കിയതുമില്ല’ എന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടുന്നു. തുടർന്ന് കേസ് ഫലപ്രദമായി കൈകാര്യംചെയ്യാനുള്ള നിർദേശങ്ങളും സുപ്രീംകോടതി നൽകിയിട്ടുണ്ട്. പക്ഷേ, യു.പിയിലെ തീവ്ര ഹിന്ദുത്വ സർക്കാറിന്റെ കോടതിവിധിയോടുള്ള സമീപനമെന്തായിരിക്കുമെന്നും കേസിന്റെ ഗതിയെന്താവുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. വിശിഷ്യ, ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പരമതവിദ്വേഷവും വംശീയവൈരവും എത്ര ഡിഗ്രി താപനിലയിലെത്തിക്കാമെന്ന് ചിന്തിക്കുന്നതാണ് യോഗിയുടെയും പാർട്ടിയുടെയും മാനസികാവസ്ഥ.
ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി നൽകിയ വിധിയുടെ ബാക്കിപത്രംതന്നെ ഒന്നാംതരം ഉദാഹരണം. എല്ലാ തെളിവുകളും സൂക്ഷ്മമായി പരിശോധിച്ചശേഷം 1526ൽ പള്ളി പണിത സ്ഥലത്ത് ക്ഷേത്രമോ മറ്റു കെട്ടിടങ്ങളോ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ഇല്ല; അത് രാമജന്മഭൂമി ആയിരുന്നു എന്നതും തെളിയിക്കപ്പെട്ടിട്ടില്ല; എങ്കിലും ഹൈന്ദവവികാരം മാനിച്ച് ഭൂമി രാമക്ഷേത്രം പണിയാൻ വിട്ടുകൊടുക്കണം എന്ന് 2019 നവംബർ 19ന് വിധിച്ച കോടതി പകരം മുസ്ലിംകൾക്ക് ബാബരിയിൽനിന്ന് ദൂരെ അഞ്ചേക്കർ സ്ഥലം വിട്ടുനൽകി പള്ളി നിർമിക്കണമെന്നും ഉത്തരവിട്ടിരുന്നതാണ്. മുസ്ലിം സംഘടനകൾ പകരം പള്ളി എന്ന നിർദേശത്തെ നിരാകരിച്ചെങ്കിലും സർക്കാർ മുൻകൈയെടുത്ത് തങ്ങൾക്ക് വഴങ്ങുന്നവരെ ചേർത്ത് ഒരു ഇന്തോ ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ തട്ടിക്കൂട്ടി ബാബരി മസ്ജിദ് സൈറ്റിൽനിന്ന് 22 കിലോമീറ്റർ അകലെ അഞ്ചേക്കർ സ്ഥലവും പതിച്ചുകൊടുത്തു.
ഫൗണ്ടേഷൻ 2000 പേർക്ക് നമസ്കരിക്കാവുന്ന കൂറ്റൻ പള്ളിയും 300 ബെഡുകളുള്ള ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളുമടങ്ങുന്ന അത്യാധുനിക കോംപ്ലക്സിന്റെ മാപ്പും തയാറാക്കി ഉടൻ പണിയാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് സംഭവിച്ചതോ? 2021 ജനുവരി 26ന് ശിലാസ്ഥാപനം നടന്ന പള്ളിയുടെ പ്ലാൻപോലും ഇന്നേവരെ അംഗീകരിച്ചുകിട്ടിയില്ല! അത് കൃഷിഭൂമിയാണ്, അവിടെ നിർമാണം പറ്റില്ല എന്നാണ് അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി ഉന്നയിച്ച എതിർപ്പ്. ഭൂമി തരംമാറ്റം വേണമെങ്കിൽ 12 കോടി രൂപ കെട്ടിവെക്കണം. സർക്കാർ നിയന്ത്രിത സുന്നി വഖഫ് ബോർഡിനും കൾചറൽ ഫൗണ്ടേഷനും ഇതുവരെ സംഭാവനയായി പിരിച്ചെടുക്കാനായത് വെറും 50 ലക്ഷവും. 300 കോടിയുടെ മൊത്തം കോംപ്ലക്സ് ഉപേക്ഷിച്ച് കേവലം പള്ളിനിർമാണമാണ് പുതുക്കിയ അജണ്ട. അതിനും വേണ്ടേ പ്ലാൻ അംഗീകാരവും തുടർന്ന് കോടികളും.
മറുവശത്തോ! സഹസ്രകോടികളുടെ രാമക്ഷേത്രനിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ അവതരിച്ച് ശിലാസ്ഥാപനം നിർവഹിച്ചതോടെ തിരുതകൃതിയായി പ്രവൃത്തി നടക്കുന്നു. ഒന്നാംഘട്ടം ഇക്കൊല്ലം ഡിസംബറിൽ പൂർത്തിയാവുമെന്നാണ് പ്രഖ്യാപനം. മറ്റൊന്നുകൊണ്ടുമല്ല, 80 എം.പിമാരെ സംഭാവന ചെയ്യുന്ന യു.പിയിലെ വിജയം ഏതുവിധേനയും ആവർത്തിച്ചേപറ്റൂ. അതിന് നിർമാണപ്രവർത്തനങ്ങൾ മാത്രം പോരാ, വിദ്വേഷ പ്രവർത്തനങ്ങളും മുറക്ക് തുടരണം. ഒരുതരം നീതിബോധവും നിയമവും കോടതിവിധിയുമൊന്നും അതിന് തടസ്സമായിക്കൂടാ. മനഃസാക്ഷി മരിച്ചിട്ടില്ലാത്ത രാജ്യസ്നേഹികളുടെ യോജിച്ച പോരാട്ടം മാത്രമേ ഈ വിദ്വേഷാഗ്നി കെടുത്താൻ കെൽപുറ്റതാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.