പ്രതീക്ഷ പകരുന്ന കൂടിയിരിപ്പുകൾ
text_fieldsഒരു രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയും ഇവിടത്തെ ജനതയും കാലമിത്രയും അഭിമാനപൂർവം കാത്തുസൂക്ഷിച്ച മൂല്യങ്ങളെ വൈരാഗ്യബുദ്ധിയോടെ ഞെരിച്ചുടക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരെ യോജിച്ചു മുന്നേറുന്നതു സംബന്ധിച്ച് രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ആലോചന തുടങ്ങിയിരിക്കുന്നു.
ഏഴു വർഷമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും അനുചരവൃന്ദവും ജനങ്ങളോട് തരിമ്പ് പ്രതിപത്തി പുലർത്തുന്നില്ലെന്നു മാത്രമല്ല, ഭരണഘടനക്കോ പാർലമെൻറിനോ ഫെഡറലിസത്തിനോ തെല്ലുപോലും വിലകൽപിക്കുന്നുമില്ല. ഇക്കാര്യം വിവിധ പൗരാവകാശ കൂട്ടായ്മകളും ആക്ടിവിസ്റ്റുകളും ന്യൂനപക്ഷ സംഘടന പ്രവർത്തകരും ഏറെ കാലമായി വിളിച്ചുപറയുന്നുണ്ട്. പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ വെവ്വേറെ പ്രതികരിക്കാനും പ്രതിഷേധിക്കാനും ചില ഘട്ടങ്ങളിൽ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും രാജ്യത്തെ ദുർബലമാക്കുന്ന ഭരണകൂടത്തിനെതിരെ യോജിച്ച ചെറുത്തുനിൽപ് ആവശ്യമാണെന്ന ചിന്തയിലേക്ക് അവർ എത്തിയിരുന്നില്ല. ഒന്നാം മോദി സർക്കാറിനെതിരെ ഒരേ വേദിയിൽ ഒരുമിച്ച് കൈയുയർത്തി സമരപ്രഖ്യാപനം നടത്തിയ കക്ഷിനേതാക്കൾ നേരമിരുട്ടി വെളുക്കും മുേമ്പ പരസ്പരം തള്ളിപ്പറഞ്ഞ് പല വഴിക്ക് പിരിഞ്ഞുപോയതാണ് കൂടുതൽ ശക്തിയോടെയും അതിലേറെ ധാർഷ്ട്യത്തോടെയും അധികാരത്തിെൻറ രണ്ടാമൂഴം കൈയിലൊതുക്കാൻ സംഘ്പരിവാർ നിയന്ത്രിത സർക്കാറിന് തുണയായത്.
ആദ്യ സർക്കാറിെൻറ ഭയാനക ചെയ്തികളെപ്പോലും നിസ്സാരമാക്കുംവിധത്തിലെ അതിക്രമങ്ങൾക്കാണ് തുടർന്നുള്ള നാളുകളിൽ ന്യൂനപക്ഷങ്ങളും സംസ്ഥാനങ്ങളും ഭരണഘടന സ്ഥാപനങ്ങളും മാധ്യമങ്ങളും മുതൽ എതിരഭിപ്രായം സൂക്ഷിക്കുന്ന ഓരാരുത്തരും ഇരയായതും സാക്ഷ്യംവഹിച്ചതും. കശ്മീരിെൻറ അവകാശങ്ങൾ കശാപ്പ് ചെയ്തതും മതത്തിെൻറ പേരിൽ പൗരജനങ്ങളെ വേർതിരിക്കാനൊരുെമ്പട്ടതും വർഗീയ-വംശീയ അതിക്രമങ്ങൾക്ക് കളമൊരുക്കിക്കൊടുത്തതും രാജ്യത്തിെൻറ വിശപ്പാറ്റുന്ന കർഷക സമൂഹത്തെ പിഴുതെറിഞ്ഞ് ചങ്ങാത്ത മുതലാളിമാർക്ക് നിലമൊരുക്കാൻ തുടങ്ങിയതുമെല്ലാം രണ്ടാമൂഴത്തിെൻറ ഹുങ്കിലാണ്.
മഹാമാരിയിൽ രാജ്യം ഊർധ്വംവലിക്കുേമ്പാഴും ചമഞ്ഞൊരുങ്ങി നടന്ന് സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാനും പിടിച്ചെടുക്കാനുമായിരുന്നല്ലോ ഭരണകൂടത്തിലെ പ്രമുഖരുടെ ശ്രദ്ധ. രാജ്യത്തെ പൊതുപ്രവർത്തകരുടെയും ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളലങ്കരിക്കുന്നവരുടെയും ജീവിതത്തിലേക്കും പ്രവർത്തനങ്ങളിലേക്കും വിദേശരാജ്യത്തെ സ്വകാര്യ കമ്പനിയുടെ ചാരഉപകരണങ്ങളുടെ സഹായത്തോടെ അവർ ഒളിഞ്ഞുനോക്കി രസിക്കവെ സാധാരണക്കാരായ മനുഷ്യർ പട്ടിണിയും രോഗവും മൂലം പിടഞ്ഞുമരിക്കുകയായിരുന്നു-ഒരു ഉപകരണത്തിെൻറയും സോഫ്റ്റ്വെയറിെൻറയും സഹായമില്ലാതെ, നഗ്നനേത്രങ്ങളും തുറന്ന ഹൃദയവുംകൊണ്ട് മനസ്സിലാക്കാവുന്ന ആ യാഥാർഥ്യങ്ങളിലേക്കുമാത്രം സർക്കാറിെൻറ കണ്ണെത്തുന്നില്ല. സർക്കാർ വരുത്തിവെക്കുന്ന പാളിച്ചകളും അനർഥങ്ങളും നിയമനിർമാണ സഭകളിൽ ചർച്ചചെയ്യാൻപോലും അനുവദിക്കില്ലെന്ന മട്ടിലേക്ക് മാറിയിരിക്കുന്നു ഭരണക്കാരുടെ മേൽക്കോയ്മാ ഭാവം.
2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും അവർ ആധിപത്യം തുടർന്നാൽ അതിമാരകമായ പരിക്കുകളിേലക്ക് അത് രാജ്യത്തെ കൊണ്ടെത്തിക്കുമെന്ന തിരിച്ചറിവിലാണ് യോജിച്ചുള്ള ചെറുത്തുനിൽപ്പിന് പ്രതിപക്ഷ നേതാക്കൾ ഒരുക്കങ്ങൾ ശ്രമമാരംഭിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത്തരം മൂന്ന് സുപ്രധാന ചർച്ചകളാണ് രാജ്യതലസ്ഥാനത്ത് നടന്നത്.
രാഷ്ട്രീയ മഞ്ച് കൂട്ടായ്മയുടെ ബാനറിൽ എൻ.സി.പി അധ്യക്ഷൻ ശരദ്പവാറിെൻറ നേതൃത്വത്തിൽ കഴിഞ്ഞ മാസം പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചിരുന്നിരുന്നു. കോൺഗ്രസ് നേതാവ് കപിൽ സിബൽ വിളിച്ചുചേർത്ത അത്താഴവിരുന്നായിരുന്നു രണ്ടാമത്തേത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ യോഗമാണ് മൂന്നാമത്തേത്. നിലവിലെ ഭരണകൂടം രാജ്യത്തിന് എത്രമാത്രം ആപത്കരമാണെന്ന് വിവിധ പാർട്ടി നേതാക്കൾക്ക് സംശയലേശെമന്യേ ബോധ്യപ്പെട്ടുകഴിഞ്ഞു എന്നാണ് തുടരെ നടക്കുന്ന ഐക്യശ്രമങ്ങൾ നൽകുന്ന സൂചന.
നാലു മുഖ്യമന്ത്രിമാർ ഉൾപ്പെടെ 19 പാർട്ടികളുടെ മുൻനിര നേതാക്കളാണ് വർഗീയതക്കെതിരായ യോജിച്ച മുന്നേറ്റത്തിന് നിരുപാധിക പിന്തുണ അറിയിച്ചത്. പലതരം ആശയങ്ങൾ നിലനിർത്തുേമ്പാഴും മതേതരത്വത്തെ ഉയർത്തിപ്പിടിച്ച് ബി.ജെ.പിയെ തുരത്തുവാൻ ഒരുമിച്ച് പൊരുതുന്നതിെൻറ ആവശ്യകത അവർ മനസ്സിലാക്കിയിരിക്കുന്നു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, അതിവേഗം വർഗീയ അജണ്ടകളിൽ ആണ്ടുപോകുന്ന ഉത്തർപ്രദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടികളായ സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവയെ ഈ ഐക്യവേദികളിൽ എത്തിക്കാനായില്ല. അത് പോരായ്മ തന്നെയാണ്. എന്നിരിക്കിലും അഭിപ്രായ വ്യത്യാസങ്ങളും പാർട്ടി താൽപര്യങ്ങളും മാറ്റിവെച്ച് രാജ്യതാൽപര്യത്തിനായി ഒരുമിച്ച് പൊരുതണമെന്ന് രാജ്യത്ത് പ്രവർത്തിച്ചുപോരുന്ന, ബഹുജനങ്ങൾക്കിടയിൽ പിന്തുണയും പിൻബലവുമുള്ള 19 പാർട്ടികളുടെ നേതാക്കൾ ഒരേ സ്വരത്തിൽ പറയുക വഴി ജനങ്ങൾക്ക് പകർന്നുകിട്ടിയ പ്രതീക്ഷ ചെറുതല്ല. വിരുന്നുകളിലും പ്രമേയങ്ങളിലുമൊതുക്കാതെ ഐക്യം പ്രയോഗതലത്തിൽ കൊണ്ടുവരുവാൻ ഇനി ഒട്ടുംതന്നെ അമാന്തിച്ചു കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.