മാനവിക വികസന സൂചികയിലെ മുന്നറിയിപ്പുകൾ
text_fieldsഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതി വിഭാഗമായ യു.എൻ.ഡി.പി വർഷാവർഷം പുറത്തിറക്കുന്ന മാനവ വികസന സൂചിക ലോകത്തിന്റെ സാമ്പത്തിക പുരോഗതിക്കപ്പുറം സാമൂഹിക ക്ഷേമത്തിലും സാമ്പത്തിക സുസ്ഥിതിയിലും ജനതതികൾ എവിടെ കിടക്കുന്നു എന്നതിന്റെ സൂചനയാണ്. 2022-23ലെ സൂചികയടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തുവന്നെങ്കിലും വേണ്ടത്ര ചർച്ചകളും വിലയിരുത്തലുകളും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് ചൂടാവാം ഒരു കാരണം.
റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട് 193 രാജ്യങ്ങൾക്കിടയിൽ 134 ആയി ഉയർന്നത് വാർത്താ തലക്കെട്ടുകൾ നേടിയിരുന്നു. എന്നാൽ, അതുതന്നെ താരതമ്യത്തിൽ മറ്റു ചിലരേക്കാൾ താഴെയാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ചൈനയുടെ സ്ഥാനം 75ഉം ശ്രീലങ്കയുടേത് 78ഉം ആണ്. മാനവിക വികസനം എന്നത് പ്രധാനമായും ഒരു രാഷ്ട്രത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, ശരാശരി വരുമാനം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ശ്രേണീകരണമാണ്. പൊതുവേ രാഷ്ട്രീയ നേതൃത്വങ്ങൾ അഭിരമിക്കാറുള്ള മൊത്തം ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചയും സമ്പദ്വ്യവസ്ഥയുടെ വലുപ്പവും (ഇത്ര ട്രില്യൺ ഡോളറിന്റെ എന്നത്) എടുത്തുപറയുമ്പോഴും ജനസംഖ്യയുടെ വലുപ്പവുമായി ബന്ധിപ്പിക്കാതിരിക്കുന്നതുമൂലമുള്ള അപൂർണത അധികം ശ്രദ്ധിക്കാറില്ല. അങ്ങനെ 140 കോടി ജനങ്ങൾ ജീവിക്കാൻ നടത്തുന്ന സാമ്പത്തിക ക്രയവിക്രയം ആഭ്യന്തര ഉൽപാദനത്തിലും ഉപഭോഗത്തിലും തന്നെ വളരെ ഭീമമായിരിക്കുമെന്ന സത്യം ഓർക്കാതെ പരാമർശിക്കുമ്പോഴുള്ള വൈകൃതം ഒരുഭാഗത്ത്. മറുഭാഗത്ത് സാമ്പത്തിക ക്രയവിക്രയം ജനജീവിതത്തിന്റെ ക്ഷേമവും മാനവിക വളർച്ചയും എത്രമാത്രം ഉയർത്തി എന്നത് വിലയിരുത്തപ്പെടുന്നില്ല എന്ന സത്യവും. ജനാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴും ജനങ്ങൾ ഗുണഭോക്താക്കളാവുന്നില്ല എന്ന പ്രതിസന്ധിയെ ഉൾക്കൊണ്ടാവണം യു.എൻ.ഡി.പി 2022-23 റിപ്പോർട്ടിന് ‘സ്തംഭനാവസ്ഥ ഇല്ലാതാക്കൽ; ധ്രുവീകൃത ലോകത്ത് സഹകരണത്തിന്റെ പുനർഭാവന’ എന്ന് പേരുനൽകിയത്.
2023ൽ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഇ.സി.ഡി യിൽപെട്ട 38 രാജ്യങ്ങളും 2019ലേതിനേക്കാൾ മാനവ വികസന സൂചിക സ്കോർ മെച്ചപ്പെടുത്തിയപ്പോൾ, 35 അൽപവികസിത രാജ്യങ്ങളിൽപെട്ട (എൽ.ഡി.സി) 2020ലും 2021ലും സൂചികയിൽ കുറവുവന്ന 18 രാജ്യങ്ങൾക്ക് 2019നു മുമ്പുണ്ടായിരുന്ന (കോവിഡ്-പൂർവ) തലത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഏറ്റവും പ്രകടമായത് യുദ്ധക്കെടുതികൾ അനുഭവിച്ച അഫ്ഗാനിസ്താനിലും യുക്രെയ്നിലുമാണ്. അഫ്ഗാൻ പത്ത് വർഷം പിന്നാക്കം പോയപ്പോൾ യുക്രെയ്നിന്റെ സൂചിക 2004നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.
സമ്പന്ന രാഷ്ട്രങ്ങൾ സൂചികയിൽ ഗണ്യമായ പുരോഗതി കൈവരിക്കുമ്പോൾ അതിദരിദ്രരുടെ പകുതിയും പിന്നോട്ടുപോയിരിക്കുന്നു. അതായത് ബാഹ്യ ഘടകങ്ങൾ കൊണ്ടല്ല ഇതുണ്ടാവുന്നത്. ഒപ്പം രാഷ്ട്രീയ രംഗത്ത് വളർന്നുവരുന്ന ധ്രുവീകരണവും അവിശ്വാസവും കൂടി ചേരുമ്പോൾ ഉടലെടുക്കുന്ന സ്തംഭനാവസ്ഥ ഉടൻ അഭിസംബോധന ചെയ്യണമെന്നും യു.എൻ റിപ്പോർട്ട് എടുത്തു പറയുന്നു. ഏറ്റവും ആശങ്ക ഉയർത്തുന്ന വസ്തുത ഇതിനു മുമ്പത്തെ രണ്ടു ദശകങ്ങളിലെ അസമത്വങ്ങൾ കുറഞ്ഞപ്പോൾ സമ്പന്ന-ദരിദ്ര രാജ്യങ്ങൾ തമ്മിലെ അന്തരം വർധിച്ചതാണ്. ഉദാഹരണത്തിന്, ആഗോള വ്യാപാരത്തിന്റെ 40 ശതമാനവും മൂന്നോ അതിൽ കുറവോ രാജ്യങ്ങൾ തമ്മിലാണ് നടന്നതെന്നുപറയാം. 2021ലെ ഏറ്റവും വലിയ മൂന്ന് സാങ്കേതികവിദ്യാ കമ്പനികളുടെയും വിപണി മൂലധന സമാഹരണം രാഷ്ട്രങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 90 ശതമാനത്തേക്കാൾ കൂടുതലായിരുന്നു. ആഗോളീകരണത്തിലെ പരസ്പര ആശ്രിതത്വത്തിന്റെ സദ്ഫലങ്ങൾക്കുപകരം, ലോകം ധ്രുവീകൃതമാവുമ്പോൾ കാലാവസ്ഥ വ്യതിയാനം, ഡിജിറ്റൽവത്കരണം, ദാരിദ്ര്യം എന്നിവ പരിഹരിക്കുന്നതിൽ പരസ്പര സഹകരണം ഇല്ലാതാവുകയും അസന്തുലിതത്വം പരിഹരിക്കുന്നതിലെ വീഴ്ചകൾ മാനവിക വികസനത്തിനു തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തൽഫലമായി ജനങ്ങളിലും സ്ഥാപനങ്ങളിലുമുള്ള വിശ്വാസം ആഗോള തലത്തിൽത്തന്നെ ഇല്ലാതായിരിക്കുന്നു.
ഇതിന്റെ ഉദാഹരണം റിപ്പോർട്ടിലുണ്ട്. വിശകലനത്തിന് വേണ്ടി നടന്ന ആഗോള സർവേയിൽ പത്തിൽ ഒമ്പതുപേരും ജനാധിപത്യത്തെ പിന്തുണക്കുന്നു. എന്നാൽ, പകുതിയിലേറെ പേരും അനുകൂലിക്കുന്ന നേതൃത്വങ്ങൾ ജനാധിപത്യ പ്രക്രിയയെ തകിടം മറിച്ചേക്കാവുന്നതരം വ്യക്തികളാണ്. സർവേയിൽ പങ്കെടുത്ത പകുതിയോളം പേർക്ക് സ്വന്തം ജീവിതകാര്യങ്ങളിൽ വലിയ നിയന്ത്രണങ്ങളൊന്നുമില്ല. അതോടൊപ്പം മൂന്നിൽ രണ്ടു ഭാഗത്തിനും തങ്ങളുടെ ഭരണകൂടങ്ങളുടെ ചെയ്തികളെ സ്വാധീനിക്കാനും കഴിയുന്നില്ല. ഇതിനെ ആഗോള തലത്തിലെ ഒരു ജനാധിപത്യ വിരോധാഭാസം എന്നാണു യു.എൻ റിപ്പോർട്ട് വ്യവഹരിക്കുന്നത്.
ഇതുകാരണം രാഷ്ട്രങ്ങൾ കൂടുതൽ ഉൾവലിയുന്ന പ്രവണത കാട്ടുകയും അതുവഴി ആഗോളീകരണത്തിലൂടെ ഉണ്ടാവേണ്ട പരസ്പര വിശ്വാസവും സഹകരണവും കുറയുകയും ചെയ്യുന്നു. ഇത് കൂടുതൽ പ്രതിഫലിക്കുക 2023ലെ റെക്കോഡ് താപനിലക്കു ശേഷമുള്ള കാലാവസ്ഥ പ്രശ്നങ്ങളും പുതുതായി നിർമിത ബുദ്ധി ഉപയോഗിക്കുമ്പോൾ വേണ്ട നിയന്ത്രണ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിന് അനിവാര്യമായ സഹകരണത്തിലാണ്. ഈ സമസ്യകൾ തങ്ങളെ ബാധിക്കാത്തതാണെന്ന മട്ടിൽ നിസ്സംഗരാകാതെ, വികസിത-വികസ്വര രാജ്യങ്ങൾ ഒന്നുപോലെ ഇവയെ സഗൗരവം അഭിസംബോധന ചെയ്തെങ്കിലേ അസമത്വങ്ങളും അസന്തുലിതത്വങ്ങളും ഇല്ലാതാക്കി മനുഷ്യക്ഷേമം എന്ന പൊതുലക്ഷ്യത്തിലേക്കു മുന്നേറാൻ കഴിയൂ. രാഷ്ട്രീയ നേതൃത്വങ്ങളുടെ കേവല വാചാടോപം ഇക്കാര്യത്തിൽ ഒരു സംഭാവനയും നൽകില്ല എന്നതും ഓർക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.