കോടതി അത്താണിയാണ്; കൈയൊഴിയരുത്
text_fieldsകോവിഡ് പ്രതിസന്ധിയിൽ ശക്തി ചോർന്നുപോയത് രാജ്യത്തിെൻറ സമ്പദ്ഘടനക്കും ജനാധിപത്യ സ്ഥാപനങ്ങൾക്കും ഫെഡറൽ സംവിധാനങ്ങൾക്കും മാത്രമല്ല, വിഷമസന്ധികളിൽ പൗരാവകാശങ്ങൾ സംരക്ഷിക്കേണ്ട ജുഡീഷ്യറിക്കുതന്നെയും കോട്ടംപറ്റുന്നതായി സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഈ ശക്തിക്ഷയത്തിെൻറ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് ഡൽഹി ജാമിഅ മില്ലിയ്യ വിദ്യാർഥിനി സഫൂറ സർഗറിന് കോടതി മൂന്നാമതും ജാമ്യം നിഷേധിച്ചത്. വിവിധ പൗരാവകാശ ആക്ടിവിസ്റ്റുകളെ വേട്ടയാടാൻ ഡൽഹി പൊലീസിന് സമ്പൂർണ സ്വാതന്ത്ര്യം ഉണ്ടെന്നും അതിന് ഒരു ജുഡീഷ്യൽ പരിശോധനയും അവർക്ക് തടസ്സമാകില്ലെന്നും ഒരിക്കൽകൂടി വ്യക്തമാവുകയാണ്. അറസ്റ്റ് ചെയ്തവർക്കെതിരെ കടുത്ത വകുപ്പുകൾ ചേർത്ത് കേസ് ചമയ്ക്കുന്നതും ഏതെങ്കിലും കേസിൽ ജാമ്യം കിട്ടുമെന്നു വന്നാൽ വേറെ കേസ് കൂടി ചുമത്തുന്നതുമൊക്കെ നാട്ടുകാർ കാണുേമ്പാൾ കോടതികൾക്ക് ഭരണകൂടം പറയുന്ന നിയമത്തിെൻറ സാങ്കേതിക അക്ഷരങ്ങൾക്കപ്പുറം കാണാൻ കഴിയുന്നില്ല. ജാമ്യം കിട്ടാതിരിക്കാൻ യു.എ.പി.എ ചുമത്തുന്നു; യു.എ.പി.എ ചുമത്തിയ സ്ഥിതിക്ക് ജാമ്യം കൊടുക്കാൻ നിർവാഹമില്ലെന്ന് കോടതി പറയുന്നു. അതേസമയം, കോടതിക്കു മുമ്പാകെ വരുന്ന കേസ് യു.എ.പി.എ ചുമത്താവുന്നതാണോ എന്ന ചോദ്യം ഉയർത്തപ്പെടുന്നുമില്ല.
ജാമ്യം നിഷേധിക്കാവുന്ന ഒരു വകുപ്പും കണ്ടെത്താൻ കഴിയാഞ്ഞിട്ടും പട്യാല ഹൗസ് കോടതി സഫൂറക്ക് അത് നിഷേധിച്ചത്, യു.എ.പി.എയിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടിയത്രെ. യു.എ.പി.എ ചുമത്താവുന്ന കുറ്റം സഫൂറ ചെയ്തതായി പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതിതന്നെയാണ് അതേ നിയമം കാട്ടി ജാമ്യം നിഷേധിച്ചത്. യു.എ.പി.എ 43 ഡി (5) വകുപ്പനുസരിച്ച് ജാമ്യം നൽകാനുള്ള അധികാരം കോടതിക്കില്ലെന്ന സർക്കാർ വാദം അംഗീകരിച്ചതുവഴിയാണ് ഈ വൈരുധ്യം വന്നത്. ആ വകുപ്പ് ഈ കേസിൽ പ്രസക്തമോ എന്ന് തിരിച്ച് ചോദിച്ചുമില്ല. പ്രസക്തമല്ലെന്ന് നിയമജ്ഞർ പറയുന്നു. സഫൂറ ഗർഭിണിയാണെന്നും ഗർഭം അലസാൻ സാധ്യതയുണ്ടെന്നും കോവിഡ് സാഹചര്യത്തിൽ പ്രത്യേകമായ അപകടത്തിലാണെന്നുമൊക്കെ ബോധിപ്പിക്കപ്പെട്ടിട്ടും ‘തീകൊണ്ട് കളി തുടങ്ങിയാൽ പിന്നെ അത് പടർത്തിയതിന് കാറ്റിനെ പഴിച്ചിട്ട് കാര്യമില്ല’ എന്നു പറഞ്ഞ് പൊലീസിനെ ശരിവെക്കുകയാണ് കോടതി ചെയ്തത്.
ഭരണകൂടത്തിനു മുന്നിലെ തടസ്സങ്ങൾ മാറ്റിക്കൊടുക്കുന്ന ‘എക്സിക്യൂട്ടിവ് ജുഡീഷ്യറി’ അല്ല ഇന്ത്യയുടേത്. ഭരണകൂടത്തിെൻറ നയങ്ങളും ചെയ്തികളും നിഷ്ക്രിയത്വവും പരിശോധിച്ച് തിരുത്തുന്ന ‘കോൺസ്റ്റിറ്റ്യൂഷനൽ ജുഡീഷ്യറി’യാണ്. എന്നാൽ, ഏതാനും മാസങ്ങളായി ഇത്തരം ഭരണഘടനാധിഷ്ഠിത പരിശോധന നടക്കുന്നില്ല എന്ന് ജമ്മു-കശ്മീർ കേസുകളും സി.എ.എ കേസുകളും സൂചന നൽകിയിട്ടുണ്ട്. ഹേബിയസ് കോർപസ് ഹരജികൾപോലും നിസ്സാരമായി കാണുന്ന അവസ്ഥ. ഈ പ്രവണതതന്നെയാണ് ഇപ്പോൾ കോവിഡ് പ്രതിസന്ധിയിലും കാണുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികൾ പട്ടിണി കിടന്നും ദിവസങ്ങളോളം നടന്നും നരകിക്കാനിടയാക്കിയ ലോക്ഡൗൺ പ്രഖ്യാപനം സ്വമേധയാ പരിശോധിക്കാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ടായിരുന്നു. അത് ചെയ്തില്ലെന്നു മാത്രമല്ല, പലായനദുരന്തം ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹരജികൾ ഗൗരവത്തോടെ പരിഗണിച്ചുമില്ല.
ആളുകൾ പലായനം ചെയ്യുന്നത് വ്യാജവാർത്തകൾ സൃഷ്ടിച്ച പരിഭ്രാന്തിമൂലമാണെന്ന കേന്ദ്രസർക്കാറിെൻറ വാദം കോടതി ചോദ്യംചെയ്യാതെ അംഗീകരിച്ചു. നാലു ദിവസം കഴിഞ്ഞ്, എല്ലാ തൊഴിലാളികളും ആശ്വാസകേന്ദ്രങ്ങളിലാണെന്നും ഒറ്റയാളും റോഡിൽ നടക്കുന്നില്ലെന്നും കേന്ദ്രം പറഞ്ഞപ്പോൾ അതും വിശ്വസിച്ചു. ആറുലക്ഷം പേർ ആശ്വാസകേന്ദ്രങ്ങളിലുണ്ടെന്നും 22 ലക്ഷം പേർക്ക് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും കേന്ദ്രം ബോധിപ്പിച്ചപ്പോൾ, ബാക്കിയുള്ളവരുടെ കാര്യമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരേണ്ടതായിരുന്നു. പട്ടിണിക്കാരായ തൊഴിലാളികൾക്ക് പണം എത്തിക്കണമെന്ന ഹർഷ് മന്ദറിെൻറ ഹരജിയോട് ചീഫ് ജസ്റ്റിസിെൻറ പ്രതികരണം, ഭക്ഷണം കിട്ടുന്നുണ്ടെങ്കിൽ പിന്നെ പണമെന്തിന് എന്നായിരുന്നു. അത്യാവശ്യ സൗകര്യങ്ങൾപോലും തൊഴിലാളികൾക്ക് കിട്ടുന്നില്ലെന്ന ഒരു സന്നദ്ധ സംഘടനയുടെ വിശദ റിപ്പോർട്ട് ഹർഷ് മന്ദർ കാണിച്ചപ്പോൾ സ്വകാര്യ സംഘടനകളുടെ റിപ്പോർട്ടിനെ ആശ്രയിക്കാനാവില്ല എന്നായി കോടതി. സഞ്ചാരസൗകര്യത്തിനുവേണ്ടി ജഗ്ദീഷ് ഛോക്കർ ഹരജി സമർപ്പിച്ചേപ്പാൾ, അക്കാര്യത്തിലൊന്നും ഇടപെടാൻ കോടതിക്ക് കഴിയില്ല എന്നായി. ഒടുവിൽ ട്രെയിൻ കയറിയും പട്ടിണികിടന്നുമൊക്കെ മനുഷ്യർ മരിച്ച വാർത്തകൾ അവഗണിക്കാനാകാതെ വന്നേപ്പാൾ മാത്രമാണ് കേന്ദ്രമൊഴികളെ ആശ്രയിക്കുന്നത് വിട്ട് സ്വമേധയാ ഇടപെടാൻ സുപ്രീംകോടതി തയാറായത്. അതിനകം രണ്ടുമാസത്തോളം വൈകിക്കഴിഞ്ഞിരുന്നു.
‘പൗരന്മാരുടെ ദുരിതങ്ങൾക്കുനേരെ കണ്ണടച്ച് ജഡ്ജിമാർ ദന്തഗോപുരങ്ങളിൽ ഇരിക്കരുതെ’ന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറയുന്നു. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സുപ്രീംകോടതി ദാരുണമായി പരാജയപ്പെട്ടതായി ജസ്റ്റിസ് എ.പി. ഷാ പരിതപിക്കുന്നു. ജുഡീഷ്യറി സമൂഹയാഥാർഥ്യത്തിൽനിന്ന് അകലുന്നതായി അഭിഭാഷകൻ മിഹിർ ദേശായി ചൂണ്ടിക്കാട്ടുന്നു. എക്സിക്യൂട്ടിവ് വിഭാഗത്തിനുള്ളതിലേറെ എക്സിക്യൂട്ടിവ് മനഃസ്ഥിതി ഉണ്ടാകുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് നന്നല്ലെന്ന് അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ഉപദേശിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ ഉറപ്പുവരുത്താൻ ജുഡീഷ്യറി ഇനിയെങ്കിലും ഇടപെടണം. സർക്കാറിെൻറ വിശ്വാസമല്ല, ജനങ്ങളുടെ വിശ്വാസമാണ് അതിെൻറ പ്രാണവായു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.