ബീഫിന്റെ മറവിലെ മനുഷ്യാവകാശ ലംഘനം
text_fieldsപ്രതിദിനം അഞ്ച് ലക്ഷം ലിറ്ററിലേറെയാണ് ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ അസമിലെ മദ്യ ഉപഭോഗം. വിദേശിയും സ്വദേശിയും നാടനുമടങ്ങിയ മദ്യം കുടിക്കുന്നതിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മുന്നിലാണ്. ഇവർക്ക് പുറമെ, സ്കൂൾ വിദ്യാർഥികളടക്കമുള്ള കൗമാരക്കാർക്കിടയിലും മദ്യപരുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്. മദ്യശാലകളിലോ പൊതു ഇടങ്ങളിലോ മദ്യം വിളമ്പുന്നതിനോ ഉപയോഗിക്കുന്നതിനോ സംസ്ഥാനത്ത് എന്തെങ്കിലും നിയന്ത്രണങ്ങളില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ആഘോഷവേളയിൽ ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മദ്യവില കുറച്ച് ഉത്തരവിറക്കുക പോലും ചെയ്തിരുന്നു സർക്കാർ. എന്നാൽ, ഇന്നാട്ടിൽ ഇക്കഴിഞ്ഞയാഴ്ച മുതൽ റസ്റ്റാറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും കുറ്റകരമാണ്. ഭക്ഷണശാലകളിലെ മെനുവിൽനിന്ന് മാത്രമല്ല, കല്യാണ വിരുന്നുകളിൽനിന്നും ആരാധനാലയങ്ങളിലെ ഭക്ഷണ വിതരണത്തിൽ നിന്നുമെല്ലാം ബീഫ് ഒഴിവാക്കേണ്ടിവരും. ഹിന്ദു, ജൈന, സിഖ് സമൂഹങ്ങൾ ഭൂരിപക്ഷമുള്ള മേഖലകളിലും ക്ഷേത്രങ്ങളുടെയും സന്യാസമഠങ്ങളുടെയും അഞ്ച് കിലോമീറ്റർ ചുറ്റളവിലും ബീഫ് വിൽപനയും ഉപയോഗവും നിരോധിച്ചിരുന്ന 2021ലെ കന്നുകാലി സംരക്ഷണ നിയമം ഭേദഗതി ചെയ്താണ് സംസ്ഥാനമൊട്ടുക്കുള്ള പൊതുസ്ഥലങ്ങളിലേക്ക് വിലക്ക് വ്യാപിപ്പിച്ചത്. സാംസ്കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ അസമിന്റെ സനാതന പാരമ്പര്യങ്ങളുടെ മൂല്യങ്ങൾ സംരക്ഷിക്കുക എന്ന സർക്കാർ നിലപാട് ഊട്ടി ഉറപ്പിക്കുന്നതാണ് ഈ നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ അവകാശവാദം. ഒന്നുകിൽ ബീഫ് നിരോധ നടപടിയെ പിന്തുണക്കുക, അല്ലാത്തപക്ഷം പാകിസ്താനിലേക്ക് പോവുക എന്നാണ് സംസ്ഥാന മന്ത്രി പിജുഷ് ഹസാരിക പ്രതിപക്ഷമായ കോൺഗ്രസിന് നൽകിയ തീട്ടൂരം.
ചരിത്രപരമായ തീരുമാനം എന്നു പറഞ്ഞ ബി.ജെ.പി വക്താവ് സുഭാഷ് ദത്ത അസം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണെന്നും പറഞ്ഞുവെച്ചു. മദ്റസ, ഹിജാബ് തുടങ്ങി മുസ്ലിംകളുമായി ബന്ധമുള്ളതെന്തും നിരോധിച്ചും അടിച്ചു തകർത്തും വെള്ളപ്പൊക്കത്തിലും കൃഷിനാശത്തിലുംവരെ ജിഹാദ് ആരോപിച്ചും താനാണ് രാജ്യത്തെ ഏറ്റവും കാര്യപ്രാപ്തിയുള്ള ഹിന്ദുത്വവാദി എന്ന് തെളിയിക്കാൻ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന മുൻ കോൺഗ്രസ് നേതാവായ ഹിമന്ദയുടെ പുതിയ നടപടിയുടെ പിന്നിലെ ചേതോവികാരമെന്തെന്നറിയാൻ ബ്രഹ്മപുത്ര കടവ് വരെ പോകേണ്ടതില്ല. ഈയിടെ നടന്ന ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം മേഖലകളിലെ വോട്ടർമാർക്ക് ബീഫ് വാഗ്ദാനം ചെയ്യുക വഴി ബി.ജെ.പി ഹിന്ദുത്വ ദേശീയതാ അജണ്ടയിൽ വെള്ളം ചേർത്തതായി കോൺഗ്രസ് ആരോപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനമൊട്ടുക്ക് നിരോധം ഏർപ്പെടുത്തിയ പ്രഖ്യാപനം വരുന്നത്. പ്രതിപക്ഷം മൃദുഹിന്ദുത്വ അജണ്ട പയറ്റുന്നതും പാർട്ടിയിലെ എതിരാളികൾ അസൂയ പരത്തുന്നതും തടഞ്ഞ് 2026 ഏപ്രിലിൽ നടക്കേണ്ട അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ചോദ്യം ചെയ്യപ്പെടാത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി തുടരാൻ മുൻകൂട്ടി നടത്തിയ ഏറാണിത്.
പക്ഷേ, സംസ്ഥാനത്തിന്റെ മൂല്യങ്ങളുടെ ഭാഗമായി ബീഫ് നിരോധത്തെ എണ്ണിപ്പറയുന്നതിൽ വലിയ ശരികേടുണ്ട്. കേരളത്തിലേതുപോലെ തന്നെ അസമടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാധാരണ ഭക്ഷണമാണ് ബീഫ്. മുസ്ലിംകൾ മാത്രമല്ല, ദലിതരും ഹിന്ദുക്കളും ക്രൈസ്തവരും ഗോത്രവിഭാഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന, ഏറ്റവും കുറഞ്ഞ ചെലവിൽ പ്രോട്ടീൻ ലഭ്യമാക്കുന്ന ആഹാരം. ഒരു ന്യൂനപക്ഷ സമുദായത്തെ ശത്രുപക്ഷത്ത് നിർത്താനായി വ്യക്തി-ആഹാര സ്വാതന്ത്ര്യത്തിനും വിവിധ ദേശങ്ങളുടെ ഭക്ഷണ സംസ്കാരത്തിനും നേരെ വെല്ലുവിളി ഉയർത്തുകയാണ് ഈ ‘ചരിത്രപരമായ തീരുമാനം’ വഴി അസം സർക്കാർ. ബീഫ് നിരോധനത്തിന്റെ മറവിൽ ഇനി അന്നാട്ടിൽ നടക്കാൻ പോകുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ആലോചിക്കാവുന്നതിലും അപ്പുറമായിരിക്കും. തൊട്ടയൽ സംസ്ഥാനമായ മേഘാലയയിലെ ബി.ജെ.പി നേതാക്കൾപോലും അസം സർക്കാറിന്റെ നടപടിയെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. ബീഫ് അടങ്ങുന്ന ഭക്ഷണക്രമം മേഘാലയയുടെയും വടക്കുകിഴക്കൻ മേഖലയുടെയും സാംസ്കാരിക സ്വത്വത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണെന്നും താൻ ജീവിച്ചിരിക്കുവോളം മേഘാലയയിൽ ബീഫ് നിരോധം സമ്മതിക്കില്ലെന്നുമാണ് അവിടത്തെ ബി.ജെ.പി എം.എൽ.എ സാൻബോർ ഷുല്ലായ് അഭിപ്രായപ്പെട്ടത്.
ബീഫ് നിരോധിച്ചും കൈവശം വെച്ചതിന് അടിച്ചുകൊന്നും തങ്ങളുടെ അക്രമിസംഘങ്ങൾ രാജ്യത്തൊട്ടാകെ അരാജകത്വം പരത്തുമ്പോഴും വിദേശ വിപണിയിൽ ബീഫ് വിളമ്പുന്നതിൽ ഒരു വിലക്കും മുടക്കവും വരുത്തിയിട്ടില്ല ബി.ജെ.പി-ആർ.എസ്.എസ് ഭരണകൂടങ്ങൾ. 2021-22 വർഷം 3,303.34 ദശലക്ഷം ഡോളറിന്റെ ബീഫ് കയറ്റുമതിയാണ് ഇന്ത്യ നടത്തിയിരുന്നതെങ്കിൽ 2023-24 വർഷം അത് 3,740.53 ദശലക്ഷം ഡോളറിലേക്ക് ഉയർന്നതായി കേരളത്തിൽനിന്നുള്ള രാജ്യസഭാംഗം പി.പി. സുനീർ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നൽകിയ മറുപടിയിൽ വെളിപ്പെട്ടിരിക്കുന്നു. ബീഫിന്റെ പേരിൽ ഏറ്റവുമധികം മനുഷ്യർ വേട്ടയാടപ്പെടുന്ന ആദിത്യനാഥിന്റെ യു.പിയാണ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത്. വീട്ടിലെ ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് അഖ്ലാഖ് എന്ന വയോധികനെ ഹിന്ദുത്വ ഗുണ്ടകൾ അടിച്ചുകൊന്ന ദാദ്രിയിൽ പുരൻ ജോഷി എന്നയാളുടെ കോൾഡ് സ്റ്റോറേജിൽനിന്ന് കഴിഞ്ഞമാസം കണ്ടെടുത്തത് 153 ടൺ പശുവിറച്ചിയാണ്. യു.പിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമെല്ലാം വീടുകയറിയും വാഹനത്തിൽനിന്ന് അടിച്ചിറക്കിയും ബീഫിന്റെ പേരിൽ ഹിന്ദുത്വർ മനുഷ്യവേട്ട നടത്തുമ്പോൾതന്നെ ബി.ജെ.പി ഭരിക്കുന്ന ഗോവയിലും അരുണാചൽ പ്രദേശിലും ബീഫ് വിൽപനക്ക് വിലക്കേതുമില്ല താനും.
ഒരു സംസ്ഥാന സർക്കാർ നടപ്പാക്കിയ, മറ്റു പല സംസ്ഥാനങ്ങളും പിന്തുടർന്നേക്കാനിടയുള്ള ആഹാര സ്വാതന്ത്ര്യത്തിനെതിരായ കടുത്ത വെല്ലുവിളിക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ശങ്കിച്ചു നിൽക്കുന്നത് അപകടകരമാണ്. ഭരണഘടനയെയും ബഹുസ്വരതയെയും അട്ടിമറിക്കാൻ ഉറപ്പിച്ചിറങ്ങിയിരിക്കുന്ന സംഘത്തിന്റെ നീണ്ട പട്ടികയിലെ ആദ്യത്തെ ഒരു ഇനം മാത്രമാണ് ബീഫ് എന്ന് മറക്കാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.