സമാധാന നൊബേലും ഇന്ത്യയും
text_fieldsഈ വർഷത്തെ സമാധാന നൊബേൽ ലഭിച്ചത് ‘ഐകാൻ’ (ഇൻറർനാഷനൽ കാമ്പയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപൺസ്) എന്ന സംഘടനക്കാണ്. ആണവായുധത്തിെൻറ ഭവിഷ്യത്തുകളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകുന്ന 450ലധികം പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ബിയാട്രിസ് ഫിൻ എന്ന വനിത നേതൃത്വം നൽകുന്ന ‘ഐകാൻ’. കേവലം 10 വർഷം മുമ്പ് മാത്രം രൂപംകൊണ്ട ഈ സംഘടന കുറഞ്ഞകാലംകൊണ്ട് കൈയെത്തിപ്പിടിച്ച നേട്ടങ്ങൾ ഏറെ വലുതാണ്. ആണവായുധങ്ങൾ ലോകത്തുനിന്ന് നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഐകാൻ കഴിഞ്ഞ ജൂലൈയിൽ ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച ആണവായുധ നിരോധന ഉടമ്പടിക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഉടമ്പടിയിൽ 122 രാജ്യങ്ങളെക്കൊണ്ട് ഒപ്പുവെപ്പിക്കാനും ഇവർക്ക് കഴിഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് നൊബേൽ കമ്മിറ്റി ഇവരെ അവാർഡിനായി തിരഞ്ഞെടുത്തത്്.
വ്യക്തികൾക്ക് പകരം പ്രസ്ഥാനങ്ങൾക്കോ സംഘടനകൾക്കോ സമാധാന നൊബേൽ ലഭിക്കുന്നത് ഇതാദ്യമല്ല. മുമ്പ്, യൂറോപ്യൻ യൂനിയനടക്കമുള്ള സംഘടനകൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ചെറുതല്ലാത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. അതിൽനിന്നെല്ലാം വ്യത്യസ്തമായി, ഐകാനിെൻറ പുരസ്കാര ലബ്ധി പൊതുവിൽ അന്താരാഷ്ട്ര സമൂഹത്തിെൻറ പ്രശംസ പിടിച്ചുപറ്റിയെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. എന്നാൽ, സമാധാനപൂർണമായ ലോകത്തിനായുള്ള ഒരു പുതിയ മുന്നേറ്റപാത തുറന്ന ഈ സംഘടനയോട് ലോകത്തെ ആണവായുധ ശക്തികൾ തീർത്തും നിഷേധാത്മകമായ സമീപനമാണ് ഇക്കാലമത്രയും സ്വീകരിച്ചത്. ആ ശക്തികളിൽ നമ്മുടെ രാജ്യവുമുണ്ടെന്നറിയുന്നത് നിരാശജനകംതന്നെ.
ഡിസംബർ 10ന് ഒാസ്ലോയിൽ നടന്ന പുരസ്കാര ദാന ചടങ്ങ് ബഹിഷ്കരിച്ചാണ് ഇന്ത്യയടക്കമുള്ള ആണവശക്തികൾ ഐകാനോടുള്ള ‘യുദ്ധം’ പ്രഖ്യാപിച്ചത്. മുമ്പ്, യു.എന്നിൽ ആണവ നിരോധന ഉടമ്പടി വോട്ടിനിട്ടപ്പോൾ ഈ രാജ്യങ്ങൾ തന്ത്രപൂർവം അവിടെനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഒരുവശത്ത്, ഉത്തര കൊറിയ നടത്തിക്കൊണ്ടിരിക്കുന്ന ആണവപരീക്ഷണങ്ങൾക്കെതിരെ നിരന്തരമായി പ്രസ്താവനകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയും ആ രാജ്യത്തിനെതിരെ ഉപരോധം തീർത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾതന്നെയാണ് ഈ ബഹിഷ്കരണ മുന്നണിയിലുമുള്ളത്. നിർഭാഗ്യവശാൽ, നമ്മുടെ പ്രഖ്യാപിത നിലപാടുകളിൽനിന്ന് ഏറെ അകലെ നിലകൊണ്ട് മോദിയുടെ ഇന്ത്യ ഇപ്പോൾ ഈ സഖ്യത്തിനൊപ്പം ചേർന്നിരിക്കുന്നു. ഓസ്ലോ നൊബേൽ വേദിയിൽനിന്നുതന്നെ ഇതിന് ശക്തമായ വിമർശനവും ഇക്കൂട്ടർക്ക് നേരിടേണ്ടിവന്നു.
ഐകാന് വേണ്ടി പുരസ്കാരം സ്വീകരിച്ച ഹിരോഷിമ ദുരന്തത്തിെൻറ ജീവിക്കുന്ന രക്തസാക്ഷി സെസുകോ തെർലോയും തുടർന്ന് സംസാരിച്ച ബിയാട്രിസ് ഫെന്നും അതിശക്തമായ ഭാഷയിൽ ഈ രാജ്യങ്ങളെ വിമർശിച്ചു. ആണവശക്തികൾ കാലങ്ങളായി ഉന്നയിക്കാറുള്ള സകല ന്യായയുക്തികളെയും ബിയാട്രിസ് തെൻറ ഹ്രസ്വഭാഷണത്തിൽ പൊളിച്ചടുക്കി. അതിനുശേഷം അവരുടെ വാക്കുകൾ ഇങ്ങനെ: ‘‘ഇനി നമ്മുടെ മുന്നിൽ രണ്ട് മാർഗങ്ങളാണുള്ളത്. ഒന്നുകിൽ ആണവായുധം പൂർണമായും ഉപേക്ഷിക്കുക. അല്ലെങ്കിൽ സ്വയംനാശത്തിന് ഒരുങ്ങിക്കൊള്ളുക.’’ ഒരു കവിതപോലെയാണ് ആ പ്രസംഗം അവസാനിക്കുന്നത്: ഭയത്തിന് പകരം അമേരിക്ക സ്വാതന്ത്ര്യവും അവിവേകത്തിന് ബദലായി ഇന്ത്യ വിവേകവും ഭീകരതക്ക് പകരം ഫ്രാൻസ് മനുഷ്യാവകാശവും തിരഞ്ഞെടുക്കണം; ഉന്മൂലനത്തിന് പകരം ഇസ്രായേൽ സാമാന്യ ബുദ്ധിയുടെ പാത സ്വീകരിക്കണം.
നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം കൈക്കൊണ്ട ആണവനയം എത്രമേൽ പ്രതിലോമകരമെന്ന് ബിയാട്രിസിെൻറ ലോകം ശ്രദ്ധിച്ച ഈ പ്രസംഗം വ്യക്തമാക്കുന്നുണ്ട്. ആണവായുധ വിപത്തിനെതിരെ ലോകത്തിന് മുന്നറിയിപ്പ് നൽകിയവരാണ് നമ്മുടെ മുൻ പ്രധാനമന്ത്രിമാരൊക്കെയും. തീവ്രവാദ തത്ത്വശാസ്ത്രത്തിെൻറ ഏറ്റവും മൂർത്തമായ രൂപമാണ് ആണവായുധമെന്ന് ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ആണവ സാങ്കേതിക വിദ്യ ആർജിക്കുന്നതിനുവേണ്ടിയുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോഴും അതിനായി വിവിധ രാജ്യങ്ങളുമായി കരാറുകൾ ഒപ്പുവെക്കുമ്പോഴുമെല്ലാം ആണവ രാഷ്ട്ര സഖ്യചേരിയിൽനിന്ന് ഇന്ത്യ ബോധപൂർവം മാറിനിന്നതായി കാണാം. വാജ്പേയിയുടെയും മൻമോഹൻ സിങ്ങിെൻറയുമെല്ലാം കാലത്ത് അന്താരാഷ്ട്ര തലത്തിൽ നടന്ന ആണവായുധ നിർവ്യാപന ഉടമ്പടികളിൽ ഇന്ത്യ നേതൃപരമായിത്തന്നെ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, മോദി അധികാരത്തിലെത്തിയ ശേഷം കാര്യങ്ങൾ നേരെ തിരിഞ്ഞു.
2014ൽ എൻ.ഡി.എ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽതന്നെ ഇതിെൻറ സൂചനകളുണ്ടായിരുന്നു. അന്ന് ആരും അത്രക്ക് ഗൗനിക്കാതിരുന്ന അതിലെ പരാമർശങ്ങൾ ഓരോന്നായി മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. സോഷ്യൽമീഡിയയിൽ നാം കാണുന്നതുപോലുള്ള േട്രാളുകളല്ല മോദിയുടെ വിദേശയാത്രകൾ. ഓരോ യാത്രയിലും ഓരോ ആണവ കരാറുകളിലെങ്കിലും ധാരണയാകുന്നത് ഈ േട്രാളുകൾക്കിടയിൽ നാം കാണാതിരുന്നുകൂടാ. ആണവായുധങ്ങൾ സ്വയം പ്രതിരോധ കവചം എന്നതായിരുന്നു ഇക്കാലമത്രയും ഇന്ത്യയുടെ പ്രഖ്യാപിത നയം. അഥവാ, ഒരിക്കലും ആക്രമണത്തിെൻറയോ അധിനിവേശത്തിെൻറയോ മാർഗമായി ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്നർഥം.
അന്താരാഷ്ട്ര തലത്തിൽ പൊതുവിൽ സ്വീകാര്യമായ ഈ നയത്തെ കേന്ദ്രസർക്കാർ പൊളിച്ചെഴുതുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തര കൊറിയയും പാകിസ്താനും സൃഷ്ടിക്കുന്ന ഭീഷണിയെ ചെറുക്കാൻ ആണവായുധം പ്രയോഗിക്കുന്നതിൽ തെറ്റില്ലെന്ന ബി.ജെ.പിയിലെ ചില നേതാക്കളുടെ പ്രസ്താവനകൾ അതാണ് സൂചിപ്പിക്കുന്നത്. അത്യന്തം അപകടകരമായ ഈ നയവ്യതിയാനം തുറന്നുകാട്ടിയെന്നതാണ് ഓസ്ലോ വേദിയെ കൂടുതൽ പ്രസക്തമാക്കുന്നത്. എന്നിട്ടും ‘ഓസ്ലോ സംഭവം’ നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾക്ക് കാര്യമായ വാർത്തയാകാത്തതിെൻറ കാരണമെന്താകും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.