സമാധാന നൊബേലും ഇന്ത്യയും
text_fieldsഐക്യരാഷ്ട്രസഭക്കു കീഴിലെ വേൾഡ് ഫുഡ് പ്രോഗ്രാമിനാണ് (ഡബ്ല്യു.എഫ്.പി) ഈ വർഷത്തെ സമാധാന നൊബേൽ. പട്ടിണിക്കെതിരായ പോരാട്ടത്തിനും സംഘർഷഭരിതമേഖലകളിൽ സമാധാനപ്രവർത്തനങ്ങൾ നടത്തിയതിനുമാണ് സംഘടനയെ പുരസ്കാരത്തിന് അർഹമാക്കിയതെന്നാണ് നൊബേൽ കമ്മിറ്റിയുടെ വിലയിരുത്തൽ.
യുദ്ധമുഖങ്ങളിൽ പട്ടിണിയെ ഒരായുധമാക്കാനുള്ള ശ്രമങ്ങളെ പലതവണ ഡബ്ല്യു.എഫ്.പി തുറന്നുകാണിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്തതായും െനാബേൽ കമ്മിറ്റി വിലയിരുത്തി. അധിനിവേശവും ആഭ്യന്തരസംഘർഷങ്ങളും കനത്ത നാശം വിതച്ച യമൻ, ദക്ഷിണ സുഡാൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ സംഘടന നടത്തിയ സമാധാന പ്രവർത്തനങ്ങളെയും കമ്മിറ്റി മുക്തകണ്ഠം പ്രശംസിച്ചുകൊണ്ടാണ് പുരസ്കാര പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
1960 കളിൽ രൂപംകൊണ്ട ഡബ്ല്യു.എഫ്.പി പ്രതിവർഷം പത്തുകോടി ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്. ഇതിനുപുറമെ ദരിദ്ര ജനവിഭാഗങ്ങളുടെ പുനരധിവാസവും സംഘർഷമേഖലകളിലെ സന്നദ്ധ പ്രവർത്തനങ്ങളും പതിറ്റാണ്ടുകളായി നിർവഹിച്ചുപോരുന്നു. 2030ഓടെ ലോകത്തെ ദരിദ്രമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഏറെ ഊർജം നൽകുന്നു ഈ പുരസ്കാരം. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ഡബ്ല്യു.എഫ്.പി അതർഹിക്കുന്നുണ്ട്.
ലോകത്ത് എട്ടേ കാൽ കോടി ജനങ്ങൾ മതിയായ ഭക്ഷണം ലഭിക്കാതെ നരകിക്കുന്നു എന്നാണ് യു.എൻ പുറത്തുവിട്ട റിപ്പോർട്ട്. മറ്റൊരർഥത്തിൽ, ലോകത്ത് ഒമ്പത് കോടി ജനങ്ങളും പട്ടിണിയിലാണ്. അധിനിവേശവും ആഭ്യന്തര സംഘർഷവുമല്ല ഇത്തരം ദുരിതത്തിന് കാരണം; മറിച്ച്, കോവിഡ് മഹാമാരി, ആഗോളതാപനം, പ്രകൃതിദുരന്തങ്ങൾ തുടങ്ങി മറ്റു പല ഘടകങ്ങളും ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്.
ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ച ചർച്ചകൾ സജീവമായിരിക്കെ ലോകത്ത് പട്ടിണിക്കെതിരായി പോരാട്ടം നടത്തുന്ന സംഘടനക്ക് സമാധാന പുരസ്കാരം ലഭിക്കുന്നതിൽ ഒട്ടേറെ മാനങ്ങളുണ്ട്. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ ഈ മാനങ്ങളത്രയും കൂടുതൽ പ്രസക്തവുമാണ്. കാരണം, മുമ്പൊന്നുമില്ലാത്ത വിധം ഭക്ഷ്യ പ്രതിസന്ധികളുടെ കെടുതികൾ നമ്മുടെ രാജ്യത്തും കണ്ടുതുടങ്ങിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് പ്രധാനമായും ഒരു ജനതയെ ദാരിദ്ര്യത്തിലേക്ക് വലിച്ചിഴക്കുന്ന നേരിട്ടുള്ള ഘടകങ്ങൾ. ആഭ്യന്തരപലായനങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരിയും രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമെല്ലാം അതിനെ ആക്കം കൂട്ടുകയും ചെയ്യും.
പുതിയ സാഹചര്യത്തിൽ ഈ ഘടകങ്ങളത്രയും ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. സാമ്പത്തിക പരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയ നോട്ടു നിരോധനവും ജി.എസ്.ടിയുമെല്ലാം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലെത്തിച്ചുവെന്ന യാഥാർഥ്യം ഇന്ന് മോദി ഭക്തർപോലും സമ്മതിക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് നമ്മുടെ നാട് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വയുടെ ആശീർവാദത്തോടെ രാജ്യത്തിെൻറ നാനാഭാഗങ്ങളിൽ നടന്ന വർഗീയ കലാപങ്ങളും വംശീയാക്രമണങ്ങളും സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വവും ദാരിദ്ര്യത്തിലേക്കുള്ള വഴി എളുപ്പമാക്കി.
ഇതിനെല്ലാം പുറമെയാണ് കോവിഡ് മഹാമാരി ഇടിത്തീയായി പെയ്തിറങ്ങിയത്. തീർത്തും പ്രതികൂലമായ ഈ സാഹചര്യങ്ങൾ രാജ്യത്തെ എത്തിച്ചത് പട്ടിണിയിലേക്കുതന്നെയാണ്. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനമിപ്പോൾ പാകിസ്താനും ശ്രീലങ്കക്കുമെല്ലാം പിറകിലാണ്. രാജ്യത്തെ അറുപതു ശതമാനം ജനങ്ങളും മഹാമാരിയുടെ കെടുതിയിൽ തങ്ങളുടെ ഭക്ഷണം രണ്ടു നേരമാക്കി ചുരുക്കി എന്ന റിപ്പോർട്ടും തെളിയിക്കുന്നത് നാമൊരു പട്ടിണി രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു എന്നുതന്നെയാണ്.
2005-15 കാലത്ത് 25 കോടി ജനങ്ങളെ പട്ടിണിയിൽനിന്ന് കരകയറ്റിയ രാജ്യം എങ്ങനെ ഇൗ വിധം തകർന്നടിഞ്ഞുെവന്നത് ആരേയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. വർഗീയതമാത്രം ലക്ഷ്യമിട്ട് ഒരു ഭരണകൂടം മുന്നോട്ടുപോയപ്പോൾ സംഭവിച്ച ദുരന്തമാണിത്. ആ ദുരന്തത്തെക്കൂടിയാണ് സമാധാന നൊബേൽ പ്രഖ്യാപനം ഓർമപ്പെടുത്തുന്നത്. ദക്ഷിണ സുഡാനും സോമാലിയയും യമനുമെല്ലാം ഇന്ത്യയിൽനിന്ന് ഏറെ അകെലയല്ല എന്ന പാഠം കൂടി പകർന്നുനൽകുന്നുണ്ടിത്. അക്കാര്യം ഉൾക്കൊള്ളാൻ ഭരണകൂടം തയാറാവുമോ എന്ന് ഉച്ചത്തിൽ ചോദിക്കേണ്ട സന്ദർഭമാണിത്. അല്ലാത്തപക്ഷം പട്ടിണിയുടെ നേർചിത്രമായി നമ്മുടെ നാട് അധഃപതിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.