ചൂടുപിടിച്ച അതിർത്തിയും മഞ്ഞുരുകാത്ത താഴ്വരയും
text_fieldsഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാക്കുന്ന തരത്തിലേക്ക് അതിർത്തിയിൽ പുതിയ പുതിയ സംഭവവികാസങ്ങൾ ഉടലെടുക്കുമ്പോൾ, സത്വരശ്രദ്ധ അനിവാര്യമായ കശ്മീർ താഴ്വരയിൽനിന്ന് രാജ്യത്തിെൻറ മൊത്തം ശ്രദ്ധ വ്യതിചലിക്കുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കാതെ പോവുകയാണ്. നിയന്ത്രണരേഖ കടന്നെത്തിയ പാക് പട്ടാളം രണ്ട് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തി, തലയറുത്ത് മൃതദേഹം വികൃതമാക്കിയെന്ന ഇന്ത്യയുടെ ആരോപണം പാകിസ്താൻ നിഷേധിക്കുന്നുണ്ടെങ്കിലും സംഭവം അതിർത്തി വീണ്ടും ചൂടുപിടിപ്പിച്ചുനിർത്തുകയാണ്. പാക്സൈന്യത്തിെൻറ ഭാഗത്തുനിന്നുണ്ടായ നിഷ്ഠുരതക്ക് പകരംവീട്ടുമെന്നും ഇവ്വിഷയകമായി പാകിസ്താെൻറ ഭാഷ്യം തെളിവുകളുടെ അടിസ്ഥാനത്തിൽ തങ്ങൾ നിഷേധിക്കുകയാണെന്നും ഇന്ത്യ പറയുമ്പോൾ നയതന്ത്രതലത്തിൽ കൂടുതൽ വിഘ്നങ്ങൾ കൊണ്ടിടുകയാണ് ഇരുരാജ്യങ്ങളും. മുൻകാല അനുഭവങ്ങൾ വെച്ചുനോക്കുമ്പോൾ വരുംദിവസങ്ങളിൽ ‘മിന്നലാക്രമണ’ങ്ങൾ പ്രതീക്ഷിക്കാം. അങ്ങനെ ഉണ്ടാകണമെന്ന ശാഠ്യവുമായി വിവിധ കക്ഷിനേതാക്കൾ ഇതിനകം രംഗത്തുവന്നുകഴിഞ്ഞിട്ടുണ്ടുതാനും. പാകിസ്താനുമായുള്ള അയൽപക്കബന്ധം ഒരുകാലത്തും ഉൗഷ്മളമാവരുതെന്ന് നിർബന്ധമുള്ള ഒരു രാഷ്ട്രീയ ചിന്താധാരക്ക് മേൽക്കോയ്മയുള്ള ഇക്കാലത്ത് സമാധാന പുന$സ്ഥാപനത്തിനായി വാദിക്കുന്നവർ ഇരുഭാഗത്തും കുറഞ്ഞുവരുകയാണെന്ന യാഥാർഥ്യം സമാധാനകാംക്ഷികളെ ആകുലപ്പെടുത്താതിരിക്കില്ല.
ഉറി സംഭവത്തിനുശേഷം ഉടലെടുത്ത യുദ്ധസമാനമായ അന്തരീക്ഷം മെല്ലെ മെല്ലെ സാധാരണഗതിയിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇപ്പോഴത്തെ ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾ. രണ്ട് ആണവശക്തികൾ തമ്മിൽ തുടരുന്ന ശത്രുതാസമീപനങ്ങൾ സ്വാഭാവികമായും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആഗോളസമൂഹം ആശങ്കാകുലരാണെങ്കിലും നമ്മുടെ ആഭ്യന്തര ചർച്ചകൾ ഇപ്പോഴും പോയതലമുറയിൽനിന്ന് പൈതൃകമായി കൈക്കൊണ്ട സങ്കുചിതമായ നയനിലപാട് ആസ്പദമാക്കിയാണെന്ന ദൗർബല്യം മുന്നോട്ടുള്ള പ്രയാണത്തെ വല്ലാതെ കുടുക്കിവലിക്കുന്നുണ്ട്.
ഇന്ത്യ–പാക് അതിർത്തിയിലെ ഏത് അസ്വാസ്ഥ്യത്തിെൻറയും പ്രത്യാഘാതങ്ങളിലൊന്ന് ജമ്മു–കശ്മീരിനെ അരാജകത്വത്തിൽ അകപ്പെടുത്തിയ ഇന്നത്തെ വിഷമസന്ധിയിൽനിന്ന് കരകയറ്റാനുള്ള ശ്രമങ്ങളെ അത് ദുർബലപ്പെടുത്തുന്നു എന്നതാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം താഴ്വരയിൽ ഇമ്മട്ടിൽ അന്യതാബോധം പടർന്നുപിടിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് സർക്കാറും മാധ്യമങ്ങളും നിഷ്പക്ഷ നിരീക്ഷകരും ഒരുപോലെ സമ്മതിക്കുന്നു. മുൻകാലങ്ങളിൽ അതിർത്തി കടന്നെത്തുന്ന ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് ഭീകരവാദികളെയും ആഭ്യന്തര തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുൽ മുജാഹിദീനെയുംകുറിച്ചൊക്കെയുമാണ് നാം പരിഭവം പങ്കിടാറ്. ഇന്ന് സ്ഥിതിയാകെ മാറി. രാഷ്ട്രീയവ്യവസ്ഥിതിയിൽ വിശ്വാസം നഷ്ടപ്പെട്ട പുതുതലമുറ, വിശിഷ്യ കാമ്പസ് വിട്ടിറങ്ങിയ വിദ്യാർഥികൾ സൈന്യത്തോടും പൊലീസ് സേനയോടും ഏറ്റുമുട്ടാൻ തയാറായി തെരുവ് കീഴടക്കാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കേന്ദ്ര–സംസ്ഥാന ഭരണകൂടങ്ങൾ. അടുത്തിടെ നടന്ന ശ്രീനഗർ ഉപതെരഞ്ഞെടുപ്പ് പ്രഹസനമായി പര്യവസാനിച്ചതും അനന്ത്നാഗ് മണ്ഡലത്തിൽ ഇലക്ഷൻ തന്നെ വേണ്ടെന്നുവെക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതും എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.
സ്വാതന്ത്ര്യലബ്ധിയുടെ ഏഴു പതിറ്റാണ്ടിനിടയിൽ ക്രമസമാധാനം പാലിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രക്രിയതന്നെ റദ്ദാക്കേണ്ടിവന്ന അനുഭവം അത്യപൂർവമാണ്. കശ്മീരിലെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും നാഷനൽ കോൺഫറൻസും ചെയ്യുന്നതുപോലെ ഇലക്ഷൻ കമീഷെൻറ കാര്യപ്രാപ്തിയെ ചോദ്യംചെയ്തിട്ട് ഫലമില്ല. മൊത്തം വ്യവസ്ഥ തകർന്നുവെന്ന് സമ്മതിക്കലാണ് സത്യസന്ധത. ജനങ്ങളിൽ ഒരുതരത്തിലുള്ള ആത്മവിശ്വാസവും അങ്കുരിപ്പിക്കാൻ ത്രാണിയില്ലാത്ത സർക്കാറാണ് മഹ്ബൂബ മുഫ്തിയുടേത്. കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വശക്തികളുമായി ചേർന്ന് എങ്ങനെയെങ്കിലും അധികാരം പങ്കിടുക എന്ന ഏക അജണ്ടക്കപ്പുറം അവർക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. ഇടക്കിടെ ഡൽഹിയിൽ ചെന്ന് മോദിദർശനം നടത്തുന്നതുപോലും അധികാരം നിലനിർത്താനുള്ള ചെപ്പടിവിദ്യയുടെ ഭാഗമായേ കാണേണ്ടതുള്ളൂ. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കുന്നതിനോ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാനനില പുന$സ്ഥാപിക്കുന്നതിനോ ഫലപ്രദമായ ഒരു നീക്കവും കേന്ദ്ര–സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.
ഇന്ത്യ–പാക് ബന്ധം മോശമാവുന്നതും കാത്ത് അയൽരാജ്യങ്ങൾ അവരുടേതായ അജണ്ടകളുമായി ചുറ്റുവട്ടത്തുണ്ട് എന്ന സത്യം നിഷേധിച്ചിട്ട് ഫലമില്ല. ഏറ്റവുമൊടുവിലായി, ചൈനയുടെ ഭാഗത്തുനിന്ന് കേൾക്കാൻ കഴിഞ്ഞ ചില നിരീക്ഷണങ്ങൾ സത്വര ശ്രദ്ധ അർഹിക്കുന്നതാണ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളിൽ ഇടപെടുന്നത് ചൈനയുടെ നയമല്ലെങ്കിലും പാക്കധീന കശ്മീരിലൂടെ കടന്നുപോകുന്ന 50 ബില്യൺ ഡോളർ നിക്ഷേപമുള്ള ചൈന–പാകിസ്താൻ ഇക്കണോമിക് കോറിഡോറിെൻറ സുരക്ഷിതത്വം ഉറപ്പുവരുത്താൻ തങ്ങൾക്ക് ഇടപെടേണ്ടിവരുമെന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പത്രമായ ‘ഗ്ലോബൽ ടൈംസ്’ മുഖപ്രസംഗത്തിലൂടെ നൽകുന്ന മുന്നറിയിപ്പ് നിസ്സാരമായി കാണാൻ കഴിയില്ല. അതിർത്തി ചൂടുപിടിപ്പിച്ചുനിർത്തുന്നതും കശ്മീരിൽ സംഘർഷത്തിെൻറ മഞ്ഞ് ഉരുകാതെ നിലനിർത്തുന്നതും ആർക്കാണ് ഗുണം ചെയ്യുക എന്ന് പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.