നമ്മുടെ നയം ട്രംപ് തീരുമാനിക്കേണ്ട
text_fields
യു.എസിെൻറ വിദേശകാര്യ വകുപ്പിലെ കീഴ്വിഭാഗമാണ് മറ്റ് രാജ്യങ്ങളെന്ന ധാരണ കുെറ കാലമായി അവിടത്തെ ഭരണകൂടത്തിനുണ്ട്. ഡോണൾഡ് ട്രംപിന് കീഴിൽ അത് ശക്തിപ്പെട്ടിേട്ടയുള്ളൂ. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നാണ് ഇപ്പോൾ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ഒന്നാമത്തെയും രണ്ടാമത്തെയും രാജ്യങ്ങളായ ചൈനയെയും ഇന്ത്യയെയുമാണ് അവർ പ്രത്യേകമായി ലക്ഷ്യമിടുന്നത്. യു.എസുമായി വ്യാപാരയുദ്ധത്തിലേർപ്പെട്ടിട്ടുള്ള ചൈനയെ വരുതിയിൽ വരുത്താൻ കഴിയാത്ത അവസ്ഥയിൽ ഏറ്റവും കൂടുതൽ സമ്മർദം ഇന്ത്യക്കുമേലാണ് ചെലുത്തുന്നത്. വിവിധ തലങ്ങളിൽ അക്കാര്യം ആവശ്യപ്പെട്ടതിന് പുറമെ യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലിയെ പ്രത്യേകമായി പ്രധാനമന്ത്രി മോദിയെ കാണാനയച്ചു.
വിദേശ-പ്രതിരോധ മന്ത്രിമാർ തമ്മിൽ നടത്താൻ ധാരണയുണ്ടായിരുന്ന യു.എസ്-ഇന്ത്യ ‘2 പ്ലസ് 2’ കൂടിയാലോചന നീട്ടിവെച്ചതും സമ്മർദതന്ത്രമായാണ് നിരീക്ഷകർ കാണുന്നത്. നവംബർ നാലോടെ ഇറാനിൽനിന്ന് ഒരുതുള്ളിപോലും എണ്ണ ഇറക്കുമതി ചെയ്യാത്ത സ്ഥിതിയുണ്ടാകണം. തങ്ങളുടെ നിർദേശം പാലിച്ചില്ലെങ്കിൽ ഉപരോധമടക്കമുള്ള നടപടികളുണ്ടാകുമെന്ന ഭീഷണിയും യു.എസ് മുഴക്കിയിട്ടുണ്ട്. ഇത്തരം വിരട്ടലിനു മുന്നിൽ അന്തസ്സുള്ള ഏത് രാജ്യവും നൽകേണ്ട ഖണ്ഡിതമായ പ്രതികരണം ന്യൂഡൽഹിയിൽനിന്ന് കേൾക്കാൻ കഴിഞ്ഞിട്ടില്ല. മറിച്ച്, പരസ്പരവിരുദ്ധങ്ങളായ ചില വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്. വിരട്ടലിന് വഴങ്ങാൻ തയാറല്ലെന്ന സൂചനകൾ ഒരുഭാഗത്ത്; വഴങ്ങുന്ന തരത്തിലുള്ള നീക്കങ്ങളെക്കുറിച്ച റിപ്പോർട്ടുകൾ മറുഭാഗത്ത്. കൂട്ടത്തിൽ ഏറ്റവും നല്ല പ്രതികരണം വിദേശകാര്യമന്ത്രി സുഷമ സ്വരാജിൽനിന്നാണ് വന്നിട്ടുള്ളത്. തെഹ്റാനുമായുള്ള നമ്മുടെ ബന്ധങ്ങൾ അതേപടി തുടരാനാണ് താൽപര്യമെന്നും അമേരിക്കയുടെ ഉപരോധമല്ല യു.എന്നിെൻറ ഉപരോധമാണ് ഇന്ത്യ അംഗീകരിക്കുകയെന്നും അവർ വ്യക്തമാക്കുന്നു.
ഏകപക്ഷീയമായ ഉപരോധങ്ങൾ നമുക്ക് ബാധകമല്ല. പെട്രോളിയം മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി സഞ്ജയ് സുധീറും ഏകപക്ഷീയ ഉപരോധത്തെ ഇന്ത്യ അംഗീകരിക്കുന്നില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അതേസമയം, എണ്ണ വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ അത്ര കണിശമായ നിലപാടെടുക്കാൻ തയാറായിട്ടില്ല. നാം നമ്മുടെ താൽപര്യങ്ങളാണ് നോക്കുകയെന്ന് പറഞ്ഞ അദ്ദേഹം, എണ്ണ എവിടെനിന്ന് വേണമെങ്കിലും വാങ്ങാമെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ നോക്കി തീരുമാനമെടുക്കുമെന്നുമാണ് കൂട്ടിച്ചേർത്തത്. ഇറാെൻറ എണ്ണക്ക് പകരമായി മറ്റെവിടെനിന്നെല്ലാം ഇറക്കുമതി ചെയ്യാമെന്ന് അന്വേഷിക്കാൻ എണ്ണ മന്ത്രാലയം സംസ്കരണ കമ്പനികളോട് ആവശ്യപ്പെട്ടതായും വാർത്തയുണ്ട്. റിലയൻസ് അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികൾ ഇറാനിൽനിന്നുള്ള ഇറക്കുമതി കുറക്കാൻ തുടങ്ങിക്കഴിഞ്ഞു. മൊത്തത്തിൽ ചിത്രം അവ്യക്തമാണ്. നാം വഴങ്ങില്ലെന്ന മട്ടിൽ വിദേശകാര്യമന്ത്രി പ്രസ്താവന ഇറക്കുന്നു; വഴങ്ങിക്കൊടുക്കാൻ വേണ്ടതെല്ലാം എണ്ണമന്ത്രാലയം തുടങ്ങിവെക്കുന്നു.
രണ്ട് പ്രധാന വിഷയങ്ങൾ ഇതിലുൾപ്പെട്ടിട്ടുണ്ട്. ഒന്ന്, പരമാധികാര രാഷ്ട്രമെന്ന നിലക്ക് നമ്മുടെ അന്തസ്സിെൻറ പ്രശ്നം. മറ്റൊന്ന് നമ്മുടെ വ്യാപാര-സാമ്പത്തിക താൽപര്യങ്ങളുടെ കാര്യം. പരമാധികാര രാഷ്ട്രമെന്ന നിലക്ക് നമ്മുടെ വിദേശനയവും ബന്ധങ്ങളും എന്താകണമെന്ന് മറ്റാരിൽനിന്നും ഉപദേശം സ്വീകരിക്കേണ്ട അവസ്ഥ നമുക്കില്ല-ഉണ്ടെന്ന് മറ്റുള്ളവക്ക് തോന്നുന്ന സ്ഥിതിപോലും സ്വീകാര്യമല്ല. വേറെ ആറ് രാജ്യങ്ങളും യു.എസും യു.എന്നും ഒന്നിച്ച് 2015ൽ ഇറാനുമായുണ്ടാക്കിയ ധാരണ ട്രംപ് ഉപേക്ഷിച്ചത് ആരോടെങ്കിലും കൂടിയാലോചിച്ചിട്ടല്ല. അതിനദ്ദേഹം പറഞ്ഞ ന്യായങ്ങൾ സത്യസന്ധവുമല്ല. മറ്റ് രാജ്യങ്ങൾ ഇപ്പോഴും ഇറാൻ ധാരണക്കുവേണ്ടി ശക്തമായി നിലെകാള്ളുന്നു. ഇങ്ങനെ വെറുമൊരു തന്നിഷ്ടത്തിെൻറ പേരിൽ ട്രംപ് നടത്തിയ എടുത്തുചാട്ടം ഇപ്പോൾ ഇന്ത്യക്കും മറ്റും മേൽ അടിച്ചേൽപിക്കാനുള്ള ശ്രമം മറ്റ് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചോദ്യംചെയ്യൽ കൂടിയാണ്. അമേരിക്ക തീരുമാനിക്കും, നാമത് നടപ്പാക്കണം എന്ന ലളിതമായ കൽപനയാണ് അദ്ദേഹത്തിേൻറത്. അതിനുള്ള മറുപടി ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചുള്ളതുതന്നെയാകണം.
വ്യാപാര താൽപര്യങ്ങളുടെ അടിസ്ഥാനത്തിലും ട്രംപിെൻറ തീട്ടൂരത്തിന് ചെവികൊടുക്കാൻ നമുക്കാകില്ല. ഇറാനിൽനിന്ന് എണ്ണ വാങ്ങാൻ നാം തീരുമാനിച്ചത് അത് നമ്മുടെ വ്യാപാര താൽപര്യങ്ങൾക്ക് ചേരുന്നതാണ് എന്ന് ബോധ്യപ്പെട്ടശേഷമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ പ്രസിഡൻറ് റൂഹാനി ഇന്ത്യയിൽ വന്നപ്പോൾ, അവിടെനിന്നുള്ള എണ്ണ ഇറക്കുമതി 25 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതും നമ്മുടെ താൽപര്യത്തിന് അനുഗുണമെന്ന നിലക്കുതന്നെ. ഇറാനുമായുള്ള നമ്മുടെ നല്ല ബന്ധത്തിെൻറ മറ്റൊരു തെളിവാണ് ഛബാഹർ തുറമുഖ നിർമാണം. ഇതിനെല്ലാം പിന്നിൽ നടന്ന ആലോചനകളും കണക്കുകൂട്ടലുകളുമെല്ലാം തെൻറ വ്യക്തിഗത തീരുമാനത്തിനുവേണ്ടി നാം മാറ്റിക്കൊള്ളണമെന്നാണ് ട്രംപ് പറയുന്നത്. നമ്മുടെ വ്യാപാരനയം തീരുമാനിക്കാൻ അദ്ദേഹത്തിന് എന്തധികാരം? മുമ്പ് ഇറാനെതിരെ പൊതു ഉപരോധം ഉണ്ടായിരുന്ന സമയത്തുപോലും നാം ഇറക്കുമതി കുറക്കുകയേ ചെയ്തിരുന്നുള്ളൂ. ഇപ്പോഴാകെട്ട യു.എന്നിെൻറയോ സൂക്ഷ്മാർഥത്തിൽ യു.എസിെൻറപോലുമോ അല്ല ഉപരാധം-ട്രംപിേൻറതാണ്.
യു.എസിനും തനിക്കും ലോകതലത്തിൽ ചോദ്യംചെയ്യാനാവാത്ത അധികാരവും സ്വാധീനവുമുണ്ടെന്ന ട്രംപിെൻറ തെറ്റിദ്ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു. ‘അമേരിക്ക ഫസ്റ്റ്’ എന്ന ഭ്രാന്തമായ ദേശീയവാദവും അമേരിക്കയുടെ എതിരാളികളെ ഉപരോധത്തിലൂടെ നേരിടുക എന്ന (സി.എ.എ.ടി.എസ്.എ) യു.എസ് നയവും നമുക്കേതായാലും ബാധകമാകരുത്. യു.എൻ സ്ഥാപനങ്ങളിലും നാറ്റോയിലും െഎ.എം.എഫിലുമുള്ള യു.എസ് അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്.ഡോളർ വിനിമയം പലരും ഉപേക്ഷിച്ച് തുടങ്ങുന്നു. മറ്റ് രാജ്യങ്ങൾക്ക് യു.എസിനെ ആവശ്യമുള്ളതിനെക്കാൾ യു.എസിന് മറ്റുള്ളവരെ ആവശ്യമുണ്ട്. ട്രംപാണ് യു.എസിനെ ഒറ്റപ്പെടുത്തിയത്. അതിെൻറ പേരിൽ നമ്മുടെ പരമാധികാരവും സാമ്പത്തിക താൽപര്യവും നാം അടിയറ വെച്ചുകൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.