ഇവർ ഭരണഘടനയുടെ കാവലാളോ ധ്വംസകരോ?
text_fieldsഗവർണർ പദവിയെക്കുറിച്ചുള്ള വിഭാവന ഭരണഘടനയുടെ കാവലാൾ എന്നതാണ്. ഗവർണർ നിയമനങ്ങൾ കൃത്യമായും കേന്ദ്രം ഭരിക്കുന്നവരുടെ ഹിതാനുസൃതമാെണങ്കിലും പ്രസിഡൻറ് പദം പോലെ രാഷ്ട്രീയാതീത വ്യക്തിത്വമെന്ന പരികൽപനയിലാണ് ഈ പദവിയും നിലകൊള്ളുന്നത്. രാഷ്ട്രീയക്കാരുടെ അവസാന ‘അഭയകേന്ദ്ര’മായി വിശേഷിപ്പിക്കപ്പെടുന്ന ഗവർണർ ഭവനങ്ങൾ പലപ്പോഴും കേന്ദ്ര ഭരണകൂട താൽപര്യങ്ങളുടെ ഉപജാപ ശാലകളായി പരിവർത്തിക്കപ്പെടാറുമുണ്ട്. മുൻകാലങ്ങളിൽ അപൂർവമായാണിതൊക്കെ സംഭവിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതൊരു നാട്ടുനടപ്പായി മാറിയെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.
മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, ഗോവ, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങി ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകൾക്കനുസരിച്ച് ഏത് സംസ്ഥാനത്തും പദവി മറന്ന് ഗവർണർമാർ രാഷ്ട്രീയം കളിക്കുകയാണ്. കർണാടകയിൽ രാഷ്ട്രീയത്തിെൻറ മൂല്യം കെടുത്തിയതിന് പാർട്ടികൾ പോലെ പ്രധാന പ്രതിപ്പട്ടികയിലാണ് ഗവർണർ വജുഭായ് വാലയും. മഹാരാഷ്ട്രയിലെ പാതിരാ ജനാധിപത്യ കൊലപാതക നാടകത്തിലെ പ്രധാന അഭിനേതാവ് ആർ.എസ്.എസ് നേതാവായിരുന്ന ഭഗത് സിങ് കോശിയാരിയായിരുന്നു. പശ്ചിമ ബംഗാളിലും ഡൽഹിയിലും പ്രതിപക്ഷനേതാക്കളുടെ റോളുകളാണ് ഗവർണർ ജഗ്ദീപ് ധൻകറും ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലും നിർവഹിക്കുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആ പട്ടികയിൽ ഇടംപിടിക്കാനുള്ള ശ്രമത്തിലാെണന്ന് തോന്നിപ്പിക്കുന്നു അദ്ദേഹത്തിെൻറ വിവാദപരമായ രാഷ്ട്രീയ ഇടപെടലുകൾ.
അഖിലേന്ത്യ ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങ് പ്രതിഷേധത്തിെൻറ പ്രക്ഷുബ്ധതയിലേക്ക് നയിച്ചതിൽ അദ്ദേഹത്തിെൻറ കേന്ദ്ര സർക്കാർ വിധേയത്വം പ്രകടിപ്പിക്കാനുള്ള വാഞ്ഛയാണ് നിമിത്തമായത്. ഗവർണർപദവിയുെട ‘മഹത്ത്വം’ പരിപാലിച്ചുകൊണ്ടുതന്നെ മാന്യമായി വിയോജിപ്പുകൾ പ്രകടിപ്പിക്കാമെന്നിരിക്കെ, ബി.ജെ.പിയുടെ രാഷ്ട്രീയ നേതാവിെൻറ കുപ്പായത്തിലേക്ക് വളരെ പെെട്ടന്ന് പരകായപ്രവേശനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ സഹയാത്രികൻ എന്ന നിലക്ക് ഗവർണർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നത് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
പക്ഷേ, ചരിത്രകാരന്മാരുമായി സംവാദത്തിലേർപ്പെടാൻ ശ്രമിച്ചതും അന്തർദേശീയതലങ്ങളിൽ ശ്രദ്ധേയനായ പ്രഫ. ഇർഫാൻ ഹബീബിനെപ്പോെലയുള്ളവരുമായി വാഗ്വാദങ്ങളിലേർപ്പെടാൻ ധൃഷ്ടരായതും അപലപനീയവും അപക്വവുമായിരുന്നു. രാജ്യെത്ത പ്രഗല്ഭരായ ചരിത്രകാരന്മാരുെട ഷെയിം വിളികൾക്കിടയിൽ ഒരു ഗവർണർ പ്രസംഗം അവസാനിപ്പിച്ച് പുറത്തുപോകേണ്ടി വന്നുവെന്നതുതന്നെ എത്രമാത്രം അപമാനകരമാണ്. ഭരണഘടനയുടെ മതേതരത്വത്തെ തകർക്കുന്നതിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങളുടെ ഒപ്പം രാഷ്ട്രീയ താൽപര്യങ്ങളാൽ ഗവർണർക്ക് നിലയുറപ്പിക്കാം. പക്ഷേ, അതിനുള്ള അവകാശത്തെ റദ്ദാക്കാനുള്ള ശ്രമവും അത് ഗവർണറുടെ ചുമതലയാെണന്ന വാദവും മിതമായി പറഞ്ഞാൽ ആ സ്ഥാനത്തെ അവമതിക്കുന്നതിന് തുല്യമാണ്.
കണ്ണൂരിലുണ്ടായ അനിഷ്ടസംഭവങ്ങൾ പുതിയ അധികാരത്തർക്കമായി വികസിപ്പിക്കാതിരിക്കലാണ് ഗവർണർ പദവിക്ക് ഏറ്റവും ഉചിതമായ കാര്യം. ബി.ജെ.പി ഒഴിച്ച് ആരും ഗവർണറുടെ ചെയ്തികളെ ന്യായീകരിക്കുന്നില്ല. യു.ഡി.എഫ് ഗവർണറുമായി വേദി പങ്കിടാതെ ബഹിഷ്കരിച്ചു. പദവിക്ക് നിരക്കാത്ത രൂപത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനം ഉന്നയിച്ചിരിക്കുന്നു. പദവിയുടെ പരിമിതി ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ രാജിവെച്ച് മുഴുസമയ രാഷ്ട്രീയക്കാരനാകാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.
പക്ഷേ, സംഭവങ്ങളിൽ കടുത്ത അസംതൃപ്തിയുള്ള ആരിഫ് ഖാൻ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. സർക്കാർ സ്വീകരിച്ച നിയമനടപടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേക് ദർവേശ് സാഹിബും ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാറും വിശദീകരണം നൽകിയെങ്കിലും തൃപ്തനാകാതെ ചീഫ് സെക്രട്ടറി ടോം ജോസിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദറിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അധികാരത്തിലുണ്ടായിരുന്നുവെങ്കിൽ പൗരത്വനിയമം ബലം പ്രയോഗിച്ച് നടപ്പാക്കുമെന്ന തരത്തിലുള്ള അദ്ദേഹത്തിെൻറ സംസാരങ്ങൾ കൂടുതൽ പ്രകോപനപരവും പ്രതിഷേധത്തെ വിളിച്ചുവരുത്തുന്നതുമാണ്. യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രക്ഷോഭങ്ങളോട് സ്വീകരിച്ചിരിക്കുന്ന നിഷ്ഠുരതകളെ ന്യായീകരിക്കുംവിധം ഒരു ഗവർണർ അധികാരമുണ്ടായിരുന്നെങ്കിൽ ഞാനും അതൊക്കത്തന്നെ ചെയ്യും എന്ന് കേരളത്തിലിരുന്ന് ഗർവോടെ മാധ്യമങ്ങളോട് പറയുകയാണ്.
ഫെഡറലിസത്തെയും അഭിപ്രായസ്വാതന്ത്ര്യങ്ങളെയും പ്രതിഷേധിക്കാനുള്ള അവകാശത്തെയുമെല്ലാം പക്ഷപാതപരമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി രാജ്ഭവൻ ദുരുപയോഗം ചെയ്യുന്നത് എല്ലാ സംസ്ഥാനങ്ങളിലും തുടർക്കഥയായ സാഹചര്യത്തിൽ ഗവർണർ പദവി പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. ഭരണഘടനയുടെ ഏത് മഹിതമായ ലക്ഷ്യങ്ങളാണ് ഗവർണർമാരിലൂടെ സാധുവാകുന്നത് എന്ന ചോദ്യവും സംഗതമാണ്. കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിെൻറ അവശിഷ്ടമായി തുടരുന്ന ഗവർണർപദവി പരിമിതമായ അധികാര ഘടനയിലും ഭരണഘടനയുടെ കാവലാളാവുകയല്ല ധ്വംസകരാകുന്നുവെന്നതാണ് ഇതഃപര്യന്തമുള്ള അനുഭവം. ഗവർണർമാരുടെ വിവേചനാധികാരം കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രക്രിയയായി മാറുന്ന കാലത്ത് വെറുതെെയന്തിനാണ് നികുതിപ്പണം നഷ്ടപ്പെടുത്തുന്ന ധാരാളം രാഷ്ട്രീയ അഭയകേന്ദ്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.