സാമ്പത്തികഭദ്രതക്കുവേണം സാമൂഹികശാന്തി
text_fieldsമറ്റു രാജ്യങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് ലോക വ്യാപാര സംഘടന അനുവദിക്കുമെങ്കിൽ ഇന്ത്യ തയാറാണെന്ന് ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഒരുമാസം കഴിഞ്ഞ് മേയ് ആയപ്പോഴേക്കും തീരുമാനിച്ച ഭക്ഷ്യക്കയറ്റുമതിയിൽനിന്നുപോലും പിന്നാക്കം പോകേണ്ടിവന്നിരിക്കുന്നു രാജ്യത്തിന്. യുക്രെയ്ൻ യുദ്ധമാണ് പലനാടുകളിലും ഭക്ഷ്യക്ഷാമം സൃഷ്ടിച്ചത്. അതിന് പരിഹാരം ഇന്ത്യയുടെ പക്കലുണ്ടെന്നാണ് നാം അവകാശപ്പെട്ടത്. ഒമ്പതു രാജ്യങ്ങളിലേക്ക് ഗോതമ്പ് കയറ്റിയയക്കാൻ പദ്ധതി തയാറായതുമാണ്. എന്നാൽ, തൊട്ടുപിന്നാലെ എട്ടുവർഷത്തെ ഏറ്റവും രൂക്ഷമായ വിലക്കയറ്റം രാജ്യത്തെ കീഴടക്കിയതായി കണക്കുകൾ വന്നതോടെ പിൻവലിയേണ്ടിവന്നിരിക്കുന്നു. ഗോതമ്പ് സംഭരണം ശരിയായി നടത്താതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാകുന്നത് കയറ്റുമതി നിരോധനത്തോടെ ഇല്ലാതായെന്നും വിമർശനമുയർന്നിട്ടുണ്ട്. എന്തായാലും പണപ്പെരുപ്പം (വിലക്കയറ്റവും) രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെയും സാമൂഹിക സുസ്ഥിതിയെയും കാര്യമായി ബാധിച്ചുതുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. വ്യാപാരസന്തുലനം മെച്ചപ്പെടുത്തേണ്ടിയിരുന്ന കയറ്റുമതി, ഭക്ഷ്യസുരക്ഷതന്നെ അപകടത്തിലായെന്നു സമ്മതിച്ചുകൊണ്ടാണല്ലോ നിരോധിക്കേണ്ടിവന്നിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വായ്പാനിരക്കുകൾ ഉയർത്തിയത് കഴിഞ്ഞദിവസമാണ്; ഇതും ജനങ്ങളുടെ ജീവിതഭാരം കൂട്ടും. വിലക്കയറ്റം പിടിവിട്ടിട്ടില്ല എന്നേയുള്ളൂ. പാചകവാതകവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ഇന്ധനവിലയും അങ്ങനെത്തന്നെ. അമേരിക്കയിൽ 20 ശതമാനം മാത്രം നികുതി ഈടാക്കുന്ന എണ്ണക്ക് ഇന്ത്യയിൽ 260 ശതമാനമാണ് നികുതിയായി സർക്കാർ ഈടാക്കുന്നത്. എന്നിട്ടും പിഴിച്ചിൽ തുടരുകയാണ്. മൊത്തവില സൂചികയും സർവകാല റെക്കോഡിലത്രെ. വിവിധ അന്താരാഷ്ട്ര ഏജൻസികൾ ഇന്ത്യയുടെ വളർച്ചനിരക്ക് സാധ്യത താഴ്ത്തിവെച്ചിരിക്കുന്നു.
അഞ്ചു ട്രില്യൺ ഇക്കോണമിയെക്കുറിച്ചുള്ള വായ്ത്താരികൾ ഇപ്പോൾ കേൾക്കാതായിരിക്കുന്നു. 'ആത്മനിർഭർ ഭാരത്' ഒരു രാഷ്ട്രീയ അവകാശവാദമെന്നതിലുപരി ഒന്നുമല്ലാതായിരിക്കുന്നു. സാമ്പത്തിക സ്വാശ്രയത്വം എന്നപേരിൽ മുമ്പേ നാം സ്വീകരിച്ച നയം മുൻകാലങ്ങളിൽ ഫലംചെയ്തിരുന്നു. നെഹ്റുവിന്റെ ഭരണകാലത്താണ് വൻതോതിൽ വ്യവസായ-വിദ്യാഭ്യാസ-നിർമാണരംഗങ്ങളിൽ നാം സ്വാശ്രയത്വം മുന്നോട്ടുകൊണ്ടുപോയത്. അപ്പോഴും നാം പലതും ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു. സ്വാശ്രയത്വത്തിന് കാലിടറിയിട്ടുണ്ട്. ഇന്നും സ്ഥിതി മാറിയിട്ടില്ല. പരസ്പരം ആശ്രയിക്കാതെ ലോകത്ത് രാജ്യങ്ങൾക്കൊന്നും നിലനിൽക്കാനാകില്ല എന്നതൊരു വസ്തുതയാണ്. ഇപ്പോൾ നാം അഭിമാനപൂർവം ചൂണ്ടിക്കാട്ടുന്ന 'തേജസ്സ്' പോർവിമാനത്തിന്റെ എൻജിനുകൾ യു.എസിലെ ജനറൽ ഇലക്ട്രിക്കിന്റേതത്രെ. ഐ.എസ്.ആർ.ഒയുടെ 'സ്വദേശി നിർമിത' ഉപഗ്രഹങ്ങളിൽ 55 ശതമാനത്തോളം ഘടകങ്ങൾ ഇറക്കുമതിയാണ്. നാം ഉപയോഗിക്കുന്ന ഇന്ധന എണ്ണയുടെ 85 ശതമാനം ഇറക്കുമതിയാണല്ലോ. പരസ്പരാശ്രിതത്വം യാഥാർഥ്യമാണെങ്കിലും അത് സാമ്പത്തിക അടിമത്തമായി മാറിക്കൂടാ. ഇന്ത്യ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട 1960കളിൽ യു.എസ് പ്രസിഡന്റ് ലിണ്ടൻ ജോൺസൺ അതൊരവസരമാക്കി നമ്മെ അവരുടെ അടിമരാജ്യമാക്കാൻ ശ്രമിച്ചപ്പോഴാണ് നാം ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുതിച്ചുചാട്ടം നടത്തിയതും ഭക്ഷ്യ ഇറക്കുമതിയിൽനിന്ന് കയറ്റുമതിയിലേക്ക് ഉയർന്നതും. അതിന് നിദാനം ആദർശവും അഭിമാനബോധത്തിൽനിന്ന് ആർജിച്ചെടുത്ത ഊർജവുമായിരുന്നു. ഇന്ന്, ചൈന നമ്മുടെ പ്രദേശങ്ങളിൽ കടന്നുകയറിയപ്പോൾ ആദ്യം നാമത് നിഷേധിച്ചു; പിന്നെ പേരിന് ചില ചൈനീസ് ആപ്പുകൾ നിരോധിച്ചു. എന്നാൽ, അതിനുശേഷവും ചൈനയിൽനിന്നുള്ള മുഖ്യ ഇറക്കുമതികൾ വർധിക്കുകയാണ് ചെയ്തത്. 'മേക് ഇൻ ഇന്ത്യ' പദ്ധതി തുടങ്ങി എട്ടു വർഷമായിട്ടും ചൈനയെ വല്ലാതെ ആശ്രയിക്കുന്ന സ്ഥിതി മാറിയിട്ടില്ല. ഉൽപാദനശീലം വളർത്താൻ പി.എൽ.ഐ (പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇൻസന്റീവ്സ്) പദ്ധതി നടപ്പാക്കി. അത് ഫലംചെയ്യുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുവെന്നുമാത്രം. ഇന്ത്യയെ ലോകത്തിനാവശ്യമായ മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കേന്ദ്രം (ഫാർമ ഹബ്) ആക്കുമെന്ന പ്രഖ്യാപനമുണ്ടായി. എന്നാൽ, പലതിനും അവശ്യംവേണ്ട ഔഷധച്ചേരുവകൾ (Active Pharmaceutical Ingredients) ചൈനയിൽനിന്ന് വരണം.
പദ്ധതികളേക്കാൾ പ്രധാനം അവയെ നയിക്കേണ്ട സമീപനങ്ങളും നയങ്ങളുമാണ്. എല്ലാ ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്ന (inclusive) മുന്നേറ്റമായിരുന്നു നെഹ്റുവിന്റെയും മറ്റും നയം. സാമൂഹികഭദ്രതയും സൗഹാർദവുമെല്ലാം സാമ്പത്തികസുസ്ഥിതിക്കുള്ള മുന്നുപാധിയാണെന്ന് അവരറിഞ്ഞു. ഇന്ന് പക്ഷേ, വലിയ മുദ്രാവാക്യങ്ങൾ ഉരുവിടുന്നുണ്ടെങ്കിലും അസമത്വം സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നു. ജാതീയത തൊഴിൽ സംസ്കാരത്തെ ദുഷിപ്പിക്കുന്നു. ചങ്ങാത്തമുതലാളിത്തം ഭരണസംവിധാനങ്ങളെ സ്വാധീനിക്കുന്നു. തൊഴിൽരംഗം തകരുന്നു. ഇന്ത്യയിൽ 2017-22 കാലഘട്ടത്തിൽ രണ്ടുകോടിയോളം സ്ത്രീകൾ തൊഴിൽരംഗത്തുനിന്ന് പുറന്തള്ളപ്പെട്ടതായി 'ബ്ലൂം ബെർഗ്' രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 38 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ചെലവുകുറഞ്ഞ തൊഴിൽപട ലഭ്യമായിട്ടും ഓട്ടോമൊബൈൽ മേഖലയിൽ മാത്രം ഏഴു പ്രമുഖ കമ്പനികൾ ഇന്ത്യ വിട്ടു. നമ്മുടെ സാമ്പത്തികഭദ്രത, സാമൂഹികാന്തരീക്ഷവും സാമുദായിക സൗഹാർദവുമായി നേരിട്ട് ബന്ധപ്പെട്ടുനിൽക്കുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. വെറുതെയല്ല, സാമ്പത്തികരംഗത്തെ കണക്കുകൾ പോലെതന്നെ, ജനാധിപത്യം, മതസൗഹാർദം, മാധ്യമസ്വാതന്ത്ര്യം, സന്തോഷനിലവാരം, 'ഈസ് ഓഫ് ബിസിനസ്', സാമ്പത്തിക-സാമൂഹിക സമത്വം, തൊഴിൽ തുടങ്ങി അനേകം രംഗങ്ങളിലെ കണക്കുകളിലും അന്താരാഷ്ട്ര ഏജൻസികളുടെ വിലയിരുത്തലുമനുസരിച്ച് നാം പിറകോട്ടുപോകുന്നത്. സാമ്പത്തികഭദ്രതയുള്ളിടത്ത് സാമൂഹികസുരക്ഷ ഉണ്ടാകും എന്നതിനെക്കാൾ സത്യമാണ്, സാമൂഹികസുരക്ഷ ഉള്ളിടത്ത് സാമ്പത്തികഭദ്രത ഉണ്ടാകും എന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.