സന്തുലനമല്ല, തൂക്കമൊപ്പിക്കൽ
text_fieldsഇന്ത്യക്കകത്തെ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട സംഭവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ൻ സന്ദർശനം. ഗാന്ധിജിയുടെ നാട്ടുകാരാണെന്നതിൽ അഭിമാനിക്കുന്നു എന്നും ഇന്ത്യ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും റഷ്യ-യുക്രെയ്ൻ യുദ്ധം നിർത്തിക്കാൻ ഇടപെടാൻ തയാറാണെന്നുമുള്ള മോദിയുടെ വാക്കുകൾ ആഗോളരംഗത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തിയതായി വിലയിരുത്തപ്പെട്ടു. അതേസമയം, മോദിയുടെ യുക്രെയ്ൻ സന്ദർശനം വിജയമല്ലെന്നും അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ട ഒന്നും നടന്നില്ലെന്നുമുള്ള വിമർശനം മറുപുറത്തുമുണ്ട്. ഒരുമാസം മുമ്പ് റഷ്യയിൽ ചെന്ന് പ്രസിഡന്റ് പുടിനെ ആലിംഗനം ചെയ്ത മോദിയെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പരസ്യമായി ആക്ഷേപിച്ചിരുന്നു. പുടിനുമായി മോദി കൂടിക്കാണുന്നതിന് തൊട്ടുമുമ്പ് യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രി റഷ്യൻ ബോംബിങ്ങിൽ തകരുകയും മൂന്ന് കുട്ടികളടക്കം കൊല്ലപ്പെടുകയും ചെയ്തിരുന്നു. ‘‘ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവിതാ ഒരു ക്രിമിനലിനെ ആലിംഗനം ചെയ്യുന്നു’’ എന്നാണ് സെലൻസ്കി വിമർശിച്ചത്.
വൈകാതെ യുക്രെയ്ൻ സന്ദർശിച്ച് തൂക്കമൊപ്പിക്കാനുള്ള മോദിയുടെ തീരുമാനത്തിന് പിന്നിൽ അമേരിക്കയുടെ സമ്മർദമുണ്ടെന്ന് നിരീക്ഷകർ പറയുന്നു. റഷ്യയുമായി വല്ലാതെ അടുക്കുന്നത് ഇന്ത്യക്ക് നന്നല്ലെന്ന് യു.എസ് സുരക്ഷ ഉപദേഷ്ടാവ് താക്കീത് ചെയ്തു. യു.എസ് വിദേശകാര്യ വക്താവും ഇന്ത്യയിലെ യു.എസ് അംബാസഡറും ഇതേ സ്വരത്തിൽ സംസാരിച്ചു. അമേരിക്കയുമായുള്ള ചങ്ങാത്തം അത്ര ഉറപ്പിക്കേണ്ടെന്നുവരെ അംബാസഡർ ഗാർസറ്റി പറഞ്ഞുവെച്ചു. ഇതിനോട് ഇന്ത്യ രൂക്ഷമായി പ്രതികരിച്ചെങ്കിലും യുക്രെയ്നിലേക്കുള്ള തിടുക്കത്തിലുള്ള യാത്ര, അമേരിക്കയെ പ്രീണിപ്പിക്കാൻ യുക്രെയ്നെ പ്രീണിപ്പിക്കാനുള്ള ശ്രമംതന്നെയാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. മോദി റഷ്യയിലായിരിക്കെ യുക്രെയ്ൻ ആശുപത്രിക്ക് ബോംബിട്ടതുവഴി റഷ്യ മോദിയെ അവഹേളിച്ചു എന്നാണ് സെലൻസ്കി പറഞ്ഞത്. മോദി യുക്രെയ്നിലായിരിക്കെ റഷ്യ അവിടെ ആക്രമണം രൂക്ഷമാക്കിയതും ആ നിലക്ക് ഒരു സന്ദേശമായിരുന്നോ? മോദിയുടെ യുക്രെയ്ൻ യാത്രക്ക് മുമ്പ് ആ രാജ്യം റഷ്യയിലേക്ക് കടന്നുകയറിയതും ഓർക്കുക.
രാജ്യാന്തര ചേരികളിൽനിന്ന് മാറി സ്വതന്ത്ര നിലപാട് പിന്തുടരുന്ന രീതിയായിരുന്നു ഇന്ത്യക്ക് മുമ്പ്. എന്നാൽ, അടുത്തകാലത്തായി നിലപാടില്ലായ്മയുടെ ‘തൂക്കമൊപ്പിക്കലാ’യി അത് പരിവർത്തിപ്പിക്കപ്പെട്ടു എന്ന വിമർശനം അപ്രസക്തമല്ല. മോദിയുടെ റഷ്യ, യുക്രെയ്ൻ സന്ദർശനങ്ങൾ പുതുതായൊരു നേട്ടവും ഇന്ത്യക്കുണ്ടാക്കിയില്ല എന്നാണ് വിമർശനം. എണ്ണക്കും ആയുധങ്ങൾക്കും വേണ്ടി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നു. അതേസമയം, റഷ്യയോടുള്ള വിധേയത്വത്തെ എതിർക്കുന്ന അമേരിക്ക, ഇന്ത്യൻ വിദേശനയം തങ്ങൾക്ക് വിധേയപ്പെടണമെന്ന ശാഠ്യത്തിലാണ്. ഇതിനിടയിൽ രാജ്യതാൽപര്യങ്ങൾക്കൊത്ത് നിലപാടെടുക്കാൻ സർക്കാറിന് കഴിയുന്നുണ്ടോ? ഉപരോധം നേരിടുന്ന റഷ്യയിൽനിന്ന് കുറഞ്ഞ വിലക്ക് ഇന്ധനം കിട്ടുമ്പോഴും വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലെത്തുന്നില്ല. യുക്രെയ്നോട് ചങ്ങാത്തത്തിനുവേണ്ടി സെലൻസ്കിയുടെ തോളിൽ കൈവെച്ചുനടക്കുന്ന മോദിയുടെ പടം കണ്ട ചിലരെങ്കിലും ആശ്ചര്യത്തോടെ ചോദിക്കുന്നു: കാർഗിൽ യുദ്ധകാലത്ത് ഈ യുക്രെയ്ൻ പാകിസ്താന് ആയുധം നൽകിയതൊക്കെ മറന്നുപോയോ? ഇന്ത്യ റഷ്യക്ക് കൊടുക്കുന്ന പണം യുക്രെയ്നിൽ ആയുധമായി വീഴുന്നു എന്ന് ചൂണ്ടിക്കാട്ടുമ്പോൾ സെലൻസ്കിയും ഓർക്കുന്നില്ല മറ്റൊരിടത്ത് വംശഹത്യ ചെയ്യുന്ന ഇസ്രായേലിനെ പിന്തുണക്കുന്നവരാണ് തങ്ങളെന്ന്. റഷ്യൻ പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ പ്രശ്നം പുടിനോട് മോദി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.
പഴയ ചേരിചേരാനയം ഈയിടെയായി അവസരവാദത്തിലധിഷ്ഠിതമായ പ്രായോഗികതാവാദമായി മാറിയത് ഇന്ത്യൻ വിദേശനയത്തിന്റെ വിശ്വാസ്യത കുറക്കുന്നുണ്ട്. ആദ്യത്തേത് തത്ത്വാധിഷ്ഠിത സന്തുലിതത്വമായിരുന്നു; ഇന്ന് കോർപറേറ്റ് അനുകൂല സാഹചര്യങ്ങളൊരുക്കുക മാത്രമായി വിദേശബന്ധങ്ങൾ മാറുന്നു. ഇറാനോടും റഷ്യയോടുമുള്ള അടുപ്പം ഊർജ സുരക്ഷയുടെ ഭാഗമാണ്. എന്നാൽ, യു.എസിനോടും ഇസ്രായേലിനോടുമുള്ള അന്ധമായ വിധേയത്വത്തിൽ രാജ്യതാൽപര്യം കാണുക പ്രയാസം. നമ്മുടെ വിദേശ നയത്തിന്റെ മറ്റൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, അകലെയുള്ള രാജ്യങ്ങളോട് പുലർത്തുന്ന സൗഹൃദം അയൽ രാജ്യങ്ങളോടു പുലർത്താൻ കഴിയുന്നില്ല എന്നാണ്. ബംഗ്ലാദേശിൽ ജനവികാരം തിരിച്ചറിയാതെ സ്വേച്ഛാഭരണത്തെ താങ്ങി ഒടുവിൽ രാജ്യം വിട്ടോടിയ ശൈഖ് ഹസീനയെ മനസ്സില്ലാതെ സംരക്ഷിക്കേണ്ടിവരുന്ന അവസ്ഥയിലാണ് നാം.
മാലദ്വീപ്, മ്യാന്മർ, നേപ്പാൾ, അഫ്ഗാനിസ്താൻ തുടങ്ങിയ നാടുകളിലും ജനസമൂഹങ്ങളിൽ ഉണ്ടായിരുന്ന സൽപ്പേര് ഇന്ത്യക്ക് നഷ്ടമാകുന്നു. നരേന്ദ്ര മോദിയെ വിമർശിക്കുന്ന നോം ചോംസ്കിയുടെ വാചകങ്ങൾ ഗവേഷണ പ്രബന്ധത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ വേട്ടയാടപ്പെട്ട് സൗത്ത് ഏഷ്യൻ യൂനിവേഴ്സിറ്റിയിൽനിന്ന് രാജിവെക്കേണ്ടിവന്ന ശ്രീലങ്കൻ പ്രഫസർ മറ്റൊരു പ്രതീകമാണ്. ഇതേസമയം ചൈനയുടെ കൈയേറ്റങ്ങൾ ചെറുക്കപ്പെടുന്നില്ലെന്ന ആക്ഷേപം മറ്റൊരു വശത്ത്. നിലപാടായിരുന്നു ഇന്ത്യൻ വിദേശ നയത്തിന്റെ മർമം. നിലപാടില്ലായ്മയാണ് ഇന്ന് അതിന്റെ നിറം കെടുത്തുന്നത്. ഇത് മാറ്റേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.