Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാധ്യമ പ്രവർത്തനത്തെ തെരുവിലിറക്കുന്നവർ
cancel
റിപ്പബ്ലിക്​ ടി.വി ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിക്കെതിരായ കേസും അദ്ദേഹത്തിനും ഭാര്യക്കും നേരെ നടന്ന പാതിരാ ആക്രമണവും ഒരിക്കൽകൂടി ഇന്ത്യയിലെ മാധ്യമരംഗത്തെക്കുറിച്ച ചർച്ചകൾക്ക്​ വഴിതുറന്നിരിക്കുന്നു. അർണബി​​െൻറ ചാന ൽപ്രവർത്തനത്തെ മാധ്യമപ്രവർത്തനമായി​ട്ടോ വിനോദ പരിപാടിയായി​ട്ടോ കാണേണ്ടത്​ എന്ന്​ പലരും സംശയം പറയാറുണ്ട െങ്കിലും വാർത്തസംപ്രേക്ഷണത്തി​​െൻറ പേരിലുള്ള അധികാരാവകാശങ്ങൾതന്നെയാണ്​ അദ്ദേഹം പിടിച്ചുവാങ്ങാറുള്ളത്​. രാജ്യത്തെ സാമുദായിക സൗഹാർദത്തെ ഉലച്ചുകൊണ്ടിരിക്കുന്ന വിദ്വേഷ ജേണലിസത്തി​​െൻറ നായകരിലൊരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നത്​ ഒ​ട്ടേറെ നേരനുഭവങ്ങളുടെ വെളിച്ചത്തിലാണ്​. അതുകൊണ്ടു​തന്നെ അദ്ദേഹം മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറയു​േമ്പാൾ വിദ്വേഷവും അപകീർത്തിയും പരത്താനുള്ള സ്വാതന്ത്ര്യമാണ്​ ഉദ്ദേശിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. ഇപ്പോൾ സുപ്രീംകോടതിവരെ എത്തിയ സംഭവങ്ങളുടെ തുടക്കം പാൽഘറിൽ നടന്ന ആൾക്കൂട്ടക്കൊല അർണബ്​ അവതരിപ്പിച്ച രീതിയാണ്​. ഹിന്ദു സന്യാസിമാരടക്കം മൂന്നുപേരെ തല്ലിക്കൊന്ന വിവരം പുറത്തുവന്നപ്പോഴേക്കും അതു വർഗീയവത്​കരിക്കാൻ നിരവധി മാധ്യമങ്ങൾ ചാടിയിറങ്ങി. സംഭവത്തിനു​ പിന്നിൽ മതമല്ല, കോവിഡി​​െൻറ മറപറ്റി ഇറങ്ങിയ മോഷ്​ടാക്കളാ​െണന്ന അഭ്യൂഹമാണെന്നും പിടിക്കപ്പെട്ട നൂറിൽപരം പ്രതികളിൽ ഒരൊറ്റ മുസ്​ലിമില്ലെന്നും ഔദ്യോഗികമായിതന്നെ വ്യക്തമാക്കേണ്ടിവന്നു. അർണബ്​ ആക​ട്ടെ, മതവികാരത്തോടൊപ്പം വിദ്വേഷ രാഷ്​ട്രീയവും കൂടി ചേർത്താണ്​ വാർത്ത അവതരിപ്പിച്ചത്​. കൊല്ലപ്പെട്ടത്​ ഹിന്ദുക്കളായതിനാലാണ്​ സോണിയ ഗാന്ധി മിണ്ടാതിരിക്കുന്നതെന്നും അവർ സന്തോഷിക്കുന്നുണ്ടാകുമെന്നും ഇറ്റലിയിലേക്ക്​ ആഹ്ലാദപൂർവം റിപ്പോർട്ട്​ അയക്കുന്നുണ്ടാകുമെന്നുമൊക്കെ ഒച്ചയിട്ടു പറയുന്നത്​ എങ്ങനെയാണ്​ മാധ്യമപ്രവർത്തനത്തി​​െൻറ പരിധിയിൽ വരുക? ഇതിനെതിരെ കോൺഗ്രസ്​ പ്രവർത്തകർ വിവിധ സംസ്​ഥാനങ്ങളിൽ എഫ്​.ഐ.ആർ ഫയൽചെയ്​തു. ‘വൈ’ കാറ്റഗറി സുരക്ഷയുള്ള അർണബിനെയും ഭാര്യയെയും രണ്ടുപേർ ബൈക്കിലെത്തി ആ​ക്രമിച്ചതായും പിടികൂടപ്പെട്ടപ്പോൾ യൂത്ത്​ കോൺഗ്രസുകാരാണ്​ തങ്ങളെന്ന്​ വെളിപ്പെടുത്തിയതായും അർണബ്​ തന്നെ പരസ്യപ്പെടുത്തിയതും രാജ്യം കണ്ടു. അക്രമം അപലപി​ക്കപ്പെടേണ്ടതാണെന്നതിൽ തർക്കമില്ല. എന്നാൽ, മാധ്യമപ്രവർത്തനമെന്ന പേരിൽ അർണബ്​ നടത്തുന്ന അതിക്രമങ്ങളിൽനിന്ന്​ ശ്രദ്ധതിരിക്കാൻ അതൊന്നും ഉപയോഗിക്കാവുന്നതുമല്ല. വിദ്വേഷ പ്രചാരണത്തിന്​ അര ഡസൻ സംസ്​ഥാനങ്ങളിൽ ഫയൽ ചെയ്യപ്പെട്ട കേസുകൾ എല്ലാം മുംബൈയിൽ മാത്രമായി ഒതുക്കിയ സുപ്രീംകോടതി ബെഞ്ച്​, കേസുകൾ ഒഴിവാക്കാൻ വിസമ്മതിച്ചു. ഉടനെ അർണബിനെ അറസ്​റ്റ്​ ചെയ്യാൻ പറ്റില്ല; മുൻകൂർ ജാമ്യത്തിനപേക്ഷിക്കാൻ മൂന്നാഴ്​ച സമയവുമുണ്ട്​.

വ്യക്തമായ വിദ്വേഷവും രാഷ്​ട്രീയവിരോധവും വാർത്താസ്വാതന്ത്ര്യത്തി​​െൻറ മറവിൽ ന്യായീകരിക്കപ്പെടുകയും അതിന്​ പരമോന്നത നീതിപീഠത്തി​​െൻറ സമയം അപഹരിക്കപ്പെടുകയും ചെയ്യുന്നതുതന്നെ നാടിന്​ നാണക്കേടാണ്​. അതിലേറെ ആശങ്കയുണ്ടാക്കുന്നതാണ്​ ഈ സംഭവങ്ങൾ തുറന്നുകാട്ടുന്ന വ്യവസ്​ഥിതിയിലെ പാളിച്ചകൾ. കോവിഡ്​ പ്രതിസന്ധി കാരണം കോടതി പ്രവർത്തനം മുടങ്ങിയിരിക്കയാൽ വളരെ അത്യാവശ്യമായ കാര്യങ്ങളേ വിഡിയോ കോൺഫറൻസിങ്​ വഴി ഒരു ബെഞ്ച്​ കേൾക്കൂ എന്ന്​ തീരുമാനിച്ച സമയമാണിത്​. പക്ഷേ, അർണബ്​ ഗോസ്വാമി രാത്രി എട്ടിന്​ സമർപ്പിച്ച ഹരജി രാവിലെ പത്തരക്ക്​ കേൾക്കാൻ കോടതി തയാറായത്​ അസാധാരണമാണെന്ന്​ നിയമജ്​ഞർ നിരീക്ഷിക്കുന്നു. ഏപ്രിൽ 17ന്​ താൻ ഫയൽ ചെയ്​തത്​ ഇപ്പോഴും ലിസ്​റ്റ്​ ചെയ്​തിട്ടില്ലെന്നും കോടതി രജിസ്​ട്രിയുടെ പ്രവർത്തന രീതിയെപ്പറ്റി പുനരാലോചന വേണമെന്നും ദീപക്​ കൻസൽ എന്ന അഭിഭാഷകൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന്​ എഴുതിയിരിക്കുന്നുവത്രെ. പൗരത്വനിഷേധമെന്ന ഗൗരവപ്പെട്ട വിഷയത്തിൽ സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സമർപ്പിച്ച ഹരജി, ഡൽഹിയിലെ വിദ്വേഷ പ്രചാരണങ്ങൾ തടയണമെന്നാവശ്യപ്പെടുന്ന ഹരജി തുടങ്ങി പലതും കോവിഡ്​ പ്രതിസന്ധിക്കു​ മുമ്പുപോലും ഓരോ മാസത്തേക്ക്​ മാറ്റിവെച്ച കോടതിയിൽ അടിയന്തരകാര്യം മാത്രം കേൾക്കുന്ന ബെഞ്ച്​ ഇത്ര വേഗത്തിൽ ഹരജി കേൾക്കാനെടുത്തത്​ അസാധാരണംതന്നെ. ലോക്​ഡൗണിൽ കുടുങ്ങി അന്തർ സംസ്​ഥാന തൊഴിലാളികളെ നാട്ടിലയ​ക്കാൻ സൗകര്യമുണ്ടാക്കുന്നതിന്​ ഉത്തരവിടണമെന്നാശ്യപ്പെട്ട്​ ജഗ്​ദീപ്​ ഛോക്കർ സമർപ്പിച്ച ഹരജിയും ഒരാഴ്​ചത്തേക്ക്​ ലിസ്​റ്റ്​ ചെയ്​തില്ല. കേൾക്കുന്നതും മാറ്റിവെക്കുന്നതുമൊക്കെ കോടതിയുടെ അധികാരത്തിൽപെടുന്നതുതന്നെ. എന്നാൽ, അവയുടെ മാനദണ്ഡങ്ങൾ ന്യായമാണെന്ന്​ പൊതുസമൂഹത്തിന്​ ബോധ്യപ്പെടാത്ത അവസ്​ഥ വന്നാൽ ജുഡീഷ്യറിയുടെ വിശ്വാസ്യതയെയാണ്​ അത്​ ബാധിക്കുക.

അതേസമയം, മാധ്യമരംഗത്തെ വിശ്വാസ്യതാ തകർച്ച ഇന്ന്​ ഒരു യാഥാർഥ്യമാണ്​. വ്യവസ്​ഥിതിപ്പാളിച്ച അതിൽ നന്നായുണ്ടുതാനും. പ്രസ്​ കൗൺസിൽ അർണബിനെതിരായ ആക്രമണത്തെ അപലപിച്ചതും​ റിപ്പോർട്ട്​ തേടിയതും ന്യായം. എന്നാൽ, മാധ്യമരംഗത്ത്​ നൈതികത ഉറപ്പുവരുത്താൻ സ്​ഥാപിക്കപ്പെട്ട കൗൺസിൽ വർഗീയത പ്രചരിപ്പിക്കുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ല. തബ്​ലീഗ്​ വിരുദ്ധ പ്രചാരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ പ്രസ്​കൗൺസിലിൽ പരാതിപ്പെടാൻ കോടതി പറഞ്ഞു; കൗൺസിലാക​ട്ടെ, അച്ചടി മാധ്യമരംഗത്ത്​ മാത്രമേ അധികാരമുള്ളൂ എന്ന്​ പറഞ്ഞൊഴിഞ്ഞു. അച്ചടിരംഗത്ത്​ ‘ദൈനിക്​ ജാഗരൺ’ മുതൽ അനേകം പത്രങ്ങൾ നടത്തിയ വിഷപ്രചാരണമൊന്നും കണ്ടതുമില്ല. ‘ഹിന്ദു’ അടക്കമുള്ള പത്രങ്ങളിലെ കശ്​മീരി പത്രപ്രവർത്തകർക്കെതിരെ സർക്കാർ വൈരനിര്യാതന ബുദ്ധിയോടെ നീങ്ങുന്നതിലും കൗൺസിലിന്​ വിഷമമില്ല. എന്നാലോ, തലക്കെട്ടി​​െൻറ പേരിൽ ‘ടെലിഗ്രാഫി’ന്​ നോട്ടീസ്​ കൊടുത്തു. പത്രങ്ങളുടെ കാര്യം ഇത്ര ‘ജാഗ്രത’യോടെ കൈകാര്യം ചെയ്യുന്ന കൗൺസിൽ, തങ്ങളുടെ അധികാര പരിധിയിൽ പെടില്ലെന്നു പറഞ്ഞ ചാനലിലെ അവതാരകനുവേണ്ടി എത്ര വേഗമാണ്​ ചാടിവീണത്​! ഇതേ വ്യക്തിക്കെതിരായ ‘ട്രായ്​’, എൻ.ബി.എസ്​.എ തുടങ്ങിയവയുടെ വിമർശനമോ വാർത്താ അവതരണത്തിൽ അദ്ദേഹം ചീറ്റുന്ന വിഷമോ കൗൺസിലിനെ അലോസരപ്പെടുത്തുന്നില്ല എന്നുമോർക്കുക. മാധ്യമപ്രവർത്തനത്തെ തെരുവിലെ ആൾക്കൂട്ടത്തിലേക്ക്​ വിട്ടുകൊടുത്തത്​ അർണബിനെപ്പോലുള്ളവരാണ്​. അവരെ തിരുത്തേണ്ടവർ തിരുത്തുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarnab goswamimalayalam Editorial
News Summary - indian journalism and arnab goswami-malayalam editorial
Next Story