ഇന്ത്യൻ ഖിലാഡി
text_fieldsമൂന്നാമൂഴത്തിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി നമ്മുടെ രാജ്യത്തെ മാറ്റുമെന്നാണ് ‘വിശ്വഗുരു’വിന്റെ വാഗ്ദാനം. അതിലേക്കുള്ള വിവിധ വഴികളെക്കുറിച്ച് മോദി ചെങ്കോട്ടയിലെ കൊത്തളത്തിൽ കേറി കത്തിക്കയറുകയാണ്. സാമ്പത്തിക മുന്നേറ്റമെന്നും ആഭ്യന്തര വളർച്ചയെന്നും തൊഴിൽദാനമെന്നുമൊക്കെ ആവർത്തിച്ചുകേട്ടപ്പോഴാണ്, ഇതുതന്നെയല്ലേ പാർലമെന്റിലും ടിയാൻ വെച്ചലക്കിയതെന്ന് പലരും സംശയിച്ചത്.
സംഗതി അതുതന്നെ. യാഥാർഥ്യങ്ങളുടെ കിലോമീറ്റർ അപ്പുറംനിന്ന് എന്തൊക്കെയോ വിളിച്ചുപറഞ്ഞ് ആരാധകരുടെ കൈയടി പിടിച്ചുവാങ്ങുന്ന സ്ഥിരം കലാപരിപാടി ചെങ്കോട്ടയിലും അരങ്ങുതകർത്തപ്പോഴാണ് ബോറടിച്ചവരിൽ ചിലർ ട്വിറ്ററിൽ വെറുതെ പരതിനോക്കിയത്. അവിടെയപ്പോൾ മറ്റൊരു ‘കളിക്കാരൻ’ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കളിക്കാരൻ എന്നാൽ ഖിലാഡി.
പക്ഷേ, ഇദ്ദേഹത്തെ ഖിലാഡിയെന്ന് മാത്രം വിളിച്ചാൽ കുറഞ്ഞുപോകും. എന്തായാലും ട്രോളന്മാർ ‘കനേഡിയൻ ഖിലാഡി’ എന്നാണ് വിളിക്കാറ്. വ്യാഴവട്ടക്കാലത്തെ കനേഡിയൻ വാസം അവസാനിപ്പിച്ച് ജന്മരാജ്യത്തേക്ക് തിരിച്ചുവരുന്ന വിശേഷമാണ് ട്വിറ്ററിൽ. ആ നിമിഷങ്ങളിൽ ചെങ്കോട്ടയിലുള്ള സുഹൃത്തിനൊപ്പം പുതിയ കളികൾക്കായാണ് ഈ രണ്ടാംവരവെന്നാണ് സംസാരം.
‘ഹൃദയവും പൗരത്വവും; രണ്ടുമിപ്പോൾ ഹിന്ദുസ്ഥാനി’ എന്നായിരുന്നു സ്വാതന്ത്ര്യദിന സന്ദേശത്തോടെയുള്ള ആ ട്വീറ്റ്. രാജീവ് ഹരി ഓം ഭാട്യ എന്നാണ് ട്വീറ്റിന്റെ ഉടമയുടെ പൂർണനാമധേയം. ഇങ്ങനെ നീട്ടിപ്പരത്തിപ്പറഞ്ഞാൽ ഒരുപക്ഷേ ആർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. അക്ഷയ്കുമാർ എന്നോ അക്കി എന്നോ ചുരുക്കിയെഴുതിയാൽ ഇന്ത്യ മുഴുവനുമറിയും.
90കളിൽ ബോളിവുഡിനെ തിരശ്ശീലക്കകത്തും പുറത്തും ഇളക്കിമറിച്ച വികൃതിപ്പയ്യന്മാരിലൊരാളാണ്. പത്തുപതിനേഴ് വർഷക്കാലം ആക്ഷൻ ത്രില്ലറുകളും കോമഡിയുമായൊക്കെ തരക്കേടില്ലാതെ മുന്നോട്ടുപോയി. അതിനിടയിൽ, തുടർച്ചയായി നാലുവർഷം അഭിനയിച്ചതും നിർമിച്ചതുമായ പടങ്ങളെല്ലാം എട്ടുനിലയിൽ പൊട്ടി. അതോടെ, ബോളിവുഡ് വിടാനുള്ള പരിപാടിയായി.
ആ ആലോചന എത്തിച്ചത് കാനഡയിലാണ്. പടം പൊളിഞ്ഞ് നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ എത്തിയതാണെങ്കിലും സെലിബ്രിറ്റി എന്നും സെലിബ്രിറ്റി തന്നെയാണല്ലോ. ആ വകയിൽ കനേഡിയൻ സർക്കാർ പൗരത്വംവെച്ചുനീട്ടി. ഇതിനിടയിലും സിനിമയും ടി.വി ഷോയുമായൊക്കെ മുന്നോട്ടുപോയെങ്കിലും മോദിഭക്തൻ എന്നനിലയിലാണ് ഏറ്റവുമധികം ആരാധകശ്രദ്ധ നേടിയത്.
കാനഡയിലിരുന്ന് മോദിക്കും കാവിസംഘത്തിനുംവേണ്ടി ജയ് വിളിക്കലായിരുന്നു കുറച്ചുകാലമായുള്ള കലാപരിപാടി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ സ്തുതിപാടൽ അൽപം കാര്യമായി എടുത്തിട്ടാണ് വീണ്ടും ഇന്ത്യൻ പൗരത്വം വാങ്ങിയിരിക്കുന്നത്. കൊറോണ ചതിച്ചില്ലായിരുന്നുവെങ്കിൽ നേരത്തേ വരേണ്ടതായിരുന്നു.
ബോളിവുഡിന്റെ വർണക്കാഴ്ചകളിൽ കാവിയുടെ രാഷ്ട്രീയംചേർത്ത ഒരുപാട് പേരുണ്ട്. കങ്കണ റണാവത്തിനെപോലുള്ളവർ അവിടെ സംഘ്പരിവാറിനുവേണ്ടി വീറോടെ പോരാടിയിട്ടുണ്ട്. അത്തരം ട്രാക് റെക്കോഡൊന്നുമില്ലെങ്കിലും ബോളിവുഡിൽ സംഘ്പരിവാറിന്റെ യഥാർഥ വക്താവ് അക്ഷയ്കുമാർ തന്നെ.
മോദിയുടെ ഒന്നാമൂഴം മുതലേ, ആ ഭരണത്തെയും ആശയത്തെയും ജനകീയവത്കരിക്കാൻ ചലച്ചിത്രകലയെ മാധ്യമമാക്കിയ നടനും നിർമാതാവുമാണ് അക്ഷയ്. അക്കാദമിക് ബുദ്ധിജീവികൾ അതിനെ ‘പ്രോപഗണ്ട സിനിമ’ എന്നൊക്കെ പറയും. ‘മിഷൻ മംഗളും’ ‘ടോയ്ലറ്റ്: ഏക് പ്രേം കഥ’യുമൊക്കെ അതിന്റെ ആദ്യഘട്ട പരീക്ഷണങ്ങളായിരുന്നുവെങ്കിൽ, രണ്ടാമൂഴത്തിൽ കാര്യങ്ങൾ അൽപംകൂടി കടുപ്പിച്ചു.
‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രാം സേതു’ തുടങ്ങിയ പടങ്ങളൊക്കെ സംഘിരാഷ്ട്രീയം നേരിട്ട് പറഞ്ഞു. ചരിത്രത്തെയും മിത്തുകളെയുമൊക്കെ കൂട്ടിക്കലർത്തി പുതിയ ചരിത്രം നിർമിക്കുന്ന ഹിന്ദുത്വപദ്ധതിക്ക് പലപ്പോഴും അഭ്രാവിഷ്കാരം ചമച്ചത് അക്ഷയ് കുമാറാണ്. ഈ സിനിമകളിലൊക്കെ കാവിപ്പട ഉന്നയിക്കുന്ന ‘സമകാലിക പ്രശ്ന’ങ്ങളും ഉൾപ്പെടുത്താറുണ്ട്. ഉദാഹരണമായി, ‘രാം സേതു’ തന്നെയെടുക്കുക.
അവർ കുറച്ചുകാലമായി പറയുന്ന ‘ഘർവാപസി’ ഇതിലും മനോഹരമായി ആവിഷ്കരിക്കാനാവുമോ? ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ ആദ്യ പ്രദർശനം കാണാൻ മോഹൻ ഭാഗവതും ദത്താത്രേയ ഹൊസബല്ലയും നേരിട്ടെത്തിയത് വെറുതെയാണോ? ഭാരത സംസ്കാരത്തിന് നിരക്കുന്നതല്ലെന്നുപറഞ്ഞ് ബോളിവുഡിനെതിരെ പലപ്പോഴും ആശയസമരം നയിച്ച ആർ.എസ്.എസിന്റെ തലവനും ജനറൽ സെക്രട്ടറിയും ടിയാന്റെ സിനിമയുടെ പ്രമോഷനുവേണ്ടി നേരിട്ടെത്തിയെങ്കിൽ അതിലേറെ ബന്ധമുണ്ട് മോദിയുമായിട്ട്.
മൻ കീ ബാത്തിനും ചെങ്കോട്ടയിലെ വാചാടോപങ്ങൾക്കുമെല്ലാം അപ്പുറത്ത് മാധ്യമങ്ങളെ കണ്ടാൽ മാറിനടക്കുന്ന മറ്റൊരു മോദിയെ നാട്ടുകാർക്ക് നന്നായിട്ടറിയാമല്ലോ. പക്ഷേ, ഒരു മാധ്യമപ്രവർത്തകനായി അക്ഷയ്കുമാർ കല്യാൺ മാർഗിലെത്തിയപ്പോൾ മോദി ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിമുഖവും നൽകി. 2019ലെ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്നേയാണത്. തന്റെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകിയ മോദിയെക്കുറിച്ച് മാധ്യമങ്ങൾ കള്ളം പറയുകയാണെന്ന് അഭിമുഖശേഷം മാധ്യമപ്രവർത്തകനായി വേഷമിട്ട നടൻ തുറന്നടിച്ചു സംഗതി ശരിയാണ്. അക്ഷയ്കുമാറിന്റെ എല്ലാ ചോദ്യങ്ങൾക്കും മോദി കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്.
‘താങ്കൾക്ക് മാങ്ങ ഇഷ്ടമാണോ’ എന്ന ചോദ്യത്തോടെയാണ് അഭിമുഖം ആരംഭിച്ചത്. ഗൃഹാതുരമായ ആ മാമ്പഴക്കാലത്തെക്കുറിച്ച് മോദി വാചാലനായത്രെ. പിന്നെയുമുണ്ടായി ഗമണ്ടൻ ചോദ്യങ്ങൾ: പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ എന്തു ചെയ്തേനേ, ശമ്പളമൊക്കെ കൃത്യമായി വീട്ടിലേക്ക് അയക്കാറുണ്ടോ, ഉറക്കമൊക്കെ എങ്ങനെ, ഡൽഹിയിലെ തണുപ്പ്... എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടികൾ! അഭിമുഖം അവസാനിച്ചത് സോഷ്യൽ മീഡിയ ട്രോളുകളെക്കുറിച്ച് സംസാരിച്ചാണ്.
തന്നെ സിനിമയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ ട്രോളന്മാർ നിർത്തിപ്പൊരിക്കുകയാണെന്ന് സങ്കടം പറഞ്ഞ് അക്ഷയ് കുമാർ ചില സാമ്പിളുകൾ മോദിയെ കാണിച്ചുവത്രെ. ‘ഈ എന്നോടോ ബാലാ’ എന്ന ടോണിൽ മോദി ചില ട്രോളുകൾ തിരിച്ചും കാണിച്ചു. ആ സൗഹൃദത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകാനാണ് സ്വാതന്ത്ര്യദിനത്തിലെ ഈ ‘ഘർവാപസി’ എന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകളുടെ പ്രവചനം. രാഷ്ട്രീയഗോദയിലെ പുതിയ ആക്ഷൻ-കോമഡി ത്രില്ലറുകളുടെ കാലം വരുന്നു.
പ്രായം 53 ആയി. ജന്മംകൊണ്ട് പഞ്ചാബുകാരനാണ്. ആർമി ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഡൽഹിയിലും ബോംബെയിലുമായി വിദ്യാഭ്യാസം. ചെറുപ്പത്തിലേ സ്പോർട്സിലും ആയോധനകലകളിലുമായിരുന്നു താൽപര്യം. മൊയ് തായിലാണ് ആദ്യം പരിശീലനം നേടിയത്. പിന്നീട്, തൈക്വാൻഡോയിൽ ബ്ലാക്ക്ബെൽറ്റ്. കരാട്ടേ തലക്കുപിടിച്ചതോടെ പഠനത്തിൽ പിറകിലായി.
അതോടെ, ഡിഗ്രി പൂർത്തിയാക്കാതെ കോളജിൽനിന്നിറങ്ങി. ശേഷം മോഡലിങ്ങിലും ശ്രദ്ധിച്ചു. അക്കാലത്താണ്, പേരുമാറ്റം. ഒരിക്കൽ മോഡലിങ്ങിനായി ബംഗളൂരുവിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലിരിക്കുമ്പോഴാണ് സംവിധായകൻ പ്രമോദ് ചക്രവർത്തിയെ പരിചയപ്പെട്ടത്. അങ്ങനെയാണ് ‘ദീദാറി’ൽ നായകനാകുന്നത്. പക്ഷേ, അതിനുമുന്നേ, ‘സൗഗന്ധ്’ റിലീസായി. അതിനുംമുന്നേ, ‘ആജ്’ എന്ന ചിത്രത്തിൽ കരാട്ടേ മാസ്റ്ററായി 17 സെക്കൻഡ് പ്രത്യക്ഷപ്പെട്ടു. 91ൽ, സൗഗന്ധിനു പുറമെ ‘ഡാൻസർ’ കൂടി പുറത്തിറങ്ങിയതോടെ ശ്രദ്ധിക്കപ്പെടുന്ന താരമായി.
തുടർന്നുള്ള വർഷങ്ങളിൽ ഒരുപിടി ചിത്രങ്ങൾ. 94ൽ, ‘മേം ഖിലാഡി തൂ അനാരി’, ‘മൊഹ്റ’ അടക്കം പത്ത് സിനിമകൾ! ബോളിവുഡിലെ ഖാൻ രാജാക്കന്മാർക്കൊപ്പം മികച്ച ചുവടുകളുമായി അക്ഷയ് കുമാറും നിലയുറപ്പിച്ചു. 30 വർഷത്തിനിടെ നൂറോളം ചിത്രങ്ങൾ. 2016ലെ ‘റുസ്തമി’ന് ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ; പത്മശ്രീപോലെ വേറെയും. ഇതിനിടയിൽ, മറ്റെല്ലാവരെയുംപോലെ ബോളിവുഡിൽ മസാലച്ചിത്രങ്ങളെപ്പോലും നാണിപ്പിക്കുംവിധമുള്ള പല ‘കഥ’കളിലും നായക വേഷമണിഞ്ഞു. ‘ബർസാത്’ലൂടെ ബോളിവുഡിലെത്തിയ ട്വിങ്കിൾ ഖന്നയാണ് ഭാര്യ. രണ്ട് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.