ശാസ്ത്ര കോൺഗ്രസിന് അകാല ചരമം
text_fieldsഇന്ത്യയിൽ ശാസ്ത്ര-സാങ്കേതിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് 1914ൽ കൊൽക്കത്ത ആസ്ഥാനമാക്കി രൂപവത്കരിച്ച സംഘടനയാണ് ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ (ഐ.എസ്.സി.എ). പ്രഫ. ജെ.എൽ. സിമൻസൻ, പെഴ്സി അലക്സാണ്ടർ മക്മോഹൻ എന്നീ ബ്രിട്ടീഷ് രസതന്ത്രജ്ഞർ തുടക്കമിട്ട ഈ പ്രസ്ഥാനമായിരിക്കും ഒരുപക്ഷേ, രാജ്യത്തെ ശാസ്ത്രജ്ഞരുടെ ആദ്യ കൂട്ടായ്മ. സംഘടനയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് എല്ലാ വർഷവും ഒരു ശാസ്ത്രസമ്മേളനം നടത്തുക എന്നതായിരുന്നു.
ആദ്യ വർഷം നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് സമ്മേളനത്തിൽ 105 ഇന്ത്യൻ ശാസ്ത്രജ്ഞരാണ് പങ്കെടുത്തത്. ബ്രിട്ടീഷുകാർ രൂപം നൽകിയ പ്രസ്ഥാനത്തെ സ്വാതന്ത്ര്യാനന്തരം നെഹ്റു സർക്കാർ കൂടുതൽ ജനകീയമാക്കി. വിദ്യാർഥികൾക്കും യുവജനങ്ങൾക്കും അവസരം നൽകിയും വിദേശരാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചും സയൻസ് കോൺഗ്രസിനെ കൂടുതൽ ജനകീയമാക്കാൻ നെഹ്റുതന്നെ രംഗത്തിറങ്ങിയതോടെ ശാസ്ത്രസമ്മേളനം ആഗോള ശ്രദ്ധനേടി. ഗവേഷണ മേഖലയുടെ വളർച്ചക്കൊപ്പം ജനങ്ങളിൽ ശാസ്ത്രാവബോധം ഉണ്ടാക്കിയെടുത്താൽ മാത്രമേ, രാജ്യത്ത് ശാസ്ത്ര മുന്നേറ്റമുണ്ടാകൂ എന്ന് പ്രഥമ പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടായിരുന്നു. ഇന്ന് 35,000ത്തിലേറെ ഭാരതീയ ശാസ്ത്രജ്ഞരുടെ വേദിയായിക്കഴിഞ്ഞിരിക്കുന്നു ഐ.എസ്.സി.എ.
മോദി അധികാരത്തിൽ വന്നശേഷം കാര്യങ്ങളാകെ മാറിയെന്നും ശാസ്ത്ര കോൺഗ്രസിന്റെ പൊലിമ പാടേ നഷ്ടപ്പെട്ടുവെന്നുമുള്ള വിമർശനം ഉയർന്നിരുന്നു. ഇക്കുറി, ചരിത്രത്തിലാദ്യമായി ശാസ്ത്ര കോൺഗ്രസ് തന്നെ ഇല്ലാതായിരിക്കുന്നു. ജനുവരി നാലിന് ആരംഭിക്കേണ്ട സമ്മേളനം മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചിരിക്കുകയാണ്.
കേന്ദ്ര സർക്കാറുമായുള്ള അഭിപ്രായ ഭിന്നതയാണ് സമ്മേളനം റദ്ദാക്കാൻ ഐ.എസ്.സി.എയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, സംഘടനയുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്നാരോപിച്ച് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം രംഗത്തുവന്നിരുന്നു. എന്നാൽ, ആരോപണം നിഷേധിച്ച ഐ.എസ്.സി.എ, വിഷയത്തിൽ അന്വേഷണത്തിന് മന്ത്രാലയത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിന് മറുപടിയായി ശാസ്ത്ര കോൺഗ്രസിനുള്ള ഫണ്ട്
പൂർണമായും നൽകില്ലെന്ന ‘ഭീഷണി’യാണ് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. അപ്പോഴേ, രാജ്യത്തെ ശാസ്ത്ര സമൂഹം സയൻസ് കോൺഗ്രസ് നടക്കുമോ എന്ന ആശങ്ക പങ്കുവെച്ചതാണ്. സമ്മേളനവുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് ആ സമയത്തും ഐ.എസ്.സി.എ അറിയിച്ചത്. ഫണ്ടിങ്ങിനായി അവർ പല സ്ഥാപനങ്ങളും സംഘടനകളുമായി ചർച്ചയും നടത്തി. അത് ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. ലഖ്നോ സർവകലാശാലയാണ് ആദ്യം സമ്മേളന വേദിയായി നിശ്ചയിച്ചിരുന്നത്. പിന്നീട്, ചെലവ് ചുരുക്കുന്നതിനും കൂടുതൽ ഫണ്ട് ലഭിക്കുന്നതിനുമായി സമ്മേളനവേദി പഞ്ചാബിലെ സ്വകാര്യ സർവകലാശാലയായ ലവ്ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിലേക്ക് മാറ്റി. ഈ വേദിമാറ്റത്തിൽ ഉടക്കിയാണ് കേന്ദ്രം സമ്മേളനത്തിന് ഫണ്ട് നൽകില്ലെന്ന് അറിയിച്ചത്. അതോടെ, കാര്യങ്ങൾ അനിശ്ചിതത്വത്തിലായി. ഇതിനിടയിൽ ലവ്ലി സർവകലാശാല ആതിഥേയത്വത്തിൽനിന്ന് പിന്മാറുകയും ചെയ്തതോടെ രാജ്യത്തിന്റെ അഭിമാനമായിരുന്ന മഹാ ശാസ്ത്രസമ്മേളനം മുടങ്ങി.
ഫണ്ടിങ് സംബന്ധിച്ച കേവല സാങ്കേതികതക്കപ്പുറം, കേന്ദ്ര സർക്കാറിന് ഇതുപോലുള്ള ശാസ്ത്രസമ്മേളനങ്ങളിൽ വലിയ താൽപര്യമില്ല എന്നതാണ് വസ്തുത. മോദിസർക്കാർ അധികാരത്തിൽവന്നശേഷം നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസുകളെല്ലാം നമ്മെ അപഹാസ്യരാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ശാസ്ത്രത്തിൽ ‘പൗരാണിക ശാസ്ത്ര’മെന്നും ‘ഭാരതീയ ശാസ്ത്ര’മെന്നുമൊക്കെ പുതിയ ശാഖകൾക്ക് രൂപംനൽകി പുരാണങ്ങളെയും ഇതിഹാസങ്ങളെയും ആദ്യം ചരിത്രമായും പിന്നീട് ശാസ്ത്രമായും അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഏതാനും വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഹിന്ദുത്വയുടെ എത്രയെത്ര ‘ശാസ്ത്ര പ്രബന്ധ’ങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്! മൂലകോശ ഗവേഷണത്തിലും കൃത്രിമ ബീജസങ്കലന വിദ്യയിലുമെല്ലാം സഹസ്രാബ്ദങ്ങൾക്കുമുമ്പേ ഇന്ത്യക്കാർക്ക് അറിവുണ്ടായിരുന്നുവെന്നാണ് ആന്ധ്ര യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ജി. നാഗേശ്വർ റാവു 2019ലെ കോൺഗ്രസിൽ സമർഥിച്ചത്. കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നുവെന്നും സുദർശന ചക്രവും മറ്റും തെളിയിക്കുന്നത് ‘പ്രാചീന’ ഇന്ത്യയിലെ മിസൈൽ സാങ്കേതിക വിദ്യയിലേക്കാണെന്നും ആ പ്രബന്ധത്തിൽ വായിക്കാം.
ഗുരുത്വാകർഷണ സിദ്ധാന്തത്തിൽ ന്യൂട്ടനും ആപേക്ഷികതാ സിദ്ധാന്തത്തിൽ ഐൻസ്റ്റൈനും തെറ്റുപറ്റിയെന്നും ശരിയായ വിജ്ഞാനത്തിന് ശാസ്ത്രസമൂഹം പുരാണങ്ങളിലേക്ക് മടങ്ങേണ്ടിയിരിക്കുന്നുവെന്നുമുള്ള വാദവുമായി മറ്റൊരു ‘ശാസ്ത്ര ഗവേഷകനും’ അതേ വേദിയിലെത്തി. ഇത്തരത്തിൽ, ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ശരിയായ ശാസ്ത്രാന്വേഷണങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്നു ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്. മുമ്പൊരിക്കൽ നെഹ്റു ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്തതിനെ സി.വി. രാമൻ വിമർശിക്കുകയുണ്ടായി.
നെഹ്റു ഒരു രാഷ്ട്രീയക്കാരനാണെന്നും ശാസ്ത്രജ്ഞനല്ലാത്ത അദ്ദേഹത്തിന് ശാസ്ത്ര സമ്മേളനത്തിൽ എന്തുകാര്യമെന്നുമാണ് സി.വി. രാമൻ ചോദിച്ചത്. നെഹ്റു ആ വിമർശനം ഉൾക്കൊണ്ടുവത്രെ. ഈ പാരമ്പര്യത്തെ കൂടിയാണ് ശാസ്ത്ര കോൺഗ്രസ് അട്ടിമറിച്ച് സംഘ്പരിവാർ അജണ്ടയുടെ ഭാഗമാക്കിയത്. ഈ നിലയിൽ എന്തിനാണൊരു ശാസ്ത്ര കോൺഗ്രസ് എന്ന് അടുത്തകാലത്തായി ഐ.എസ്.സി.എയിൽ തന്നെ വിമർശനമുണ്ടായിട്ടുണ്ട്. ആ വിമർശനത്തിന്റെ കൂടി പ്രതിഫലനമാണിപ്പോൾ ദൃശ്യമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.